PIB Headquarters
മെട്രോ റെയില്‍: സുസ്ഥിര നഗര വളര്‍ച്ചയ്ക്കും സാമ്പത്തിക ഉത്പതിഷ്ണുതയ്ക്കും ഒരു ചാലകശക്തി
പോസ്റ്റഡ് ഓണ്‍:
15 MAR 2026 1:17PM by PIB Thiruvananthpuram
പ്രധാന കാര്യങ്ങള്‍
* ഇന്ത്യയുടെ മെട്രോ ശൃംഖല 2014ല്‍ 248 കിലോമീറ്ററില്‍ നിന്ന് 2025ഓടെ 1,095 കിലോമീറ്ററായി വികസിച്ചു.
* 2014ല്‍ വെറും 5 നഗരങ്ങളില്‍ നിന്ന് 2025ല്‍ 26 നഗരങ്ങളായി മെട്രോ പരിധി വളര്‍ന്നു.
* 2013-14 ല്‍ 5,798 കോടി രൂപയില്‍ നിന്ന് വാര്‍ഷിക മെട്രോ ബജറ്റ് 2025-26 ല്‍ 29,550 കോടി രൂപയായി വര്‍ദ്ധിച്ചു.
* മെട്രോ അഭിഗമ്യത ഗാര്‍ഹിക വായ്പാ തിരിച്ചടവ് അച്ചടക്കം മെച്ചപ്പെടുത്തുകയും സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പി.എം.ഇ.എ.സി പഠനം കണ്ടെത്തി.
അവലോകനം
ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ ശൃംഖലകളില്‍ ഒന്നായി രൂപപ്പെട്ടുകൊണ്ടുള്ള രാജ്യത്തെ മെട്രോ റെയില്‍ ശൃംഖലയുടെ ശ്രദ്ധേയമായ വികസനത്തിന് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യ സാക്ഷ്യം വഹിച്ചു. ഏതാനും നഗരങ്ങളിലെ വിരലിലെണ്ണാവുന്ന പ്രവര്‍ത്തന സജ്ജമായ ലൈനുകള്‍ എന്നയിടത്ത് നിന്നും, 1,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ശൃംഖല എന്ന നിര്‍ണായക നേട്ടം പിന്നിട്ടുകൊണ്ട് ഇരുപതിലധികം നഗര കേന്ദ്രങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലേക്ക് ശൃംഖല വളര്‍ന്നു,
ഈ വിപുലീകരണം നഗരങ്ങളില്‍ ആളുകള്‍ യാത്ര ചെയ്യുന്ന രീതിയെ മാറ്റിമറിച്ചു. വേഗതയേറിയതും വൃത്തിയുള്ളതും കൂടുതല്‍ വിശ്വസനീയവുമായ യാത്രകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം റോഡുകളിലെ തിരക്ക് ലഘൂകരിക്കുകയും ചെയ്തു.
മെട്രോ റെയില്‍ ഇന്ന് പുരോഗതിയുടെയും ആധുനിക ജീവിതത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ, അത് ഗാര്‍ഹികതല ഗതാഗതച്ചെലവ് കുറയ്ക്കുകയും ആരോഗ്യകരമായ അന്തരീക്ഷത്തിന് സംഭാവനയേകുകയും ചെയ്യുന്നു. വെറുമൊരു യാത്രാ മാര്‍ഗം എന്നതിലുപരി, മെട്രോ നിക്ഷേപങ്ങള്‍ വളര്‍ച്ചയുടെ ചാലകശക്തികളായി മാറിയിരിക്കുന്നു. അത് തൊഴിലവസരങ്ങളെ പിന്തുണയ്ക്കുകയും വിദ്യാഭ്യാസത്തിലേക്കും ആരോഗ്യ സംരക്ഷണത്തിലേക്കുമുള്ള അഭിഗമ്യത മെച്ചപ്പെടുത്തുകയും ഇന്ത്യയിലെ ദ്രുതഗതിയില്‍ വളരുന്ന നഗരങ്ങളിലുടനീളമുള്ള കുടുംബങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ മെട്രോ റെയില്‍ വിപുലീകരണവും: വ്യാപ്തിയും പരിധിയും:
ഇന്ത്യയുടെ മെട്രോ പ്രയാണം അതിന്റെ വ്യാപ്തി കൊണ്ട് മാത്രമല്ല, മറിച്ച് നഗര ഗതാഗതസൗകര്യങ്ങളെ പുനര്‍നിര്‍മ്മിക്കുന്ന പരിവര്‍ത്തനാത്മക സാങ്കേതികവിദ്യകളാലും നൂതനാശയങ്ങളാലും നിര്‍വചിക്കപ്പെടുന്നു. അതിവേഗ പ്രാദേശിക ട്രെയിനുകളും ജലാന്തര്‍ഭാഗ തുരങ്കങ്ങളും മുതല്‍ പരിസ്ഥിതി സൗഹൃദ ജല മെട്രോകള്‍ വരെ, സുരക്ഷ, സുസ്ഥിരത, ആധുനിക എന്‍ജിനീയറിങ് എന്നിവ സമന്വയിപ്പിക്കുന്ന പരിഹാരങ്ങള്‍ക്ക് രാജ്യം മുന്‍കൈയെടുത്തു. ലോകോത്തര സിഗ്‌നലിംഗ്, സ്മാര്‍ട്ട് ടിക്കറ്റിംഗ്, െ്രെഡവറില്ലാ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ്ജകാര്യക്ഷമ നടപടിക്രമങ്ങള്‍ എന്നിവയിലൂടെ ഈ സംവിധാനങ്ങള്‍ അതിവേഗമാര്‍ന്നതും ഹരിതാഭവും സുരക്ഷിതവുമായ ഗതാഗതത്തിന് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നു.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന മെട്രോ പാദമുദ്രകള്‍:
ഏതാനും നഗരങ്ങളില്‍ പരിമിതമായ സാന്നിധ്യമുണ്ടായിരുന്ന മെട്രോ ഇപ്പോള്‍ രാജ്യവ്യാപകമായ, ലോകത്തെ തന്നെ ഏറ്റവും വലിയവയില്‍ ഒന്നായ ഒരു ശൃംഖലയായി വികസിച്ചിരിക്കുന്നു.
വിപുല വ്യാപൃത പരിധി:
ഡല്‍ഹിയും എന്‍.സി.ആറും(ദേശീയ തലസ്ഥാനമേഖലയും), മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, പൂനെ, അഹമ്മദാബാദ് തുടങ്ങി നിരവധി പ്രധാന നഗരങ്ങളില്‍ ഇന്ന് മെട്രോ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തനപരമായ വ്യാപ്തി:
ഡല്‍ഹി-മീററ്റ് ആര്‍.ആര്‍.ടി.എസിന്റെ 55 കിലോമീറ്റര്‍ ഉള്‍പ്പെടെ ഏകദേശം 1,095 കിലോമീറ്റര്‍ മെട്രോ റെയില്‍ ലൈനുകള്‍ ഇപ്പോള്‍ 26 നഗരങ്ങളിലായി പ്രവര്‍ത്തനക്ഷമമാണ്.
ആഗോള നിലവാരം:
ആധുനിക നഗര ഗതാഗതത്തോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ പ്രവര്‍ത്തന മെട്രോ ശൃംഖലയായി ഇന്ത്യ മാറിയിരിക്കുന്നു.
2014 മുതലുള്ള വളര്‍ച്ച:
പ്രവര്‍ത്തനക്ഷമമായ മെട്രോ/ആര്‍.ആര്‍.ടി.എസ് ശൃംഖല 2014 ല്‍ 248 കിലോമീറ്ററില്‍ നിന്ന് 2025 ല്‍ 1,095 കിലോമീറ്ററായി വികസിച്ചു.
സര്‍ക്കാര്‍ പിന്തുണ:
2014 മുതല്‍, 3.44 ലക്ഷം കോടി രൂപയുടെ അടങ്കല്‍ ചെലവില്‍ 1,051 കിലോമീറ്റര്‍ വ്യാപന പരിധിയുള്ള 38 മെട്രോ റെയില്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
നഗര വികസനം:
2014 ല്‍ വെറും 5 നഗരങ്ങള്‍ എന്നയിടത്ത് നിന്ന് 2025 ല്‍ മെട്രോ സേവനങ്ങള്‍ 26 നഗരങ്ങളിലേക്ക് വളര്‍ന്നു, ഇത് ലോകോത്തര ഗതാഗതസൗകര്യങ്ങളെ ഇന്ത്യയിലുടനീളമുള്ള പൗരന്മാരിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
നിര്‍ണായക നേട്ടങ്ങളും നൂതനാശയങ്ങളും:
ഇന്ത്യയുടെ മെട്രോ പ്രയാണമെന്നത് കേവലം അതിന്റെ വിപുലീകരണം മാത്രമല്ല, നഗര ഗതാഗതത്തിലെ വിപ്ലവകരമായ നൂതനാശയങ്ങളും കൂടി ഉള്‍പ്പെട്ടതാണ്.
സമീപകാല വര്‍ഷങ്ങളില്‍, സാങ്കേതിക ശക്തിയും സുസ്ഥിരതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളോട് പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന നിരവധി ഇദംപ്രഥമമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
നമോ ഭാരത് ട്രെയിന്‍:
* ഇന്ത്യയിലെ ആദ്യത്തെ അത്യാധുനിക അര്‍ദ്ധ അതിവേഗ (സെമി ഹൈസ്പീഡ്) നമോ ഭാരത് റീജിയണല്‍ ട്രെയിന്‍ 2023 ഒക്ടോബറില്‍ പ്രവര്‍ത്തനക്ഷമമായി.
* 180 കിലോമീറ്റര്‍/മണിക്കൂര്‍ വരെ വേഗത്തിലോടാവുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ ട്രെയിന്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്നു.
* വേഗതയേറിയതും ആധുനികവുമായ പ്രാദേശിക കണക്റ്റിവിറ്റിയില്‍ ഒരു നവയുഗത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഡല്‍ഹി-മീററ്റ് ഇടനാഴിയില്‍ ഈ ട്രെയിന്‍ വിന്യസിച്ചിരിക്കുന്നു.
* അണ്ടര്‍വാട്ടര്‍ മെട്രോ:
2024ല്‍, ഹൂഗ്ലി നദിക്ക് താഴെ എസ്പ്ലനേഡിനെയും ഹൗറ മൈതാനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യത്തെ അണ്ടര്‍വാട്ടര്‍ (ജലാന്തര്‍ഭാഗ) മെട്രോ തുരങ്കം കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്തതിലൂടെ ഇന്ത്യ ചരിത്രപരമായൊരു നാഴികക്കല്ല് കൈവരിച്ചു.
ഈ എഞ്ചിനീയറിംഗ് അത്ഭുതം ഇന്ത്യയുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക കാര്യക്ഷമതകളുടെയും അടിസ്ഥാനസൗകര്യപരമായ കരുത്തിന്റെയും അഭിമാന ചിഹ്നമായി നിലകൊള്ളുന്നു.
വാട്ടര്‍ മെട്രോ
2023 ഏപ്രിലില്‍, കേരളത്തിലെ കൊച്ചി, ഇന്ത്യയില്‍ ആദ്യമായി ഒരു വാട്ടര്‍ മെട്രോ (ജല മെട്രോ) അവതരിപ്പിച്ച നഗരമായി.
ഈ സംവിധാനം 10 ദ്വീപുകളെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു. ഇത് തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതം വാഗ്ദാനം ചെയ്യുകയും സുസ്ഥിര നഗര ഗതാഗതസംവിധാനത്തിന് ഒരു മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുന്നു.
സുരക്ഷിതവും ഹരിതാഭവും വേഗതയേറിയതുമായ മെട്രോകള്‍ക്കായുള്ള മികച്ച പരിഹാരങ്ങള്‍:
ഇന്ത്യയുടെ മെട്രോ, 'നമോ ഭാരത്' പ്രാദേശിക ദ്രുത ഗതാഗത സംവിധാനം (റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം- ആര്‍.ആര്‍.ടി.എസ്) പദ്ധതികള്‍ ശ്രദ്ധേയമായ പുരോഗതിയ്ക്ക് സാക്ഷ്യം വഹിച്ചു. സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനുമുള്ള ലോകോത്തര സാങ്കേതികവിദ്യകള്‍ അവ കൊണ്ടുവന്നു.
യൂറോപ്യന്‍ ട്രെയിന്‍ നിയന്ത്രണ സംവിധാനം (ഇ.ടി.സി.എസ്):
ഡല്‍ഹി-മീററ്റ് ആര്‍.ആര്‍.ടി.എസ് ഇടനാഴിയിലെ നമോ ഭാരത് ട്രെയിനുകള്‍ ലോകത്ത് തന്നെ ആദ്യമായി ദീര്‍ഘകാല പരിണാമം (എല്‍.ടി.ഇ) നെടുംതൂണായുള്ള ഒരു ഹൈബ്രിഡ് ലെവല്‍3 റേഡിയോ അധിഷ്ഠിത സിഗ്‌നലിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഈ നൂതന സാങ്കേതികവിദ്യ ട്രെയിന്‍ പ്രവര്‍ത്തനങ്ങളെ മികച്ചതും സുരക്ഷിതവുമാക്കിക്കൊണ്ട് യാത്രക്കാര്‍ക്ക് അവരുടെ യാത്രയില്‍ പുതിയ തലത്തിലുള്ള സുരക്ഷയും ആത്മവിശ്വാസവുമേകുന്നു.
പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോറുകള്‍ (പി.എസ്.ഡി):
സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി ബി.ഇ.എല്ലും എന്‍.സി.ആര്‍.ടിസിയും സംയുക്തമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോറുകള്‍ (പി.എസ്.ഡികള്‍) ട്രെയിനുകള്‍ ശരിയായി നിര്‍ത്തുമ്പോള്‍ മാത്രം തുറന്ന് അപകടങ്ങളും അതിക്രമിച്ച് കയറലും തടഞ്ഞ് പ്ലാറ്റ്‌ഫോമിനെ സുരക്ഷിതമാക്കുന്നു.
നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍.സി.എം.സി):
11 മെട്രോ പദ്ധതികളിലും 11 ബസ് കോര്‍പ്പറേഷനുകളിലും 'ഒരു രാജ്യം, ഒരു കാര്‍ഡ് (വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്) പ്രവര്‍ത്തനക്ഷമമാണ്. പി.എം. ഇ ബസ് സേവന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയ ഇത് തടസ്സരഹിതമായ യാത്ര സാധ്യമാക്കുന്നു.
ക്യു.ആര്‍ ടിക്കറ്റിങ്:
എളുപ്പത്തിലുള്ള ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിങ്ങിനായി മൊബൈല്‍ ആപ്പ് അധിഷ്ഠിത ക്യു.ആര്‍ സംവിധാനം.
ആളില്ലാ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ (യു.ടി.ഒ):
ഡല്‍ഹി മെട്രോയുടെ പിങ്ക്, മജന്ത ലൈനുകളില്‍ ഓടുന്ന െ്രെഡവറില്ലാ ട്രെയിനുകള്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നു.
തദ്ദേശീയ എ.ടി.എസ് (ഐഎ.ടി.എസ്):
ഡല്‍ഹി മെട്രോയുടെ റെഡ് ലൈനില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡി.എം.ആര്‍.സി)നും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും(ബി.ഇ.എല്‍) ചേര്‍ന്ന് നടപ്പിലാക്കിയ ഇന്ത്യയിലെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ സ്വയംനിയന്ത്രിത ട്രെയിന്‍ മേല്‍നോട്ട സംവിധാനം (ഓട്ടോമാറ്റിക് ട്രെയിന്‍ സൂപ്പര്‍വിഷന്‍ സിസ്റ്റം).
ഊര്‍ജ്ജ കാര്യക്ഷമത:
മെട്രോകള്‍ ഊര്‍ജ്ജപുനരുല്‍പ്പാദന ബ്രേക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുകയും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് വൈദ്യുതി ലാഭിക്കുകയും സുസ്ഥിരതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്യുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവും ദേശീയ പദ്ധതികളുമായുള്ള സംയോജനവും:
2024-25 ലെ കേന്ദ്ര ബജറ്റ് മൂലധന ചെലവിനായി ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പാദനം) യുടെ 3.1 ശതമാനത്തിന് തുല്യമായ റെക്കോര്‍ഡ് തുകയായ 11.21 ലക്ഷം കോടി രൂപ വകയിരുത്തിയതോടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം കുത്തനെ ഉയര്‍ന്നു. ഈ നിക്ഷേപ മുന്നേറ്റവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് 2025-26 വര്‍ഷത്തെ 29,550 കോടി രൂപയുടെ മെട്രോ ബജറ്റ്. 2013-14 കാലയളവില്‍ അനുവദിച്ചിരുന്ന 5,798 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയൊരു വര്‍ദ്ധനവാണിതെന്നത് രാജ്യവ്യാപകമായി മെട്രോ ശൃംഖലകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിന് വിഹിതവര്‍ധനവ് എത്രമാത്രം കാരണമാകുന്നുവെന്നത് തെളിയിക്കുന്നു.
മെട്രോ പദ്ധതികളുമായി സുഗമമായ സംയോജനം ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനില്‍ മെട്രോ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശൃംഖലാ ആസൂത്രണ സംഘം (നെറ്റ്വര്‍ക്ക് പ്ലാനിങ് ഗ്രൂപ്പ്എന്‍.പി.ജി) മെട്രോ റെയിലും വ്യോമയാന പദ്ധതികളും പതിവായി അവലോകനം ചെയ്ത് സംയോജിത ഗതാഗത ആസൂത്രണത്തില്‍ അവയുടെ പങ്ക് ശക്തിപ്പെടുത്തുന്നു.
നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈന്‍ (എന്‍.ഐ.പി) മെട്രോ ഇടനാഴികളെ നിര്‍ണായക നഗര ആസ്തികളായി മുന്‍ഗണന നല്‍കിയിട്ടുണ്ട്, അവയെ ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ കാഴ്ചപ്പാടുമായി സംയോജിപ്പിച്ചിരിക്കുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളത്. സുസ്ഥിരമായ അടിസ്ഥാന സൗകര്യ നിക്ഷേപം നഗര ചലനാത്മകതയെയും ജീവിതസൗകര്യങ്ങളെയും എങ്ങിനെ ശാക്തീകരിക്കുന്നുവെന്ന് അത് പ്രതിഫലിപ്പിക്കുന്നു.
നഗരങ്ങളിലെ കുടുംബങ്ങളില്‍ മെട്രോ റെയിലിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പി.എം.ഇ.എ.സിയുടെ കണ്ടെത്തലുകള്‍
സമീപകാലത്ത് 2026 ജനുവരിയില്‍, മെട്രോ റെയില്‍ ശൃംഖലയെ പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് 'ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ സുവര്‍ണ ദശകം' എന്ന ശീര്‍ഷകത്തില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇ.എ.സിപി.എം) പുറത്തിറക്കി.
പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ പിന്തുണയോടെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയുടെ മെട്രോ റെയില്‍ സംവിധാനങ്ങളെ എങ്ങനെ ശക്തിപ്പെടുത്തുകയും ലോകത്തിലെ മുന്‍നിര ശൃംഖലകളില്‍ അവയെ സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു. നഗരങ്ങളിലുടനീളമുള്ള ഔദ്യോഗിക ഡാറ്റയും താരതമ്യ വിശകലനവും അടിസ്ഥാനമാക്കി, സാമ്പത്തിക സ്ഥിരത മുതല്‍ സുസ്ഥിര നഗര വളര്‍ച്ച വരെയുള്ള മെട്രോ വികസനത്തിന്റെ വിശാലമായ സാമ്പത്തിക, സാമൂഹിക നേട്ടങ്ങളെ പഠനം അടിവരയിടുന്നു.
പ്രധാന ഫലങ്ങള്‍:
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം, പ്രത്യേകിച്ച് മെട്രോ റെയില്‍, ഗാര്‍ഹിക ധനകാര്യങ്ങള്‍ പുനര്‍നിര്‍മ്മിച്ചുകൊണ്ടും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടും ഗതാഗതസൗകര്യങ്ങള്‍ക്ക് അപ്പുറമുള്ള ഗുണഫലങ്ങള്‍ നല്‍കുണ്ടെന്ന് പഠനം കാണിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന മൂലധന നിക്ഷേപവും സുസ്ഥിര ഗതാഗത സംവിധാനങ്ങളും സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മെട്രോ റെയിലിനെ ദേശീയ വികസനത്തിന്റെ ഒരു മൂലക്കല്ലായി സ്ഥാപിക്കുകയും ചെയ്യുന്നു.

മെച്ചപ്പെട്ട ഗാര്‍ഹിക സാമ്പത്തിക അച്ചടക്കം:
മെട്രോ കണക്റ്റിവിറ്റി ഗതാഗത ചെലവ് കുറയ്ക്കുന്നു, ഇത് വായ്പ തിരിച്ചടവ് കാലതാമസം കുറയ്ക്കുകയും ഭവന വായ്പകളുടെ നേരത്തെയുള്ള തിരിച്ചടവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നഗരനിര്‍ദ്ദിഷ്ട സ്വാധീനങ്ങള്‍:
ഹൈദരാബാദില്‍, ഭവന വായ്പകളുടെ തിരിച്ചടവ് മുടങ്ങല്‍ 1.7 ശതമാനം കുറഞ്ഞു, അതേസമയം കാലാവധിയ്ക്ക് മുമ്പായെുള്ള തിരിച്ചടവുകള്‍ 1.8 ശതമാനം വര്‍ദ്ധിച്ചു.
ബംഗളൂരുവില്‍, വായ്പ തിരിച്ചടവ് വൈകല്‍ 2.4 ശതമാനം കുറഞ്ഞു, അതേസമയം കാലാവധിയ്ക്ക് മുമ്പുള്ള ഭവന വായ്പ തിരിച്ചടവുകള്‍ 3.5 ശതമാനം വര്‍ദ്ധിച്ചു.
ഡല്‍ഹിയില്‍, തിരിച്ചടവ് മുടങ്ങല്‍ 4.42 ശതമാനം കുറഞ്ഞു, ഭവനവായ്പകളുടെ കാലാവധിയ്ക്ക് മുമ്പുള്ള തിരിച്ചടവ് 1.38 ശതമാനം വര്‍ദ്ധിച്ചു.
സ്വകാര്യ വാഹനങ്ങള്‍ക്ക് മേല്‍ കുറഞ്ഞ ആശ്രിതത്വം:
മെട്രോ ട്രെയിന്‍ സേവനം ലഭ്യമായ പ്രദേശങ്ങളില്‍ പുതിയ ഇരുചക്ര വാഹനങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമുള്ള (എന്‍ട്രി ലെവല്‍) കാറുകളുടെയും എണ്ണം കുറയുന്നതായി വാഹന രജിസ്‌ട്രേഷന്‍ ഡാറ്റ കാണിക്കുന്നു, ഇത് ചെലവേറിയ സ്വകാര്യ ഗതാഗതത്തില്‍ നിന്നുള്ള വ്യതിയാനം സ്ഥിരീകരിക്കുന്നു.
ഗാര്‍ഹിക കടബാധ്യത കുറയ്ക്കല്‍:
ആവര്‍ത്തിച്ചുള്ള ഗതാഗത ചെലവുകള്‍ കുറയുന്നതോടെ, കുടുംബങ്ങള്‍ കടബാധ്യത കുറയ്ക്കുകയും പണലഭ്യത കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
സാമ്പത്തിക സ്ഥിരതയ്ക്കുള്ള സംഭാവന:
മെച്ചപ്പെട്ട തിരിച്ചടവ് പ്രകൃതവും വായ്പാ തിരിച്ചടവിലെ കുറഞ്ഞ വീഴ്ചകളും മൊത്തത്തിലുള്ള സാമ്പത്തിക സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
വിശാലമായ അടിസ്ഥാന സൗകര്യ നേട്ടങ്ങള്‍:
അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള മൂലധന ചെലവ് വര്‍ദ്ധിക്കുന്നത് ശക്തമായ വളര്‍ച്ചാ ഗുണിതങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ഉത്പാദനക്ഷമതയെ പിന്തുണയ്ക്കുന്നു, സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നു, ദീര്‍ഘകാല സാമ്പത്തിക മത്സരക്ഷമതയെ ഉത്തേജിപ്പിക്കുന്നു.
പരിസ്ഥിതി സുസ്ഥിരത: പുനരുല്‍പ്പാദന ബ്രേക്കിങ്, സൗരോര്‍ജ്ജ പാനലുകള്‍, ഹരിത മെട്രോ സ്‌റ്റേഷനുകള്‍ എന്നിവയുടെ സ്വീകാര്യത കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ഇന്ത്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പഠന ഉള്‍ക്കാഴ്ച:
ഇന്ത്യയുടെ ഒരു പതിറ്റാണ്ടിലെ അടിസ്ഥാന സൗകര്യ വികസനം, പ്രത്യേകിച്ച് മെട്രോ റെയിലിന്റെ വളര്‍ച്ച നഗരങ്ങളിലെ യാത്രാസൗകര്യങ്ങളെ പരിവര്‍ത്തനം ചെയ്യുക മാത്രമല്ല, ഗാര്‍ഹിക ധനകാര്യത്തെ ശക്തിപ്പെടുത്തുകയും കടബാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
ഗതാഗത ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ, മെട്രോകള്‍ വായ്പ തിരിച്ചടവ് സ്വഭാവം മെച്ചപ്പെടുത്തുകയും സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ചുവരുന്ന മൂലധന ചെലവുകളും സുസ്ഥിരമായ രീതികളും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയുടെയും ഉത്പതിഷ്ണുതയുടെയും പ്രധാന ചാലകശക്തിയായി അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഉപസംഹാരം:
കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ മെട്രോ വികസനം ആധുനികവും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ നഗര വികസനത്തോടുള്ള ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. മെട്രോ അടിസ്ഥാന സൗകര്യങ്ങള്‍ ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ഗാര്‍ഹിക ധനകാര്യത്തെ ശക്തിപ്പെടുത്തുകയും ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇ.എ.സിപിഎം)യുടെ പഠനം സ്ഥിരീകരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന മൂലധന നിക്ഷേപവും സംയോജിത ആസൂത്രണവും കാരണം, മെട്രോ സംവിധാനങ്ങള്‍ സുസ്ഥിര വളര്‍ച്ചയുടെ പ്രധാന ചാലകങ്ങളായി മാറുകയാണ്. കൂടുതല്‍ ബന്ധിതവും ഉത്പതിഷ്ണുതയാര്‍ന്നതുമായ ഇന്ത്യയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പുരോഗതി അടയാളപ്പെടുത്തുന്നത്.
റഫറന്‍സുകള്‍:
Ministry of Housing & Urban Affairs:
https://sansad.in/getFile/loksabhaquestions/annex/186/AU3110_fno4Dx.pdf?source=pqals
Ministry of Finance:
https://static.pib.gov.in/WriteReadData/specificdocs/documents/2025/feb/doc202521492701.pdf
Ministry of Commerce & Industry:
https://www.pib.gov.in/PressReleasePage.aspx?PRID=2136029®=3&lang=2
Prime Minister Economic Advisory Council:
https://eacpm.gov.in/wp-content/uploads/2026/01/Golden-Decade-of-Infrastructure-Development-in-India-final-rev.pdf
Press Information Bureau:
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=155002®=3&lang=2
See in PDF
****
( റിലീസ് ഐ.ഡി: 2240984)
സന്ദര്‍ശക കൗണ്ടര്‍ : 8