രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവൻ 'പർപ്പിൾ ഫെസ്റ്റിന് ആതിഥേയത്വം വഹിക്കുന്നു
പോസ്റ്റഡ് ഓണ്‍:
13 MAR 2026 8:26PM by PIB Thiruvananthpuram
ദിവ്യാംഗരുടെ കഴിവുകൾ, നേട്ടങ്ങൾ, അഭിലാഷങ്ങൾ എന്നിവ ആഘോഷിക്കുന്നതിനായി രാഷ്ട്രപതി ഭവൻ ഇന്ന് (2026 മാർച്ച് 13) 'പർപ്പിൾ ഫെസ്റ്റ്' സംഘടിപ്പിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷത്തിനിടെ, എണ്ണായിരത്തിലധികം ദിവ്യാംഗർ ഇന്ന് അവർക്ക് മാത്രമായി തുറന്ന അമൃത് ഉദ്യാനം സന്ദർശിച്ചു. ദിവ്യാംഗർക്കായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ ഒരുക്കിയ സ്റ്റാളുകൾ വഴി നിരവധി രസകരമായ ഗെയിമുകളിലും പഠന പ്രവർത്തനങ്ങളിലും അവർ പങ്കെടുത്തു.

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് ഫെസ്റ്റിനെ അഭിസംബോധന ചെയ്യുകയും രാഷ്ട്രപതി എസ്റ്റേറ്റിലെ ഓപ്പൺ എയർ തിയേറ്ററിൽ നടന്ന ദിവ്യാംഗരുടെ സാംസ്‌കാരിക പ്രകടനങ്ങൾ വീക്ഷിക്കുകയും ചെയ്തു.

ഒരു രാജ്യത്തെയോ സമൂഹത്തെയോ നിർവചിക്കുന്നത് ആ രാജ്യം കേവലം അതിലെ പ്രബലവിഭാഗങ്ങൾക്ക് എന്തു നേടി എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള അതിന്റെ സംവേദനക്ഷമതയുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിലാണെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു.

''ഇന്ത്യൻ ചരിത്രം പരിശോധിച്ചാൽ, സംവേദനക്ഷമത, ഉൾച്ചേർക്കൽ, സൗഹാർദ്ദത്തിലുള്ള വിശ്വാസം എന്നിവ നമ്മുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും നിർവചനീയ ഘടകങ്ങളാണെന്ന് നമുക്ക് കാണാൻ കഴിയും. ഇന്ത്യൻ ഭരണഘടന നമുക്ക് ആദർശപരമായ സാമൂഹിക മാനദണ്ഡങ്ങൾ പ്രദാനം ചെയ്യുന്നു. നമ്മുടെ ഭരണഘടനയുടെ ആമുഖം സാമൂഹിക നീതി, തുല്യ പദവി, വ്യക്തിപരമായ അന്തസ്സ് എന്നിവയുടെ ആദർശങ്ങൾ സ്ഥാപിക്കുന്നു. ദേശ നയത്തിന്റെ നിർദ്ദേശക തത്വങ്ങൾ (Directive Principles of State Policy) ദിവ്യാംഗർക്ക് വിദ്യാഭ്യാസം, ജോലി, പൊതു സഹായം എന്നിവയ്ക്കുള്ള അവകാശം നൽകുന്നു.''

എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ദിവ്യാംഗരുടെ ശാക്തീകരണം നിർണായകമാണെന്ന് രാഷ്ട്രപതി പറഞ്ഞു. എന്നിരുന്നാലും, സർക്കാരിന്റെ ശ്രമങ്ങൾ കൊണ്ട് മാത്രം ഇത് നേടിയെടുക്കാൻ കഴിയില്ല. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്റെയും സജീവ പങ്കാളിത്തം ഇതിന് ആവശ്യമാണ്.

'2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ' എന്ന കൂട്ടായ ലക്ഷ്യവുമായി നാം മുന്നോട്ട് പോകുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. '' ഈ യാത്രയിൽ ദിവ്യാംഗർ തുല്യ പങ്കാളികളാണ്. അവർക്ക് തുല്യമായ സാധ്യതകളോടും അന്തസ്സോടും കൂടി മുന്നേറാനുള്ള അവസരം നൽകേണ്ടത് സമൂഹത്തിലെ ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തമാണ്.''
ദിവ്യാംഗർ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്ന് രാഷ്ട്രപതി പറഞ്ഞു. അവരുടെ യാത്രയിൽ ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും പൂർണ്ണ പിന്തുണ അവർക്ക് ലഭ്യമാവും. അവരുടെ സമർപ്പണം, കഠിനാധ്വാനം, ഉത്സാഹം എന്നിവ അവർക്ക് പുരോഗതിയുടെ പാതയൊരുക്കുക മാത്രമല്ല, എല്ലാ സഹപൗരന്മാർക്കും പ്രചോദനവുമാകുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഇന്ത്യാ ഗവൺമെൻ്റിൻ്റെ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം സംഘടിപ്പിക്കുന്ന 'പർപ്പിൾ ഫെസ്റ്റ്', വ്യത്യസ്ത വൈകല്യങ്ങളെക്കുറിച്ചും അവ ജനങ്ങളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനും, സമൂഹത്തിന് ഉള്ളിലുള്ള ഭിന്നശേഷിക്കാരെ മനസ്സിലാക്കുക, അംഗീകരിക്കുക, ഉൾച്ചേർക്കുക എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***
( റിലീസ് ഐ.ഡി: 2240028)
സന്ദര്‍ശക കൗണ്ടര്‍ : 6