PIB Backgrounder
azadi ka amrit mahotsav

പിഎം-കിസാൻ പദ്ധതിയുടെ 22-ാം ഗഡു

9.32 കോടി കർഷകർക്ക് 18,640 കോടിയിലധികം രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം

പോസ്റ്റഡ് ഓണ്‍: 19 MAR 2026 11:18AM by PIB Thiruvananthpuram

പ്രധാന കാര്യങ്ങൾ

2026 മാർച്ച് 13 ന് അസമിലെ ഗുവാഹത്തിയിൽ വെച്ച് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 22-ാം ഗഡുവായി 18,640 കോടിയിലധികം രൂപ പ്രധാനമന്ത്രി അനുവദിച്ചു.

ഈ ഗഡുവിനു കീഴിൽ 9.32 കോടിയിലധികം കർഷകർക്ക് സാമ്പത്തിക സഹായം ലഭിച്ചു. ഇതിൽ 2.15 കോടി പേർ വനിതാ കർഷകരാണ്.

ആരംഭകാലം മുതൽ 4.27 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തു, ഇത് പി.എം.-കിസാൻ പദ്ധതിയെ ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡയറക്ട് ബെനിഫിക്ട് ട്രാൻസ്ഫർ-ഡി.ബി.ടി) സംരംഭങ്ങളിലൊന്നാക്കി മാറ്റി.

ആധാർ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിലൂടെയും ഡിജിറ്റൈസ് ചെയ്ത ഭൂരേഖകളിലൂടെയും പദ്ധതി നടപ്പിലാക്കുന്നു. ഇത് അർഹരായ ഗുണഭോക്താക്കൾക്ക് സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഉറപ്പാക്കുന്നു.

ഐ.എഫ്.പി.ആർ.ഐ (ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), നീതി ആയോഗ് എന്നിവയുടെ ആഘാത വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്, കാർഷിക വരുമാനം വർദ്ധിച്ചതായും അനൗപചാരിക വായ്പാ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറഞ്ഞതായും കർഷകർ സാക്ഷ്യപ്പെടുത്തുന്നുവെന്നതാണ്.  


ആമുഖം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 22-ാം ഗഡു 2026 മാർച്ച് 13-ന് അസമിലെ ഗുവാഹത്തിയിൽ വെച്ച് വിതരണം ചെയ്തു. ഈ ഗഡു പ്രകാരം, 2.15 കോടിയിലധികം വനിതാ ഗുണഭോക്താക്കൾ ഉൾപ്പെടെ ഏകദേശം 9.32 കോടി അർഹരായ കർഷകർക്ക്, സുതാര്യത ഉറപ്പാക്കുകയും ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്യുന്ന നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ-ഡി.ബി.ടി) സംവിധാനത്തിലൂടെ ഏകദേശം 18,640 കോടിയോളം രൂപ നേരിട്ടുള്ള സാമ്പത്തിക സഹായമായി ലഭിച്ചു. 'അന്നദാത സമ്മാൻ' ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭമായാണ് ഈ പദ്ധതി വ്യാപകമായി കണക്കാക്കപ്പെടുന്നത്. കർഷകരുടെ വരുമാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ തുടർ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, 2026-27 ലെ കേന്ദ്ര ബജറ്റ് പി.എം-കിസാൻ പദ്ധതിക്കായി 60,000 കോടി രൂപ വകയിരുത്തി.

പിഎം-ഫാം പിന്തുണയിലൂടെ കർഷകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തൽ:

കേരളത്തിലെ എടക്കരയിൽ നിന്നുള്ള കർഷകയായ ഭാമിനി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പി.എം-കിസാൻ) വനിതാ ഗുണഭോക്താക്കളിൽ ഒരാളാണ്. 21-ാം ഗഡു ലഭിച്ചതിനുശേഷം, സമയബന്ധിതമായ സാമ്പത്തിക സഹായം കാർഷിക രീതികൾ ശക്തിപ്പെടുത്താനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനും തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവർ നിരീക്ഷിച്ചു. ഡി.ബി.ടി സംവിധാനത്തിലൂടെയുള്ള ആനുകൂല്യങ്ങളുടെ തടസ്സരഹിതമായ കൈമാറ്റം കർഷകർക്കുള്ള പിന്തുണ കാലതാമസമില്ലാതെ ലഭ്യമാവുന്നുവെന്നത് ഉറപ്പാക്കുന്നു, ഇത് വർധിത ആത്മവിശ്വാസത്തോടെ കാർഷിക പ്രവർത്തനങ്ങൾ തുടരാൻ അവരെ പ്രാപ്തരാക്കുന്നു.

ചെറുകിട, നാമമാത്ര കർഷകർക്ക് നേരിട്ടുള്ള വരുമാന പിന്തുണയായി പി.എം-കിസാൻ:

രാജ്യവ്യാപകമായി കൃഷിയോഗ്യമായ ഭൂമിയുള്ള ഭൂവുടമകളായ കർഷക കുടുംബങ്ങൾക്ക് ഉറച്ച വരുമാന പിന്തുണ നൽകുന്നതിനായി 2019 ഫെബ്രുവരി 24 ന് ആരംഭിച്ച ഒരു കേന്ദ്രീകൃത പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ). ഈ പദ്ധതി പ്രകാരം, അർഹതയുള്ള ഓരോ കർഷക കുടുംബത്തിനും വാർഷിക സാമ്പത്തിക സഹായമായി 6,000 രൂപ ലഭിക്കുന്നു, ഇത് ആധാർ ബന്ധിതമായ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡി.ബി.ടി സംവിധാനം വഴി 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി വിതരണം ചെയ്യുന്നു. ഇതുവരെ, രാജ്യത്തെ അർഹരായ കർഷക കുടുംബങ്ങൾക്ക് 21 ഗഡുക്കളായി 4.27 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ട്. പി.എം-കിസാൻ പോർട്ടലിൽ ഭൂരേഖകൾ സംയോജിപ്പിച്ച്, ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ച്, ഇ-കെ.വൈ.സി പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കും.

 



 

കാർഷിക ഉത്പന്നങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിലൂടെ ചെറുകിട, നാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും അതുവഴി വിള ആരോഗ്യവും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നേരിട്ടുള്ള സാമ്പത്തിക സഹായം നൽകുന്നത് കർഷകർ അനൗപചാരിക വായ്പാ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാർഷിക പ്രവർത്തനങ്ങളുടെ തുടർച്ചയെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡി.ബി.ടി) സംരംഭങ്ങളിലൊന്നായി പിഎം-കിസാൻ വേറിട്ടുനിൽക്കുന്നു. കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകുന്നതിനുള്ള അതിന്റെ സുപ്രധാന സ്ഥാപനപര സംവിധാനത്തെ ഊന്നിപ്പറയുന്ന സംരംഭത്തിന്റെ ഗുണഭോക്താക്കളിൽ 25 ശതമാനത്തിലധികം സ്ത്രീകളാണെന്നത് ഇതിന്റെ സമഗ്രമായ ഉൾച്ചേർക്കൽ സമീപനത്തെ എടുത്തുകാണിക്കുന്നു.


കൃഷിയിടങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ: കാർഷിക ഉത്പാദനക്ഷമത ശക്തിപ്പെടുത്തൽ:

രാജ്യത്തെ വൈവിധ്യമാർന്ന മേഖലകളിലുടനീളം, പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) കർഷകരെ അവരുടെ നിലങ്ങളിൽ നിക്ഷേപിക്കാനും കാർഷിക ഉത്പാദനക്ഷമത ശക്തിപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ദുർഗാപൂരിൽ നിന്നുള്ള കർഷകനായ അനിൽ ഹൽദാറിന്, 6,000 രൂപ വാർഷിക സഹായം കാർഷിക പ്രവർത്തനങ്ങൾക്കുള്ള സമയബന്ധിതമായ പിന്തുണയാണ്. 2025 ആഗസ്റ്റിൽ ഒരു ഗഡു ലഭിച്ച ശേഷം, അദ്ദേഹം തണ്ണിമത്തൻ കൃഷിയ്ക്ക് തുടക്കമിടുകയും അവശ്യ വസ്തുക്കൾ വാങ്ങാനായി ഫണ്ട് ഉപയോഗിക്കുകയും ചെയ്തു. സാമ്പത്തിക സഹായം അദ്ദേഹത്തെ വിള വൈവിധ്യവത്കരണത്തിനും കാർഷിക പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും പ്രാപ്തമാക്കി.

അതുപോലെ, ജമ്മു കശ്മീരിലെ കുപ്വാരയിൽ നിന്നുള്ള കർഷകനായ ദീപക് സിംഗ് നേഗി, വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ തുടങ്ങിയ പ്രധാന കാർഷിക ഉത്പാദന ഘടകങ്ങൾ ശേഖരിക്കുന്നതിന് പദ്ധതിയുടെ സഹായം വിനിയോഗിക്കുന്നു. ഈ നിക്ഷേപങ്ങൾ അദ്ദേഹത്തിന്റെ വിളകളുടെ ഗുണനിലവാരവും വിളവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നത്, നേരിട്ടുള്ള വരുമാന പിന്തുണ കർഷകരെ ഉത്പാദനക്ഷമത ശക്തിപ്പെടുത്താനും അവരുടെ ഉപജീവനമാർഗ്ഗം നിലനിർത്താനും എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വിവേകാനന്ദപുരിൽ നിന്നുള്ള അമിതാഭ് മണ്ഡൽ പി.എം-കിസാൻ പദ്ധതി പ്രകാരം ലഭിച്ച സഹായം തന്റെ കൃഷിയിടത്തിലേക്ക് ജൈവ വളങ്ങൾ വാങ്ങാൻ ഉപയോഗിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഈ സാമ്പത്തിക സഹായം കാർഷിക ചെലവ് കുറയ്ക്കുന്നതിനൊപ്പം ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്.  അതുവഴി കാർഷിക ലാഭം മെച്ചപ്പെടുത്താനും കൂടുതൽ സുസ്ഥിരമായ കാർഷിക രീതികൾ സ്വീകരിക്കാനും സാധിച്ചു.

പി.എം-കിസാൻ പദ്ധതിയുടെ സ്ഥാപനപരമായ ചട്ടക്കൂടും ഡിജിറ്റൽ ഭരണനിർവഹണവും:

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുും ഉൾപ്പെടുന്ന ഒരു ഏകോപിത സ്ഥാപനപര ചട്ടക്കൂടിലൂടെയാണ് പി.എം-കിസാൻ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിർവഹണത്തിൽ ശക്തമായ നിരീക്ഷണവും സുതാര്യതയും പ്രാപ്തമാക്കുന്നതിനൊപ്പം ആനുകൂല്യങ്ങളുടെ കാര്യക്ഷമമായ കൈമാറ്റം സാധ്യമാക്കുന്നതിനും സ്ഥിരീകരിച്ച ഗുണഭോക്തൃ ഡാറ്റാബേസുകൾ, ആധാർ അധിഷ്ഠിത പ്രാമാണീകരണം, ഒന്നിലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയെ ഈ സംവിധാനം സംയോജിപ്പിക്കുന്നു.

ലക്ഷ്യമിടൽ, ഗുണഭോക്താക്കളെ തിരിച്ചറിയൽ, ഡാറ്റാബേസ് മാനേജ്‌മെന്റ്:

അർഹരായ കർഷക കുടുംബങ്ങളെ തിരിച്ചറിയുന്നതിലൂടെയും സമഗ്രമായ ഒരു ഡാറ്റാബേസ് വികസിപ്പിക്കുന്നതിലൂടെയും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പ്രധാന പങ്ക് വഹിക്കുന്നു. പേര്, പ്രായം, വിഭാഗം, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ തുടങ്ങിയ പ്രധാന വിശദാംശങ്ങൾ ഈ ഡാറ്റാബേസിൽ ഉൾപ്പെടുന്നു.

ഈ രേഖകളുടെ കൃത്യത ഉറപ്പാക്കുന്നതിനും, ആവർത്തിച്ചുള്ള പണം നൽകൽ തടയുന്നതിനും, ബാങ്ക് അക്കൗണ്ട് പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഗുണഭോക്തൃ തിരിച്ചറിയൽ പ്രധാനമായും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരിപാലിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തടസ്സമില്ലാത്ത നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സാധ്യമാക്കുന്നതിന് ഈ രേഖകൾ പതിവായി പുതുക്കി കാലികമാക്കുകയും ഡിജിറ്റൽ വത്കരിക്കുകയും ആധാറുമായും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായും ബന്ധിപ്പിക്കുകയും വേണം.

പിഎം-കിസാൻ പദ്ധതി പ്രകാരം, സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും അബദ്ധവശാൽ ഒഴിവാക്കപ്പെട്ട കർഷകരെ ഉചിതമായ പരാതി പരിഹാര സംവിധാനങ്ങളിലൂടെ ഉൾപ്പെടുത്താൻ പ്രാപ്തരാക്കുന്നതിനുമായി അർഹരായ ഗുണഭോക്താക്കളുടെ പട്ടിക വില്ലേജ് തലത്തിൽ പരസ്യമായി പ്രദർശിപ്പിക്കും. കൂടാതെ, ആദായനികുതിദായകർ, സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഭരണഘടനാ പദവികൾ വഹിക്കുന്നവർ എന്നിവരുൾപ്പെടെ അനർഹരായ വ്യക്തികൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്ത കേസുകളിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വീണ്ടെടുക്കൽ നടപടികൾ നടത്തേണ്ടതുണ്ട്. 2025 ഡിസംബർ 2 വരെ, രാജ്യവ്യാപകമായി അനർഹരായ ഗുണഭോക്താക്കളിൽ നിന്ന് ഇത്തരത്തിൽ തിരിച്ചുപിടിച്ച ആകെത്തുക 416.75 കോടി രൂപയാണ്.

സാങ്കേതികവിദ്യാധിഷ്ഠിത സേവന വിതരണ സംവിധാനം

ആനുകൂല്യ വിതരണത്തിൽ അഭിഗമ്യത സുഗമമാക്കുകയും സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന കർഷക കേന്ദ്രീകൃത ഡിജിറ്റൽ അടിസ്ഥാനസൗകര്യമാണ് പി.എം-കിസാൻ പദ്ധതിയെ പിന്തുണയ്ക്കുന്നത്. ആധാർ അധിഷ്ഠിത പ്രാമാണീകരണം ഈ സംവിധാനത്തിന്റെ ഒരു നെടുംതൂണാണ്. ഇ-കെ.വൈ.സി സംവിധാനത്തിലൂടെ സുരക്ഷിതമായ ഗുണഭോക്തൃ തിരിച്ചറിയലും പണവിനിമയ പരിശോധനയും സുഗമമാക്കുന്നു.

കർഷകർക്ക് ഇനിപ്പറയുന്നവ ഉപയോഗിച്ച് ഇ-കെ.വൈ.സി പൂർത്തീകരിക്കാൻ കഴിയും:

ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം

  ബയോമെട്രിക് പ്രാമാണീകരണം

  മുഖമുപയോഗിച്ചുള്ള പ്രാമാണീകരണം

ഗുണഭോക്തൃ രജിസ്‌ട്രേഷൻ, സ്ഥിരീകരണം, ഡാറ്റ മാനേജ്‌മെന്റ് എന്നിവയ്ക്കുള്ള കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായി പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ) വെബ് പോർട്ടൽ പ്രവർത്തിക്കുന്നു. ഇത് കർഷകരുടെ ഏകീകൃത ദേശീയ ഡാറ്റാബേസ് പരിപാലിക്കുകയും, പൊതു ധനകാര്യ മാനേജ്മെന്റ് സംവിധാനവുമായി (പി.എഫ്.എം.എസ്) സംയോജിപ്പിച്ച് ഫണ്ട് കൈമാറ്റം സുഗമമാക്കുകയും, രാജ്യവ്യാപകമായി സാമ്പത്തിക ഇടപാടുകളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുകയും ചെയ്യുന്നു. ഗുണഭോക്തൃ കർഷകരുടെ സ്ഥലം തിരിച്ചുള്ള പട്ടികയും നൽകുന്ന പോർട്ടൽ, അതുവഴി പദ്ധതി നിർവഹണത്തിൽ സുതാര്യത വർദ്ധിപ്പിക്കുന്നു.

പോർട്ടലിന് അനുബന്ധമായി, 2020 ൽ ആരംഭിച്ച പി.എം. കിസാൻ മൊബൈൽ ആപ്ലിക്കേഷൻ, ഈ സേവനങ്ങൾ മൊബൈൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നു. കർഷകർക്ക് സ്വയം രജിസ്‌ട്രേഷൻ നടത്താനും, ആനുകൂല്യ കൈമാറ്റങ്ങളുടെ നില അറിയാനും, ഇ-കെ.വൈ.സി പരിശോധന പൂർത്തിയാക്കാനും ഈ ആപ്ലിക്കേഷൻ പ്രാപ്തമാക്കുന്നു. 2023 ൽ, ആപ്ലിക്കേഷൻ ഒരു മുഖ പ്രാമാണീകരണ വിശേഷതയോടെ പരിഷ്‌കരിച്ചു. ഇത് കർഷകർക്ക് അവരുടെ മുഖം സ്‌കാൻ ചെയ്തുകൊണ്ട് ഇ-കെ.വൈ.സി പൂർത്തിയാക്കാൻ അനുവദിക്കുകയും, അതുവഴി ഒ.ടി.പി അല്ലെങ്കിൽ വിരലടയാളം അടിസ്ഥാനമാക്കിയുള്ള പരിശോധനയുടെ ആവശ്യകത ഇല്ലാതാക്കുകയും പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു.

 



 

നിർമിതബുദ്ധി (എ.ഐ) പിന്തുണാ സംവിധാനം: കിസാൻ-ഇ മിത്ര

2023 സെപ്റ്റംബറിൽ, പി.എം-കിസാൻ ഡിജിറ്റൽ ആവാസവ്യവസ്ഥയുമായി സംയോജിപ്പിച്ച എ.ഐ-പ്രാപ്തമാക്കിയ ചാറ്റ്ബോട്ടായ കിസാൻ-ഇ മിത്ര കേന്ദ്രസർക്കാർ അവതരിപ്പിച്ചു. എക്സ്റ്റെപ്പ് ഫൗണ്ടേഷന്റെയും ഭാഷിണിയുടെയും സാങ്കേതിക പിന്തുണയോടെ വികസിപ്പിച്ചെടുത്ത ഈ ചാറ്റ്ബോട്ട്, പദ്ധതിക്ക് കീഴിലുള്ള പണവിനിമയങ്ങൾ, രജിസ്‌ട്രേഷനുകൾ, ആനുകൂല്യ അർഹത എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലായി കർഷകർക്ക് നൽകുന്നു.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ബംഗാളി, ഒഡിയ, മലയാളം, ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, മറാത്തി, കന്നഡ എന്നീ 11 പ്രധാന ഭാഷകളിൽ ഈ പ്ലാറ്റ്ഫോം ദിവസം മുഴുവൻ പിന്തുണ വാഗ്ദാനം ചെയ്യുന്നു, അതുവഴി വൈവിധ്യമാർന്ന ഉപയോക്തൃ അടിത്തറയ്ക്കായുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു. ശബ്ദ, എഴുത്ത് അധിഷ്ഠിത അന്വേഷണങ്ങൾ വഴി, കർഷകർക്ക് അവരുടെ അപേക്ഷകളുടെ നില പരിശോധിക്കാനും, പണമിടപാട് സംബന്ധിച്ച പുതിയ വിവരങ്ങൾ നിരീക്ഷിക്കാനും, പദ്ധതി അനുബന്ധ വിവരങ്ങൾ നേടിയെടുക്കാനും കഴിയും, ഇത് സുതാര്യതയും സേവനങ്ങളിലേക്ക് എളുപ്പത്തിലുള്ള അഭിഗമ്യതയും വർദ്ധിപ്പിക്കുന്നു.

ബഹുതല അവലോകനവും പരാതി പരിഹാര ചട്ടക്കൂടും:  

ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുതല സ്ഥാപനപര ചട്ടക്കൂടിലൂടെയാണ് പി.എം-കിസാൻ പദ്ധതിയുടെ അവലോകനം നടത്തുന്നത്. ദേശീയ തലത്തിൽ, കാബിനറ്റ് സെക്രട്ടറിയാണ് അവലോകന സംവിധാനത്തിന്റെ അധ്യക്ഷൻ. അതേസമയം സംസ്ഥാന, ജില്ലാ അവലോകന സമിതികൾ അതത് അധികാരപരിധിക്കുള്ളിൽ നിർവഹണത്തിന് മേൽനോട്ടം വഹിക്കുന്നു.

കർഷകർക്ക് പി.എം. കിസാൻ പോർട്ടൽ വഴിയും കേന്ദ്രീകൃത പൊതുജന പരാതി പരിഹാര, നിരീക്ഷണ സംവിധാനം (സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസ്സൽ ആൻഡ് മോണിറ്ററിങ് സിസ്റ്റം-സി.പി.ജി.ആർ.എ.എം.എസ്) വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയും, ഇത് സമയബന്ധിതമായ പരിഹാരത്തിനും പരാതികൾ സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ, പി.എം. കിസാൻ പോർട്ടലിൽ ആകെ 24,605 പരാതികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കർഷക കേന്ദ്രീകൃത സേവനങ്ങൾക്കായുള്ള സ്ഥാപനപരമായ സംയോജനം

ഒരു മാനകീകൃത സ്ഥാപന വിഭവശേഷി ആസൂത്രണ സംവിധാനം മുഖേന, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ (പി.എ.സികൾ) പി.എം.കിസാനും മറ്റ് നിരവധി കേന്ദ്ര പദ്ധതികളുമായി കേന്ദ്ര സർക്കാർ സംയോജിപ്പിച്ചിരിക്കുന്നു. ഈ സംയോജനം പി.എ.സികളെ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പി.എം.കെ.എസ്.കെ), പൊതു സേവന കേന്ദ്രങ്ങൾ, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങൾ (പി.എം ബി.ജെ.പി), എൽ.പി.ജി വിതരണക്കാർ, ഇന്ധന ചില്ലറ വിൽപ്പന ശാലകൾ, ഗ്രാമീണ ജലവിതരണ സംവിധാനങ്ങൾ, കർഷക-ഉത്പാദക സംഘടനകൾ (എഫ്.പി.ഒ കൾ) തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നു. പി.എ.സികളുടെ പ്രവർത്തന പരിധി വിപുലീകരിക്കുക, അടിസ്ഥാനതലത്തിൽ സേവന സംയോജനം പ്രോത്സാഹിപ്പിക്കുക, അതിന്റെ ദീർഘകാല സാമ്പത്തിക ഭദ്രത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ സംയോജനത്തിന്റെ ലക്ഷ്യം.

പി.എം-കിസാന്റെ സ്വാധീന വിലയിരുത്തലുകളിൽ നിന്നുള്ള തെളിവുകൾ:

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ)യുടെ നിരവധി സ്വാധീന വിലയിരുത്തലുകൾ കർഷകരുടെ വരുമാനം ശക്തിപ്പെടുത്തുന്നതിലും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലുമുള്ള അതിന്റെ സംഭാവനയുടെ തെളിവുകൾ നൽകുന്നു. ഈ പഠനങ്ങൾ കൂട്ടായി സൂചിപ്പിക്കുന്നത് പദ്ധതിയുടെ നേരിട്ടുള്ള വരുമാന കൈമാറ്റം ഉത്പ്പാദനക്ഷമമായ കാർഷിക നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചെറുകിട, നാമമാത്ര കർഷകർ നേരിടുന്ന പണലഭ്യതാ പരിമിതികൾ ലഘൂകരിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ്.

2019-ൽ അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എഫ്.എഫ്.ആർ.ഐ) നടത്തിയ ഒരു സ്വതന്ത്ര വിലയിരുത്തലിൽ, പദ്ധതിക്ക് കീഴിലുള്ള പണ വിനിമയത്തിന്റെ ഉപയോഗം പരിശോധിച്ചു. പി.എം-കിസാൻ വഴി നൽകുന്ന സാമ്പത്തിക സഹായം ഗ്രാമപ്രദേശങ്ങളിലെ ഹ്രസ്വകാല വായ്പാ പരിമിതികൾ ലഘൂകരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അതുവഴി കർഷകർക്ക് കാർഷിക ഉത്പന്നങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ കഴിയുന്നുവെന്നും പഠനം കണ്ടെത്തി. ഉറപ്പായ വരുമാന പിന്തുണ ഉത്പാദനക്ഷമവും എന്നാൽ താരതമ്യേന നഷ്ടസാധ്യതയുള്ളതുമായ കാർഷിക നിക്ഷേപങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കർഷകരുടെ ശേഷി വർദ്ധിപ്പിക്കുകയും അതുവഴി വിശാലമായ ഗ്രാമീണ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് സംഭാവനയേകുകയും ചെയ്യുന്നുവെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

ഈ കണ്ടെത്തലുകൾക്ക് അനുബന്ധമായി, കേന്ദ്ര കൃഷി, കർഷകക്ഷേമ വകുപ്പ് കിസാൻ കോൾ സെന്ററുകൾ വഴി ഒരു ഘടനാപരമായ ഗുണഭോക്തൃ പ്രതികരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ നടത്തിയ സർവേകൾ ഗുണഭോക്തൃ സംതൃപ്തിയുടെ ഉയർന്ന തലത്തെ സൂചിപ്പിക്കുന്നു, പ്രതികരിച്ചവരിൽ 92 ശതമാനത്തിലധികം പേർ പദ്ധതിയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും 93 ശതമാനത്തിലധികം പേർ സാമ്പത്തിക സഹായം കാർഷിക പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് അറിയിക്കുകയും ചെയ്തു.

നീതി ആയോഗിന്റെ വികസന നിരീക്ഷണ, വിലയിരുത്തൽ ഓഫീസ് നടത്തിയ സ്വാധീന വിലയിരുത്തലിൽ നിന്ന് കൂടുതൽ അനുഭവപരമായ തെളിവുകൾ ഉയർന്നുവരുന്നു. ഗുണഭോക്തൃ കർഷകരിൽ 92 ശതമാനത്തിലധികം പേരും വർദ്ധിച്ചുവരുന്ന ഉത്പാദനച്ചെലവും കാലാവസ്ഥാ സംബന്ധമായ അനിശ്ചിതത്വങ്ങളും കാരണം നിർണായകമായി മാറിയ വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ തുടങ്ങിയ അവശ്യ കൃഷി സാധനങ്ങൾ വാങ്ങുന്നതിനായാണ് സാമ്പത്തിക സഹായം ഉപയോഗിച്ചതെന്ന് പഠനം റിപ്പോർട്ട് ചെയ്യുന്നു. ഇതു കൂടാതെ, ഏകദേശം 85 ശതമാനം ഗുണഭോക്താക്കളും കാർഷിക വരുമാനത്തിൽ വർധനവും, വിളനാശമോ ഗാർഹിക അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ അനൗപചാരിക വായ്പാ സ്രോതസ്സുകളിലുള്ള ആശ്രിതത്വത്തിലെ കുറവും രേഖപ്പെടുത്തി. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് കീഴിലുള്ള ദാരിദ്ര്യ നിർമ്മാർജനം, ഭക്ഷ്യസുരക്ഷ, ലിംഗഭേദം ഉൾപ്പെടുത്തൽ, സ്ഥാപനപരമായ സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട ദേശീയ പ്രതിബദ്ധതകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പദ്ധതിയുടെ വിശാലമായ സംഭാവനയെ ഈ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടുന്നു.

ഉപസംഹാരം
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ) ഒരു പരമ്പരാഗത വരുമാന പിന്തുണാ പരിപാടിക്കപ്പുറം കർഷക കേന്ദ്രീകൃതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ കാർഷിക വികസനത്തിനായുള്ള വിശാലമായ നയപരമായ ദിശാബോധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. അവകാശാധിഷ്ഠിത സഹായത്തിൽ നിന്ന് ശാക്തീകരണാധിഷ്ഠിത പിന്തുണയിലേക്ക് മാറാൻ പ്രാപ്തമാക്കുന്നതിലൂടെ, പൊതു സ്ഥാപനങ്ങളും കർഷക സമൂഹവും തമ്മിലുള്ള ബന്ധം പുനർനിർവചിക്കുന്നതിന് പദ്ധതി സംഭാവനയേകുന്നു. അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എപ്.പി.ആർ.ഐ), നീതി ആയോഗ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ സ്വാധീന വിലയിരുത്തൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഗുണഭോക്താക്കളിൽ ഗണ്യമായൊരു വിഭാഗം പേരും കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനാണ് സാമ്പത്തിക സഹായം ഉപയോഗിക്കുന്നത് എന്നാണ്. കാർഷിക വരുമാനത്തിലെ പുരോഗതിയും അനൗപചാരിക വായ്പാ സ്രോതസ്സുകളോടുള്ള കർഷകരുടെ ആശ്രിതത്വത്തിലുള്ള കുറവും ഈ പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ച് ട്രില്യൺ ഡോളറുള്ള സമ്പദ്വ്യവസ്ഥയായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന്റെ പശ്ചാത്തലത്തിൽ, പി.എം-കിസാൻ പോലുള്ള സംരംഭങ്ങൾ സമഗ്രവും വിശാലാടിസ്ഥാനത്തിലുള്ളതുമായ സാമ്പത്തിക പുരോഗതിക്ക് ഒരു പ്രധാന അടിത്തറ നൽകുന്നു. നൂതന സാങ്കേതികവിദ്യകളുടെ തുടർച്ചയായ സംയോജനവും കാലാവസ്ഥാ വ്യതിയാന പ്രതിരോധ ശേഷി, സുസ്ഥിരത, കൃത്യതയാർന്ന കൃഷി എന്നിവയിൽ വർദ്ധിച്ചുവരുന്ന നയപരമായ ഊന്നലും ഉള്ളതിനാൽ, കർഷകരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിലും കാർഷിക സമ്പദ്വ്യവസ്ഥയുടെ ദീർഘകാല പുരോഗതിയെ പിന്തുണയ്ക്കുന്നതിലും ഈ പദ്ധതി ഒരു നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


അവലംബം:

 

Ministry of Agriculture & Farmers Welfare

https://x.com/pmkisanofficial/status/1951491151024075168

https://x.com/pmkisanofficial/status/1951494242661974315

https://x.com/pmkisanofficial/status/1951241077081444434

https://www.pib.gov.in/PressReleasePage.aspx?PRID=2238588&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2191651&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2199564&reg=3&lang=2

https://sansad.in/getFile/loksabhaquestions/annex/186/AU358_FPeZsZ.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/186/AU305_QjnVDu.pdf?source=pqals

https://www.facebook.com/agriGoI/videos/i-received-the-21st-pm-kisan-installment-this-continued-support-encourages-me-to/826512120010995/?locale=hi_IN

 

Ministry of Finance

https://www.indiabudget.gov.in/doc/eb/sbe1.xlsx

 

PIB

https://blogs.pib.gov.in/blogsdescr.aspx?feaaid=287 

 

 

Click here to see pdf

****


( റിലീസ് ഐ.ഡി: 2243143) സന്ദര്‍ശക കൗണ്ടര്‍ : 65
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati