നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
ഉഗാണ്ട പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ ജയന്ത് ചൗധരി ഇന്ത്യയെ പ്രതിനിധീകരിച്ചു
പോസ്റ്റഡ് ഓണ്‍:
15 MAY 2026 8:10PM by PIB Thiruvananthpuram
കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയുമായ ശ്രീ ജയന്ത് ചൗധരി ഉഗാണ്ട സന്ദർശിച്ചു. റിപ്പബ്ലിക് ഓഫ് ഉഗാണ്ടയുടെ പ്രസിഡന്റ് ആയി ജനറൽ യോവേരി കഗുട്ട മുസേവേനിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഏഴാം തവണയും പ്രസിഡന്റ് ആയി മുസേവേനി അധികാരമേറ്റെടുത്ത വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും ഐക്യദാർഢ്യത്തിന്റെ ആശംസ സന്ദേശം ശ്രീ ചൗധരി അദ്ദേഹത്തെ അറിയിച്ചു. രാഷ്ട്ര വികസനത്തിന് രാഷ്ട്രീയ തുടർച്ചയുടെയും സ്ഥിരതയുടെയും പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ ചൗധരി, ഉഗാണ്ടയുടെ സ്ഥിരമായ പുരോഗതിയെ അഭിനന്ദിക്കുകയും ഉഗാണ്ടയുമായും ആഫ്രിക്കൻ ഭൂഖണ്ഡവുമായും നിലനിൽക്കുന്ന ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.
ഉഗാണ്ടയിലെ ജിഞ്ചയിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (NFSU-I) കാമ്പസും ശ്രീ ചൗധരി സന്ദർശിച്ചു. വിദേശത്ത് ഇന്ത്യയുടെ ആദ്യ പൊതു അക്കാദമിക കാമ്പസാണിത്. ഇവിടെ 2025 ഒക്ടോബറിൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ചേർന്നു.
ഫോറൻസിക് സയൻസിന്റെ വിവിധ മേഖലകൾ, ഗവേഷണം, നൈപുണ്യ വികസനം, ശേഷി വികസനം എന്നിവയ്ക്കുള്ള മികവിന്റെ കേന്ദ്രമായി കാമ്പസ് ഉയർന്നുവരുമെന്ന് ഈ സംരംഭത്തെ അഭിനന്ദിച്ചുകൊണ്ട് ശ്രീ ചൗധരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പൊതുവായ അഭിലാഷങ്ങളുടെയും ചൈതന്യത്തെ ഈ സ്ഥാപനം പ്രതീകപ്പെടുത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
കമ്പാലയിൽ, ഇന്ത്യയിലെയും ഉഗാണ്ടയിലെയും ജനങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളുമായും ശ്രീ ചൗധരി സംവദിച്ചു. ഉഗാണ്ടയുമായുള്ള സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ നിരന്തര പ്രതിജ്ഞാബദ്ധത അദ്ദേഹത്തിന്റെ സന്ദർശനം ആവർത്തിച്ച് സ്ഥിരീകരിച്ചു.
*****
( റിലീസ് ഐ.ഡി: 2261649)
സന്ദര്‍ശക കൗണ്ടര്‍ : 9