ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഡെങ്കിപ്പനി പ്രതിരോധം: കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല അവലോകന യോഗം ചേർന്നു

प्रविष्टि तिथि: 01 JUL 2026 6:05PM by PIB Thiruvananthpuram

കാലവർഷത്തോടനുബന്ധിച്ച് പടർന്നുപിടിക്കുന്ന കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനുമുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി ഡൽഹിയിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ഡൽഹിയിലെ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും വിലയിരുത്തുകയായിരുന്നു യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. രോഗവ്യാപനത്തിൻ്റെ നിലവിലെ സാഹചര്യം, ആരോഗ്യ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധത എന്നിവ യോഗം വിശദമായി വിലയിരുത്തി.

മുൻസിപ്പൽ കോർപ്പറേഷനുകൾ, വിവിധ ആശുപത്രികൾ, സംസ്ഥാന ഗവണ്മെൻ്റ്  എന്നിവ ഡൽഹിയിലെ ഡെങ്കിപ്പനി രോഗപ്രതിരോധത്തിനായി സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങൾ യോഗം കൃത്യമായി വിശകലനം ചെയ്തു. നിരീക്ഷണ സംവിധാനങ്ങൾ, രോഗനിർണ്ണയ-ചികിത്സാ മാനദണ്ഡങ്ങൾ, കൊതുക് നശീകരണ പ്രവർത്തനങ്ങൾ എന്നിവയുടെ കാര്യക്ഷമതയും യോഗം അവലോകനം ചെയ്തു.

 



 

രാജ്യത്തെ പൊതുവായ ഡെങ്കിപ്പനി സാഹചര്യങ്ങളും ഇതിനെതിരെ ദേശീയതലത്തിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളും കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി. ദേശീയ തലസ്ഥാനമായ ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് യോഗത്തിൽ പ്രത്യേക ഊന്നൽ നൽകി. രോഗനിരീക്ഷണം ശക്തമാക്കൽ, കൊതുക് നശീകരണം, മികച്ച ചികിത്സാ മാനദണ്ഡങ്ങൾ, ബോധവത്കരണം എന്നിവ ഉറപ്പാക്കുന്ന സമഗ്ര കർമ്മപദ്ധതിയാണ് യോഗത്തിൽ അവതരിപ്പിച്ചത്. ഡൽഹി ഉൾപ്പെടെ രാജ്യത്തുടനീളം നടപ്പിലാക്കിവരുന്ന ഡെങ്കിപ്പനി പ്രതിരോധ-നിയന്ത്രണ ദേശീയ തന്ത്രത്തിൻ്റെ പുരോഗതിയും യോഗം അവലോകനം ചെയ്തു.

ഡെങ്കിപ്പനി പ്രതിരോധത്തിനായി കേന്ദ്ര ഗവണ്മെൻ്റ്  മുന്നോട്ട് വെക്കുന്ന ദേശീയ തന്ത്രം 'ഒക്ടലോഗ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രധാനമായും എട്ട് തൂണുകളിൽ അധിഷ്ഠിതമായാണ് ഈ പ്രതിരോധ തന്ത്രം രൂപീകരിച്ചിരിക്കുന്നത്. രോഗ നിരീക്ഷണം, രോഗി പരിചരണം, കൊതുക് നശീകരണം, രോഗബാധയോടുള്ള പെട്ടെന്നുള്ള പ്രതികരണം, ശേഷി വികസനം, ബോധവത്കരണ ആശയവിനിമയം, വിവിധ വകുപ്പുകളുടെ ഏകോപനം, മേൽനോട്ടവും നിരീക്ഷണവും എന്നിവയാണ് ആ എട്ട് തൂണുകൾ.

 



 

സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും, ചികിത്സാ മേൽനോട്ടത്തിനായുള്ള ആരോഗ്യപ്രവർത്തകരുടെ പരിശീലനം, സൗജന്യ രോഗനിർണ്ണയ സംവിധാനങ്ങൾ, ജനപങ്കാളിത്തത്തോടെയുള്ള ബോധവത്കരണ പരിപാടി, വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും ആവശ്യമായ സാമ്പത്തിക സഹായവും തുടങ്ങി ഇതിനകം തന്നെ നിരവധി നടപടികളാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ കേന്ദ്ര ഗവണ്മെൻ്റ്  സ്വീകരിച്ചത്.

നിലവിൽ രാജ്യത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യം കുറവാണെന്നും മരണനിരക്ക് വെറും 0.11% മാത്രമാണെന്നും ശ്രീ നദ്ദ ചൂണ്ടിക്കാട്ടി. എങ്കിലും വരുന്ന മാസങ്ങളിൽ രോഗവ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും, അതിനാൽ ഒട്ടും ജാഗ്രത കുറയ്ക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരും മാസങ്ങളിലെ വെല്ലുവിളികൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

രോഗവ്യാപന സാധ്യത മുൻകൂട്ടി കണ്ട് സംസ്ഥാന ഗവണ്മെൻ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ്ണ സജ്ജരാകണമെന്ന് അദ്ദേഹം  നിർദ്ദേശിച്ചു. രോഗപ്രതിരോധത്തിൽ പൊതുജന പങ്കാളിത്തത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, “ജനപങ്കാളിത്തത്തിലൂടെ ജനജാഗ്രത” എന്ന സന്ദേശം മുൻനിർത്തി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ, റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷനുകൾ എന്നിവരെ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സ്കൂളുകൾ, തൊഴിലാളി ക്യാമ്പുകൾ, രോഗസാധ്യത കൂടിയ ഇതര പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ ക്യാമ്പെയ്‌നുകളും  നൂതന പ്രചാരണ രീതികളും നടപ്പിലാക്കാനും മന്ത്രി നിർദ്ദേശിച്ചു.

ഡൽഹിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രി നിരവധി പ്രധാന പ്രവർത്തന മേഖലകൾക്ക് നിർദ്ദേശം നൽകി. പനിബാധിതരുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി ഊർജ്ജിതമാക്കൽ, രോഗവ്യാപന സാധ്യതയുള്ള 'ഹോട്ട്‌സ്‌പോട്ടുകൾ' മുൻകൂട്ടി കണ്ടെത്തുന്നതിനായി എൻ്റമോളജിക്കൽ സർവേകളും പനി നിരീക്ഷണവും ശക്തമാക്കൽ, ഡെങ്കിപ്പനി രോഗികൾക്കായി ആശുപത്രികളിൽ പ്രത്യേക വാർഡുകളും ആവശ്യത്തിന് ബെഡുകളും സജ്ജീകരിക്കൽ, ആവശ്യമായ മരുന്നുകൾ, കീടനാശിനികൾ, രോഗനിർണ്ണയ കിറ്റുകൾ എന്നിവയോടൊപ്പം രക്തവും പ്ലേറ്റ്‌ലെറ്റുകളും ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പുവരുത്തൽ എന്നീ പ്രവർത്തനങ്ങൾക്ക് മുൻഗണന നല്കാൻ നിർദ്ദേശം നൽകി. സെൻ്റിനൽ സർവൈലൻസ് ആശുപത്രികൾക്കും മറ്റ് സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.

 



 

രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി 'റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ' സദാ സജ്ജമാക്കി നിർത്താനും സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ഡെങ്കിപ്പനി കേസുകൾ ഐ.എച്ച്.ഐ.പി പോർട്ടൽ വഴി കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി. രോഗവ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ ദിവസേന അവലോകന യോഗങ്ങൾ ചേരണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 



 

കൃത്യമായ ശുചിത്വ പരിപാലനവും കൊതുക് നശീകരണവും ഉറപ്പാക്കാൻ മുൻസിപ്പൽ കോർപ്പറേഷനുകൾ, റെയിൽവേ, കൻ്റോൺമെൻ്റ് ബോർഡ്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യ മന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന് മുതൽ (2026 ജൂലൈ ഒന്ന്)  രാജ്യത്ത് 'ഡെങ്കിപ്പനി വിരുദ്ധ മാസം' ആരംഭിച്ച പശ്ചാത്തലത്തിൽ, വിപുലമായ ബോധവത്കരണ പരിപാടികളിലൂടെ ജനപങ്കാളിത്തം വർദ്ധിപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. കൊതുക് വലകളുടെ ഉപയോഗം, ശരീരം പൂർണ്ണമായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കൽ തുടങ്ങിയ മുൻകരുതൽ ശീലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സ്കൂളുകൾ, റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷനുകൾ, മർച്ചൻ്റ് അസോസിയേഷനുകൾ, പ്രാദേശിക നേതാക്കൾ, കുടുംബശ്രീ/സ്വയംസഹായ സംഘങ്ങൾ, യുവജന ക്ലബ്ബുകൾ എന്നിവരുടെ പിന്തുണ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.



ഡൽഹിയിലെ ഡെങ്കിപ്പനി പ്രതിരോധ സന്നദ്ധതയെക്കുറിച്ചുള്ള ഒരു സമഗ്ര വിലയിരുത്തൽ യോഗം ഉറപ്പുവരുത്തി. വരാനിരിക്കുന്ന മാസങ്ങളിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് രോഗബാധ പടരുന്നത് തടയാനുള്ള അടിയന്തിര പ്രതികരണ മാർഗ്ഗങ്ങൾ, ആശുപത്രികളിലെ സൗകര്യങ്ങളും ചികിത്സാ സജ്ജീകരണങ്ങളും വർദ്ധിപ്പിക്കൽ, രോഗനിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമാക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകാനും യോഗത്തിൽ തീരുമാനിച്ചു.

 

***


(रिलीज़ आईडी: 2280132) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी