റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

തടസ്സരഹിത ടോളിംഗ് സംവിധാനം ദേശീയപാതയിലൂടെയുള്ള യാത്ര സുഗമമാക്കുകയും മലിനീകരണം കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും: ശ്രീ നിതിൻ ഗഡ്കരി

പോസ്റ്റഡ് ഓണ്‍: 11 MAY 2026 7:46PM by PIB Thiruvananthpuram

മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എം.എൽ.എഫ്.എഫ് ) ടോളിംഗ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഇന്ത്യ ലോകോത്തര നിലവാരമുള്ള ദേശീയപാത അടിസ്ഥാന സൗകര്യങ്ങളിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു. ഇത് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുകയും മലിനീകരണം കുറയ്ക്കുകയും ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുകയും രാജ്യത്തുടനീളമുള്ള പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.

ദേശീയ തലസ്ഥാന മേഖലയിലെ (എൻ.സി.ആർ) അർബൻ എക്സ്റ്റൻഷൻ റോഡിൽ (UER-II) മുണ്ഡ്ക – ബക്കർവാല ഭാഗത്ത് ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ ശ്രീ നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രിമാരായ ശ്രീ അജയ് ടാംത, ശ്രീ ഹർഷ് മൽഹോത്ര, എം.പിമാരായ ശ്രീമതി കമൽജീത് ഷെരാവത്ത്, ശ്രീ യോഗേന്ദർ ചന്ദോലിയ, NHAI ചെയർമാൻ ശ്രീ സന്തോഷ് കുമാർ യാദവ്, കൂടാതെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, NHAI, ഇന്ത്യൻ ഹൈവേ മാനേജ്‌മെൻ്റ്  കമ്പനി ലിമിറ്റഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ പോയിൻ്റുകളിലൂടെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.എൽ.എഫ്.എഫ് സംവിധാനം വഴി തടസ്സമില്ലാത്തതും സമ്പർക്കരഹിതവുമായ ടോളിംഗ് രീതി അവതരിപ്പിക്കുന്നത്.

പ്രസംഗത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കേന്ദ്ര സഹമന്ത്രി ശ്രീ അജയ് ടാംത, ശ്രീ ഹർഷ് മൽഹോത്ര, മറ്റ് ജനപ്രതിനിധികൾ, NHAI ഉദ്യോഗസ്ഥർ, ഈ പദ്ധതിയുമായി സഹകരിച്ച മറ്റ് പങ്കാളികൾ എന്നിവർക്ക് ശ്രീ നിതിൻ ഗഡ്കരി നന്ദി രേഖപ്പെടുത്തി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എം.എൽ.എഫ്.എഫ് സംവിധാനം വികസിപ്പിച്ചിരിക്കുന്നതെന്നും, ഇതിനായി സാങ്കേതികവിദ്യ ദാതാക്കളുമായും സ്വകാര്യ പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾ ആവശ്യമായിരുന്നുവെന്നും ശ്രീ ഗഡ്കരി പറഞ്ഞു. സുസ്ഥിര വികസനവും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കുന്നതോടൊപ്പം ദേശീയപാതകളിലെ സാങ്കേതികവിദ്യ നിരന്തരം നവീകരിക്കുന്നതിന് ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സംവിധാനത്തിൻ്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, ഈ തടസ്സരഹിത ടോളിംഗ് സംവിധാനം ടോൾ പ്ലാസകളിലെ കാത്തുനിൽപ്പ് സമയം ഗണ്യമായി കുറയ്ക്കുമെന്ന് ശ്രീ ഗഡ്കരി പറഞ്ഞു. ഇത് വലിയ തോതിലുള്ള ഇന്ധന ലാഭത്തിനും യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്രാനുഭവത്തിനും വഴിതെളിക്കും. ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ദേശീയപാതകളിലെ വാഹനങ്ങളുടെ സുഗമമായ നീക്കം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞ ശ്രീ ഗഡ്കരി,  മുമ്പ് ടോൾ പിരിവ് പ്രവർത്തനങ്ങൾക്കായി ഏകദേശം 15 ശതമാനത്തോളം തുക ചെലവാകുന്നുണ്ടായിരുന്നുവെന്നും എന്നാൽ എം.എൽ.എഫ്.എഫ് സംവിധാനം വരുന്നതോടെ ഇത് 3 മുതൽ 4 ശതമാനം വരെയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. പ്രവർത്തനച്ചെലവിലുണ്ടാകുന്ന ഈ കുറവ് പ്രതിവർഷം ഏകദേശം 5,000 മുതൽ 6,000 കോടി രൂപയുടെ വരെ ലാഭമുണ്ടാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ടോൾ പിരിവ് രംഗത്ത് കൊണ്ടുവന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിഷ്കാരങ്ങൾ പോയ വർഷങ്ങളിൽ ദേശീയപാതയിൽ നിന്നുള്ള വരുമാനം ഗണ്യമായി വർദ്ധിപ്പിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.

എം.എൽ.എഫ്.എഫ്  സംവിധാനത്തിലൂടെ പ്രതിവർഷം ഏകദേശം 250 കോടി ലിറ്റർ ഇന്ധനം ലാഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, കാർബൺ ഉദ്വമനത്തിൽ ഏകദേശം 81,000 ടണ്ണിൻ്റെ  കുറവുണ്ടാക്കാൻ ഇത് സഹായിക്കും. മലിനീകരണം കുറയ്ക്കുന്നതിനും, പ്രത്യേകിച്ച് ഡൽഹി-എൻ.സി.ആർ മേഖലയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് ഗണ്യമായ സംഭാവന നല്കുമെന്നും മന്ത്രി അറിയിച്ചു.

നൂതന അടിസ്ഥാന സൗകര്യ വികസന രീതികളിലൂടെ “മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക് ” എന്ന ആശയത്തിന് ഗവണ്മെന്റ് നല്കുന്ന മുൻഗണനയെക്കുറിച്ചും ശ്രീ ഗഡ്കരി എടുത്തുപറഞ്ഞു. ഡൽഹിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന നഗരമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയും അവ ദ്വാരക എക്സ്പ്രസ് വേ, ഡൽഹി-മുംബൈ എക്സ്പ്രസ് വേ തുടങ്ങിയ ദേശീയപാത നിർമ്മാണ പദ്ധതികൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുന്നതിനുമായി കാർഷിക അവശിഷ്ടങ്ങളിൽ നിന്നും മറ്റ് മാലിന്യങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്ത ബയോ-ബിറ്റുമെൻ റോഡ് നിർമ്മാണത്തിൽ കൂടുതലായി ഉപയോഗിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡ് സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ശ്രീ ഗഡ്കരി, രാജ്യത്ത് ഓരോ വർഷവും ധാരാളം റോഡപകടങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പൊതുജന അവബോധവും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതികളും അത്യാവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എം.എൽ.എഫ്.എഫ് സംവിധാനത്തിൻ്റെ  ഭാഗമായി നിർമ്മിതബുദ്ധി (എ.ഐ) അധിഷ്ഠിത സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തിയത് നിരീക്ഷണവും ഗതാഗത നിയന്ത്രണവും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പുതിയ സംവിധാനം യാത്രക്കാർക്ക് ഒട്ടും കാത്തുനിൽപ്പില്ലാത്ത യാത്രയും കൂടുതൽ സുഗമമായ യാത്രാനുഭവവും കുറഞ്ഞ ഗതാഗതച്ചെലവും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളുടെ സൗകര്യം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രവികസനം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഇത്തരം പരിഷ്കാരങ്ങളെ പിന്തുണയ്ക്കാനും അവയുടെ ഗുണഫലങ്ങളെക്കുറിച്ച് അവബോധം വളർത്താനും മാധ്യമങ്ങളോടും പൗരന്മാരോടും മന്ത്രി അഭ്യർത്ഥിച്ചു.

മാനുഷിക ഇടപെടൽ കുറച്ചുകൊണ്ട് യാന്ത്രികമായി ടോൾ ശേഖരിക്കുന്നതിനായി, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയെ ഫാസ്‌ടാഗ് അധിഷ്ഠിത ഇലക്ട്രോണിക് ടോൾ ശേഖരണവുമായി ഈ സംവിധാനം സംയോജിപ്പിക്കുന്നു. എം.എൽ.എഫ്.എഫ് നടപ്പിലാക്കുന്നത് ഡിജിറ്റൽ ദേശീയപാത അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു വലിയ മുന്നേറ്റമാണ്, കൂടാതെ ദേശീയപാത ഉപയോക്താക്കളുടെ യാത്രാ കാര്യക്ഷമത ഇത് ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യും. വാഹനങ്ങളുടെ തടസ്സമില്ലാത്ത സഞ്ചാരം സാധ്യമാക്കുന്നതിലൂടെ യാത്രാസമയം കുറയ്ക്കാനും ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും ടോൾ കേന്ദ്രങ്ങളിലെ വാഹന മലിനീകരണം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും.

സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് ദേശീയപാത ഉപയോക്താക്കൾ അവരുടെ ഫാസ്‌ടാഗ് അക്കൗണ്ടുകളിൽ മതിയായ ബാലൻസ് നിലനിർത്തേണ്ടതുണ്ട്. അക്കൗണ്ടിൽ പണമില്ലാതിരിക്കുകയോ, ഫാസ്‌ടാഗ് അസാധുവാകുകയോ അല്ലെങ്കിൽ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ടോൾ തുക അടയ്ക്കാത്തതിന് ഉപയോക്താക്കൾക്ക് ഒരു ഇലക്ട്രോണിക് നോട്ടീസ് (ഇ-നോട്ടീസ്) ലഭിക്കും. അത്തരം ഉപയോക്താക്കൾ ഇ-നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ സാധാരണ നിരക്കിലുള്ള ടോൾ തുക അടയ്ക്കേണ്ടതുണ്ട്. 72 മണിക്കൂറിന് ശേഷവും തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, വാഹന വിഭാഗത്തിന് നിശ്ചയിച്ചിട്ടുള്ള സാധാരണ നിരക്കിൻ്റെ ഇരട്ടി തുക ഫീസായി ഈടാക്കും. ഉപയോക്താക്കൾക്ക്  https://nhfeenotice.parivahan.gov.in/#/  എന്ന പോർട്ടൽ വഴി ഇ-നോട്ടീസ് പരിശോധിക്കാനും തുക അടയ്ക്കാനും സാധിക്കും. ഇ-നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ ഉപയോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാനും അവസരമുണ്ട്. ഇ-നോട്ടീസ് തുക അടയ്ക്കാതിരിക്കുന്നത് ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുന്നതിനും വാഹൻ  പ്ലാറ്റ്‌ഫോം വഴിയുള്ള വാഹനവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ തടയുന്നതിനും കാരണമായേക്കാം.


ഈ മാസം ആദ്യം, ഗുജറാത്തിലെ NH-48-ൽ സൂറത്ത്-ഭറൂച്ച് സെക്ഷനിലുള്ള ചോരയാസി ടോൾ പ്ലാസയിൽ NHAI എം.എൽ.എഫ്.എഫ് അധിഷ്ഠിത ടോൾ സംവിധാനം വിജയകരമായി ആരംഭിച്ചു. സുതാര്യത വർദ്ധിപ്പിക്കുന്നതിലൂടെയും ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിലൂടെയും ടോൾ പിരിവിലെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ഈ സംവിധാനം നിലവിലെ ടോളിംഗ് ആവാസവ്യവസ്ഥയെ കൂടുതൽ ശക്തമാക്കും. രാജ്യത്തുടനീളം സാങ്കേതികവിദ്യയിലധിഷ്ഠിതവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ ദേശീയപാത ശൃംഖല വികസിപ്പിക്കുക എന്ന ഗവൺമെന്റിൻ്റെ  കാഴ്ചപ്പാടുമായി ഈ സംരംഭം പൊരുത്തപ്പെടുന്നു.

 

WhatsApp Image 2026-05-11 at 5.21.35 PM.jpeg

WhatsApp Image 2026-05-11 at 5.22.09 PM.jpeg

***

 

( റിലീസ് ഐ.ഡി: 2260065) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Urdu , हिन्दी