PIB Backgrounder
azadi ka amrit mahotsav

ഗ്രേറ്റ് നിക്കോബാർ പദ്ധതി: പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

പോസ്റ്റഡ് ഓണ്‍: 01 MAY 2026 5:44PM by PIB Thiruvananthpuram

ആൻഡമാൻ കടലിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപ്രധാനമായ ഒരു നീക്കമാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി. കൃത്യമായ പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറമുഖാധിഷ്ഠിത വളർച്ചയും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. തദ്ദേശീയ സമൂഹങ്ങളുടെ സംരക്ഷണം ഇതിൻ്റെ ആസൂത്രണത്തിൻ്റെ കേന്ദ്രബിന്ദുവാണ്. തന്ത്രപ്രധാനവും സാമ്പത്തികവും പാരിസ്ഥിതികവുമായ മുൻഗണനകളെ ഈ പദ്ധതി സമന്വയിപ്പിക്കുന്നു. കൂടാതെ, വികസനം സുസ്ഥിരവും എല്ലാവരേയും ഉൾക്കൊള്ളുന്നതും ദേശീയ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഇത് ഉറപ്പാക്കുന്നു.

താഴെ പറയുന്ന ചോദ്യോത്തരങ്ങൾ പദ്ധതിയുടെ പ്രധാന വശങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നല്കുന്നു:


ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതി വ്യക്തമായ തന്ത്രപ്രധാനവും ദേശീയവുമായ ലക്ഷ്യം നിറവേറ്റുന്നുണ്ടോ?

ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതി കൃത്യമായ പരിശോധനകൾക്കും ശ്രദ്ധാപൂർവ്വമായ പരിഗണനകൾക്കും ശേഷം ഏറ്റെടുത്തിട്ടുള്ള തന്ത്രപ്രധാനവും പ്രതിരോധപരവും ദേശീയ പ്രാധാന്യവുമുള്ള ഒരു പദ്ധതിയാണ്. ഇത് നിർണ്ണായകമായ ദേശീയ സുരക്ഷാ പ്രാധാന്യവും തന്ത്രപരമായ മൂല്യവുമുള്ള ഒന്നാണ്. ഈ പദ്ധതി ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയുടെ സാന്നിധ്യം ഗണ്യമായി ശക്തിപ്പെടുത്തുകയും, സമുദ്ര-പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും, ദ്വീപിനെ ആഗോള വ്യാപാര-ലോജിസ്റ്റിക് ശൃംഖലകളുമായി സംയോജിപ്പിക്കുകയും ചെയ്യും. കൂടാതെ, ബംഗാൾ ഉൾക്കടൽ മേഖലയിലെ മറ്റ് മത്സരാധിഷ്ഠിത തുറമുഖങ്ങളെ അപേക്ഷിച്ച് വ്യക്തമായ സ്ഥാനപരമായ ഗുണങ്ങളുള്ള ഒരു പ്രധാന അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെൻ്റ്  ടെർമിനൽ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയെ ഒരു പ്രധാന സാമ്പത്തിക, തന്ത്രപ്രധാന കേന്ദ്രമായി ഈ പദ്ധതി മാറ്റും.

പരിസ്ഥിതി സംബന്ധമായ സൂക്ഷ്മപരിശോധനയുടെ കാർക്കശ്യം കാരണവും, അതിൻ്റെ ഫലമായുണ്ടായ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയതിനാലുമാണ് പരിസ്ഥിതി, വനം അനുമതികൾ അനുവദിച്ചത്. അങ്ങനെ അനുവദിക്കപ്പെട്ട പരിസ്ഥിതി, വനം അനുമതികൾ  ജുഡീഷ്യൽ പരിശോധനകളിൽ ശരിവെയ്ക്കപ്പെട്ടവയുമാണ്.

2023 ഏപ്രിൽ 3-ന് ബഹുമാനപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ്  പരാമർശിച്ചുകൊണ്ട്, ദേശീയ ഹരിത ട്രൈബ്യൂണൽ ഇപ്രകാരം അംഗീകരിക്കുന്നു: "ഈ പദ്ധതി ദ്വീപിൻ്റേയും തന്ത്രപ്രധാനമായ സ്ഥാനത്തുള്ള ചുറ്റുമുള്ള പ്രദേശങ്ങളുടേയും സാമ്പത്തിക വികസനത്തിന് മാത്രമല്ല, പ്രതിരോധത്തിനും ദേശീയ സുരക്ഷയ്ക്കും വലിയ പ്രാധാന്യമുള്ളതുമാണ്. അപ്പീൽ നല്കിയവർ പോലും ഈ വിഷയങ്ങളിൽ തർക്കങ്ങൾ ഉന്നയിച്ചിട്ടില്ല. ട്രൈബ്യൂണലിൻ്റെ പരിഗണന രേഖകളിലുള്ള കാര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചൈനയുടെ 'സ്ട്രിംഗ് ഓഫ് പേൾസ്' തന്ത്രത്തിന് കീഴിലുള്ള പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യൻ അധികൃതർ ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന് കീഴിൽ ശ്രമിക്കുന്നുണ്ടെന്നുമുള്ള മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട് (യാതൊരു അഭിപ്രായവുമില്ലാതെ). ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടേയും ചൈനയുടേയും തന്ത്രപരമായ താൽപ്പര്യങ്ങളുടെ പ്രധാന സംഗമമേഖലയായി ഉയർന്നുവന്നിട്ടുണ്ട്. മ്യാൻമറിൽ നിന്നുള്ള അനധികൃത വേട്ടക്കാർ ആൻഡമാനിലെ പാരിസ്ഥിതിക സമുദ്ര വിഭവങ്ങൾ വൻതോതിൽ വേട്ടയാടുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ അറസ്റ്റിലായിട്ടുണ്ടെന്നും മാധ്യമ റിപ്പോർട്ടുകളുണ്ട്. പവിഴപ്പുറ്റുകൾ നശിപ്പിക്കുക, സ്രാവുകളെ കൊല്ലുക,  വിലപിടിപ്പുള്ള മത്സ്യങ്ങൾ കടത്തിക്കൊണ്ടുപോകുക എന്നിവ അനധികൃത വേട്ടയാടൽ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഈ പദ്ധതി ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിടവ് നികത്താൻ സഹായിക്കുകയും ട്രാൻസ്ഷിപ്പ്‌മെൻ്റ്  കാർഗോയിനത്തിൽ വലിയ തുക ലാഭിച്ചുകൊണ്ട് അന്താരാഷ്ട്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും."

ഗ്രേറ്റ് നിക്കോബാറിൽ ശക്തവും സുസ്ഥിരവുമായ പ്രതിരോധ സാന്നിധ്യം ലഭ്യമാകുന്നത്, സമുദ്ര പാതകൾ ഫലപ്രദമായി നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും ഇന്ത്യൻ മഹാസമുദ്രത്തിൽ വിദേശ ശക്തികളുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തെ പ്രതിരോധിക്കാനും ഇന്ത്യയെ പ്രാപ്തമാക്കും.

മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഗ്രേറ്റ് നിക്കോബാർ പദ്ധതി പരമപ്രധാനമായ ദേശീയ പ്രാധാന്യമുള്ള ഒന്നാണ്. ഇത് സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങളെ നിർണ്ണായകമായ ദേശീയ സുരക്ഷാ അനിവാര്യതകളുമായി സംയോജിപ്പിക്കുന്നു. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ ദീർഘകാല തന്ത്രപരവും വികസനപരവുമായ താൽപ്പര്യങ്ങൾക്ക് സംഭാവന നല്കുന്നു.

വികസന ലക്ഷ്യങ്ങൾക്കൊപ്പം ശക്തമായ പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?

പദ്ധതി മൂലമുണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക ആഘാതങ്ങൾ സമഗ്രമായി തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇവ ഒരു ശക്തമായ പരിസ്ഥിതി ആഘാത വിലയിരുത്തൽ പ്രക്രിയയിലൂടെയും വിശദമായ പരിസ്ഥിതി മാനേജ്‌മെൻ്റ് പ്ലാനിലൂടെയും (EMP) ഫലപ്രദമായി കൈകാര്യം ചെയ്തുവരുന്നു. 2006-ലെ  EIA വിജ്ഞാപനത്തിനും 2019-ലെ ICRZ വിജ്ഞാപനത്തിനും അനുസൃതമായാണ് ഈ വിലയിരുത്തൽ നടത്തിയത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സലിം അലി സെൻ്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി എന്നിവയുൾപ്പെടെയുള്ള  പ്രശസ്തമായ ദേശീയ സ്ഥാപനങ്ങളും IIT-കൾ, NIOT, NCCR, NIO തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളും ഇതിൽ പങ്കാളികളായി. ഇത് ശാസ്ത്രീയമായി കൃത്യതയുള്ളതും വിവിധ മേഖലകളെ ഉൾപ്പെടുത്തിയുള്ളതുമായ ഒരു വിലയിരുത്തൽ ഉറപ്പാക്കി.

ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പരിസ്ഥിതി അനുമതിയിൽ കർശനമായ ലഘൂകരണ-സംരക്ഷണ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾ, പവിഴപ്പുറ്റുകളുടെ സംരക്ഷണവും മാറ്റിസ്ഥാപിക്കലും, വന്യജീവി പരിപാലന തന്ത്രങ്ങൾ, ദീർഘകാല പാരിസ്ഥിതിക നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗണ്യമായ സാമ്പത്തിക വിഹിതവും സ്ഥാപനപരമായ മേൽനോട്ടവും EMP-യെ പിന്തുണയ്ക്കുന്നുണ്ട്. നിർമ്മാണ ഘട്ടത്തിലും പ്രവർത്തന ഘട്ടത്തിലും ലഘൂകരണ നടപടികൾ തുടർച്ചയായി നടപ്പിലാക്കുന്നുണ്ടെന്ന് ഇത് ഉറപ്പുനല്കുന്നു. പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കാനും നിരീക്ഷിക്കാനും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ രീതിയിൽ അവ ഫലപ്രദമായി  കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു.

ദ്വീപിലെ വനങ്ങളും വൃക്ഷങ്ങളും മതിയായ രീതിയിൽ സംരക്ഷിക്കപ്പെടുകയും നഷ്ടപ്പെടുന്നവയ്ക്ക് പകരമായി വനവൽക്കരണം ഉറപ്പാക്കപ്പെടുകയും ചെയ്യുമോ?

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മൊത്തം വിസ്തൃതിയുടെ ഏകദേശം 2 ശതമാനം മാത്രം വരുന്ന 166.1 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് വികസനത്തിനായി നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, പദ്ധതിക്കായി മാറ്റിവെക്കാൻ നിർദ്ദേശിച്ചിട്ടുള്ള 130.75 ചതുരശ്ര കിലോമീറ്റർ വനപ്രദേശം ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ആകെ വനവിസ്തൃതിയുടെ ഏകദേശം 1.82 ശതമാനം മാത്രമാണ്.

പദ്ധതിക്കായി വിനിയോഗിക്കുന്ന 130.75 ചതുരശ്ര കിലോമീറ്റർ വനഭൂമിയിലെ ആകെ മരങ്ങളുടെ എണ്ണം 18.65 ലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ, 49.86 ചതുരശ്ര കിലോമീറ്റർ വനപ്രദേശത്തുള്ള പരമാവധി 7.11 ലക്ഷം മരങ്ങൾ മാത്രമേ മുറിച്ചുമാറ്റുകയുള്ളൂ എന്ന് കണക്കാക്കുന്നു. മരങ്ങൾ മുറിക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കും: ഒന്നാം ഘട്ടത്തിൽ (2025–2035) 2.79 ലക്ഷം മരങ്ങളും, രണ്ടാം ഘട്ടത്തിൽ (2036–2041) 3.41 ലക്ഷം മരങ്ങളും, മൂന്നാം ഘട്ടത്തിൽ (2042–2047) 0.91 ലക്ഷം മരങ്ങളും മുറിച്ചുമാറ്റും. കൂടാതെ, പാരിസ്ഥിതിക, വനം അനുമതികളിലെ നിബന്ധനകൾ പ്രകാരം, 65.99 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മരങ്ങൾ മുറിക്കാതെ ഹരിത മേഖലയായി നിലനിർത്തുന്നതാണ്.

1980-ലെ വന (സംരക്ഷണ) നിയമപ്രകാരം, കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം  22.05.2019-ൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 75 ശതമാനത്തിലധികം വനഭൂമിയുള്ള സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ  നഷ്ടപരിഹാര വനവൽക്കരണത്തിനായി വനേതര ഭൂമി നല്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ഇത്തരം വനവൽക്കരണ പ്രവർത്തനങ്ങൾ ഭൂമി ലഭ്യമായ മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഏറ്റെടുക്കാവുന്നതാണ്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 75 ശതമാനത്തിലധികം വനപ്രദേശമുള്ളതിനാൽ, നഷ്ടപരിഹാര വനവൽക്കരണം കേന്ദ്രഭരണ പ്രദേശത്തിന് പുറത്താണ് നിർദ്ദേശിച്ചിരിക്കുന്നത്. 1980-ലെ വന (സംരക്ഷണ) നിയമപ്രകാരമുള്ള സമഗ്രമായ നഷ്ടപരിഹാര വനവൽക്കരണ പദ്ധതിയിലൂടെ 130.75 ചതുരശ്ര കിലോമീറ്റർ വനഭൂമി വകമാറ്റുന്നത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. വനവൽക്കരണത്തിനായി ആകെ 24,750.93 ഹെക്ടർ ഭൂമി  തിരിച്ചറിഞ്ഞിട്ടുണ്ട്: ഇതിൽ  1,414.95 ഹെക്ടർ വനേതര ഭൂമിയും (വകമാറ്റിയ പ്രദേശത്തിന് തുല്യമായ അളവ്), അതിൻ്റെ ഇരട്ടിയിലധികം നശിച്ച വനഭൂമിയുമാണ്. ഇതിൽ ഏകദേശം 17,000 ഹെക്ടർ ഹരിയാനയിലും 6,320.10 ഹെക്ടർ മധ്യപ്രദേശിലുമാണ് സ്ഥിതി ചെയ്യുന്നത്, ഇത് മതിയായ പാരിസ്ഥിതിക നഷ്ടപരിഹാരം ഉറപ്പാക്കുന്നു.

ഹരിയാനയിൽ നഷ്ടപരിഹാര വനവൽക്കരണത്തിനായി തിരിച്ചറിഞ്ഞ ഭൂമിയുടെ വലിയൊരു ഭാഗം പി.എൽ.പി.എ ഭൂമി ഉൾപ്പെടെയുള്ള നശിച്ച വനപ്രദേശങ്ങൾ ഉൾക്കൊള്ളുന്നു, ഇവ പ്രധാനമായും ആരവല്ലി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഈ പ്രദേശങ്ങൾ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കുന്നതിനായി പ്രത്യേകം നീക്കിവെച്ചിട്ടുള്ളവയാണ്.

ദ്വീപിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളെ സംരക്ഷിക്കുകയും അവരുടെ സംസ്കാരത്തിൻ്റേയും അവകാശങ്ങളുടേയും തുടർച്ച ഉറപ്പാക്കുകയും ചെയ്യുമോ?

ഗ്രേറ്റ് നിക്കോബാർ ദ്വീപ് പദ്ധതിയിൽ ഗോത്രസമൂഹങ്ങളുടെ സംരക്ഷണത്തിനായുള്ള എല്ലാ നിയമപരമായ നടപടിക്രമങ്ങളും നയപരമായ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ട്. 2004-ലെ ജറാവ നയം, 2015-ലെ ഷോംപെൻ നയം എന്നിവയ്ക്ക് അനുസൃതമായി ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഗോത്രകാര്യ മന്ത്രാലയം, ബന്ധപ്പെട്ട മറ്റ് പങ്കാളികൾ  എന്നിവരുൾപ്പെടെ യോഗ്യതയുള്ള അധികാരികളുമായും ഡൊമെയ്ൻ വിദഗ്ധരുമായും ആവശ്യമായ കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരും പ്രശസ്ത നരവംശശാസ്ത്രജ്ഞരും അടങ്ങുന്ന എംപവേർഡ് കമ്മിറ്റി, ഏറ്റവും ദുർബലരായ ഗോത്രവർഗ്ഗക്കാരുടെ (PVTGs), പ്രത്യേകിച്ച് ഷോംപെൻ വിഭാഗത്തിൻ്റെ താൽപ്പര്യങ്ങളെ ഈ പദ്ധതി ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഗോത്രസമൂഹങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് അനുവദിക്കില്ല. 2006-ലെ വനാവകാശ നിയമം കൃത്യമായി പാലിച്ചുകൊണ്ട് ഗോത്രകാര്യ മന്ത്രാലയത്തിൽ  നിന്ന് ഈ പദ്ധതിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.

നിലവിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ 751.070 ചതുരശ്ര കിലോമീറ്റർ ഭൂമി ഔദ്യോഗികമായി 'ട്രൈബൽ റിസർവ്' ആയി രേഖപ്പെടുത്തിയിട്ടുണ്ട്. വികസനത്തിനായി നിർദ്ദേശിച്ചിട്ടുള്ള 166.10 ചതുരശ്ര കിലോമീറ്ററിൽ, 84.10 ചതുരശ്ര കിലോമീറ്റർ ട്രൈബൽ റിസർവുമായി ഒത്തുപോകുന്നതാണ്. ഇതിൽ തന്നെ 11.032 ചതുരശ്ര കിലോമീറ്റർ 1972 മുതൽ തന്നെ കുടിയേറ്റ പ്രദേശമായി മാറ്റുകയും റവന്യൂ ഭൂമിയായി ഉപയോഗിച്ചുവരുന്നതുമാണ്. ബാക്കിയുള്ള 73.07 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രമാണ് പദ്ധതി ആവശ്യങ്ങൾക്കായി ട്രൈബൽ റിസർവ് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. ഇതിന് പകരമായി, 76.98 ചതുരശ്ര കിലോമീറ്റർ പ്രദേശം പുതിയ ട്രൈബൽ റിസർവ് ആയി വിജ്ഞാപനം ചെയ്യുന്നു. ഇതിലൂടെ ട്രൈബൽ റിസർവ് ഭൂമിയിൽ 3.912 ചതുരശ്ര കിലോമീറ്ററിൻ്റെ അറ്റ വർദ്ധനവ് ഉണ്ടാകുന്നു. ഒന്നാം ഘട്ടത്തിൽ 40.01 ചതുരശ്ര കിലോമീറ്റർ ഗോത്രവർഗ്ഗ മേഖല മാത്രമേ ഉൾപ്പെടുന്നുള്ളൂ, ഇതിൽ 11.032 ചതുരശ്ര കിലോമീറ്റർ 1972 മുതൽ റവന്യൂ ആവശ്യങ്ങൾക്കായി ഉപയോഗത്തിലുള്ളതാണ്.

ഈ പദ്ധതി പ്രകൃതി പൈതൃക സംരക്ഷണത്തിനും ദേശീയ വികസനത്തിനും ഇടയിൽ സന്തുലിതമായ ഒരു സമീപനം കൈക്കൊള്ളുന്നുണ്ടോ?

 ദ്വീപിലെ ജൈവവൈവിധ്യത്തിൻ്റെ  സവിശേഷതകൾ കണക്കിലെടുത്ത്, ഈ പദ്ധതി സമഗ്രമായ ശാസ്ത്രീയവും നിയന്ത്രണപരവുമായ വിലയിരുത്തലുകൾക്ക് വിധേയമായിട്ടുണ്ട്. 2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിനും 2019-ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിനും അനുസൃതമായി, പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം വിശദവും ബഹുതലവുമായ രീതിയിൽ വിലയിരുത്തിയിട്ടുണ്ട്. ഇതിൽ ദ്വീപിൻ്റെ  പാരിസ്ഥിതിക സംവേദനക്ഷമതയ്ക്കും ജൈവവൈവിധ്യ മൂല്യത്തിനും ഉചിതമായ പരിഗണന നല്കിയിട്ടുണ്ട്. അത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ, സാധ്യമായ ആഘാതങ്ങൾ ഒഴിവാക്കാനും കുറയ്ക്കാനും ലഘൂകരിക്കാനുമായി കർശനവും നടപ്പിലാക്കാൻ സാധിക്കുന്നതുമായ നിബന്ധനകളോടു കൂടിയ ശക്തമായ ഒരു പരിസ്ഥിതി മാനേജ്‌മെൻ്റ്  പ്ലാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പാരിസ്ഥിതിക സുരക്ഷാ മാർഗ്ഗങ്ങളെ തന്ത്രപരവും ദേശീയവുമായ വികസന ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സന്തുലിത സമീപനത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജൈവവൈവിധ്യത്തിൻ്റേയും പാരിസ്ഥിതിക സമഗ്രതയുടേയും  ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നതിനായി വിപുലമായ ലഘൂകരണ നടപടികൾ, തുടർച്ചയായ നിരീക്ഷണ സംവിധാനങ്ങൾ, സ്ഥാപനപരമായ മേൽനോട്ടം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനോടൊപ്പം പരിസ്ഥിതി ആശങ്കകൾ പരിഹരിക്കുന്ന കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉൾച്ചേർത്ത, ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത ഒരു സംരംഭമാണ് ഈ പദ്ധതി.

ഈ പദ്ധതി നന്നായി ആസൂത്രണം ചെയ്തതും പ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിലുള്ള  പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തതുമാണോ ?

2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിനും 2019-ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിനും അനുസൃതമായി, പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം വിശദവും ബഹുതലവുമായ  രീതിയിൽ വിലയിരുത്തിയിട്ടുണ്ട്. ഇതിൽ ദ്വീപിൻ്റെ പാരിസ്ഥിതിക സംവേദനക്ഷമതയ്ക്കും ജൈവവൈവിധ്യ മൂല്യത്തിനും ഉചിതമായ പരിഗണന നല്കിയിട്ടുണ്ട്. അത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ, സാധ്യമായ ആഘാതങ്ങൾ ഒഴിവാക്കാനും കുറയ്ക്കാനും ലഘൂകരിക്കാനുമായി കർശനവും നടപ്പിലാക്കാൻ സാധിക്കുന്നതുമായ നിബന്ധനകളോടു കൂടിയ ശക്തമായ ഒരു പരിസ്ഥിതി മാനേജ്‌മെൻ്റ്  പ്ലാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പരിസ്ഥിതി അനുമതി പ്രക്രിയ സമഗ്രവും സ്വതന്ത്രവുമായ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ?

2006-ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിനും 2019-ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിനും അനുസൃതമായി ഈ പദ്ധതി സമഗ്രമായ വിലയിരുത്തലിന് വിധേയമായിട്ടുണ്ട്. പ്രസക്തമായ എല്ലാ പാരിസ്ഥിതിക വശങ്ങളും വിദഗ്ധ സമിതികൾ കർശനമായി പരിശോധിച്ചു. പരിസ്ഥിതി അനുമതിയിൽ വിശദവും നടപ്പിലാക്കാൻ സാധിക്കുന്നതുമായ നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ഒരു ശക്തമായ പരിസ്ഥിതി മാനേജ്‌മെൻ്റ്   പ്ലാനിൻ്റേയും തുടർച്ചയായ നിരീക്ഷണ സംവിധാനത്തിൻ്റേയും പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ഇത് തിരിച്ചറിയപ്പെട്ട എല്ലാ പാരിസ്ഥിതിക ആശങ്കകളും വേണ്ടവിധം പരിഹരിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നു.

പരിസ്ഥിതി വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാൻ ചുമതലപ്പെട്ട പ്രത്യേക നിയമ സ്ഥാപനമായ ദേശീയ ഹരിത ട്രൈബ്യൂണലിന് മുൻപാകെയുള്ള ജുഡീഷ്യൽ സൂക്ഷ്മപരിശോധനകളേയും ഈ പദ്ധതി വിജയകരമായി മറികടന്നിട്ടുണ്ട്. ബഹുമാനപ്പെട്ട ട്രൈബ്യൂണൽ, തീരുമാനമെടുക്കൽ പ്രക്രിയ ശരിവെയ്ക്കുന്നതിന് മുൻപായി വാദമുഖങ്ങളും രേഖകളിലുള്ള വസ്തുതകളും വിദഗ്ധരുടെ അഭിപ്രായങ്ങളും പരിഗണിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആശങ്കകൾ കൃത്യമായി പരിശോധിക്കപ്പെടുകയും നിയമപരമായി പരിഹരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഇത് സ്ഥിരീകരിച്ചു.

പിഡിഎഫ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

****


( റിലീസ് ഐ.ഡി: 2257465) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी