PIB Backgrounder
ഇന്ത്യയിലെ സ്മാരകങ്ങളുടെ സംരക്ഷണവും പരിപാലനവും
प्रविष्टि तिथि:
18 APR 2026 10:17AM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
•ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 3,686 കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളെ പരിപാലിക്കുന്നു. കരുത്തുറ്റ സംരക്ഷണ സംവിധാനങ്ങളും ശാസ്ത്രീയ പുനഃസ്ഥാപന രീതികളും വഴി പിന്തുണ നൽകുന്നു.
•ബൃഹത്തായ ഡിജിറ്റൈസേഷൻ, ദേശീയ പൈതൃക ഡാറ്റാബേസുകളുടെ സൃഷ്ടി, ഡോക്യുമെൻ്റേഷനും സംരക്ഷണത്തിനുമായി ശാസ്ത്രീയ, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപകമായ സ്വീകാര്യത എന്നിവയിലൂടെ പൈതൃകത്തോടൊപ്പം സ്മാരകത്തിൻ്റെയും സംരക്ഷണത്തിന് മുൻതൂക്കം നൽകുന്നു
•സമീപകാലത്ത് കൂട്ടിച്ചേർത്ത മറാത്ത സൈനിക ഭൂമിക ഉൾപ്പെടെ 44 യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലൂടെ ഇന്ത്യയുടെ ആഗോള പൈതൃക പ്രശസ്തി വികസിച്ചു.
സ്മാരക സംരക്ഷണത്തോടുള്ള ഇന്ത്യയുടെ സമീപനം:
ആയിരക്കണക്കിന് വർഷത്തെ നാഗരിക പരിണാമത്തെ പ്രതിഫലിപ്പിക്കുന്ന സ്മാരകങ്ങൾ, പുരാവസ്തുക്കൾ, കൈയെഴുത്തുപ്രതികൾ, ചരിത്ര സ്ഥലങ്ങൾ എന്നിവയാൽ ഇന്ത്യയുടെ സാംസ്കാരിക ഭൂപ്രകൃതി അലങ്കരിക്കപ്പെട്ടിരിക്കുന്നു . ഈ ഘടനകളും വസ്തുവകകളും ഭൂതകാലത്തിൻ്റെ അവശിഷ്ടങ്ങൾ മാത്രമല്ല; അവ കൂട്ടായ സ്മൃതി , പാരമ്പര്യമായി ലഭിച്ച ജ്ഞാനം , തലമുറകളെ ബന്ധിപ്പിക്കുന്ന തുടർച്ചയുടെ ബോധം എന്നിവയെ പ്രതിനിധീകരിക്കുന്നു.
ഇത് തിരിച്ചറിഞ്ഞുകൊണ്ട്, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സാംസ്കാരിക ആസ്തികൾ സംരക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗവണ്മെൻ്റ ് ഊന്നൽ നൽകിയിട്ടുണ്ട്. ടൂറിസം വികസനം, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ, സാംസ്കാരിക നയതന്ത്രം എന്നിവയുമായി പൈതൃക സംരക്ഷണത്തെ കൂടുതൽ സംയോജിപ്പിച്ചിരിക്കുന്നു. വികസന ആസ്തിയായും ആഗോളതലത്തിൽ ഇന്ത്യയുടെ മൃദുശക്തിയുടെ ഉറവിടമായും പൈതൃകത്തെ മാറ്റുന്നതിനെ ഇത് പ്രതിഫലിപ്പിക്കുന്നു.
മൂർത്തവും അമൂർത്തവുമായ സാംസ്കാരിക പൈതൃകം
ഇന്ത്യയിലെ സാംസ്കാരിക പൈതൃകം, രാജ്യത്തിൻ്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇത് മൂർത്തവും അമൂർത്തവുമായ രൂപങ്ങളെ ഉൾക്കൊള്ളുന്നു.
•യുനെസ്കോയുടെ അഭിപ്രായത്തിൽ, മൂർത്തമായ സാംസ്കാരിക പൈതൃകത്തിൽ ചരിത്രപരവും സാംസ്കാരികപരവുമായ ഘടനകൾ ഉൾകൊള്ളുന്ന "മികച്ച സാർവത്രിക മൂല്യമുള്ള" പൈതൃകം ഉൾപ്പെടുന്നു. താജ്മഹൽ, സാഞ്ചി സ്തൂപം, പുരാതന ക്ഷേത്ര വാസ്തുവിദ്യ എന്നിവ ഇതിൻ്റെ ഉദാഹരണങ്ങളാണ് . ഇന്ത്യയിൽ, അത്തരം പൈതൃക സ്ഥലങ്ങൾ 1958 ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളുടെയും സംരക്ഷണത്തിനയുള്ള നിയമത്തിന് കീഴിൽ സംരക്ഷിക്കപ്പെടുന്നു.ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) വഴി സ്മാരകങ്ങളെ സംരക്ഷിതമായി പ്രഖ്യാപിക്കാനും, അവയുടെ സംരക്ഷണം ഉറപ്പാക്കാനും ചുറ്റുമുള്ള പ്രദേശങ്ങളിലെ നിർമ്മാണം നിയന്ത്രിക്കാനും, ഗവണ്മെന്റിനെ അധികാരപ്പെടുത്തുന്നു.
പ്രകടന കലകൾ, ആചാരങ്ങൾ, ഉത്സവങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ, പരമ്പരാഗത ജ്ഞാനം എന്നിവയുൾപ്പെടെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ജീവിത പാരമ്പര്യങ്ങളെയും ആചാരങ്ങളെയുമാണ് അമൂർത്ത സാംസ്കാരിക പൈതൃകം (ICH) എന്നത്കൊണ്ട് സൂചിപ്പിക്കുന്നത് . സമൂഹങ്ങൾ അവരുടെ സാംസ്കാരിക സ്വത്വത്തിൻ്റെ ഭാഗമായി അംഗീകരിച്ചതും തുടർച്ചയായി പുനർരചിക്കുന്നതുമായ ആചാരങ്ങളായി യുനെസ്കോ ഇതിനെ നിർവചിക്കുന്നു. യോഗ, വേദമന്ത്ര ഉച്ചാരണം ലഡാക്കിലെ ബുദ്ധമതമന്ത്ര ഉരുവിടൽ എന്നിവ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ, 'യുനെസ്കോയുടെ അമൂർത്ത സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണ ചട്ടക്കൂട് 2003' വഴി അമൂർത്ത പൈതൃകം സംരക്ഷിക്കപ്പെടുന്നു. ദേശീയ പദ്ധതികളും അനുഛേദം 29 പോലുള്ള ഭരണഘടനാ വ്യവസ്ഥകളും ഇതിനെ പിന്തുണയ്ക്കുന്നു.
പുരാതന സ്മാരകങ്ങൾക്കായുള്ള നിയമനിർമ്മാണപരവും , സ്ഥാപനപരവുമായ ചട്ടക്കൂട്
സാംസ്കാരിക ആസ്തികളുടെ വ്യവസ്ഥാപിത സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നതിന് പ്രത്യേക സംഘടനകൾ, നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ, നയ സംവിധാനങ്ങൾ എന്നിവ ഒരുമിച്ച് ചേരുന്ന ഒരു നിയമനിർമ്മാണ, സ്ഥാപന ചട്ടക്കൂടാണ് ഇന്ത്യയുടെ പൈതൃക സംരക്ഷണ സംവിധാനത്തെ മുന്നോട്ട് നയിക്കുന്നത്.
നിയമനിർമ്മാണപരമായ ചട്ടക്കൂട്
സ്മാരക സംരക്ഷണത്തിനായുള്ള ഇന്ത്യയുടെ സമീപനം- സ്ഥാപനപരമായ സംവിധാനങ്ങൾ, നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ, പങ്കാളിത്ത മാതൃകകൾ എന്നിവ സംയോജിപ്പിച്ച് കൊണ്ടുള്ള ഘടനാപരവും നിരന്തരവുമായ ഒരു പ്രക്രിയയായി- പരിണമിച്ചിരിക്കുന്നു. പുരാതന സ്മാരകങ്ങളുടെ സംരക്ഷണവും സുരക്ഷയും സംബന്ധിച്ച പ്രധാന നിയമനിർമ്മാണങ്ങൾ ഇവയാണ്:
അനുഛേദം 49 - ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ സംരക്ഷണം
ഭരണഘടനയുടെ അനുഛേദം 49, ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിക്കപ്പെട്ട സ്മാരകങ്ങൾ, സ്ഥലങ്ങൾ, കലാപരമായതോ ചരിത്രപരമോ ആയി താൽപ്പര്യമുള്ള വസ്തുക്കൾ എന്നിവ സംരക്ഷിക്കുന്നതിന് സംസ്ഥാനത്തിന് ഉത്തരവാദിത്വം നൽകുന്നു . ഈ വ്യവസ്ഥ,1958 ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളുടെയും. സംരക്ഷണ നിയമം പോലുള്ള നിയമനിർമ്മാണ നടപടികൾക്ക് ഭരണഘടനാപരമായ അടിത്തറയായി മാറുന്നു, കൂടാതെ സാംസ്കാരിക പൈതൃകത്തി ൻ്റെ സംരക്ഷണം ഉറപ്പാക്കുന്നതിൽ സംസ്ഥാനത്തെ ചുമതലപ്പെടുത്തുന്നു .


2.ഏഴാം ഷെഡ്യൂൾ - ഉത്തരവാദിത്വങ്ങളുടെ വിഭജനം
ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പൈതൃക സംരക്ഷണത്തിൻ്റെ കാര്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിൽ ഉത്തരവാദിത്വങ്ങൾ വ്യക്തമായി വിഭജിച്ചു നൽകുന്നു.
കേന്ദ്രം പട്ടിക (എൻട്രി 67): ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും കേന്ദ്ര ഗവൺമെൻ്റിൻ്റെ അധികാരപരിധിയിൽ വരുന്നു.
സംസ്ഥാന പട്ടിക (എൻട്രി 12): ദേശീയ പ്രാധാന്യമുള്ളതായി പ്രഖ്യാപിക്കാത്ത സ്മാരകങ്ങൾ സംസ്ഥാന ഗവൺമെൻ്റുകളുടെ ഉത്തരവാദിത്വമാണ്.
ഈ വിഭാഗം, വിവിധ തലങ്ങളിലുള്ള ഭരണസംവിധാനങ്ങളിൽ ഉടനീളം പൈതൃകത്തിൻ്റെ ഏകോപിത സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്നു.
3. അനുച്ഛേദം 51A(f) - പൗരന്മാരുടെ മൗലിക കടമ
ഭരണഘടനയുടെ അനുച്ഛേദം 51A(f) ഇന്ത്യയുടെ സമ്മിശ്ര സംസ്കാരത്തിൻ്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരൻ്റെ യും അടിസ്ഥാന കടമയാണെന്ന് പ്രതിപാദിക്കുന്നു. പൈതൃക സംരക്ഷണമെന്നത് ഒരു സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്വo മാത്രമല്ല, സംരക്ഷണ ശ്രമങ്ങളിൽ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ സാമൂഹിക ബാധ്യത കൂടിയാണെന്ന് ഈ വ്യവസ്ഥ വിഭാവനം ചെയ്യുന്നു.
4. പുരാതന സ്മാരകങ്ങൾ, പുരാവസ്തു സ്ഥലങ്ങൾ, അവശിഷ്ടങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായുള്ള ദേശീയ നയം (2014)
ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ ശാസ്ത്രീയ സംരക്ഷണത്തിനും പരിപാലനത്തിനും നേതൃത്വം നൽകുന്നതിനുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഒരു ചട്ടക്കൂടാണിത് .1958 ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളുടെയും (AMASR) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് പ്രധാനമായും സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. പൈതൃക ഘടനകളുടെ ആധികാരികത, സമഗ്രത, ദീർഘായുസ്സ് എന്നിവ നിലനിർത്തുന്നതിനുള്ള തത്വങ്ങൾ ഈ നയം സ്ഥാപിക്കുന്നു. ശാസ്ത്രീയ സംരക്ഷണ രീതികളുടെ ഉപയോഗം, കുറഞ്ഞ മനുഷ്യ ഇടപെടൽ, ആധുനിക സാങ്കേതിക വിദ്യകളുമായി പരമ്പരാഗത വസ്തുക്കളുടെയും നൈപുണ്യത്തിൻ്റെ യും സംയോജനം എന്നിവയ്ക്ക് ഇത് ഊന്നൽ നൽകുന്നു. ഡോക്യുമെൻ്റേ ഷൻ, ഗവേഷണം, ശേഷി വികസനം , സമൂഹ പങ്കാളിത്തം എന്നിവയാൽ പിന്തുണയ്ക്കപ്പെടുന്ന ഒരു തുടർപ്രക്രിയയായി സംരക്ഷണത്തെ ഈ നയം അംഗീകരിക്കുന്നു. അതേസമയം സംരക്ഷണത്തിൻ്റെ ആവശ്യകതയെ- പൊതുജനങ്ങളുടെ പ്രവേശനവും പൈതൃക സ്ഥലങ്ങളുടെ സുസ്ഥിര ഉപയോഗവും സമന്വയിപ്പിച്ച്- സന്തുലിതമാക്കുകയും ചെയ്യുന്നു.

സ്ഥാപന ചട്ടക്കൂട്
സാംസ്കാരിക ആസ്തികളുടെ സംരക്ഷണം, സുരക്ഷ , പരിപാലനം എന്നിവയ്ക്ക് ഉത്തരവാദിത്വമുള്ള പ്രത്യേക ഗവൺമെൻ്റ് സ്ഥാപനങ്ങളിലാണ് ഇന്ത്യയുടെ പൈതൃക സംരക്ഷണത്തിനായുള്ള സ്ഥാപന ചട്ടക്കൂട് കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകോപിതവും വികേന്ദ്രീകൃതവും സാങ്കേതിക അധിഷ്ഠിതവുമായ സംവിധാനങ്ങളിലൂടെ നിയമങ്ങളുടെയും നയങ്ങളുടെയും ഫലപ്രദമായ നിർവഹണം ഈ സ്ഥാപനങ്ങൾ ഉറപ്പാക്കുന്നു.
1.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI)
1861-ൽ സ്ഥാപിതമായതും സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നതുമായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI), പുരാവസ്തു ഗവേഷണത്തിനും ദേശീയ പ്രാധാന്യമുള്ള പുരാതന സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും സംരക്ഷണത്തിനുമുള്ള രാജ്യത്തെ പ്രധാന സ്ഥാപനമാണ്. 1958-ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളുടെയും സംരക്ഷണ നിയമപ്രകാരം പ്രവർത്തിക്കുന്ന ഈ സ്ഥാപനം, ഇന്ത്യയിലുടനീളമുള്ള 3,686 കേന്ദ്രീകൃത സംരക്ഷിത സ്മാരകങ്ങളെ സംരക്ഷിച്ച് പരിപാലിക്കുന്നു.ഘടനാപരവും രാസപരവുമായ സംരക്ഷണം, പുരാവസ്തു പര്യവേക്ഷണം, ഖനനം, എപ്പിഗ്രാഫി, സ്ഥല മ്യൂസിയങ്ങളുടെ പരിപാലനം എന്നിവ ഇതിന്റെ ചുമതലയിൽ ഉൾപ്പെടുന്നു.
പ്രാദേശിക ഭരണ യൂണിറ്റുകളായി പ്രവർത്തിക്കുന്ന ഏകദേശം 38 സർക്കിളുകളുടെ ഒരു ശൃംഖലയിലൂടെ ASI അതിൻ്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. ഒരു സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റിൻ്റെ നേതൃത്വത്തിലുള്ള ഓരോ സർക്കിളും, അതിൻ്റെ അധികാരപരിധിയിലുള്ള പ്രാദേശിക പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം, സൈറ്റ് പരിപാലനം , പരിശോധനകൾ, പ്രാദേശിക ഭരണകൂടവുമായുള്ള ഏകോപനം എന്നിവയിലൂടെ വികേന്ദ്രീകൃത സംരക്ഷണ പ്രവർത്തനം ഉറപ്പാക്കുന്നു.
അന്തരീക്ഷം , കാലപ്പഴക്കം എന്നിവയുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലം നാശം ഉണ്ടാകുന്നത് പരിഹരിക്കുന്നതിന് ഘടനാപരമായ അറ്റകുറ്റപ്പണികൾ, പരമ്പരാഗത വസ്തുക്കളുടെ ഉപയോഗം, സ്മാരകങ്ങളുടെ രാസ സംസ്കരണം, പ്രതിരോധ സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ASI, അതിൻ്റെ വാർഷിക സംരക്ഷണ പരിപാടികൾ ഏറ്റെടുക്കുന്നു.
കേന്ദ്രീകൃതമായി സംരക്ഷിതമായ സ്മാരകങ്ങളുടെ സംരക്ഷണം വാർഷിക പരിപാടികളിലൂടെയും സ്ഥലംനിർദ്ദിഷ്ട പദ്ധതികളിലൂടെയും ഏറ്റെടുക്കുന്നു. കൂടാതെ സ്മാരകത്തിൻ്റെ പ്രാധാന്യത്തെയും നിലവിലുള്ള അവസ്ഥയെയും അടിസ്ഥാനമാക്കി സംരക്ഷണ പ്രവർത്തനങ്ങൾ പതിവായി നടത്തുന്നു. 2024–25 കാലഘട്ടത്തിൽ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള ചെലവ് 374 കോടിയായിരുന്നു.
2. സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും ദേശീയ ദൗത്യം (NMMA).
2007 ൽ ആരംഭിച്ച സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും (NMMA) ദേശീയ ദൗത്യം പരിപാടി,ASI യുടെ കീഴിൽ നടപ്പിലാക്കുന്നു. ഇന്ത്യയുടെ നിർമ്മിത പൈതൃകത്തിൻ്റെ യും പുരാവസ്തുക്കളുടെയും വിശ്വസനീയമായ ഒരു ദേശീയ ഡാറ്റാബേസ് നിർമ്മിച്ച് സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. രാജ്യത്തെ എല്ലാ സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും ഒരു വൈജ്ഞാനിക കലവറ രേഖപ്പെടുത്താനും സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. സംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണം, മുൻഗണന, നിരീക്ഷണം എന്നിവയെ നേരിട്ട് ഈ വിവരങ്ങൾ സ്വാധീനിക്കും . ഇതുവരെ,രാജ്യത്തെ 11,406 നിർമ്മിത പൈതൃകങ്ങളും സൈറ്റുകളും 12.48 ലക്ഷം പുരാവസ്തുക്കളും ഇത് വഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്മാരക സംരക്ഷണത്തിനായി ഉയർന്നുവരുന്ന ചട്ടക്കൂടുകൾ
സാങ്കേതികവിദ്യ, സഹകരണ മാതൃകകൾ, ഡിജിറ്റൽ വിജ്ഞാന സംവിധാനങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ഇന്ത്യയുടെ സ്മാരക സംരക്ഷണ സമീപനം വികസിച്ചുകൊണ്ടിരിക്കുന്നത്.
സമഗ്ര സംരക്ഷണം
സാമ്പത്തിക അവസരങ്ങളുടെ ഒരു ജീവസുറ്റ ചാലകമായി ഇന്ത്യാ ഗവൺമെൻ്റ് മൂർത്തമായ പൈതൃകത്തെ പുനർ നിർവചിച്ചിട്ടുണ്ട്. ഭൗതിക പൈതൃക സംരക്ഷണപ്രവർത്തനത്തെ ഉപജീവനമാർഗ്ഗവും പ്രാദേശിക വികസനവുമായി ബന്ധിപ്പിക്കുന്നതിലൂടെ, സംരക്ഷണവും സമൃദ്ധിയും പരസ്പരം കൈകോർക്കുന്ന ഒരു പദ്ധതി ഇന്ത്യ ആസൂത്രണം ചെയ്യുന്നു.
ഇതിഹാസ സ്മാരകങ്ങളിലെ സന്ദർശക സൗകര്യങ്ങൾ നവീകരിക്കുന്നതിന് ഗവൺമെൻ്റും സ്വകാര്യ പങ്കാളികളും ഒരുമിച്ച് ചേരുന്ന 'അഡോപ്റ്റ് എ ഹെറിറ്റേജ് 2.0'/ഒരു പൈതൃക കേന്ദ്രം ഏറ്റെടുക്കുക ' പരിപാടി ഈ ആശയത്തിൽ ഊന്നിയുള്ള പ്രവർത്തനത്തിൻ്റെ ഒരു മികച്ച ഉദാഹരണമാണ്. ആഗ്ര കോട്ട, ഖുതുബ് മിനാർ, അജന്ത ഗുഹകൾ, ചുവപ്പ് കോട്ട, മെഹ്‌റൗളി പുരാവസ്തു പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വിനോദസഞ്ചാര സൗകര്യങ്ങൾ, സൈറ്റ് പരിപാലനം എന്നിവയുടെ പ്രയോജനം നേടിയിട്ടുണ്ട്. ഫലങ്ങൾ ദൃശ്യമാണ് : വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ പ്രവാഹം , പ്രാദേശിക ബിസിനസുകൾക്ക് ഉത്തേജനം, ഗൈഡിംഗ്, താമസ കേന്ദ്രങ്ങൾ , ഗതാഗതം, സൈറ്റ് അറ്റകുറ്റപ്പണി, കരകൗശല വസ്തുക്കളുടെയും സുവനീറുകളുടെയും വിൽപ്പന എന്നിവ വഴി പുതിയ തൊഴിൽ അവസരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇവ ആകസ്മികമായ നേട്ടങ്ങളല്ല, മറിച്ച് സ്മാരകങ്ങളെ സമൂഹ ആസ്തികളായി കണക്കാക്കുന്ന ഒരു നയത്തിന്റെ വ്യക്തമായ ഫലങ്ങളാണ്.

സ്മാരക സംരക്ഷണത്തെ ടൂറിസവുമായും പ്രാദേശിക സാമ്പത്തിക വികസനവുമായും സംയോജിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി- പൈതൃക സ്ഥലങ്ങളിൽ നൃത്തം, സംഗീതം, സാംസ്കാരിക മേളകൾ എന്നിവ സംഘടിപ്പിക്കുന്നതിനെ ഗവണ്മെൻ്റ് പ്രോത്സാഹിപ്പിക്കുന്നു. ഒഡീഷയിലെ സൂര്യക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ വർഷം തോറും നടക്കുന്ന കൊണാർക്ക് നൃത്തോത്സവം, മധ്യപ്രദേശിലെ ഖജുരാഹോ പുരാകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഖജുരാഹോ നൃത്തോത്സവം എന്നിവ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. ഈ ഉത്സവങ്ങൾ ധാരാളം വിനോദസഞ്ചാരികളെയും കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും ആകർഷിക്കുന്നു. അതുവഴി ആതിഥ്യ സേവനങ്ങൾ, കരകൗശല വസ്തുക്കൾ, ഗതാഗതം, സാംസ്കാരിക വ്യവസായങ്ങൾ എന്നിവയിലൂടെ പ്രാദേശിക സമൂഹങ്ങൾക്ക് ഉപജീവന അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഉദാഹരണത്തിന്, സ്മാരകത്തിനടുത്തുള്ള ഒരു തുറന്നയിടത്ത് നടക്കുന്ന കൊണാർക്ക് ഉത്സവം ദേശീയ, അന്തർദേശീയ സന്ദർശകരെ ആകർഷിക്കുന്നു. ഇതോടനുബന്ധിച്ച് പലപ്പോഴും കരകൗശല മേളകളും അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തുന്നു ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുന്നു. പൈതൃകവുമായി ബന്ധപ്പെട്ട മറ്റ് ഉത്സവങ്ങളിൽ മൊധേര നൃത്തോത്സവം (ഗുജറാത്ത്), ചിദംബരത്തിലെ നാട്യാഞ്ജലി ഉത്സവങ്ങൾ പോലുള്ള ക്ഷേത്രാധിഷ്ഠിത സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നു.
മൂർത്തമായ സാംസ്കാരിക പൈതൃകത്തിൻ്റെ ശാസ്ത്രീയ സംരക്ഷണം, സംരക്ഷണം, പ്രചാരം എന്നിവയ്ക്കുള്ള പ്രധാന സ്ഥാപന സംവിധാനമായി മ്യൂസിയങ്ങളെ, ഗവൺമെൻ്റ് ശക്തിപ്പെടുത്തുന്നു. മ്യൂസിയം ഗ്രാൻ്റ് സ്കീം എന്ന പദ്ധതി മ്യൂസിയങ്ങളുടെ സ്ഥാപനം, നവീകരണം, ഡിജിറ്റൈസേഷൻ, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, പുരാവസ്തുക്കളുടെ സംരക്ഷണം എന്നിവയെ പിന്തുണയ്ക്കുന്നു. മെച്ചപ്പെട്ട പ്രദർശനങ്ങൾ, ലൈറ്റിംഗ്, ഡിജിറ്റൽ സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യാധിഷ്ഠിത ആശയങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോൾ, പരിശീലനത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും മ്യൂസിയം പ്രൊഫഷണലുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് ഊന്നൽ നൽകുന്നു. ശേഖരങ്ങളുടെ ഡിജിറ്റലൈസേഷൻ, ഓൺലൈൻ കാറ്റലോഗുകൾ സൃഷ്ടിക്കൽ, സംരക്ഷണ സൗകര്യങ്ങളുടെ വികസനം എന്നിവ ഈ പദ്ധതി പ്രാപ്തമാക്കുന്നു, ഇത് പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും പൊതുജനങ്ങളുടെ പ്രവേശനവും വർദ്ധിപ്പിക്കുന്നു.
സാങ്കേതികവിദ്യ അധിഷ്ഠിത സംരക്ഷണം
ഇന്ത്യയുടെ പൈതൃകകേന്ദ്രസംരക്ഷണ ആവാസവ്യവസ്ഥയിൽ സാങ്കേതികവിദ്യ വർദ്ധിച്ചുവരുന്ന ഒരു പ്രധാന സ്തംഭമായി മാറിയിരിക്കുന്നു. ഡോക്യുമെൻ്റേ ഷൻ, പരിശോധനകൾ, ദീർഘകാല സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്ന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ASI യുടെ പരമ്പരാഗത രീതികളെ ഇത് പൂരകമാക്കുന്നു. ശരിയായ ഡോക്യുമെൻ്റേ ഷനായി ആവശ്യകത അനുസരിച്ച് LiDAR സ്കാനിംഗ്, GIS അധിഷ്ഠിത മാപ്പിംഗ്, ഡ്രോൺ അധിഷ്ഠിത സർവേകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ/ഉപകരണങ്ങൾ ഉപയോഗിക്കുന്നു. പൈതൃക വസ്തുക്കളെക്കുറിച്ച് പഠിക്കുന്നതിനും, അവയ്ക്ക് നാശം സംഭവിക്കുന്ന രീതികൾ മനസ്സിലാക്കുന്നതിനും, ഏറ്റവും അനുയോജ്യമായ സംരക്ഷണ പരിഹാരങ്ങൾ നിർണ്ണയിക്കുന്നതിനും ശാസ്ത്രീയ ലബോറട്ടറി സാങ്കേതിക വിദ്യകളുടെ ഉപയോഗം വർദ്ധിച്ചുവരികയാണ്.
സമാന്തരമായി, കൃത്യമായ രേഖപ്പെടുത്തലിനെയും മുൻകരുതൽ സംരക്ഷണ ആസൂത്രണത്തെയും പിന്തുണയ്ക്കുന്ന ഡിജിറ്റൽ, സ്പേഷ്യൽ സാങ്കേതികവിദ്യകളുടെ പ്രയോഗവും ഇന്ത്യ വിപുലീകരിച്ചു. പൈതൃക രേഖകൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും വിലയിരുത്തലിലും ഇപ്പോൾ ഉപയോഗിക്കുന്ന പ്രധാന സംവിധാനങ്ങളിൽ ഇവ ഉൾപ്പെടുന്നു:
•3D ലേസർ സ്കാനിംഗ്- സങ്കീർണ്ണമായ ഘടനകളുടെ ഉയർന്ന കൃത്യതയുള്ള മാപ്പിംഗിനും ഡിജിറ്റൽ ഡോക്യുമെൻ്റേ ഷനും വേണ്ടി
•ഫോട്ടോഗ്രാമെട്രി-
വാസ്തുവിദ്യാ സവിശേഷതകളും അവസ്ഥാ മാറ്റങ്ങളും വിശദമായി പകർത്താൻ
•ഡ്രോൺ അധിഷ്ഠിത സർവേകൾ-
ഏരിയൽ മാപ്പിംഗ്, ഘടനാപരമായ നിരീക്ഷണം, പ്രവേശനക്ഷമമല്ലാത്തതോ അല്ലെങ്കിൽ ബൃഹത്തായതോ ആയ സ്ഥലങ്ങൾ പഠിക്കൽ എന്നിവയ്ക്കായി
ഭൂമിശാസ്ത്രപരമായ വിവര സംവിധാനങ്ങൾ അല്ലെങ്കിൽ GIS അധിഷ്ഠിത മാപ്പിംഗ് - പാരിസ്ഥിതിക സമ്മർദ്ദങ്ങൾ വിശകലനം ചെയ്യുന്നതിനും, സംരക്ഷിത മേഖലകൾക്ക് ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനും , ദീർഘകാല ആസൂത്രണം ഉറപ്പാക്കുന്നതിനും സഹായിക്കുന്നു.
ഈ സാങ്കേതികവിദ്യകൾക്ക് പുറമേ, നിർമ്മിത ബുദ്ധിയും ഉപയോഗിക്കുന്നു.വിശാലമായ സാംസ്കാരിക, പൈതൃക ആവാസവ്യവസ്ഥയിൽ, പ്രത്യേകിച്ച് ഡിജിറ്റൈസേഷൻ, ഡോക്യുമെൻ്റേ ഷൻ, സാംസ്കാരിക ആസ്തികളുടെ പ്രവേശനക്ഷമത തുടങ്ങിയ മേഖലകളിലും നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സംയോജിപ്പിക്കാൻ ഗവൺമെൻ്റ് ആരംഭം കുറിച്ചു. കൈയെഴുത്തുപ്രതികളും സാംസ്കാരിക വിജ്ഞാന സംവിധാനങ്ങളും ഉൾപ്പെടെ ബൃഹത്തായ പൈതൃക വിവരങ്ങൾ ശേഖരിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ഡിജിറ്റൽ ഇൻ്റർഫേസുകളിലൂടെയും ഭാഷാ സാങ്കേതികവിദ്യകളിലൂടെയും പൊതുജനങ്ങളുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിനും AI- അധിഷ്ഠിത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു.
കൂടാതെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER) പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ഡ്രോൺ അധിഷ്ഠിത സർവേകൾ നടത്തിയിട്ടുണ്ട്. ഇത് പൈതൃക സംരക്ഷണ ശ്രമങ്ങളിൽ ശാസ്ത്ര സ്ഥാപനങ്ങളുടെ സംയോജനം പ്രതിഫലിപ്പിക്കുന്നു .

കേദാർനാഥ് ക്ഷേത്രത്തിൻ്റെ സംരക്ഷണവും പുനരുദ്ധാരണവും
പൈതൃക സംരക്ഷണത്തിൽ നൂതന ശാസ്ത്രീയ സാങ്കേതിക വിദ്യകളുടെയും സ്ഥാപനപരമായ സഹകരണത്തിൻ്റെ യും ഒരു പ്രധാന ഉദാഹരണമാണ് കേദാർനാഥ് ക്ഷേത്രം. 2013-ൽ ഉത്തരാഖണ്ഡിൽ ഉണ്ടായ ദുരന്തത്തെത്തുടർന്ന്, ഇന്ത്യാ ഗവൺമെന്റ് ക്ഷേത്രത്തിൻ്റെ ഘടനാപരവും രാസപരവുമായ സംരക്ഷണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) വഴി ഏറ്റെടുത്തു.അതിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, യഥാർത്ഥ വാസ്തുവിദ്യാ രീതികൾ ഉപയോഗിച്ച് കല്ലുകൾ പുനഃക്രമീകരിക്കൽ, ശിലാ പ്രതലങ്ങളുടെ സംരക്ഷണം എന്നിവ ഉൾപ്പെടുന്നു. പ്രധാനമായും, ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (IIT) ഒരു ഭൗമ സാങ്കേതികവിദ്യ സംഘം സ്മാരകത്തിൻ്റെ ഘടനാപരമായുള്ള ശാസ്ത്രീയ വിലയിരുത്തലും അടിത്തറ വിശകലനവും നടത്താൻ ASI-യുമായി സഹകരിച്ചു. ക്ഷേത്ര ഘടനയുടെയും അടിത്തറയുടെയും സ്ഥിരത വിലയിരുത്തുന്നതിന് മൾട്ടി-ചാനൽ അനാലിസിസ് ഓഫ് സ്പെക്ട്രൽ വേവ്സ് (MASW) പോലുള്ള ജിയോഫിസിക്കൽ പരിശോധന രീതികളുടെ ഉപയോഗം ഇതിൽ ഉൾപ്പെടുന്നു.
അടിത്തറ ശക്തിപ്പെടുത്തലും സംരക്ഷണ തന്ത്രവും സംബന്ധിച്ച്,തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ ഐഐടി സംഘത്തിൻ്റെ വിലയിരുത്തൽ സഹായിച്ചു. മനുഷ്യ ഇടപെടലുകൾ അവിടത്തെ ഘടനയെ നശിപ്പിക്കുന്നതല്ലെന്നും ഉചിതവുമാണെന്ന് ഇത് ഉറപ്പാക്കി. പരമ്പരാഗത സംരക്ഷണ രീതികളുമായി എഞ്ചിനീയറിംഗ് വൈദഗ്ധ്യത്ത ഗവൺമെൻ്റ് സംയോജിപ്പിച്ചിരിക്കുന്നതെങ്ങനെയെന്ന് ഇത് എടുത്തുകാട്ടുന്നു. പുനരുദ്ധാരണത്തിൽ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗവും പരമ്പരാഗത കരകൗശല വൈദഗ്ധ്യവും സംയോജിപ്പിച്ചിരിക്കുന്നതായും ഈ സഹകരണം എടുത്തുകാണിക്കുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തം
സമീപ വർഷങ്ങളിൽ, ഗവണ്മെൻ്റ് ശ്രമങ്ങളെ പൂർത്തീകരിക്കുന്നതിനായി പൈതൃക സംരക്ഷണത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകകൾ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യാ ഗവൺമെൻ്റ് ടൂറിസം മന്ത്രാലയത്തിന് കീഴിൽ 2017 ൽ സാംസ്കാരിക മന്ത്രാലയത്തിൻ്റെ യും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും (എഎസ്ഐ) സഹകരണത്തോടെ ആരംഭിച്ച "ഒരു പൈതൃക കേന്ദ്രം ഏറ്റെടുക്കുക : അപ്നി ധരോഹർ, അപ്നി പെഹ്ചാൻ" പദ്ധതി അത്തരമൊരു സംരംഭമാണ്. ഘടനാപരമായ സിഎസ്ആർ അധിഷ്ഠിത ചട്ടക്കൂടിലൂടെ കോർപ്പറേറ്റ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി 2023 ൽ ഈ പദ്ധതി "ഒരു പൈതൃക കേന്ദ്രം ഏറ്റെടുക്കുക: 2.0" എന്ന പേരിൽ കൂടുതൽ നവീകരിച്ചു. ഈ സംരംഭത്തിന് കീഴിൽ, "സ്മാരക മിത്രങ്ങൾ" എന്ന പേരിൽ നിയുക്തമാക്കിയിട്ടുള്ള സ്ഥാപനങ്ങൾ ഈ കേന്ദ്രങ്ങളുടെ ശുചിത്വം, പ്രവേശനക്ഷമത, പ്രകാശ സംവിധാനം , അടയാളങ്ങൾ, സന്ദർശക സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. അതേസമയം പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും എഎസ്ഐയുടെ പ്രത്യേക ഉത്തരവാദിത്വമായി തുടരുന്നു. ഗവൺമെൻ്റ് മേൽനോട്ടവും സ്വകാര്യ മേഖലയുടെ കാര്യക്ഷമതയും സംയോജിപ്പിച്ച്, ഈ പദ്ധതി സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നു. സുസ്ഥിര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള പൊതു ഉത്തരവാദിത്വബോധം വളർത്തുകയും ചെയ്യൂന്നു.
പങ്കാളിത്ത പൈതൃക പരിപാലനത്തിനുള്ള വിശാലമായ മാറ്റത്തെയും ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. അവിടെ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും പൗരന്മാരുടെ ഇടപെടലും ഗവണ്മെൻ്റ് നടത്തുന്ന സംരക്ഷണ ശ്രമങ്ങളെ പൂരകമാക്കുന്നു.
സാംസ്കാരിക പൈതൃകത്തിനായുള്ള മുൻനിര ദേശീയ പ്ലാറ്റ്‌ഫോമുകൾ
ഇന്ത്യൻ കൾച്ചർ പോർട്ടലാണ് ഈ ദിശയിലുള്ള ഒരു പ്രധാന സംരംഭം. മ്യൂസിയങ്ങൾ, ലൈബ്രറികൾ, ആർക്കൈവുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ഒരൊറ്റ ഇൻ്റർഫേസിലേക്ക് - https://www.indianculture.gov.in/3d-explorations - സംയോജിപ്പിച്ചിട്ടുള്ള സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഇത്.
•വെർച്വൽ വാക്ക്‌ത്രൂകൾ, 360-ഡിഗ്രി വെർച്വൽ ടൂറുകൾ എന്നിങ്ങനെ രണ്ട് രീതികളിലൂടെ വിദൂരമായുള്ള സ്മാരകങ്ങൾ വെർച്വൽ ആയി അനുഭവിക്കാൻ ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കുന്നു. അതുവഴി സാംസ്കാരിക പൈതൃകവുമായുള്ള പ്രവേശനക്ഷമതയും പൊതുജന ഇടപെടലും വർദ്ധിപ്പിക്കുന്നു.
•വെർച്വൽ വാക്ക്‌ത്രൂകൾ ഉപയോക്താക്കളെ ഒരു ഗൈഡിൻ്റെ മേൽനോട്ടത്തിലൂടെ, ഘട്ടം ഘട്ടമായുള്ള രീതിയിൽ പൈതൃക സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു.ഒരു യഥാർത്ഥ സന്ദർശനത്തെ ഇത് അനുകരിക്കുന്നു. ഉദാഹരണങ്ങളായി :
•അൽമോറയിലെ കതർമാൽ സൂര്യക്ഷേത്രം (ഉത്തരാഖണ്ഡ്)
ശനിവാർവാഡ, പൂനെ (മഹാരാഷ്ട്ര)
•360-ഡിഗ്രി വെർച്വൽ ടൂറുകൾ: ഉപയോക്താക്കൾക്ക് എല്ലാ ദിശകളിലൂടെയും സ്മാരകങ്ങൾ വീക്ഷിക്കാൻ കഴിയുന്ന പനോരമിക്, സംവേദനാത്മക കാഴ്ചകൾ നൽകുന്നു. ഖുതബ് മിനാർ സമുച്ചയത്തിൽ ഈ സംവിധാനങ്ങൾ കാണാം
പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ക്യുറേറ്റഡ് വിഭാഗങ്ങൾ, ഗെയിമുകൾ, വിദ്യാഭ്യാസ ഉള്ളടക്കം എന്നിവയിലൂടെയുള്ള സംവേദനാത്മക പഠനത്തെയും ഇത് പിന്തുണയ്ക്കുന്നു.ഇത് പ്രേക്ഷകർക്ക് വിശാലമായ സാംസ്കാരിക അറിവിനെ കൂടുതൽ ആകർഷകമാക്കി നൽകുന്നു
ആഗോള പൈതൃക അംഗീകാരം (യുനെസ്കോ)
ആഗോള പൈതൃക ഭൂപടത്തിൽ ഇന്ത്യയുടെ സാന്നിധ്യം ഗണ്യമായി ശക്തിപ്പെട്ടു. യുനെസ്കോ അംഗീകാരം രാജ്യത്തിൻ്റെ നാഗരിക പൈതൃകത്തിൻ്റെ വൈവിധ്യത്തെയും ആഴത്തെയും പ്രതിഫലിപ്പിക്കുന്നു. ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ - 2024 ജൂലൈയിൽ ഉൾപ്പെടുത്തിയ മറാത്ത സൈനിക സവിശേഷതയാണ്. ഇന്ത്യയുടെ 44-ാമത് യുനെസ്കോ ലോക പൈതൃക കേന്ദ്രമായി ഇത് അടയാളപ്പെടുത്തുന്നു, ഇത് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട പൈതൃക കേന്ദ്രങ്ങൾ ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നു.
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന യുനെസ്കോ അംഗീകാരങ്ങളിൽ 36 സാംസ്കാരികപരം , 7 പ്രകൃതിദത്തം , ഒരു മിശ്ര കേന്ദ്രം എന്നിവ ഉൾപ്പെടുന്നു. ചരിത്ര സ്മാരകങ്ങൾ, പുരാവസ്തു ഘടനകൾ , ജീവിത പാരമ്പര്യങ്ങൾ എന്നിവ ആഗോള പൈതൃകത്തിന് എങ്ങനെ കൂട്ടായി സംഭാവന ചെയ്യുന്നുവെന്ന് ഇന്ത്യ തെളിയിക്കുന്നു.

ഉപസംഹാരം
ഇന്ത്യയുടെ പൈതൃക സംരക്ഷണ ആവാസ വ്യവസ്ഥ ഇന്ന് പക്വത പ്രാപിക്കുന്ന ഒരു ദേശീയ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു - സാംസ്കാരിക പൈതൃകത്തെ പാരമ്പര്യമായി മാത്രമല്ല, രാജ്യത്തിൻ്റെ കൂട്ടായ ഭാവിയെ രൂപപ്പെടുത്തുന്ന സജീവവും ചലനാത്മകവുമായ ആസ്തിയായി അംഗീകരിക്കുന്നു. കരുത്തുറ്റ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ആധുനിക ശാസ്ത്രീയ ഉപകരണങ്ങൾ, 3600-ലധികം സംരക്ഷിത സ്മാരകങ്ങളുടെ ദീർഘകാല പരിചരണം ഉറപ്പാക്കുന്ന ഘടനാപരമായ പ്രോട്ടോക്കോളുകൾ എന്നിവയുടെ പിന്തുണയോടെ കഴിഞ്ഞ ദശകത്തിൽ, സംരക്ഷണ രീതികൾ വിപുലതയിലും സങ്കീർണ്ണതയിലും വികസിച്ചു. കൈയെഴുത്തുപ്രതികളുടെ ഡോക്യുമെന്റേഷനും സംയോജിത പൈതൃക ഡാറ്റാബേസുകളുടെ സൃഷ്ടിയും ഉൾപ്പെടെയുള്ള ഡിജിറ്റൈസേഷനിലെ സമാന്തര പ്രവർത്തനങ്ങൾ , ജ്ഞാനാധിഷ്ഠിത സംരക്ഷണത്തിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നു. പ്രാപ്യത, ഗവേഷണം, സുതാര്യത എന്നിവ അടിസ്ഥാനതലത്തിൽ ഭൗതിക സംരക്ഷണത്തെ ശക്തിപ്പെടുത്തുന്നു.
അതേസമയം, ആഗോള പൈതൃക ഭൂപടത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകം നവ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള നൈപുണ്യം പ്രകടമാക്കുന്നു. ഈ നീക്കങ്ങൾ - കാലത്തെ അതിജീവിച്ചവയെ സംരക്ഷിക്കുക, ചരിത്രം ഭരമേൽപ്പിച്ചതിനെ പുനഃസ്ഥാപിക്കുക, അനശ്വരമായിരിക്കേണ്ടതിന് ഡിജിറ്റൈസ് ചെയ്യുക-ഒരുമിച്ച്, പൈതൃക പരിപാലനത്തിനുള്ള സമഗ്രമായ സമീപനത്തെ വെളിപ്പെടുത്തുന്നു
സൂചനകൾ:
UNESCO
Ministry of Culture
Ministry of Tourism
Ministry of Commerce and Industry
Ministry of Science and Technology
Ministry Of Law and Justice
Text Boxes
Click here to see pdf
****
(रिलीज़ आईडी: 2253715)
आगंतुक पटल : 22