പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ചരിത്രപരമായ നാഴികക്കല്ല്: ലക്ഷദ്വീപില്‍ സീപ്ലെയിൻ പരീക്ഷണ വിമാനം വിജയകരമായി ലാൻഡ് ചെയ്തു

പോസ്റ്റഡ് ഓണ്‍: 13 MAY 2026 7:51PM by PIB Thiruvananthpuram

ഇന്ത്യൻ സിവിൽ ഏവിയേഷൻ രംഗത്തും പ്രാദേശിക കണക്റ്റിവിറ്റിയിലും നാഴികക്കല്ലായി മാറുന്ന, കൊച്ചിക്കും ലക്ഷദ്വീപിനുമിടയിലുള്ള ആദ്യത്തെ സീപ്ലെയിൻ പരീക്ഷണ പറക്കൽ ഇന്ന് വിജയകരമായി പൂർത്തിയാക്കി. ലക്ഷദ്വീപ്  ദ്വീപസമൂഹത്തിലെ ടർക്കോയ്സ് ലഗൂണുകളിൽ ആദ്യമായി ഒരു സീപ്ലെയിൻ ലാൻഡ് ചെയ്ത ഈ ചരിത്രപരമായ ദൗത്യം, ദ്വീപുകളുടെ ഗതാഗത ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു.

സ്കൈഹോപ്പ് കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന VT-SHE എന്ന് രജിസ്റ്റർ ചെയ്ത DHC6-400 ട്വിൻ ഓട്ടർ വിമാനമാണ് ഈ പരീക്ഷണ പറക്കലിനായി ഉപയോഗിച്ചത്. വിമാനം അഗത്തി ദ്വീപിൽ വിജയകരമായി ലാൻഡ് ചെയ്തു. ഉച്ചയ്ക്ക് ശേഷം കവരത്തി ദ്വീപിലേക്ക് പുറപ്പെട്ട വിമാനം ലഗൂണിൽ കുറ്റമറ്റ ലാൻഡിംഗ് പൂർത്തിയാക്കി. പ്രകടനക്ഷമതയും സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനായി രണ്ട് ക്രൂ അംഗങ്ങളും, സ്കൈഹോപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ട ഒരു സംഘം വിമാനത്തിലുണ്ടായിരുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ലക്ഷദ്വീപ് ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിയാൽ (കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) എന്നീ പ്രധാന ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനത്തിൻ്റെ ഫലമായാണ് ഈ സർവീസ് യാഥാർത്ഥ്യമായത്.

കവരത്തിയിൽ എത്തിയ സംഘത്തെ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ഡോ. എസ്.ബി. ദീപക് കുമാർ, പോർട്ട് ഡയറക്ടർ ഡോ. ഗിരി ശങ്കർ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ലക്ഷദ്വീപ് തുറമുഖ, ഷിപ്പിംഗ്, വ്യോമയാന വകുപ്പിൻ്റെ പ്രത്യേക പിന്തുണയോടെ, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിമാനം ലാൻഡിംഗ് നടത്തിയത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സമീപകാല സന്ദർശനത്തെത്തുടർന്ന് ലക്ഷദ്വീപിന് ആഗോളതലത്തിൽ ലഭിച്ച വലിയ ശ്രദ്ധയ്ക്ക് പിന്നാലെ,  സീപ്ലെയിൻ സർവീസ് ഈ മേഖലയുടെ വികസനത്തിൽ വലിയൊരു മാറ്റത്തിന് വഴിതെളിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.

"ഈ സർവീസ് ദ്വീപുകൾക്കിടയിലുള്ള യാത്ര കൂടുതൽ വേഗമേറിയതും സൗകര്യപ്രദവുമാക്കുക മാത്രമല്ല, ദേശീയ-അന്തർദേശീയ വിനോദസഞ്ചാരികളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ലക്ഷദ്വീപിനെ മാറ്റുകയും ചെയ്യും," എന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

കൊച്ചിക്കും വിദൂര ദ്വീപുകൾക്കും ഇടയിലുള്ള വിടവ് നികത്തിക്കൊണ്ട്, ഭൂപ്രദേശത്തെ ഒരു ദ്വീപസമൂഹവുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ സർവീസ്, ടൂറിസം മേഖലയിൽ  വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമൂഹത്തിന് നിർണ്ണായകമായ ഗതാഗത സൗകര്യം പ്രദാനം ചെയ്യുകയും ചെയ്യും.

 

***


( റിലീസ് ഐ.ഡി: 2260836) സന്ദര്‍ശക കൗണ്ടര്‍ : 36
ഈ റിലീസ് വായിക്കുക: English