PIB Headquarters
ഇന്ത്യയുടെ ആണവോർജ്ജ യാത്രയില്‍ പുതിയ അധ്യായം
തദ്ദേശീയമായി നിർമിച്ച 500 മെഗാവാട്ട് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവര്‍ത്തനക്ഷമമായി
പോസ്റ്റഡ് ഓണ്‍:
07 APR 2026 5:53PM by PIB Thiruvananthpuram
ആമുഖം

ആണവോർജ്ജ പദ്ധതിയിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യ. തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) 2026 ഏപ്രിൽ 6-ന് വിജയകരമായി ആദ്യ 'ക്രിട്ടിക്കാലിറ്റി' കൈവരിച്ച് തുടർച്ചയായ ആണവ ശൃംഖലാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കൽപ്പാക്കം ആണവ സമുച്ചയത്തില്‍ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡാണ് (BHAVINI) 500 മെഗാവാട്ട് ശേഷിയില്‍ ആണവ റിയാക്ടര്‍ നിർമിച്ചത്.
ഈ നേട്ടത്തോടെ ഇന്ത്യയുടെ ആണവോർജ പദ്ധതിയുടെ ശില്പിയായ ഡോ. ഹോമി ജഹാംഗീർ ഭാഭ വിഭാവനം ചെയ്ത മൂന്നുഘട്ട ആണവോർജ്ജ പരിപാടിയുടെ രണ്ടാം ഘട്ടത്തിലേക്ക് രാജ്യം ഔദ്യോഗികമായി പ്രവേശിച്ചു. ഈ നാഴികക്കല്ലിന് ആഗോളതലത്തിൽ വലിയ പ്രാധാന്യമുണ്ട്. റിയാക്ടർ പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ റഷ്യയ്ക്ക് ശേഷം വാണിജ്യാടിസ്ഥാനത്തിൽ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തിപ്പിക്കുന്ന ലോകത്തെ രണ്ടാമത് രാജ്യമായി ഇന്ത്യ മാറും.
ആണവോര്‍ജ വകുപ്പിൻ്റെ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി നടന്നുവരുന്ന ശാസ്ത്രീയ പരിശ്രമങ്ങളുടെ നേര്‍സാക്ഷ്യമാണ് നേട്ടം. കുറഞ്ഞ കാർബൺ ബഹിര്‍ഗമനത്തോടുകൂടിയ വിശ്വസനീയ ഊർജ്ജത്തോട് രാജ്യം പുലര്‍ത്തുന്ന പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുന്ന ഇന്ത്യയുടെ സംശുദ്ധ ഊര്‍ജ്ജ പ്രയാണത്തിലെ സുപ്രധാന ചുവടുവെപ്പാണിത്. കൂടാതെ 2070-ഓടെ 'നെറ്റ് സീറോ' ഉദ്വമന ലക്ഷ്യം കൈവരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഇത് രാജ്യത്തെ നയിക്കുന്നു.
എന്താണ് ക്രിട്ടിക്കാലിറ്റി?
തുടർച്ചയും നിയന്ത്രിതവുമായ ആണവ വിഘടന ശൃംഖലാ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തെയാണ് 'ക്രിട്ടിക്കാലിറ്റി' എന്ന് വിശേഷിപ്പിക്കുന്നത്. ഈ ഘട്ടത്തിൽ വിഘടനത്തിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന ന്യൂട്രോണുകളുടെ എണ്ണവും ആഗിരണം, ചോർച്ച എന്നിവയിലൂടെ നഷ്ടപ്പെടുന്ന ന്യൂട്രോണുകളുടെ എണ്ണവും തുല്യമായിരിക്കും. തല്‍ഫലമായി സ്ഥിരമായ ഊർജ്ജോല്പാദനം സാധ്യമാകുന്നു. ഒരു ആണവ റിയാക്ടറിനെ സംബന്ധിച്ചിടത്തോളം അതിൻ്റെ നിർമാണ ഘട്ടത്തിൽ നിന്ന് പ്രവർത്തന ഘട്ടത്തിലേക്കുള്ള മാറ്റമാണിത്. താപോർജ്ജം ഉല്പാദിപ്പിക്കാനും അതുവഴി വൈദ്യുതി നിർമിക്കാനും നടത്തുന്ന അത്യന്താപേക്ഷിതമായ പ്രഥമ ചുവടുവെപ്പാണിത്.
ഇന്ത്യയുടെ മൂന്നുഘട്ട ആണവോർജ്ജ പദ്ധതിയുടെ അവലോകനം
ഇന്ത്യയില്‍ യുറേനിയം നിക്ഷേപം പരിമിതമാണെങ്കിലും ലോകത്തെ ഏറ്റവും വലിയ തോറിയം നിക്ഷേപങ്ങളിലൊന്ന് ഇന്ത്യയിലാണ്. ഈ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ആണവോര്‍ജ്ജ വകുപ്പ് ഒരു 'ക്ലോസ്ഡ് ന്യൂക്ലിയർ ഫ്യുവൽ സൈക്കിൾ' അടിസ്ഥാനമാക്കി മൂന്നുഘട്ട ആണവോർജ്ജ പദ്ധതി രൂപകല്പന ചെയ്തു. ആഭ്യന്തര ആണവ വിഭവങ്ങൾ ഘട്ടം ഘട്ടമായി വർധിപ്പിക്കുകയും ദീർഘകാല ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കുകയുമാണ് ഇതിൻ്റെ ലക്ഷ്യം.
ഘട്ടം 1: സമ്മര്‍ദിത ഘനജല റിയാക്ടറുകൾ (PHWRs):
വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പ്രകൃതിദത്ത യുറേനിയമാണ് ഈ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ റിയാക്ടറുകളില്‍ ഉപയോഗിച്ച ഇന്ധനത്തിൽനിന്ന് പ്ലൂട്ടോണിയം ഉല്പാദിപ്പിക്കപ്പെടുന്നു. ഇതാണ് അടുത്ത ഘട്ടത്തിലേക്ക് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം.
ഘട്ടം 2: ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ (FBRs):
ഒന്നാം ഘട്ടത്തിൽ നിന്ന് ലഭിക്കുന്ന പ്ലൂട്ടോണിയം ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഇവ ഉല്പാദിപ്പിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. കൽപ്പാക്കത്തെ PFBR-ലൂടെ രാജ്യം ഈ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ റിയാക്ടറുകൾ തോറിയത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന യുറേനിയം-233 മൂന്നാം ഘട്ടത്തിന് അടിത്തറ പാകുന്നു.
ഘട്ടം 3: തോറിയം അധിഷ്ഠിത റിയാക്ടറുകൾ:
രണ്ടാം ഘട്ടത്തിൽ ഉല്പാദിപ്പിച്ച യുറേനിയം-233 ഇന്ധനമായി ഉപയോഗിച്ച് ഇന്ത്യയുടെ വിപുലമായ തോറിയം നിക്ഷേപത്തെ ഈ ഘട്ടത്തിൽ വൻതോതിൽ പ്രയോജനപ്പെടുത്തും. തോറിയത്തെ പ്രായോഗികമായി ഒരു വിപുലമായ ഊർജ്ജ സ്രോതസ്സായി കണക്കാക്കുന്നതിനാല്‍ ഇന്ത്യയുടെ ദീർഘകാല ഊർജ്ജ സുരക്ഷയില്‍ ഈ ഘട്ടം ഏറെ നിര്‍ണായകമാണ്.
ഓരോ ഘട്ടവും അടുത്ത ഘട്ടത്തിനാവശ്യമായ ഇന്ധനം നൽകുന്നുവെന്നത് ഇന്ത്യയുടെ ആണവ പരിപാടിയെ ലോകത്തെ ദീർഘവീക്ഷണ ഊർജ്ജ തന്ത്രങ്ങളിലൊന്നാക്കി മാറ്റുന്നു.
പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR): ഒരു അവലോകനം
പതിറ്റാണ്ടുകൾ നീണ്ട ഇന്ത്യയുടെ തദ്ദേശീയ ഗവേഷണത്തിൻ്റെയും രൂപകല്പനയുടെയും എന്‍ജിനീയറിങിൻ്റെയും ഫലമാണ് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR). ആണവോര്‍ജ്ജ വകുപ്പിന് കീഴിലെ ഗവേഷണ സ്ഥാപനമായ ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ചാണ് (IGCAR) ഇതിൻ്റെ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
-
ഇന്ധനവും രൂപകല്പനയും: പരമ്പരാഗത താപോര്‍ജ്ജ നിലയങ്ങളില്‍നിന്ന് വ്യത്യസ്തമായി യുറേനിയം-പ്ലൂട്ടോണിയം മിക്സഡ് ഓക്സൈഡാണ് (MOX) പി.എഫ്.ബി.ആർ ഇന്ധനമായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിലെ സമ്മര്‍ദിത ഘനജല റിയാക്ടറുകളിൽ നിന്ന് ലഭിക്കുന്ന ഉപയോഗിച്ച ഇന്ധനം പുനർസംസ്‌കരിച്ചാണ് ഇതിനാവശ്യമായ ഇന്ധനം കണ്ടെത്തുന്നത്.
-
ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉല്പാദിപ്പിക്കുന്നു: പി.എഫ്.ബി.ആറിൻ്റെ ഉൾഭാഗത്തിന് ചുറ്റും യുറേനിയം-238 ൻ്റെ ആവരണമുണ്ട്. അതിവേഗ ന്യൂട്രോണുകൾ ഈ യുറേനിയത്തെ പ്ലൂട്ടോണിയം-239 ആക്കി മാറ്റുന്നു. ഇതിലൂടെ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉല്പാദിപ്പിക്കാൻ റിയാക്ടറിന് സാധിക്കുന്നു.
-
മൂന്നാം ഘട്ടത്തിലേക്കുള്ള പാത: ഭാവിയിൽ റിയാക്ടറിലെ ഈ ആവരണത്തിൽ തോറിയം-232 ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഇതിൻ്റെ രൂപകല്പന. ട്രാൻസ്‌മ്യൂട്ടേഷൻ പ്രക്രിയയിലൂടെ തോറിയം-232-നെ യുറേനിയം-233 ആക്കി മാറ്റാം. ഇതാണ് ഇന്ത്യയുടെ മൂന്നാം ഘട്ട തോറിയം അധിഷ്ഠിത ആണവോർജ്ജ പദ്ധതിയിലെ പ്രധാന ഇന്ധനം.
-
ക്ലോസ്ഡ് ഫ്യുവൽ സൈക്കിൾ: പി.എഫ്.ബി.ആറിൽ നിന്ന് ലഭിക്കുന്ന ഉപയോഗിച്ച ഇന്ധനം വീണ്ടും പുനർസംസ്‌കരിച്ച് റിയാക്ടറിൽ തന്നെ ഉപയോഗിക്കാം. ഇത് രണ്ടാം ഘട്ടത്തിലെ ഇന്ധന ചക്രം പൂർത്തിയാക്കുകയും മൂന്നാം ഘട്ടത്തിൽ ഇന്ത്യയുടെ സമൃദ്ധമായ തോറിയം നിക്ഷേപം വൻതോതിൽ പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ നിലവിലെ ആണവോർജ്ജ സാഹചര്യം
ഇന്ത്യയുടെ ഊർജ്ജോല്പാദനത്തിൽ ആണവോർജ്ജം സുസ്ഥിര പങ്കുവഹിക്കുന്നു. വരും വർഷങ്ങളിൽ വൻതോതില്‍ വിപുലീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്ന നിർണായക ഘട്ടത്തിലാണ് ഇപ്പോള്‍ ഈ മേഖല.
-
സ്ഥാപിത ശേഷി: ഇന്ത്യയുടെ നിലവിലെ ആണവോർജ്ജ ശേഷി 8.78 ജിഗാവാട്ടാണ് (GW). 2024–25 കാലയളവിൽ രാജ്യത്തെ ആണവനിലയങ്ങൾ 56,681 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു.
-
സ്ഥിരതയാര്‍ന്ന സംഭാവന: ഇന്ത്യയിലെ ആകെ വൈദ്യുതി ഉല്പാദനത്തിൻ്റെ ഏകദേശം 3% ആണവോർജ്ജ വിഹിതമാണ്. 2024–25-ൽ ഇത് 3.1 ശതമാനമായിരുന്നു.
-
ആസൂത്രിത വിപുലീകരണം: വരും വർഷങ്ങളിൽ ഇന്ത്യയുടെ ആണവോർജ്ജ ശേഷി ഏകദേശം മൂന്ന് മടങ്ങായി വർധിക്കും. തദ്ദേശീയമായി വികസിപ്പിച്ച 700 മെഗാവാട്ട് (MW) റിയാക്ടറുകളും അന്താരാഷ്ട്ര സഹകരണത്തോടെ നിർമിക്കുന്ന 1,000 മെഗാവാട്ട് റിയാക്ടറുകളും വഴി 2031–32-ഓടെ ഉല്പാദനശേഷി 22.38 ജിഗാവാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
അന്താരാഷ്ട്ര സഹകരണം: സമാധാനപരമായ ആവശ്യങ്ങൾ ലക്ഷ്യമിടുന്ന സിവിൽ ആണവ സഹകരണത്തിന് 18 രാജ്യങ്ങളുമായി ഇന്ത്യ അന്തർ സർക്കാർ കരാറുകളിൽ (IGAs) ഒപ്പുവെച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയിൽ ലോകരാജ്യങ്ങളുടെ വർധിച്ചുവരുന്ന വിശ്വാസ്യത പ്രതിഫലിപ്പിക്കുന്നു.
ചുരുക്കത്തിൽ ഈ കണക്കുകൾ വ്യക്തമായ ഒരു ചിത്രം നൽകുന്നു. ഇന്ത്യയില്‍ ആണവോർജ്ജം കേവലം അധിക ഊർജ്ജ സ്രോതസ്സ് മാത്രമല്ല, മറിച്ച് രാജ്യത്തിൻ്റെ സംശുദ്ധ ഊർജ്ജ ഭാവിയിലെ സുപ്രധാന സ്തംഭമായി അത് അതിവേഗം മാറുകയാണ്.
ദീർഘകാല ലക്ഷ്യം
ഇന്ത്യയുടെ ആകെ ഊർജ്ജോല്പാദനത്തിൽ ആണവോർജ്ജത്തിന് വളരെ വലിയൊരു പങ്കാണ് രാജ്യം വിഭാവനം ചെയ്തിരിക്കുന്നത്. 2047-ഓടെ ആണവോർജ്ജ ഉല്പാദന ശേഷി 100 ജിഗാവാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'ആണവോര്‍ജ്ജ ദൗത്യം' സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2025–26 ലെ കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച രൂപരേഖ അവതരിപ്പിച്ചത്. 2070-ഓടെ കാർബൺ ബഹിര്‍ഗമനം പൂർണമായി ഇല്ലാതാക്കുകയെന്ന ഇന്ത്യയുടെ വലിയ ലക്ഷ്യത്തെയും ഈ ദൗത്യം പിന്തുണയ്ക്കുന്നു.
ഇന്ത്യ ആണവോർജ്ജം വിപുലീകരിക്കേണ്ടത് എന്തുകൊണ്ട്?
ഇന്ത്യയുടെ ഊർജ്ജ ആവശ്യകത അതിവേഗം വർധിക്കുകയാണ്, ഒപ്പം സംശുദ്ധ ഊർജ്ജത്തോട് രാജ്യം പുലര്‍ത്തുന്ന പ്രതിബദ്ധതയും സുദൃഢമാണ്. ജലവൈദ്യുത പദ്ധതികൾ, കാറ്റാടി മില്ലുകൾ എന്നിവയ്ക്ക് സമാനമായ രീതിയിൽ കുറഞ്ഞ കാർബൺ ബഹിര്‍ഗമനത്തോടെ 24 മണിക്കൂറും ലഭ്യമാകുന്ന അടിസ്ഥാന ഊർജ്ജ സ്രോതസ്സാണ് ആണവോർജ്ജം. ഡാറ്റാ സെൻ്ററുകൾക്കും നൂതന വ്യവസായങ്ങൾക്കും വളർന്നുവരുന്ന അത്യാധുനിക സാങ്കേതികവിദ്യകൾക്കും ആവശ്യമായ മുടക്കമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ ആണവോർജ്ജത്തിന് സവിശേഷ കഴിവുണ്ട്. അതിനാൽ ആണവോർജ്ജ ശേഷി വർധിപ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം തന്ത്രപരമായ തീരുമാനം മാത്രമല്ല, മറിച്ച് ദീർഘകാല ഊർജ്ജ സുരക്ഷയ്ക്കും സംശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിനും അത്യന്താപേക്ഷിതമായ ആവശ്യകത കൂടിയാണ്.
ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന് താഴെ നല്‍കിയിരിക്കുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
-
സാമ്പത്തിക പ്രതിബദ്ധത: ചെറുകിട മോഡുലാർ റിയാക്ടറുകളുടെ രൂപകല്പനയ്ക്കും വികസനത്തിനും വിന്യാസത്തിനും ആണവോര്‍ജ്ജ ദൗത്യം 20,000 കോടി രൂപ വകയിരുത്തി. തദ്ദേശീയ ആണവ സാങ്കേതികവിദ്യയിലെ ദീർഘകാല നിക്ഷേപത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
-
ചെറുകിട മോഡുലാര്‍ റിയാക്ടറുകളുടെ ലക്ഷ്യം: ഇന്ത്യയുടെ സംശുദ്ധവും വിശ്വസനീയവുമായ ഊർജ്ജ ഭൂപടം ശക്തിപ്പെടുത്തി തദ്ദേശീയമായി രൂപകൽപ്പന ചെയ്ത കുറഞ്ഞത് അഞ്ച് ചെറുകിട മോഡുലാര്‍ റിയാക്ടറുകളെങ്കിലും 2033-ഓടെ പ്രവർത്തനസജ്ജമാകും.
-
BARC സംരംഭങ്ങള്‍: ബാഭ അറ്റോമിക് റിസർച്ച് സെൻ്റർ (BARC) വരുംതലമുറ റിയാക്ടർ രൂപകല്പനാ വികസനത്തിന് നേതൃത്വം നൽകുന്നു. 200 മെഗാവാട്ട് ഭാരത് സ്മോൾ മോഡുലാർ റിയാക്ടർ (BSMR-200), 55 മെഗാവാട്ട് SMR-55, ഹൈഡ്രജൻ ഉല്പാദനത്തിനായി രൂപകല്പന ചെയ്ത 5 മെഗാവാട്ട് തെർമൽ ഹൈ-ടെംപറേച്ചർ ഗ്യാസ്-കൂൾഡ് റിയാക്ടർ എന്നിവ ഇതിലുൾപ്പെടുന്നു.
-
ശാന്തി (SHANTI) നിയമം 2025: ഈ ദൗത്യത്തെ പിന്തുണയ്ക്കുന്നതിന് ആണവോർജ്ജത്തിൻ്റെ സുസ്ഥിരത പ്രയോജനപ്പെടുത്തി രാജ്യത്തിൻ്റെ പരിവർത്തനം ലക്ഷ്യമിടുന്ന ‘ശാന്തി നിയമം 2025’ ഗവണ്മെൻ്റ് നടപ്പാക്കി. ഇന്ത്യയുടെ ആണവ നിയമ ചട്ടക്കൂടിനെ ഈ നിയമം ഏകീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്നു. ആണവ മേഖലയിൽ നിയന്ത്രണ സംവിധാനങ്ങളുടെ മേൽനോട്ടത്തിൽ പരിമിതമായ സ്വകാര്യ പങ്കാളിത്തം നിയമത്തിലൂടെ അനുവദിക്കുന്നു, ഇത് സഹകരണത്തിനും നിക്ഷേപത്തിനും പുതുവഴികൾ തുറക്കുന്നു.
ഇന്ത്യയുടെ ദീർഘകാല ആണവ കാഴ്ചപ്പാട് നിശ്ചയദാര്‍ഢ്യത്തോടുകൂടിയതാണ്. നയപരമായ പിന്തുണയും പ്രത്യേക ധനസഹായവും തദ്ദേശീയ ഗവേഷണവും കേന്ദ്രീകരിച്ച് സ്വയംപര്യാപ്തവും ആഗോള പ്രാധാന്യമേറിയതുമായ ആണവ ഭാവി രാജ്യം കെട്ടിപ്പടുക്കുന്നു.
ഉപസംഹാരം
പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കി 'ക്രിട്ടിക്കാലിറ്റി' കൈവരിച്ചത് കേവലം സാങ്കേതിക നാഴികക്കല്ല് എന്നതിലുപരി വലിയൊരു പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ ദീർഘകാല ആണവ കാഴ്ചപ്പാടിൻ്റെ പക്വതയെയും തദ്ദേശീയ ശേഷിയെയും ഇത് പ്രതിഫലിപ്പിക്കുന്നു. പരിമിതമായ യുറേനിയം വിഭവങ്ങളിൽനിന്ന് തോറിയം അധിഷ്ഠിത ഊർജ്ജ ഭാവിയിലേക്കുള്ള രാജ്യത്തിൻ്റെ മൂന്നുഘട്ട ആണവ പരിപാടി അതിൻ്റെ രൂപകല്പനയിൽ നിന്ന് പ്രയോഗത്തിലേക്ക് മാറുകയാണ്. കൽപ്പാക്കം ആണവ സമുച്ചയത്തിലെ ഈ പുരോഗതി അത്യാധുനിക റിയാക്ടർ സാങ്കേതികവിദ്യകളില്‍ രാജ്യത്തിൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുകയും പരിവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ ആണവോര്‍ജ്ജ വകുപ്പ് പോലുള്ള സ്ഥാപനങ്ങളുടെ പങ്ക് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു. ഉല്പാദനശേഷി വർധിക്കുകയും നവ സാങ്കേതികവിദ്യകൾ രൂപപ്പെടുകയും ചെയ്യുന്നതോടെ ഇന്ത്യയുടെ ഊർജ്ജ വിന്യാസത്തിൽ കൂടുതൽ നിർണായകമായ പങ്കുവഹിക്കാനൊരുങ്ങുകയാണ് ആണവോർജ്ജം. അതിനാൽ നേട്ടത്തിനൊപ്പം ഊർജ്ജ സുരക്ഷയിലേക്കും സാങ്കേതിക സ്വയംപര്യാപ്തതയിലേക്കും 2070-ലെ 'നെറ്റ് സീറോ' ലക്ഷ്യത്തിലേക്കും രാജ്യം നടത്തുന്ന പ്രയാണത്തിന് പാതയൊരുക്കുന്ന സവിശേഷ വഴിത്തിരിവാണ് ഈ നിമിഷം.
അവലംബം:
Click here to see pdf
****
( റിലീസ് ഐ.ഡി: 2250037)
സന്ദര്‍ശക കൗണ്ടര്‍ : 26