PIB Backgrounder
ഓൺലൈൻ ഗെയിമിംഗ് മേഖലയിൽ നവയുഗം
ഓൺലൈൻ ഗെയിമിംഗ് നിയമങ്ങൾ, 2026 പ്രകാരം സുരക്ഷിതവും
ഉത്തരവാദിത്വമുള്ളതുമായ ഗെയിമിംഗ് പ്രാപ്തമാക്കുന്നു
പോസ്റ്റഡ് ഓണ്‍:
30 APR 2026 4:50PM by PIB Thiruvananthpuram
പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് നിയമം, 2025-ന്റെ പ്രായോഗികമായ നടപ്പാക്കൽ
2026 മെയ് 1 മുതൽ പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ചട്ടങ്ങൾ, 2026 പ്രാബല്യത്തിൽ വരും. ഇന്ത്യയുടെ ഡിജിറ്റൽ ഗെയിമിംഗ് മേഖല രൂപപ്പെടുത്തുന്നതിൽ ഇത് ഒരു നിർണായക ചുവടുവയ്പ്പാണ്. ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കുന്നതിന് ഈ ചട്ടങ്ങൾ ഘടനാപരമായ സംവിധാനം സ്ഥാപിക്കുന്നു. ഉപയോക്തൃ സുരക്ഷയിലും വ്യവസായ വളർച്ചയിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നയപരമായി വിശാലമായ ലക്ഷ്യങ്ങളിൽ നിന്ന് നടപ്പിലാക്കാവുന്ന നിയന്ത്രണത്തിലേക്കുള്ള മാറ്റത്തെ ഇത് സൂചിപ്പിക്കുന്നു.
2025 ഓഗസ്റ്റിൽ പാർലമെന്റ് നടപ്പിലാക്കിയ പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ആക്ട്, 2025 (PROG) നിയമത്തിൽ നിന്നാണ് ഈ ചട്ടങ്ങൾ ഉരുത്തിരിഞ്ഞത്. പണം വെച്ചുള്ള ഓൺലൈൻ ഗെയിമിംഗിന്റെ വർദ്ധിച്ചുവരുന്ന ദോഷഫലങ്ങളെ ഈ നിയമം അഭിസംബോധന ചെയ്യുന്നു. ഇ-സ്പോർട്സുകളുടെയും ഓൺലൈൻ സോഷ്യൽ ഗെയിമുകളുടെയും വളർച്ചയും ഇത് പ്രാപ്തമാക്കുന്നു. ഇന്ത്യയെ ഒരു ആഗോള ഗെയിമിംഗ് കേന്ദ്രമാക്കി മാറ്റാനുള്ള ഗവൺമെന്റിന്റെ കാഴ്ചപ്പാടിനെ ഇത് പ്രതിഫലിപ്പിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ അപകടസാധ്യതകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനൊപ്പം നൂതനാശയവും സർഗ്ഗാത്മകതയും വളർത്തുക എന്നതാണ് ലക്ഷ്യം.

ഓൺലൈൻ ഗെയിമിംഗ് മേഖലയെ മനസ്സിലാക്കൽ
ഓൺലൈൻ ഗെയിമിംഗ് മേഖല അതിവേഗം വികസിക്കുന്ന ഒരു രംഗമാണ്. ഇപ്പോൾ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണിത്. 2024-ൽ ഇന്ത്യൻ വിപണി ഈ മേഖലയിൽ നിന്ന് 232 ശതകോടി രൂപ സൃഷ്ടിച്ചു. ഈ വരുമാനത്തിന്റെ 77 ശതമാനവും ഇടപാട് അടിസ്ഥാനമാക്കിയുള്ള ഗെയിമുകളിൽ നിന്നാണ്. ഈ മേഖല 11 ശതമാനം സിഎജിആർ നിരക്കിൽ വളരുമെന്നും 2027 ആകുമ്പോഴേക്കും 316 ശതകോടി രൂപയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ വ്യാപ്തി തിരിച്ചറിഞ്ഞുകൊണ്ട്, പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ചട്ടങ്ങൾ, 2026 വ്യക്തമായ ഒരു ചട്ടക്കൂട് അവതരിപ്പിക്കുന്നു. ഓൺലൈൻ ഗെയിമിംഗിന്റെ സുരക്ഷിതവും ഹാനികരവുമായ രൂപങ്ങൾ തമ്മിൽ ഇത് വേർതിരിച്ചു കാണിക്കുന്നു. ഇക്കാര്യത്തിൽ, ഫലപ്രദമായ നിയന്ത്രണത്തിനും നിർവ്വഹണത്തിനും ശക്തമായ ദൃഢനിശ്ചയവും ഗെയിമുകളുടെ വർഗ്ഗീകരണവും അനിവാര്യമാണ്. ഉപയോക്താക്കൾക്കും സമൂഹത്തിനും വ്യത്യസ്തമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി ഈ വിശാലമേഖലയെ വിഭജിക്കാം.
എസ്‌പോർട്‌സ്: മൾട്ടി -സ്പോർട്‌സ് മത്സരങ്ങളുടെ ഭാഗമായതും ടീമുകളോ വ്യക്തികളോ സംഘടിത ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതുമായ മത്സരാധിഷ്ഠിത ഡിജിറ്റൽ ഗെയിമിനെയാണ് ഇത് സൂചിപ്പിക്കുന്നത്. എസ്‌പോർട്‌സിലെ വിജയത്തിന് തന്ത്രം, ഏകോപനം, വിപുലമായ തീരുമാനമെടുക്കൽ ശേഷി എന്നിവ ആവശ്യമാണ്.
ഓൺലൈൻ സോഷ്യൽ ഗെയിമുകൾ: ദൈനംദിന വിനോദത്തിന്റെ ഭാഗമായ കാഷ്വൽ ഗെയിമുകളാണ് ഇവ. അവ പ്രധാനമായും വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ളതും വിനോദം, പഠനം അല്ലെങ്കിൽ സാമൂഹിക ഇടപെടൽ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമാണ്. അത്തരം ഗെയിമുകൾ പൊതുവെ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.
ഓൺലൈൻ പണമിടപാട് ഗെയിമുകൾ: ഈ വിഭാഗത്തിൽ സാമ്പത്തിക ഇടപാടുകൾ അടങ്ങുന്ന ഗെയിമുകൾ ഉൾപ്പെടുന്നു. ഇവ അവസരം, കഴിവ് അല്ലെങ്കിൽ രണ്ടും അടിസ്ഥാനമാക്കിയുള്ളതാകാം. ഇതുമായി ബന്ധപ്പെട്ട് ആസക്തി, സാമ്പത്തിക നഷ്ടങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, ആത്മഹത്യ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് കാരണം ഈ പ്ലാറ്റ്‌ഫോമുകൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.
ഓൺലൈൻ ഗെയിമിംഗ് മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച അതിന്റെ സാമ്പത്തിക സാധ്യതകളെയും സുരക്ഷാ നടപടികളുടെ ആവശ്യകതയെയും എടുത്തുകാണിക്കുന്നു. ഇ-സ്പോർട്സും ഓൺലൈൻ സോഷ്യൽ ഗെയിമുകളും നൂതനാശയങ്ങളെയും വിനോദത്തെയും പിന്തുണയ്ക്കുന്നു. എന്നിരുന്നാലും, പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾ ഗുരുതരമായ സാമ്പത്തിക, സാമൂഹിക ആശങ്കകൾ ഉയർത്തുന്നു. ഏകദേശം 45 കോടി പേരെ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നഷ്ടം 20,000 കോടി രൂപയിൽ കൂടുതലാണ്. ഈ ആഘാതത്തിന്റെ വ്യാപ്തി, വ്യക്തമായ ഗെയിമിംഗ് വർഗ്ഗീകരണത്തിന്റെയും ഫലപ്രദമായ നിയന്ത്രണത്തിന്റെയും അടിയന്തിര ആവശ്യകതയെ എടുത്തുകാണിക്കുന്നു. ഇതേ തുടർന്ന്, സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൗരന്മാരെ സംരക്ഷിക്കാനും ഗവൺമെന്റ് നടപടിയെടുക്കുന്നു.

PROG നിയമം 2025-ന്റെ അവലോകനം, 2025
ഇന്ത്യയുടെ ഓൺലൈൻ ഗെയിമിംഗ് ആവാസവ്യവസ്ഥയിൽ വ്യക്തതയും സന്തുലിതാവസ്ഥയും കൊണ്ടുവരുന്നതിനാണ് 2025 ൽ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്ട് നടപ്പിലാക്കിയത്. ഓൺലൈൻ പണമിടപാട് ഗെയിമുകളെ ശക്തമായി നിരോധിക്കുമ്പോൾ തന്നെ ഇ-സ്പോർട്സിലും ഓൺലൈൻ സാമൂഹ്യ ഗെയിമുകളിലും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇത് ശ്രമിക്കുന്നു. മേഖലയിലെ അനുവദനീയവും നിരോധിതവുമായ പ്രവർത്തനങ്ങൾ തമ്മിൽ പ്രകടമായ വ്യത്യാസത്തെ ഈ നിയമം എടുത്തു കാണിക്കുന്നു.
എല്ലാത്തരം ഓൺലൈൻ പണമിടപാട് ഗെയിമുകൾക്കും ഈ നിയമം പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നു. ഇത് ഊഹത്തിലുള്ള ഗെയിമുകൾക്കും, വൈദഗ്ധ്യമുള്ള ഗെയിമുകൾക്കും, രണ്ടിന്റെയും ഏതെങ്കിലും തരത്തിലുള്ള മിശ്രിതത്തിനും ബാധകമാണ്. ഇത് അവയുടെ പരസ്യം, പ്രോത്സാഹനം, സൗകര്യം എന്നിവയും നിരോധിക്കുന്നു. അത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നതിൽ നിന്ന് ബാങ്കുകളെയും പേയ്‌മെന്റ് സംവിധാനങ്ങളെയും നിരോധിക്കുന്നു. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമം അനുസരിച്ച് നിയമവിരുദ്ധമായ ഇത്തരം പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്നതാണ്.
ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ കർശനമായ പിഴകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈൻ പണമിടപാട് ഗെയിമുകൾ വാഗ്ദാനം ചെയ്യുന്നതോ സൗകര്യമൊരുക്കുന്നതോ മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് വർഷം അല്ലെങ്കിൽ അഞ്ച് വർഷം വരെ നീട്ടാവുന്ന തടവ് ശിക്ഷ നൽകും. ഒരു കോടി മുതൽ രണ്ട് കോടി രൂപ വരെ പിഴ നൽകണം. അത്തരം ഗെയിമുകളുടെ പരസ്യം നൽകുന്നത് വഴി രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. അല്ലെങ്കിൽ, അമ്പത് ലക്ഷം രൂപ വരെ പിഴ അല്ലെങ്കിൽ രണ്ടും ബാധകമാകാം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ഉയർന്ന പിഴകൾ ലഭിക്കും. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ തലങ്ങളിലുള്ള സൈബർ സെൽ ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അധികാരമുണ്ട്. ഇതിൽ പോലീസ് സ്റ്റേഷൻ, ജില്ലാ, കമ്മീഷണറേറ്റ് തലങ്ങളിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
നിരോധനത്തോടൊപ്പം, സുരക്ഷിതവും ഘടനാപരവുമായ ഗെയിമിംഗ് അന്തരീക്ഷത്തെയും ഈ നിയമം പ്രോത്സാഹിപ്പിക്കുന്നു. ഇ-സ്പോർട്സിനും ഓൺലൈൻ സോഷ്യൽ ഗെയിമുകൾക്കും ഇത് അംഗീകാരം നൽകുന്നു. ഇത് ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കുന്നതിനും വഴിയൊരുക്കി. സുതാര്യമായ ഒരു നിർണ്ണയ, രജിസ്ട്രേഷൻ സംവിധാനവും അവതരിപ്പിക്കുന്നു. കൂടാതെ, ഉപയോക്താക്കളെ ദോഷവശങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു പരാതി പരിഹാര സംവിധാനവും സുരക്ഷാ സംവിധാനങ്ങളും ഇത് നൽകുന്നു.
നിയമത്തെക്കുറിച്ച് കൂടുതലറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
ചട്ടങ്ങൾ എന്താണ് ലക്ഷ്യമിടുന്നത്
2025 ലെ PROG നിയമത്തിലെ വ്യവസ്ഥകൾക്ക് ഈ ചട്ടങ്ങൾ പ്രായോഗിക രൂപം നൽകുന്നു. നിയമത്തിന്റെ ഉദ്ദേശ്യത്തെ വ്യക്തമായ നടപടിക്രമങ്ങളായും ബാധ്യതകളായും ഈ ചട്ടങ്ങൾ പ്രായോഗികമാക്കി മാറ്റുന്നു.
അവയുടെ ഉദ്ദേശ്യം ഇവയാണ്:
വ്യക്തവും സുതാര്യവും സമയബന്ധിതവുമായ ഒരു സംവിധാനം നൽകുക. ഒരു ഗെയിം, ഓൺലൈൻ പണമിടപാട് ഗെയിമാണോ അതിനാൽ, നിരോധിക്കപ്പെട്ടതാണോ എന്ന് ഇത് നിർണ്ണയിക്കുന്നു. അല്ലെങ്കിൽ അത് അനുവദനീയമായ ഓൺലൈൻ സോഷ്യൽ ഗെയിമാണോ അതോ ഇ-സ്പോർട്സ് രൂപത്തിൽ അനുമതിയുണ്ടോ എന്ന് തീരുമാനിക്കുന്നു.
മേഖലയ്ക്കായി ഒരു ഏകീകൃത, ഡിജിറ്റൽ നിയന്ത്രിത സ്ഥാപനമായി ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിക്കുക.
ഇ-സ്പോർട്സിനും ഓൺലൈൻ സോഷ്യൽ ഗെയിമുകളുടെ അത്തരം വിഭാഗങ്ങൾക്കും, അവ സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനം ചെയ്യാൻ കഴിയുന്ന വിധത്തിൽ ഒരു നിയമാനുസൃത രജിസ്ട്രേഷൻ സംവിധാനം സൃഷ്ടിക്കുക.
ഓൺലൈൻ ഗെയിം സേവന ദാതാക്കൾ പാലിക്കുന്നതിനായി നിർബന്ധിത ഉപയോക്തൃ സുരക്ഷാ സവിശേഷതകൾ, പരാതി പരിഹാരം, സുതാര്യത ബാധ്യതകൾ എന്നിവ പുറപ്പെടുവിക്കുക.
നിയമത്തിലെ വകുപ്പ് 12 പ്രകാരം അന്വേഷണത്തിനും സിവിൽ പിഴകൾ ചുമത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ സ്ഥാപിക്കുക.
ഉത്തരവാദിത്വo , ന്യായം, സ്വാഭാവിക നീതി എന്നിവ ഉറപ്പാക്കുന്നതിന് ഒരു അപ്പീൽ സംവിധാനം നൽകുക.
ഈ നടപടികൾ കൂട്ടായി, ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള വ്യക്തവും ന്യായവും ഫലപ്രദവുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു.
നിയന്ത്രണ ചട്ടക്കൂടിന്റെ പ്രധാന സ്തംഭങ്ങൾ
ആറ് പ്രധാന സ്തംഭങ്ങളെ ആധാരമാക്കിയാണ് ചട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അവ ഒരുമിച്ച്, ഇന്ത്യയിൽ ഓൺലൈൻ ഗെയിമിംഗ് നിയന്ത്രണത്തിനായി ഒരു ഘടനാപരമായ സംവിധാനം സൃഷ്ടിക്കുന്നു. ചട്ടക്കൂട് വ്യക്തവും സമഗ്രവുമാണ്. ഇത് അടിസ്ഥാന ഭരണ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മേൽനോട്ടം, വർഗ്ഗീകരണം, ഉപയോക്തൃ സംരക്ഷണം, നടപ്പിലാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ സ്തംഭങ്ങൾ ചുവടെ വിവരിച്ചിരിക്കുന്നു.
ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ
•ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഒരു അനുബന്ധ ഓഫീസായി രൂപീകരിച്ചിരിക്കുന്നു. ഒരു ഡിജിറ്റൽ ഓഫീസായി പ്രവർത്തിക്കാൻ ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
• ഘടനാപരമായ , ബഹുമേഖലാ സ്ഥാപനമായി സംവിധാനം ചെയ്തിരിക്കുന്നു. അഡീഷണൽ സെക്രട്ടറി, (MeitY )ആണ് അധ്യക്ഷൻ. ആഭ്യന്തരം, ധനകാര്യം, വാർത്താ വിതരണ &പ്രക്ഷേപണം, യുവജനകാര്യ&കായികം, നിയമം&നീതി എന്നീ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി തല പ്രാതിനിധ്യം ഇതിൽ ഉൾപ്പെടുന്നു.
ഓൺലൈൻ പണമിടപാട് ഗെയിമുകളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും പരാതികളുടെ അന്വേഷണങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു.
നിർദ്ദേശങ്ങൾ, ഉത്തരവുകൾ, പ്രാക്ടീസ് കോഡുകൾ എന്നിവ പുറപ്പെടുവിക്കുന്നു. ഉപയോക്തൃ പരാതികളിൽ അപ്പീലുകൾ കേൾക്കുന്നു. ധനകാര്യ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുന്നു. ഇത് നിയമ നിർവ്വഹണ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നു. ഇത് ഫലപ്രദവും സമയബന്ധിതവുമായ നടപടി ഉറപ്പാക്കുന്നു.
ഓൺലൈൻ ഗെയിമിന്റെ നിർണ്ണയം
•ഒരു ഗെയിം ഓൺലൈൻ പണമിടപാട് ഗെയിമാണോ അല്ലെങ്കിൽ അനുവദനീയമായ വിഭാഗമാണോ എന്ന് തരംതിരിക്കുന്നതിന് വ്യക്തമായ പരിശോധന സംവിധാനം ഈ ചട്ടങ്ങൾ നൽകുന്നു.
•അതോറിറ്റിയുടെ സ്വമേധയാ നടപടി, സേവന ദാതാവിന്റെ അപേക്ഷ, അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റിന്റെ അറിയിപ്പ് എന്നിവയിലൂടെ നിർണയ പ്രക്രിയ ആരംഭിക്കുന്നു.
• ഗെയിമുകളിലെ ഓഹരികളുടെ പണമിടപാടുകൾ, വിജയിച്ചാൽ പണം നേടാനാകുമെന്ന ആകർഷണം, വരുമാന മാതൃക, ഗെയിമിലെ ആസ്തികളുടെ ധനസമ്പാദനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
സാധ്യമാകുന്നിടത്തോളം, 90 ദിവസത്തിനുള്ളിൽ ഗെയിo നിർണയ പരിശോധന നടപടികൾ പൂർത്തിയാക്കണം. നിർണ്ണയ നടപടിയിൽ ഗെയിമിനും ദാതാവിനും പ്രത്യേകമായി ഫലം രേഖപ്പെടുത്തി നൽകണം.
ഓൺലൈൻ ഗെയിമുകളുടെ രജിസ്ട്രേഷൻ
•കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്യുമ്പോൾ മാത്രമേ ഇത് ആവശ്യമുള്ളൂ. ഇ-സ്‌പോർട്‌സായി വാഗ്ദാനം ചെയ്യുന്ന എല്ലാ ഗെയിമുകൾക്കും ഇത് ബാധകമാണ്. ഉപയോക്താക്കൾക്കുള്ള അപകടസാധ്യത, വിപുലത, സാമ്പത്തിക ഇടപാടുകൾ, ഉത്ഭവ രാജ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് തീരുമാനം.
•രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ 10 വർഷം വരെ സാധുതയുള്ള പ്രത്യേക നമ്പറുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാകും
•2025 ലെ നാഷണൽ സ്‌പോർട്‌സ് ഗവേണൻസ് നിയമം പ്രകാരം ഓൺലൈൻ പണമിടപാട് ഗെയിമുകളെ ഇ-സ്‌പോർട്‌സായി അംഗീകാരം നൽകുന്നതിനോ രജിസ്ട്രേഷൻ നടത്തുന്നതിനോ അർഹതയില്ല.
•സേവന ദാതാക്കൾ രജിസ്ട്രേഷൻ വിശദാംശങ്ങൾ പ്രദർശിപ്പിക്കണം. അവർ ഒരു സമ്പർക്ക സംവിധാനം നിശ്ചയിക്കണം. ഡാറ്റ സൂക്ഷിക്കൽ ആവശ്യകതകൾ പാലിക്കുകയും പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും വേണം.
ഉപയോക്തൃ സുരക്ഷാ സവിശേഷതകൾ
ഓരോ ഗെയിമിന്റെയും അപകടസാധ്യതയ്ക്ക് അനുയോജ്യമായ സാങ്കേതിക, നടപടിക്രമ, പെരുമാറ്റ സുരക്ഷാ മാർഗങ്ങൾ വിവരിക്കുന്നതാണ് ഉപയോക്തൃ സുരക്ഷാ സംവിധാനം.
പ്രായ പരിശോധന, പ്രായപരിധി നിശ്ചയിക്കൽ, സമയ നിയന്ത്രണങ്ങൾ, രക്ഷാകർതൃ നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഉപയോക്തൃ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ , കൗൺസിലിംഗ് പിന്തുണ, നീതിപൂർവ്വമുള്ള ഗെയിമിംഗ്, സത്യസന്ധത പരിശോധിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിർണ്ണയത്തിനോ രജിസ്ട്രേഷനോ അപേക്ഷിക്കുന്ന സമയത്ത് സുരക്ഷാ സവിശേഷതകളും ആഭ്യന്തര പരാതി സംവിധാനങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്.
ദ്വിതല പരാതി പരിഹാരവും അപ്പലേറ്റ് സംവിധാനവും
ഓരോ ഓൺലൈൻ ഗെയിം സേവന ദാതാവും പ്രവർത്തനക്ഷമമായ പരാതി പരിഹാര സംവിധാനം സ്ഥാപിക്കുകയും പരിപാലിക്കുകയും വേണം.
ദാതാവിന്റെ പരിഹാരത്തിൽ അതൃപ്തിയുണ്ടെങ്കിൽ അല്ലെങ്കിൽ പരാതികൾ പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ ഉപയോക്താക്കൾക്ക് 30 ദിവസത്തിനുള്ളിൽ അതോറിറ്റിയെ സമീപിക്കാം.
അപ്പീലുകൾ അടുത്ത 30 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ അതോറിറ്റി ശ്രമിക്കുന്നു.
അപ്പീൽ അതോറിറ്റിയുടെ അതായത് സെക്രട്ടറി, MeitY യുടെ മുമ്പാകെ രണ്ടാമത്തെ അപ്പീൽ സമർപ്പിക്കാം. അതോറിറ്റി അപ്പീലുകൾ കഴിയുന്നത്ര വേഗതയിൽ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണം.
പിഴകളും നടപ്പാക്കലും
•നേരിട്ടുള്ള സാന്നിധ്യം ആവശ്യമാണെന്ന് കരുതുന്നില്ലെങ്കിൽ നടപടിക്രമങ്ങൾ ഡിജിറ്റൽ രീതിയിൽ നടത്തണം.
പരാതി ലഭിച്ച് 90 ദിവസത്തിനുള്ളിൽ കേസുകൾ അവസാനിപ്പിക്കണം.
പിഴകൾ ആനുപാതികമാണ്. നിയമം പാലിക്കാത്തതിലൂടെ ലഭിച്ച ലാഭം, ഉപയോക്താക്കൾക്കുള്ള നഷ്ടം, ആവർത്തനം, വിപുലത എന്നിവ കണക്കിലെടുക്കുന്നു.
ശിക്ഷകൾ നിർണ്ണയിക്കുമ്പോൾ സേവന ദാതാവിന്റെ ലഘൂകരണ ശ്രമങ്ങളും കണക്കിലെടുക്കണം.
നിയമത്തിന്റെ കീഴിൽ ചുമത്തുന്ന എല്ലാ പിഴകളും ഇന്ത്യയുടെ ഏകീകൃത ഫണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
ഈ സ്തംഭങ്ങൾ ഒരുമിച്ച് വ്യക്തവും പ്രായോഗികവുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നു. അത് ഉപയോക്താക്കളെ സംരക്ഷിക്കുകയും മേഖലയുടെ ഉത്തരവാദിത്വ പൂർണമായ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനൊപ്പം ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കുന്നു.
പൗരന്മാരിലും സമ്പദ്‌വ്യവസ്ഥയിലും വിപുലമായ സ്വാധീനം
2026 മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ചട്ടങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻഡ് റെഗുലേഷൻ നിയമങ്ങളെ പിന്തുണയ്ക്കുന്നു. അവ ഒരുമിച്ച്, സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും വിശാലമായ ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നിയമം, നിയമപരമായ അടിത്തറ സ്ഥാപിക്കുന്നു. അതേസമയം, ചട്ടങ്ങൾ അതിന്റെ വ്യവസ്ഥകൾ വ്യക്തവും സമയബന്ധിതവുമായ രീതിയിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. അവ ഒരുമിച്ച്, വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്തുലിത ചട്ടക്കൂട് സൃഷ്ടിക്കുന്നു. ഉപയോക്താക്കളെ സംരക്ഷിക്കുന്നു.
പ്രധാന ശുഭകരമായ ഫലങ്ങൾ ഇവയാണ്:
സർഗാത്മക സമ്പദ് വ്യവസ്ഥയ്ക്ക് പ്രോത്സാഹനം നൽകുന്നു: ഡിജിറ്റൽ സർഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങൾക്കുമുള്ള കേന്ദ്രമായി ഇന്ത്യയുടെ വളർച്ചയെ ഈ നിയമം പിന്തുണയ്ക്കുന്നു. ഇ-സ്പോർട്സും സുരക്ഷിത ഓൺലൈൻ ഗെയിമുകളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, കയറ്റുമതിക്കും നിക്ഷേപത്തിനുമുള്ള അവസരങ്ങൾ ഇത് വികസിപ്പിക്കുന്നു. രൂപകൽപ്പന, സാങ്കേതികവിദ്യ, ഉള്ളടക്ക സൃഷ്ടി എന്നിവയിലുടനീളം ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഇത് ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
യുവാക്കളെ ശാക്തീകരിക്കുന്നു: യുവാക്കൾക്ക് സുരക്ഷിതവും ക്രിയാത്മകവുമായ ഡിജിറ്റൽ ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നു. ഇ-സ്പോർട്സും വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളും ആത്മവിശ്വാസം, അച്ചടക്കം, ടീം വർക്ക് എന്നിവ വളർത്താൻ സഹായിക്കുന്നു. നൈപ്പുണ്യമുള്ള കളിക്കാർക്ക് പുതിയ കരിയർ പാതകൾ തുറക്കാനും ഈ പ്ലാറ്റ്‌ഫോമുകൾ സഹായിക്കുന്നു. കാലക്രമേണ, ഗെയിമിംഗ് മേഖലയിലെ പുതിയ തലമുറ പ്രൊഫഷണലുകളെ വളർത്തിയെടുക്കാൻ ഇത് സഹായിക്കും.
സുരക്ഷിത ഡിജിറ്റൽ പരിസ്ഥിതി: കൊള്ളയടിക്കുന്ന ഓൺലൈൻ പണമിടപാട് ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും എളുപ്പത്തിൽ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാം എന്ന തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടാതെ ഗെയിമിങ്ങിനോടുള്ള അമിത ആസക്തി, മാനസിക സമ്മർദ്ദം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകളും ഉപയോക്തൃ സുരക്ഷാ ആശങ്കളും സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. പ്രസ്തുത നിയമം ഈ പ്രവർത്തനങ്ങളെ നിരോധിക്കുന്നു. അതേസമയം ചട്ടങ്ങൾ ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കുന്നു. ഇത് ആരോഗ്യകരവും കൂടുതൽ സുരക്ഷിതവുമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു.
ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തൽ: ഉത്തരവാദിത്വമുള്ള ഗെയിമിംഗിലും ഡിജിറ്റൽ നിയന്ത്രണത്തിലും ഇന്ത്യ നേതൃനിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് നൂതനാശയങ്ങളെ എങ്ങനെ സന്തുലിതമാക്കാമെന്ന് ഈ ചട്ടക്കൂട് കാണിക്കുന്നു. സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റ് രാജ്യങ്ങൾക്ക് ഇത് ഒരു മാതൃക വാഗ്ദാനം ചെയ്യുന്നു. ഇത് ആഗോള ഡിജിറ്റൽ ഭരണത്തിൽ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.
നിയമവും ചട്ടങ്ങളും ഒരുമിച്ച് ചേർന്ന്, നൂതനാശയങ്ങളെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുമായി സന്തുലിതമാക്കുന്നു. ഇത് മേഖലയുടെ സുസ്ഥിര വളർച്ച ഉറപ്പാക്കുന്നു.
ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് മേഖലയുടെ മുന്നോട്ടുള്ള പാത
2026 മെയ് 1-ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നത് ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗിന്റെ ഭരണത്തിൽ ഒരു പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നു. അതിവേഗം വളർന്നെങ്കിലും ഏകീകൃത ചട്ടക്കൂട് ഇല്ലാതിരുന്ന മേഖലയ്ക്ക് ഇത് വ്യക്തത നൽകുന്നു. വ്യക്തമായ നടപടിക്രമങ്ങളുമായി നിയമപരമായ വ്യവസ്ഥകൾ വിന്യസിക്കുന്നതിലൂടെ, നിയന്ത്രണം ഫലപ്രദവും പ്രവചനപരവുമാണെന്ന് ചട്ടക്കൂട് ഉറപ്പാക്കുന്നു.
നിയമവും ചട്ടങ്ങളും നൂതനാശയങ്ങൾക്കും സംരക്ഷണത്തിനും ഇടയിൽ ശ്രദ്ധാപൂർവ്വമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. അവ ഇ-സ്പോർട്സുകളുടെയും ഓൺലൈൻ സോഷ്യൽ ഗെയിമുകളുടെയും വളർച്ച സാധ്യമാക്കുന്നു. ഓൺലൈൻ പണമിടപാട് ഗെയിമിംഗ് ഉയർത്തുന്ന അപകടസാധ്യതകളെയും അവ ദൃഢമായി അഭിസംബോധന ചെയ്യുന്നു. ഇത് ഉപയോക്തൃ വിശ്വാസം ശക്തിപ്പെടുത്തുകയും വ്യവസായ പങ്കാളികൾക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു.
കാലക്രമേണ, ഈ ചട്ടക്കൂട് ഗെയിമിംഗ് ആവാസവ്യവസ്ഥയുടെ ഉത്തരവാദിത്വപരമായ വികാസത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഡിജിറ്റൽ നയത്തിൽ വിശ്വസനീയമായ ശബ്ദമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു. ശക്തമായ സുരക്ഷാ സംവിധാനങ്ങളും വ്യക്തമായ ചട്ടങ്ങളും ഇപ്പോൾ നിലവിലുണ്ട്. സുരക്ഷിതവും സുസ്ഥിരവുമായ രീതിയിൽ വളരാൻ ഈ മേഖല ഇപ്പോൾ കൂടുതൽ സജ്ജമായിരിക്കുന്നു.
A New Era of Online Gaming Governance
( റിലീസ് ഐ.ഡി: 2257476)
സന്ദര്‍ശക കൗണ്ടര്‍ : 15