ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡൻ്റ് ഷിപോകോസ പൗലസ് മഷാതിലെ, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു

പോസ്റ്റഡ് ഓണ്‍: 02 JUN 2026 2:49PM by PIB Thiruvananthpuram
ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡൻ്റ്  ഷിപോകോസ പൗലസ് മഷാതിലെ, ഇന്ന് ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കൻ സർക്കാരിലെ മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, നൈപുണ്യ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ഫലപ്രദമായ ചർച്ചകൾ നടത്തി.

ഗ്ലോബൽ സൗത്തിൻ്റെ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ബ്രിക്സ്, ജി20, ഐബിഎസ്എ, ഐഒആർഎ തുടങ്ങിയ ബഹുരാഷ്ട്ര വേദികളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുകയും ബിസിനസ്സുകാർക്കും നിക്ഷേപകർക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, നിർദ്ദിഷ്ട ഇന്ത്യ–സതേൺ ആഫ്രിക്കൻ കസ്റ്റംസ് യൂണിയൻ മുൻഗണനാ വ്യാപാര കരാറിനെക്കുറിച്ച് ഉപരാഷ്ട്രപതി എടുത്തുപറയുകയും ചർച്ചകൾ എത്രയും വേഗം ആരംഭിക്കാനും വിജയകരമായി പൂർത്തിയാക്കാനും കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങൾക്കുമിടയിൽ വളർന്നുവരുന്ന പ്രതിരോധ സഹകരണത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന IBSAMAR നാവിക അഭ്യാസത്തിൻ്റെ  ഭാവി പതിപ്പുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള പ്രതീക്ഷയും ഇരുപക്ഷവും പങ്കുവെച്ചു.

ചീറ്റകളെ കൈമാറിക്കൊണ്ട് ഇന്ത്യയുടെ ചീറ്റ പുനരുദ്ധാരണ പദ്ധതിയെ പിന്തുണച്ചതിന് ദക്ഷിണാഫ്രിക്കയ്ക്ക് ഉപരാഷ്ട്രപതി നന്ദി അറിയിച്ചു. സ്വാഭാവിക വനസാഹചര്യത്തിൽ വിജയകരമായി കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതുൾപ്പെടെയുള്ള  പ്രോജക്റ്റ് ചീറ്റയുടെ പുരോഗതി ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ സവിശേഷ സംരക്ഷണ സംരംഭത്തിൽ ദക്ഷിണാഫ്രിക്കയുടെ തുടർ സഹകരണം അഭ്യർത്ഥിച്ചു.

ഇന്ത്യയുടെ മുൻനിര ബഹുരാഷ്ട്ര സംരംഭങ്ങളായ അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ കൂട്ടായ്മ, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യം എന്നിവയിൽ അംഗമാകുന്ന കാര്യം പരിഗണിക്കാനും ഉപരാഷ്ട്രപതി ദക്ഷിണാഫ്രിക്കയെ ക്ഷണിച്ചു. ഇവ ഇരുരാജ്യങ്ങളുടേയും പങ്കിട്ട  വികസന, സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമാധാനം, സമൃദ്ധി, സുസ്ഥിര വികസനം, ഗ്ലോബൽ സൗത്തിൻ്റെ താല്പര്യങ്ങൾ എന്നിവയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും പങ്കിട്ട പ്രതിജ്ഞാബദ്ധത ഈ കൂടിക്കാഴ്ച വീണ്ടും അടിവരയിട്ടു.

ഡെപ്യൂട്ടി പ്രസിഡൻ്റ്   മഷാതിലേയ്ക്കും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കും ഇന്ത്യയിലെ സന്ദർശനം ഫലപ്രദവും സന്തോഷകരവുമായിരിക്കട്ടെയെന്ന് ഉപരാഷ്ട്രപതി ആശംസിച്ചു.

 
*****

( റിലീസ് ഐ.ഡി: 2268003) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil