ധനകാര്യ മന്ത്രാലയം
ചരിത്രത്തിലാദ്യമായി സാമ്പത്തിക കാര്യ കർമ്മസേന (എഫ്എടിഎഫ്) ഉപാധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കും
प्रविष्टि तिथि:
19 JUN 2026 10:47PM by PIB Thiruvananthpuram
കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനുമെതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന നേതൃത്വത്തിനുള്ള അംഗീകാരമായി, സാമ്പത്തിക കാര്യ കർമ്മസേന (എഫ്എടിഎഫ്) ഉപാധ്യക്ഷനായി, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (മധ്യപ്രദേശ് കേഡർ) 1994 ബാച്ച് ഉദ്യോഗസ്ഥനും നിലവിൽ ഇന്ത്യാ ഗവണ്മെൻ്റിൽ സാംസ്കാരിക മന്ത്രാലയം സെക്രട്ടറിയുമായ ശ്രീ വിവേക് അഗർവാൾ, തിരഞ്ഞെടുക്കപ്പെടുകയും നിയമിക്കപ്പെടുകയും ചെയ്തു. ഇതാദ്യമായാണ് എഫ്എടിഎഫിൻ്റെ ഉപാധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുന്നത്.

എഫ്എടിഎഫ് പ്ലീനറി പ്രതിനിധികളിൽ നിന്നാണ് ഉപാധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ അധ്യക്ഷനെ സഹായിക്കുകയാണ് പ്രധാന ചുമതല. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവക്കെതിരായ ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനത്തിൻ്റെ ഉന്നത സ്ഥാനത്ത് ഇതോടെ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ അവരോധിക്കപ്പെടുകയാണ്.
ഇന്ത്യക്ക് ഇതാദ്യം
എഫ്എടിഎഫ് ഉപാധ്യക്ഷ പദവിയിലേക്കുള്ള ഇന്ത്യയുടെ നിയമനം, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം, അനുബന്ധ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരായ ആഗോള ഉദ്യമത്തിൽ ഇന്ത്യയുടെ പങ്കിനെ മറ്റ് രാജ്യങ്ങൾ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നതിൻ്റെ സൂചനയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങളുടെ സമീപകാല അവലോകനത്തിലെ ഇന്ത്യയുടെ ശക്തമായ പ്രകടനത്തെയും ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളുമായും വെർച്വൽ അസറ്റ് സേവന ദാതാക്കളുമായും ബന്ധപ്പെട്ട അപകടസാധ്യതകൾ അടക്കമുള്ള പുതിയ വെല്ലുവിളികളെ നേരിടുന്നതിനുള്ള അന്താരാഷ്ട്ര നയങ്ങൾ വികസിപ്പിക്കുന്നതിൽ സജീവമായ പങ്കാളിത്തത്തെയും അടിസ്ഥാനമാക്കിയാണ് അംഗീകാരം. ഉപാധ്യക്ഷ പദവിയിലെത്തുന്ന ശ്രീ അഗർവാൾ, എഫ്എടിഎഫിൽ ഇന്ത്യയുടെ സ്വാധീനവും നേതൃത്വവും ശക്തിപ്പെടുത്തുന്നതിലും ഈ മേഖലയിലെ ആഗോള മാനദണ്ഡങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിലും നിർണ്ണായക പങ്ക് വഹിക്കും.
"കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിനുള്ള ധനസഹായവും തടയുന്നതിനുള്ള ശക്തമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ കഠിനാധ്വാനത്തിനും സഹകരണത്തിനുമുള്ള അംഗീകാരമാണ് ഈ നിയമനം", ശ്രീ അഗർവാൾ പറഞ്ഞു.
"അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെ സുരക്ഷിതമായും, സമഗ്രതയോടെയും, സ്ഥിരതയോടെയും നിലനിർത്തുന്നതിനായി എഫ്എടിഎഫിൻ്റെ ആഗോള ശൃംഖലയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ അതിയായ അഭിമാനമുണ്ട്, അതുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.", അദ്ദേഹം വ്യക്തമാക്കി.
ഇതൊരു അഭിമാനകരമായ മുഹൂർത്തമാണെന്ന് റവന്യൂ സെക്രട്ടറി ശ്രീ. അരവിന്ദ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ സത്യസന്ധത, സുതാര്യത, സുരക്ഷിതത്വം വിശ്വസനീയത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിരന്തര പ്രതിബദ്ധത ഇതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം അറിയിച്ചു.
എഫ്എടിഎഫിനെ കുറിച്ച്
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം, ആയുധ വ്യാപന ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ആഗോള നിയമങ്ങളും മാനദണ്ഡങ്ങളും സൃഷ്ടിക്കുന്നു. അധ്യക്ഷന് രണ്ട് വർഷ കാലാവധിയാണുള്ളത്. സംഘടനയെ നയിക്കുന്നതിലും അതിൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിലും അധ്യക്ഷനെ പിന്തുണയ്ക്കുകയാണ് ഉപാധ്യക്ഷൻ്റെ കർത്തവ്യം.
***
(रिलीज़ आईडी: 2275564)
आगंतुक पटल : 5