PIB Backgrounder
azadi ka amrit mahotsav

ദേശീയ കാർഷിക വിപണി (e-NAM)

"ഇന്ത്യൻ കാർഷിക വിപണന മേഖലയിലെ ഡിജിറ്റൽ പരിവർത്തനം"

പോസ്റ്റഡ് ഓണ്‍: 13 APR 2026 4:32PM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ
 

  • 2026 മാർച്ച് മാസത്തോടെ 23 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,656 മൊത്തവ്യാപാര വിപണികളെ (മണ്ഡികൾ) ബന്ധിപ്പിച്ചു.
  • 2026 മാർച്ച് മാസത്തോടെ 1.80 കോടിയിലധികം കർഷകർ, 2.73 ലക്ഷം വ്യാപാരികൾ, 4,724 കർഷക-ഉത്പാദക സംഘടനകൾ എന്നിവ ഇ-നാം (e-NAM) പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു.
  • 2016 മാർച്ച് മുതൽ 2026 മാർച്ച് വരെ ₹4.84 ലക്ഷം കോടി മൂല്യമുള്ള 13.25 കോടി മെട്രിക് ടണ്ണിൻ്റെ സഞ്ചിത വ്യാപാരം രേഖപ്പെടുത്തി.
  • 2024-ലെ ₹3.19 ലക്ഷം കോടിയിൽ നിന്ന് 2026-ൽ ₹4.84 ലക്ഷം കോടിയായി വ്യാപാര മൂല്യം വർദ്ധിച്ചു, ഇത് വിപണി വളർച്ചയും കൂടുതൽ പങ്കാളികൾ സജീവമായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുന്നു.
  • 2026 മാർച്ച് മാസത്തോടെ, സമീപകാലത്ത് 204.76 ലക്ഷം മെട്രിക് ടൺ കാർഷിക ഉത്പന്നങ്ങളുടെ വ്യാപാരം രേഖപ്പെടുത്തി, ഇത് സ്ഥായിയായ പുരോഗതിയും നിരന്തര പ്രവർത്തനങ്ങളും വ്യക്തമാക്കുന്നു.
  • ഇ-നാം (e-NAM) ആപ്പ് വഴി ലഭ്യമാകുന്ന മൊബൈൽ അധിഷ്ഠിത വില വിവര സേവനത്തിൽ 247 വ്യത്യസ്ത കാർഷിക ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 
ആമുഖം


അനാദി കാലം മുതലേ ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ അടിസ്ഥാന സ്തംഭമാണ് കൃഷി, ജനസംഖ്യയുടെ പകുതിയോളം പേർക്ക് തൊഴിൽ നൽകുന്ന കാർഷിക മേഖല രാജ്യത്തിൻ്റെ വികസനയാത്രയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. കാർഷിക ഉത്പന്ന വിപണി സമിതി ചട്ടക്കൂടിന് കീഴിൽ (എപിഎംസി) മണ്ഡികൾ എന്ന് വിളിപ്പേരുള്ള നിയന്ത്രിത വിപണികളുടെ ശൃംഖലയിലൂടെയാണ് കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സംവിധാനം ഇന്ത്യയിൽ ചരിത്രപരമായി വികസിച്ചത്. ഇത്  കാർഷിക ഉത്പന്നങ്ങളുടെ ഘടനാപരവും സംഘടിതവുമായ കൈമാറ്റം സാധ്യമാക്കുന്നു.

2016 ന് മുമ്പ്, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മണ്ഡി സംവിധാനങ്ങൾക്കുള്ളിൽ മാത്രമായി മിക്ക കാർഷിക വ്യാപാരവും  ഒതുങ്ങിനിന്നിരുന്നു. ഓരോ വിപണിയും സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും അനുവർത്തിച്ചു പോന്നു. വികേന്ദ്രീകൃതമായ എപിഎംസി സംവിധാനം പ്രാദേശിക വ്യാപാരത്തെ ശക്തമായി പിന്തുണച്ചു. എന്നിരുന്നാലും, സംസ്ഥാനാന്തര വിപണികളെ ബന്ധിപ്പിക്കുന്നതിലെ ബുദ്ധിമുട്ട്, വിപുലവും വിശാലവുമായ വിപണികളിലേക്കുള്ള പരിമിതമായ പ്രവേശനം തുടങ്ങിയ പോരായ്മകൾ ഇതിന് ഉണ്ടായിരുന്നു. കാർഷിക ഉത്പാദനം വർദ്ധിക്കുകയും വൈവിധ്യപൂർണ്ണമാവുകയും ചെയ്തതോടെ, മെച്ചപ്പെട്ടതും കൂടുതൽ ബന്ധിതവുമായ ഒരു വിപണി സംവിധാനത്തിൻ്റെ ആവശ്യകത ഉയർന്നു വന്നു. ഇതിനായാണ് സർക്കാർ 2016 ഏപ്രിലിൽ ദേശീയ കാർഷിക വിപണി (ഇ-നാം) ആരംഭിച്ചത്. ഇന്ത്യയിലുടനീളം കാർഷിക ഉത്പന്നങ്ങൾക്ക് ഒരു ഏകീകൃത വിപണി സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമാണിത്. നിലവിലുള്ള വിപണികളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിലൂടെ, ഇ-നാം സുഗമമായ ഓൺലൈൻ വ്യാപാരം, സുതാര്യമായ ന്യായ വില കണ്ടെത്തൽ, കർഷകർക്കും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വിശാലമായ ഒരു ദേശീയ വിപണിയിലേക്ക് പ്രവേശനം എന്നിവ ഉറപ്പാക്കുന്നു.

ഒരു രാഷ്ട്രം, ഒരു വിപണി: ഇ-നാമിൻ്റെ ഡിജിറ്റൽ എഞ്ചിൻ

വെബ് പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ, സമർപ്പിത ഹെൽപ്പ്‌ലൈൻ, മാനുഷിക പിന്തുണാ അടിസ്ഥാന സൗകര്യങ്ങൾ, എഐ അധിഷ്ഠിത ഗുണനിലവാര വിലയിരുത്തൽ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബഹുതല ഘടനയാണ് ഇ-നാം ഡിജിറ്റൽ ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്നത്. ഇ-നാം പ്ലാറ്റ്‌ഫോം കർഷകരെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു കൂട്ടം ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സഹായിക്കുന്നു. ഇക്കാരണത്താൽ, കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ഉയർന്നതും ന്യായവുമായ വില ലഭിക്കാനുള്ള മികച്ച അവസരങ്ങളൊരുക്കുന്നു. ഇത് ഔദ്യോഗിക ഡിജിറ്റൽ പേയ്‌മെൻ്റ് രീതികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു, കൂടുതൽ ആളുകളെ ഔപചാരിക ബാങ്കിംഗ് സംവിധാനത്തിൻ്റെ ഭാഗമാകാൻ സഹായിക്കുന്നു. കാർഷിക വിപണനത്തിലെ സാമ്പത്തിക ഇടപാടുകൾ ചടുലവും സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നു.



ഇ-നാം വെബ് പോർട്ടൽ: സമ്പൂർണ്ണ ഡിജിറ്റൽ കാർഷിക വിപണനം

കാർഷികോത്പന്നങ്ങളുടെ ഇലക്ട്രോണിക് വ്യാപാരത്തിനായുള്ള ഏകീകൃത ദേശീയ വിപണി പ്ലാറ്റ്‌ഫോമിലേക്ക് മണ്ഡികളെ തടസ്സരഹിതമായി ബന്ധിപ്പിച്ചുകൊണ്ട് ഇ-നാം പോർട്ടൽ (enam.gov.in) സമ്പൂർണ്ണ ഡിജിറ്റൽ കാർഷിക വിപണനം സാധ്യമാക്കുന്നു. ഇതിൻ്റെ വികസിക്കുന്ന ശൃംഖല വർദ്ധിച്ചുവരുന്ന വിപണി സംയോജനത്തെ പ്രതിഫലിപ്പിക്കുന്നു, 2024 ൽ 1,389 ആയിരുന്ന കണക്റ്റഡ് മണ്ഡികളുടെ എണ്ണം 2026 മാർച്ച് ആയപ്പോഴേക്കും 1,656 ആയി ഉയർന്നു. ഇവ 23 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു.

2016 ൽ ആരംഭിച്ച ശേഷം, ഇ-നാം കാർഷിക വ്യാപാരത്തിൽ ഗണ്യമായ വളർച്ചയ്ക്ക് വഴിയൊരുക്കി. 2016 മുതൽ 2026 മാർച്ച് വരെ, ഈ പ്ലാറ്റ്‌ഫോം 13.25 കോടി മെട്രിക് ടൺ ഉത്പന്നങ്ങളുടെ വ്യാപാരം സാധ്യമാക്കി, മൊത്തം ₹4.84 ലക്ഷം കോടി വ്യാപാര മൂല്യം സൃഷ്ടിച്ചു. ഇത് അതിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്നു. കൂടാതെ, അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നതിനും, ഡിജിറ്റൽ ആവാസവ്യവസ്ഥയുമായി വിപണിസംയോജനം ശക്തിപ്പെടുത്തുന്നതിനും, മൊത്തത്തിലുള്ള വിപണി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി സർക്കാർ ഒരു മണ്ഡിയ്ക്ക് ₹75 ലക്ഷം വരെ സാമ്പത്തിക സഹായം നൽകുന്നു. പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആളുകളുടെയും ഗ്രൂപ്പുകളുടെയും എണ്ണത്തിൽ വർദ്ധനവ് പ്രകടമാണ്. 2026 മാർച്ചോടെ, ഈ സംവിധാനം 1.80 കോടിയിലധികം കർഷകരെയും 2.73 ലക്ഷം വ്യാപാരികളെയും 4,724 കർഷക ഉത്പാദക സംഘടനകളെയും (FPO-കൾ) രജിസ്റ്റർ ചെയ്തു. ഇത് വ്യക്തമാക്കുന്നത് പ്ലാറ്റ്‌ഫോം കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുകയും സാന്നിധ്യം വിപുലമാക്കുകയും ചെയ്യുന്നു എന്നാണ്.



കാർഷിക വ്യാപാരത്തിൻ്റെ മുഴുവൻ പ്രക്രിയയും തുടക്കം മുതൽ അവസാനം വരെ ഡിജിറ്റൽ രീതിയിൽ കൈകാര്യം ചെയ്യുന്നത് ഇ-നാം പോർട്ടലാണ്. ഉത്പന്നങ്ങൾ ഡിജിറ്റലായി വിപണിയിൽ എത്തിക്കുക, സവിശേഷ തിരിച്ചറിയൽ നമ്പറുകളുള്ള ലോട്ടുകൾ സൃഷ്ടിക്കുക, ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുക, വാങ്ങുന്നവർ ഓൺലൈൻ ബിഡ്ഡിംഗ് നടത്തുക, തത്സമയം ബിഡുകൾ നിരീക്ഷിക്കുക, ന്യായമായ വിപണി വിലകൾ നിർണ്ണയിക്കുക, കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഇലക്ട്രോണിക് പേയ്‌മെൻ്റുകൾ നടത്തുക എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

ഇ-നാം പ്ലാറ്റ്‌ഫോമിൽ അപ്‌ഡേറ്റ് ചെയ്‌ത വിവരങ്ങൾ കാണിക്കുന്ന ഒരു തത്സമയ ഡാഷ്‌ബോർഡും ഉൾപ്പെടുന്നു. ഓരോ ഉത്പന്നത്തിൻ്റെയും എത്ര വ്യാപാരം നടക്കുന്നു, വ്യത്യസ്ത മണ്ഡികളിലെ വില പ്രവണതകൾ, രജിസ്റ്റർ ചെയ്ത കർഷകരുടെയും വ്യാപാരികളുടെയും എണ്ണം, വ്യത്യസ്ത സംസ്ഥാനങ്ങൾക്കിടയിലുള്ള വ്യാപാരത്തിൻ്റെ ഒഴുക്ക് തുടങ്ങിയ വിശദാംശങ്ങൾ ഈ ഡാഷ്‌ബോർഡ് നൽകുന്നു. ഇത് സുതാര്യത മെച്ചപ്പെടുത്തുകയും ഉപയോക്താക്കളെ അവബോധപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

ഇ-നാം പോർട്ടൽ - പ്രധാന ഡിജിറ്റൽ സവിശേഷതകൾ

  • ഏക-ജാലക സേവനം: ഉത്പന്ന വരവ്, ഗുണനിലവാര പരിശോധന, ബിഡ്ഡിംഗ്, പണമടയ്ക്കൽ, എന്നിവയെല്ലാം ഏക പ്ലാറ്റ്‌ഫോമിൽ
  • സമർപ്പിത ലോട്ട് ഐഡി ട്രാക്കിംഗ്: മാർക്കറ്റ് ഗേറ്റിൽ പ്രവേശിക്കുന്നത് മുതൽ മുതൽ അന്തിമ വിൽപ്പന വരെ മൊബൈൽ മുഖേന നിരീക്ഷിക്കുന്നു
  • ലൈവ് പ്രൈസ് ഡാഷ്‌ബോർഡ്: തത്സമയ സാധന വിലകൾ, മണ്ഡിയിലെ വരവ്, വ്യാപാര അളവുകൾ, പൊതുജനങ്ങൾക്ക് ലഭ്യമാകുന്നു
  • 12-ഭാഷാ ഇൻ്റർഫേസ്: ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, മറാത്തി, തെലുങ്ക്, ബംഗാളി, തമിഴ്, ഒഡിയ തുടങ്ങിയവ
  • ദ്വിതീയ വിൽപ്പന മൊഡ്യൂൾ: പ്ലാറ്റ്‌ഫോമിനുള്ളിൽ ഇതിനകം വാങ്ങിയ ലോട്ടുകളുടെ പുനർവിൽപ്പന സാധ്യമാക്കുന്നു
  • അന്തർ-സംസ്ഥാന വ്യാപാര സൗകര്യം: ഏകീകൃത ലൈസൻസ് സംസ്ഥാന അതിർത്തികൾക്കപ്പുറത്തേക്ക് ലേലം വിളിക്കാൻ വ്യാപാരികളെ പ്രാപ്തമാക്കുന്നു


വിരലനക്കത്തിൽ നിന്ന് വിളകളിലേക്ക്: ഇ-നാം മുന്നോട്ട്

2016 ഒക്ടോബറിൽ ആരംഭിച്ച ഇ-നാം മൊബൈൽ ആപ്ലിക്കേഷൻ, വ്യാപാരത്തിനും വിപണി സേവനങ്ങളിലേക്കുള്ള പ്രവേശനത്തിനുമായി ലളിതവും ഉപയോക്തൃ-സൗഹൃദവുമായ ഒരു ഇൻ്റർഫേസ് വാഗ്ദാനം ചെയ്തുകൊണ്ട് വെബ് പോർട്ടലിന് അനുപൂരകമായി വർത്തിക്കുന്നു. സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിലേക്ക് പ്ലാറ്റ്‌ഫോമിൻ്റെ വ്യാപ്തി വിപുലീകരിക്കാൻ ഇത് സഹായിക്കുന്നു. കർഷകർ, വ്യാപാരികൾ, കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ അടക്കമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും വിപണി വിവരങ്ങൾ പരിശോധിക്കാനും വ്യാപാര പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഇത് വഴിയൊരുക്കുന്നു. 2025 ഡിസംബറോടെ, വിജ്ഞാപനം ചെയ്ത 247 ഉത്പന്നങ്ങൾക്ക് ആപ്പ് സൗജന്യ വില വിവരങ്ങളും നൽകിത്തുടങ്ങി. ഇത് നിലവിലെ മാർക്കറ്റ് വിലകളെ അടിസ്ഥാനമാക്കി അവബോധപൂർണ്ണവും സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു.



2022 ജൂലൈ 14-ന് പ്ലാറ്റ്‌ഫോം ഓഫ് പ്ലാറ്റ്‌ഫോംസ് (PoP) അവതരിപ്പിച്ചതാണ് പ്ലാറ്റ്‌ഫോമിൻ്റെ പരിണാമത്തിലെ ഒരു പ്രധാന മുന്നേറ്റം. ഇ-നാമിലെ ഒരൊറ്റ ഡിജിറ്റൽ ഇൻ്റർഫേസിലൂടെ നിരവധി വ്യത്യസ്ത സേവനങ്ങൾ ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സാങ്കേതിക വിദ്യാധിഷ്ഠിത സംവിധാനമാണിത്. ഗതാഗതം, സംഭരണ സൗകര്യങ്ങൾ, ഗുണനിലവാര പരിശോധന, ഉത്പന്നങ്ങളുടെ ഗ്രേഡിംഗ്, പാക്കേജിംഗ്, കാർഷിക അസംസ്കൃത വസ്തുക്കൾ, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, കാലാവസ്ഥാ വിവരങ്ങൾ, വിള പ്രവചനങ്ങൾ തുടങ്ങിയ ഉപയോഗപ്രദമായ വിവരങ്ങൾ  PoP ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.

ഈ പ്ലാറ്റ്‌ഫോം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുമായും സ്വകാര്യ കാർഷിക വിപണന കമ്പനികളുമായും ബന്ധപ്പെടുന്നു, ഇത് കർഷകരെയും വ്യാപാരികളെയും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. അതുവഴി വിപണി പ്രവേശനം വിശാലമാക്കുകയും തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാ സേവനങ്ങളും ലിങ്ക് ചെയ്യുന്നതിലൂടെ മുഴുവൻ വ്യാപാര പ്രക്രിയയും സുഗമമാക്കുകയും ചെയ്യുന്നു.

പ്രശ്നങ്ങളിൽ നിന്ന് പരിഹാരങ്ങളിലേക്ക്: ഇ-നാം ആവാസവ്യവസ്ഥയിലെ ഉപയോക്താക്കളെ ശാക്തീകരിക്കുന്നു

കർഷകർ, വ്യാപാരികൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് ഇ-നാം സമർപ്പിത പിന്തുണയും പരാതി പരിഹാര സംവിധാനവും ലഭ്യമാക്കുന്നു. ഇന്ത്യയിലുടനീളം ലഭ്യമായ പ്രധാന പിന്തുണാ സേവനമായ ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറിൽ (1800 270 0224) ആളുകൾക്ക് സഹായം ലഭിക്കും. nam@sfac.inenam.helpdesk[at]gmail[dot]com പോലുള്ള ഔദ്യോഗിക ഇമെയിൽ വഴിയും ഉപയോക്താക്കൾക്ക് സഹായം ലഭിക്കും.

ഉപയോക്താക്കൾക്ക് അവരുടെ ചോദ്യങ്ങളും പരാതികളും പോർട്ടൽ വഴി നേരിട്ട് സമർപ്പിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ സംവിധാനവും ഇ-നാം പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. ഈ സംയോജിത പിന്തുണാ ചട്ടക്കൂട്, പ്രത്യേകിച്ച് കർഷകർക്കും ഡിജിറ്റൽ വിപണിയിൽ ആദ്യമായി എത്തുന്ന ഉപയോക്താക്കൾക്കും, പ്രശ്‌നങ്ങളുടെ സമയബന്ധിതമായ പരിഹാരവും തുടർച്ചയായ സാങ്കേതിക സഹായവും ഉറപ്പാക്കുന്നു.

A diagram of a company's applicationAI-generated content may be incorrect.

ഇ-നാമിന് കീഴിലുള്ള ഇ-പേയ്‌മെൻ്റ്: പണമടവുകൾ, സുതാര്യത, സർവ്വാശ്ലേഷിത്വം
 
കാർഷിക വിപണികളിലെ സാമ്പത്തിക ഇടപാടുകൾ സുഗമവും ലളിതവുമാക്കുന്ന ഡിജിറ്റൽ സംവിധാനത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് ഇ-നാമിൻ്റെ ഇ-പേയ്‌മെൻ്റ് സംവിധാനം. ഇത് വ്യാപാരവും പണമടയ്ക്കൽ പ്രക്രിയകളും ഒരു ഇലക്ട്രോണിക് സംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്നു, പരമ്പരാഗത മണ്ഡി പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഇത് മെച്ചപ്പെടുത്തുന്നു. ഈ സംവിധാനത്തിൽ, വ്യാപാരം പൂർത്തിയായിക്കഴിഞ്ഞാൽ വിൽപ്പനയിൽ നിന്നുള്ള പണം നേരിട്ട് കർഷകൻ്റെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു. ഇടനിലക്കാരുടെ ആവശ്യകത കുറയ്ക്കുകയും സെറ്റിൽമെൻ്റ് പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. എല്ലാ പേയ്‌മെൻ്റുകളും ഇലക്ട്രോണിക് രീതിയിൽ കൈകാര്യം ചെയ്യുന്നു. അവ സുരക്ഷിതവും സമയബന്ധിതവും സുതാര്യവുമാണെന്ന് ഉറപ്പാക്കുന്നു.

ഇ-നാം പ്ലാറ്റ്‌ഫോം NEFT, RTGS, ഇൻ്റർനെറ്റ് ബാങ്കിംഗ്, UPI തുടങ്ങിയ വ്യത്യസ്ത ഡിജിറ്റൽ പേയ്‌മെൻ്റ് രീതികളെ പിന്തുണയ്ക്കുന്നു, ഇത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു. എല്ലാ ഇടപാടുകളും ഔദ്യോഗികമായും കൃത്യമായും രേഖപ്പെടുത്തുന്നതിലൂടെ ഈ ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം സാമ്പത്തിക ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു. രേഖപ്പെടുത്തിയ ഇടപാടുകൾ കർഷകർക്ക് വരുമാന തെളിവായി ഉപയോഗിക്കാൻ കഴിയും. ഇത് ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വായ്പകളും സാമ്പത്തിക സേവനങ്ങളും കൂടുതൽ എളുപ്പത്തിൽ നേടാൻ സഹായിക്കുന്നു.
 
e-NWR, ഇ-നാം സംയോജനത്തിലൂടെ വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളുടെ ശാക്തീകരണം

വിളവെടുപ്പാനന്തര മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിലെ വർദ്ധിച്ചുവരുന്ന ശ്രദ്ധ, ശാസ്ത്രീയ സംഭരണ സംവിധാനങ്ങളെ കാര്യക്ഷമമായ വിപണി പ്രവേശന സംവിധാനങ്ങളുമായി സംയോജിപ്പിക്കേണ്ടതിൻ്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഈ സാഹചര്യത്തിൽ, സുഗമവും കൂടുതൽ ഫലപ്രദവുമായ കാർഷിക വിപണന സംവിധാനം സൃഷ്ടിക്കുന്നതിനായി ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രസീത് (e-NWR) സംവിധാനം ഇ-നാം പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്നു. വിളവെടുപ്പിനു ശേഷം കാർഷിക ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ e-NWR സംവിധാനം ഒരു പ്രധാന പരിഷ്കാരമാണ്. കാരണം ഇത് സംഭരിച്ചിരിക്കുന്ന സാധനങ്ങൾ ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്താനും കൈമാറ്റം ചെയ്യാനും സാമ്പത്തിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും അനുവദിക്കുന്നു. 2007 ലെ വെയർഹൗസിംഗ് (വികസനവും നിയന്ത്രണവും) നിയമപ്രകാരം അവതരിപ്പിച്ച ഇത്, വെയർഹൗസിംഗ് ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റി (WDRA) അംഗീകരിച്ച വെയർഹൗസുകളിൽ സംഭരിച്ചിരിക്കുന്ന കാർഷിക ഉത്പന്നങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സുരക്ഷിത ഡിജിറ്റൽ രേഖയായി വർത്തിക്കുന്നു.

പരമ്പരാഗത വെയർഹൗസ് രസീതിൻ്റെ മെച്ചപ്പെട്ട (NWR) ഡിജിറ്റൽ പതിപ്പാണ്  e-NWR സംവിധാനം. പ്രക്രിയ കൂടുതൽ സുതാര്യവും, കണ്ടെത്താവുന്നതും, കക്ഷികൾക്കിടയിൽ കൈമാറ്റം ചെയ്യുന്നത് സുഗമവുമാക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൗതിക ചലനമില്ലാതെ സാധനങ്ങളുടെ വ്യാപാരം സുഗമമാക്കുന്നു. e-NWR ശാസ്ത്രീയ സംഭരണത്തിനും ഉടമസ്ഥാവകാശ സർട്ടിഫിക്കേഷനും സൗകര്യമൊരുക്കുന്നു. സംഭരിച്ച ഉത്പന്നങ്ങൾ കാര്യക്ഷമമായും സുതാര്യമായും വ്യാപാരം ചെയ്യാൻ കഴിയുന്ന ഒരു രാജ്യവ്യാപക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ഇ-നാം വർത്തിക്കുന്നു.

ഈ സംയോജിത ചട്ടക്കൂടിനുള്ളിൽ, കർഷകർക്കും, വ്യാപാരികൾക്കും, കർഷക-ഉത്പാദക സംഘടനകൾക്കും (FPO-കൾ) WDRA അംഗീകരിച്ച വെയർഹൗസുകളിൽ അവരുടെ ഉത്പന്നങ്ങൾ സൂക്ഷിക്കാനും, സംഭരണത്തിൻ്റെയും ഉടമസ്ഥതയുടെയും തെളിവായി ഇലക്ട്രോണിക് വെയർഹൗസ് രസീതുകൾ (e-NWR-കൾ) സ്വീകരിക്കാനും, തുടർന്ന് ഇ- നാം പ്ലാറ്റ്‌ഫോം വഴി അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും കഴിയും. പരമ്പരാഗത വിപണികളിലേക്ക് (മണ്ഡി) വിളകൾ കൊണ്ടുപോകേണ്ടതിൻ്റെ ആവശ്യകത ഇത് കുറയ്ക്കുന്നു, ഇത് വിളവെടുപ്പിനു ശേഷമുള്ള ഗതാഗത ചെലവുകളും നഷ്ടവും കുറയ്ക്കാൻ സഹായിക്കുന്നു. അടിയന്തര സ്ഥിതി കാരണം കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

കൂടാതെ, ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിന് ഇ- e-NWR ഈടായി ഉപയോഗിക്കാം, ഇത് വേഗത്തിൽ പണം ലഭിക്കാൻ കർഷകരെയും വ്യാപാരികളെയും  സഹായിക്കുന്നു. ഇ-നാമിൻ്റെ വില കണ്ടെത്തൽ സംവിധാനവും മത്സരാധിഷ്ഠിത ബിഡ്ഡിംഗും ഇതുമായി സംയോജിപ്പിക്കുമ്പോൾ, വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

സംഭരിച്ച ഉത്പന്നങ്ങളുടെ സ്റ്റാൻഡേർഡ് ഗ്രേഡിംഗ്, പരിശോധന എന്നിവയിലൂടെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയുള്ള വ്യാപാരവും ഈ സംവിധാനം പ്രോത്സാഹിപ്പിക്കുന്നു. ഗുണനിലവാര ഉറപ്പിനെ വിപണി പ്രവേശനവുമായി ബന്ധിപ്പിക്കുന്നതിലൂടെ, e-NWR ൻ്റെയും ഇ-നാമിൻ്റെയും സംയോജനം ബന്ധപ്പെട്ട എല്ലാവരിലും വിശ്വാസം വളർത്തുന്നു, ഏകീകൃത മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ കാർഷിക വിപണി സൃഷ്ടിക്കാൻ സഹായിക്കുന്നു.

 ഉപസംഹാരം

ഇന്ത്യയിലെ കാർഷിക വിപണന രീതിയെ ആധുനികവത്ക്കരിക്കാൻ സഹായിച്ച സുപ്രധാന സംരംഭമായി നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (e-NAM) അടയാളപ്പെടുത്തപ്പെടുന്നു. രാജ്യത്തുടനീളമുള്ള പരമ്പരാഗത മൊത്തവ്യാപാര വിപണികളെ (മണ്ഡികൾ) ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം മുഖേന ഇത് ബന്ധിപ്പിക്കുന്നു. വ്യാപാരം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും കർഷകർക്കും വ്യാപാരികൾക്കും വാങ്ങുന്നവർക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഒരു വെബ്‌സൈറ്റ്, ഒരു മൊബൈൽ ആപ്പ്, പ്ലാറ്റ്‌ഫോമുകളുടെ പ്ലാറ്റ്‌ഫോം (PoP-വ്യത്യസ്ത സേവനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം), അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത ഡിജിറ്റൽ ആവാസവ്യവസ്ഥ എന്ന നിലയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സജ്ജീകരണം കൃത്യമായ വില കണ്ടെത്താനും കൂടുതൽ വിപണികളിലേക്ക് എത്തിച്ചേരാനും പേയ്‌മെൻ്റുകൾക്കും ഇടപാടുകൾക്കും ഡിജിറ്റൽ രീതികൾ കൂടുതലായി ഉപയോഗിക്കാനും കർഷകരെയും വ്യാപാരികളെയും സഹായിക്കുന്നു. കൂടാതെ, ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രസീത് (e-NWR) പോലുള്ള അനുബന്ധ സംരംഭങ്ങൾ സംഭരണ സൗകര്യങ്ങളെ സാമ്പത്തിക സേവനങ്ങളുമായും വിപണി പ്രവേശനവുമായും ബന്ധിപ്പിച്ചുകൊണ്ട് മൂല്യ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഇ-നാം വളരുന്നു, ഇതിൽ കൂടുതൽ പങ്കാളികൾ ചേരുകയും ഇത് മുഖേന കൂടുതൽ വ്യാപാരം നടക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ കാർഷിക വിപണനത്തിനായി കൂടുതൽ ബന്ധിതവും കാര്യക്ഷമവും സുതാര്യവുമായ ഒരു സംവിധാനം സൃഷ്ടിക്കാൻ ഇ-നാം സഹായിക്കുന്നു. വിപണികൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, കർഷകരുടെ ഉത്പന്നങ്ങൾക്ക്  മികച്ച പ്രതിഫലം ലഭ്യമാക്കുക, രാജ്യത്തുടനീളം കാർഷിക ഉത്പന്നങ്ങൾ സുഗമമായി വ്യാപാരം ചെയ്യാൻ കഴിയുന്ന ഏകീകൃത ദേശീയ വിപണി കെട്ടിപ്പടുക്കുക  എന്നിവയാണ് ഇതിൻ്റെ വികസന ലക്ഷ്യങ്ങൾ.


സൂചനകൾ 

Click here to see pdf

****


( റിലീസ് ഐ.ഡി: 2251913) സന്ദര്‍ശക കൗണ്ടര്‍ : 18
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati