പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

12 വര്‍ഷത്തെ വിപ്ലവാത്മക പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍: പെന്‍ഷന്‍കാരുടെ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കലും ഡിജിറ്റല്‍ ശാക്തീകരണവും

प्रविष्टि तिथि: 19 JUN 2026 3:42PM by PIB Thiruvananthpuram
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍, പെന്‍ഷന്‍കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പെന്‍ഷന്‍ സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ സുലഭവും സുതാര്യവും ജനകേന്ദ്രീകൃതവുമാക്കുന്നതിനും കേന്ദ്ര ഗവണ്മെന്റ് നിരവധി വിപ്ലവാത്മകമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 'ഡിജിറ്റല്‍ ഇന്ത്യ', ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നീ കാഴ്ചപ്പാടുകളോടെ പെന്‍ഷന്‍ & പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പ് (DoPPW), രാജ്യത്തുടനീളമുള്ള പെന്‍ഷന്‍കാര്‍ക്ക് സമയബന്ധിതമായ പിന്തുണയും സേവനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാങ്കേതികവിദ്യ, പങ്കാളികളുടെ പ്രതിനിധാനം , താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണത്തിനായുള്ള ഡിജിറ്റല്‍ രീതിയാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്. 2014-ല്‍ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റും (ജീവന്‍ പ്രമാണ്‍), തുടര്‍ന്ന് 2021-ല്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും സമാരംഭിച്ചതോടെ പെന്‍ഷന്‍കാര്‍ക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന്റെ വ്യാപ്തി പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനായി, വകുപ്പ് 2022 മുതല്‍ നാല് രാജ്യവ്യാപക ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കാമ്പെയ്നുകള്‍ നടത്തിയിട്ടുണ്ട്. 2025 നവംബറില്‍ നടന്ന ഏറ്റവും പുതിയ ഡിഎല്‍സി കാമ്പെയ്ന്‍ 4.0-ലൂടെ, 57 ലക്ഷത്തിലധികം കേന്ദ്ര ഗവണ്മെന്റ് പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ 1.91 കോടിയിലധികം ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളില്‍ പോലും സേവനങ്ങള്‍ എത്തിക്കുന്നതില്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഭരണനിര്‍വഹണം വിജയിച്ചുവെന്നതിന്റെ തെളിവാണിത്.
 
 


 
വകുപ്പിന്റെ വിപുലീകൃത വിഭാഗമായി പ്രവര്‍ത്തിക്കുന്ന 57 പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനുകളുടെ (PWA-കള്‍) സജീവമായ ശൃംഖലയിലൂടെ പങ്കാളിത്ത ഭരണനിര്‍വഹണത്തെയും ഗവണ്മെന്റ് ശക്തിപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലും, സേവനങ്ങള്‍ ലഭ്യമാക്കാന്‍ പെന്‍ഷന്‍കാരെ സഹായിക്കുന്നതിലും, പരാതി പരിഹാരങ്ങള്‍ സുഗമമാക്കുന്നതിലും, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കാമ്പെയ്നുകളെ പിന്തുണയ്ക്കുന്നതിലും ഈ അസോസിയേഷനുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള PWA-കളുമായി പെന്‍ഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന പതിവ് യോഗങ്ങള്‍ താഴെത്തട്ടിലുള്ള ആശങ്കകള്‍ നേരിട്ട് നയരൂപകര്‍ത്താക്കളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ പ്രതികരണാത്മകവും സമഗ്രവുമായ ഭരണനിര്‍വഹണം ഉറപ്പാക്കുന്നു.

പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകളിലെ സേവന വിതരണം മെച്ചപ്പെടുത്തുന്നതിനായി DoPPW 'ബാങ്കേഴ്സ് അവയര്‍നസ് പ്രോഗ്രാമുകള്‍ക്ക്' (BAPs) ഔദ്യോഗിക രൂപം നല്‍കിയിട്ടുണ്ട്. മാറുന്ന പെന്‍ഷന്‍ നിയമങ്ങള്‍, നടപടിക്രമങ്ങള്‍, ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് ഫീല്‍ഡ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുന്നതിനായി പ്രമുഖ പെന്‍ഷന്‍ വിതരണ ബാങ്കുകളുമായി സഹകരിച്ച് ഇത്തരം പതിമൂന്ന് പരിപാടികള്‍ നടത്തിക്കഴിഞ്ഞു. ഈ പരിപാടികള്‍ ബാങ്കിംഗ് ജീവനക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കാര്യക്ഷമവും പെന്‍ഷന്‍കാര്‍ക്ക് അനുകൂലവുമായ സേവനങ്ങള്‍ക്ക് സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്.
 

ഇവയ്ക്ക് പുറമേ, പെന്‍ഷന്‍ നിയമങ്ങള്‍, ഡിജിറ്റല്‍ സേവനങ്ങള്‍, പരാതി പരിഹാര സംവിധാനങ്ങള്‍, ക്ഷേമ പദ്ധതികള്‍ എന്നിവയെക്കുറിച്ച് പെന്‍ഷന്‍കാരെ ബോധവല്‍ക്കരിക്കുന്നതിനായി രാജ്യത്തുടനീളം 'പെന്‍ഷനേഴ്സ് ബോധവല്‍ക്കരണ പരിപാടികള്‍ ' (PAPs) സംഘടിപ്പിക്കുന്നുണ്ട്. ഈ പ്രോഗ്രാമുകള്‍ പെന്‍ഷന്‍കാരും മറ്റ് പങ്കാളികളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് മികച്ച വേദിയൊരുക്കുന്നു. ഇത് അവബോധം വളര്‍ത്തുകയും ഗവണ്മെന്റിന്റെ സേവനങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്താന്‍ പെന്‍ഷന്‍കാരെ ശാക്തീകരിക്കുകയും ചെയ്യുന്നു.
 

 
ഡിജിറ്റല്‍ സേവനങ്ങളുടെ വിപുലീകരണം, ഡിഎല്‍സി കാമ്പെയ്നുകളിലൂടെയുള്ള രാജ്യവ്യാപകമായ പ്രവര്‍ത്തനങ്ങള്‍, പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായുള്ള സജീവമായ ഇടപെടലുകള്‍, ബാങ്കര്‍മാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയെല്ലാം ചേര്‍ന്ന്, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് അന്തസ്സും സൗകര്യവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഗവണ്മെന്റ് പുലര്‍ത്തുന്ന നിരന്തരമായ പ്രതിജ്ഞാബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
 
****

(रिलीज़ आईडी: 2275375) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil