പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ആദായനികുതി നിയമം 2025നെക്കുറിച്ചുള്ള ആദായനികുതി വകുപ്പിന്റെ 'പ്രാരംഭ് -2026' ബോധവല്‍ക്കരണ പരിപാടിയ്ക്ക് കേരളത്തിലും ലക്ഷദ്വീപ് മേഖലയിലും തുടക്കമായി

പോസ്റ്റഡ് ഓണ്‍: 12 MAY 2026 8:01PM by PIB Thiruvananthpuram

ആദായ നികുതി വകുപ്പിന്റെ  മുന്‍നിര ദേശീയ അവബോധ പരിപാടി പ്രാരംഭ് -2026 (PRARAMBH)  ഇന്ന് (12.05.2026 ) കൊച്ചിയിലെ ഐ.എസ്. പ്രസ് റോഡിലുള്ള സി.ആര്‍. ബില്‍ഡിംഗില്‍ നടന്നു. പുതുതായി നടപ്പിലാക്കിയ ആദായനികുതി നിയമം 2025നെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധവും, തല്‍പരകക്ഷികളുടെ  ഇടപെടലും  വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്ഈ  പരിപാടി സംഘടിപ്പിച്ചത്.

അന്താരാഷ്ട്ര നികുതി, ടി.ഡി.എസ്, നികുതി ഇളവ് എന്നിവയെക്കുറിച്ചുള്ള പൊതു അവലോകനവും വിഷയാധിഷ്ഠിത സാങ്കേതിക സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു .

കൂടുതല്‍ സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ  സംവിധാനത്തിലേക്കുള്ള  ആദായ നികുതി  വകുപ്പിന്റെ മാറ്റത്തെക്കുറിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ (Pr. CCIT) ശ്രീ. പീയൂഷ് ജെയിന്‍ ഐആര്‍എസ്, ഊന്നിപ്പറഞ്ഞു. പഴയ നിയമത്തില്‍ നിന്ന് പുതിയ നിയമത്തിലേക്ക് സുഗമവും നികുതിദായക സൗഹൃദപരവുമായ മാറ്റം ഉറപ്പാക്കുന്നതിനുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. നികുതിയെ സംബന്ധിച്ച്  നിരന്തരം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമടങ്ങുന്ന കര്‍ സേതു, എ ഐ ചാറ്റ്‌ബോട്ട് കര്‍ സാഥി , ക്യുആര്‍ അധിഷ്ഠിത  ഫോമുകള്‍ തുടങ്ങി സജീവവും  സുഗമവുമായ ഡിജിറ്റല്‍ ഇടപെടലിലൂടെ ആദായനികുതി വകുപ്പും നികുതിദായകരും തമ്മിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ സംരംഭങ്ങളുടെ പ്രദര്‍ശനം സെഷനില്‍ നടന്നു.  പുതുതായി അവതരിപ്പിച്ച ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിനും ഫോമുകള്‍ ലഭ്യമാക്കുന്നതിനുമായി തത്സമയ കിയോസ്‌ക് സേവനവും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി  സജ്ജമാക്കിയിരുന്നു.

 


 

 ആദായനികുതി നിയമം-2025, നടപ്പിലാക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളെയും ഭാവി കര്‍മ്മ പദ്ധതിയെയും കുറിച്ച് പൂര്‍ണ്ണ വ്യക്തത നല്‍കുന്ന അവതരണമാണ്   പരിപാടിയില്‍ ഉണ്ടായത്. സിഎമാര്‍, അഭിഭാഷകര്‍, അസ്സസ്സര്‍മാര്‍ , നികുതി പ്രാക്ടീഷണര്‍മാര്‍, പ്രത്യക്ഷ നികുതി പ്രാദേശിക ഉപദേശക സമിതി അംഗങ്ങള്‍, കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധികള്‍, ബാങ്കിംഗ് മേഖലയിലെ പ്രതിനിധികള്‍, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രതിനിധികള്‍, എഫ്‌ഐസിസിഐ  അംഗങ്ങള്‍, ബിസിനസ്സ് സമൂഹം, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പങ്കാളികളുടെ സജീവ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു.

 

****


( റിലീസ് ഐ.ഡി: 2260457) സന്ദര്‍ശക കൗണ്ടര്‍ : 58
ഈ റിലീസ് വായിക്കുക: English