സാംസ്‌കാരിക മന്ത്രാലയം
61-ാമത് അന്താരാഷ്ട്ര കലാ പ്രദർശനമായ ലാ ബിനാലെ ഡി വെനീസിയ 2026ൽ ഇന്ത്യ പവലിയൻ തുറന്നു
നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ, സെറെൻഡിപിറ്റി ആർട്സ് എന്നിവയുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയമാണ് ഇന്ത്യ പവലിയൻ അവതരിപ്പിക്കുന്നത്
അൽവാർ ബാലസുബ്രഹ്മണ്യം (ബാല), രഞ്ജനി ഷെട്ടാർ, സുമാക്ഷി സിംഗ്, സ്കർമ സോനം താഷി, അസിം വാഖിഫ് എന്നിവരുടെ പുതിയ വൻകിട ശില്പങ്ങളും ഇൻസ്റ്റാലേഷനുകളും ഉൾപ്പെടുന്ന ഈ സംയുക്ത പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത് ഡോ. അമിൻ ജാഫറാണ്
2019-ന് ശേഷം ബിനാലെ ആർട്ടേയിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവിനെ ഈ പ്രദർശനം അടയാളപ്പെടുത്തുന്നു
വെനീസ് (ഐസൊലോട്ടോ, ആഴ്സണൽ), 9 മെയ് 2026 - 22 നവംബർ 2026 | പ്രിവ്യൂകൾ: 2026 മെയ് 6, 7, 8
പോസ്റ്റഡ് ഓണ്‍:
07 MAY 2026 5:18PM by PIB Thiruvananthpuram
ലാ ബിനാലെ ഡി വെനീസിയയുടെ 61-ാമത് അന്താരാഷ്ട്ര കലാ പ്രദർശനത്തിൽ ഇന്ത്യ പവിലിയൻ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ലാ ബിനാലെ ഡി വെനീസിയ പ്രസിഡൻ്റ് പിയട്രാഞ്ചലോ ബുട്ടാഫുവോക്കോ, ശ്രീമതി നിത എം അംബാനി, ശ്രീമതി ഇഷ അംബാനി, ശ്രീ സുനിൽ കാന്ത് മുഞ്ജൽ, സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് അഗർവാൾ, ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഉദ്ഘാടന ചടങ്ങിൽ ഡോ. അമിൻ ജാഫർ, വാണി റാവു, ശ്രീ. വിവേക് അഗർവാൾ, ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ പ്രസംഗിച്ചു.

കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു:
"ജിയോഗ്രഫീസ് ഓഫ് ഡിസ്റ്റൻസ്: റിമംബറിംഗ് ഹോം എന്നത് വേരുകളിലൂന്നിയതും എന്നാൽ ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ ഒരു സമകാലിക ഇന്ത്യയെ അവതരിപ്പിക്കുന്നു. നമ്മുടെ രാജ്യം വികസിക്കുമ്പോൾ, നമ്മുടെ സാംസ്കാരിക സ്മരണകളുടെ കരുത്തും ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കാൻ കലാപരമായ ആവിഷ്കാരത്തിനുള്ള ശക്തിയും ഈ പവലിയൻ പ്രതിഫലിപ്പിക്കുന്നു."
സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ വിവേക് അഗർവാൾ പറഞ്ഞു:
"സ്മരണ, സാമഗ്രി, പരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ആഴത്തിൽ ഇടപെടുന്ന കലാകാരന്മാരെ ഈ പ്രദർശനം ഒരുമിച്ച് കൊണ്ടുവരുന്നു. അവരുടെ സൃഷ്ടികൾ ഉയർന്നുവരുന്ന ഇന്ത്യയുടെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം തന്നെ, തനിമയേയും സ്വത്വത്തേയും കുറിച്ചുള്ള വിശാലമായ ആഗോള സംഭാഷണത്തിന് സംഭാവന നല്കുകയും ചെയ്യുന്നു."
ക്യൂറേറ്റർ ഡോ. അമിൻ ജാഫർ പറഞ്ഞു:
"ഇൻ മൈനർ കീസ് എന്ന പ്രമേയത്തോടുള്ള പ്രതികരണമെന്നോണം, വീടിനെ ഒരു നിശ്ചിത സ്ഥലമെന്നതിലുപരി വൈകാരികവും ഭൗതികവുമായ ഒരു അവസ്ഥയായാണ് ഈ പ്രദർശനം പര്യവേക്ഷണം ചെയ്യുന്നത്. നശ്വരവും ജൈവികവുമായ നിർമ്മാണ സാമഗ്രികളിലൂടെയും ആഴത്തിലുള്ള വ്യക്തിഗത ആഖ്യാനങ്ങളിലൂടെയും, സ്മരണകളും കുടിയേറ്റവും മാറ്റങ്ങളും നമ്മുടെ തനിമയെക്കുറിച്ചുള്ള ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് കലാകാരന്മാർ ഇവിടെ പ്രതിഫലിപ്പിക്കുന്നു."
ഡോ. അമിൻ ജാഫർ ക്യൂറേറ്റ് ചെയ്തതും, നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ, സെറെൻഡിപിറ്റി ആർട്സ് എന്നിവയുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയം അവതരിപ്പിക്കുന്നതുമായ "ജിയോഗ്രഫീസ് ഓഫ് ഡിസ്റ്റൻസ്: റിമംബറിംഗ് ഹോം" ഇന്ത്യ പവിലിയൻ പ്രദർശിപ്പിക്കുന്നു. അൽവാർ ബാലസുബ്രഹ്മണ്യം (ബാല), രഞ്ജനി ഷെട്ടാർ, സുമാക്ഷി സിംഗ്, സ്കർമ സോനം താഷി, അസിം വാഖിഫ് എന്നിവരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ഈ പ്രദർശനം, ഇന്ത്യൻ സാംസ്കാരിക പാരമ്പര്യങ്ങളിൽ വേരൂന്നിയ സമകാലിക കലാവിഷ്കാരങ്ങളിലൂടെ സ്മരണ, കുടിയേറ്റം, ഭൗതികത, തനിമ എന്നീ ആശയങ്ങളെ പര്യവേക്ഷണം ചെയ്യുന്നു.

പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ
നോട്ട് ജസ്റ്റ് ഫോർ അസ് - അൽവാർ ബാലസുബ്രഹ്മണ്യം (ബാല)
തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കളിമണ്ണും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച ശില്പപാനലുകൾ സ്മരണകളേയും പരിസ്ഥിതിയുടെ മാറ്റങ്ങളേയും കാലത്തിൻ്റെ പ്രയാണത്തേയും പര്യവേക്ഷണം ചെയ്യുന്നു.
അണ്ടർ ദ സെയിം സ്‌കൈ - രഞ്ജനി ഷെട്ടാർ
പൂക്കളിൽ നിന്നും പ്രകൃതിയിലെ വളർച്ചയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതും വായുവിൽ
ഉയർന്നു നിൽക്കുന്നതുമായ ശില്പരൂപങ്ങൾ, പ്രകൃതിയേയും കരകൗശലവിദ്യയേയും വൈകാരികതയേയും പ്രതിഫലിപ്പിക്കുന്ന ആഴത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
പെർമനൻ്റ് അഡ്രസ്സ് - സുമാക്ഷി സിംഗ്
ന്യൂഡൽഹിയിൽ പൊളിച്ചുനീക്കപ്പെട്ട തൻ്റെ കുടുംബവീടിനെ എംബ്രോയ്ഡറി നൂലുകൾ ഉപയോഗിച്ച് യഥാർത്ഥ വലിപ്പത്തിൽ പുനർനിർമ്മിച്ചിരിക്കുന്നു. ഇത് സ്മരണകൾ, വീടിനുള്ളിലെ ഇടങ്ങൾ, പ്രിയപ്പെട്ടവയുടെ അഭാവം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഉയർത്തുന്നു.
എക്കോസ് ഓഫ് ഹോം - സ്കർമ സോനം താഷി
കടലാസ് കുഴമ്പ് ഉപയോഗിച്ചും ലഡാക്കി വാസ്തുവിദ്യയെക്കുറിച്ചുള്ള പരാമർശങ്ങൾ അടിസ്ഥാനമാക്കിയും ഒരുക്കിയ ഈ ഇൻസ്റ്റാലേഷൻ പരിസ്ഥിതി, സുസ്ഥിരത, സാംസ്കാരിക തുടർച്ച എന്നിവ പരിശോധിക്കുന്നു.
ചാൽ - അസിം വാഖിഫ്
നഗരങ്ങളിലെ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന മുളകെട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മുള ഉപയോഗിച്ച് നിർമ്മിച്ച ഈ ബൃഹത്തായ ഇൻസ്റ്റാലേഷൻ, സമകാലിക ഇന്ത്യൻ നഗരങ്ങളിലെ നിരന്തരമായ പരിവർത്തനത്തേയും നവീകരണത്തേയും മാറ്റങ്ങളേയും പ്രതിഫലിപ്പിക്കുന്നു.
അവതരണ പരിപാടി
2026 മെയ് മുതൽ നവംബർ വരെ വെനീസിലുടനീളം നടക്കുന്ന പ്രദർശനത്തോടൊപ്പം സെറെൻഡിപിറ്റി ആർട്സ് ക്യൂറേറ്റ് ചെയ്യുന്ന ഒരു അവതരണ പരിപാടിയും അരങ്ങേറും. ഇന്ത്യൻ സാംസ്കാരിക പാരമ്പര്യങ്ങളിൽ നിന്നും വെനീസ് ബിനാലെയുടെ ഈ വർഷത്തെ പ്രമേയമായ ഇൻ മൈനർ കീസ് എന്നതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള വിവിധ വിഷയങ്ങൾ കോർത്തിണക്കിയുള്ള കലാവിഷ്കാരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
ക്രെഡിറ്റുകൾ
ജിയോഗ്രഫീസ് ഓഫ് ഡിസ്റ്റൻസ്: റിമംബറിംഗ് ഹോം
കമ്മീഷണർ: സാംസ്കാരിക മന്ത്രാലയം
ക്യൂറേറ്റർ: ഡോ. അമിൻ ജാഫർ
സംഘാടക പങ്കാളികൾ: നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ, സെറെൻഡിപിറ്റി ആർട്‌സ്
പ്രദർശകർ: അൽവാർ ബാലസുബ്രഹ്മണ്യം (ബാല), സുമാക്ഷി സിംഗ്, രഞ്ജനി ഷെട്ടർ, അസിം വാഖിഫ്, സ്കർമ്മ സോനം താഷി

വേദി: ആഴ്‌സണൽ
മാധ്യമ സംബന്ധമായ അന്വേഷണങ്ങൾക്ക്: indiainvenice@brunswickgroup.com
ചിത്രങ്ങൾക്ക്: നാഷണൽ പവലിയൻ ഓഫ് ഇന്ത്യ പ്രസ് പാക്ക്
***
( റിലീസ് ഐ.ഡി: 2258894)
സന്ദര്‍ശക കൗണ്ടര്‍ : 12