പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ പുനർവികസിപ്പിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം സ്റ്റേഷനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
പോസ്റ്റഡ് ഓണ്‍:
11 MAR 2026 9:32PM by PIB Thiruvananthpuram
ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ നവീകരിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്ദേഹം ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം ഷൊർണൂർ-നിലമ്പൂർ റോഡ് പാതയുടെ വൈദ്യുതീകരണവും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു.
ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ: കേരളത്തിൻ്റെ പ്രധാന റെയിൽ ഇടനാഴിയിലേക്കുള്ള നവീകരിച്ച പ്രവേശന കവാടം
പാലക്കാട്, കോഴിക്കോട്, നിലമ്പൂർ, എറണാകുളം റൂട്ടുകളെ ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും തന്ത്രപ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ ഷൊർണൂർ ജംഗ്ഷൻ 37.10 കോടി രൂപ ചെലവിലാണ് സമഗ്രമായി പുനർവികസിപ്പിച്ചത്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സുഗമമായ പ്രവേശന മാർഗ്ഗങ്ങൾ, സ്റ്റേഷൻ്റെ സൗന്ദര്യവൽക്കരണം, പ്രവർത്തനക്ഷമത എന്നിവ ഉൾക്കൊള്ളുന്ന വലിയ മാറ്റങ്ങളാണ് ഈ നവീകരണത്തിലൂടെ നടപ്പിലാക്കിയത്. ഇത് ഷൊർണൂരിനെ ആധുനികവും യാത്രക്കാർക്ക് അനുയോജ്യവുമായ ഒരു ഹബ്ബായി മാറ്റിയെടുക്കുന്നു. കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽ ഇടനാഴികളിലൊന്നിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സജ്ജമായ രീതിയിൽ, പുത്തനുണർവോടെയാണ് ഷൊർണൂർ ജംഗ്ഷൻ ഇപ്പോൾ നിലകൊള്ളുന്നത്.

ഷൊർണൂർ ജംഗ്ഷനിൽ നടന്ന പ്രാദേശിക ചടങ്ങിൽ പാർലമെൻ്റ് അംഗം വി.കെ. ശ്രീകണ്ഠൻ, പി. മമ്മിക്കുട്ടി എം.എൽ.എ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയർ ആർ.എസ്. ഗഹ്‌ലോട്ട്, ചീഫ് പ്രോജക്ട് മാനേജർ/ഗതിശക്തി എസ്. ജയകൃഷ്ണൻ എന്നിവരും പാലക്കാട് ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. നിരവധി ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഷനിൽ സംഘടിപ്പിച്ച വർണ്ണാഭമായ പൊതുചടങ്ങിൽ കുട്ടികളുടേയും റെയിൽവേ ജീവനക്കാരുടേയും സാംസ്കാരിക പ്രകടനങ്ങൾ ഉദ്ഘാടനത്തിന് മുന്നോടിയായി അരങ്ങേറി.


കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ: മലപ്പുറം മേഖലയുടെ ആധുനിക പ്രവേശന കവാടം
മലപ്പുറത്തേയും പരിസര പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമായ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ അനുവദിച്ച 16.12 കോടി രൂപ ചെലവിൽ സമഗ്രമായി പുനർവികസിപ്പിച്ചു. ഈ പദ്ധതി സ്റ്റേഷനെ ആധുനികവും, എല്ലാവർക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്നതും, യാത്രക്കാർക്ക് അനുയോജ്യവുമായ ഒരു സൗകര്യമാക്കി മാറ്റി. അടിസ്ഥാന സൗകര്യങ്ങൾ, യാത്രാ സൗകര്യങ്ങൾ, യാത്രക്കാരുടെ സുഗമമായ സഞ്ചാരം എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഇവിടെ നടപ്പിലാക്കിയത്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിൽ ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമായി കുറ്റിപ്പുറം സ്റ്റേഷൻ ഇപ്പോൾ നിലകൊള്ളുന്നു. മലപ്പുറം മേഖലയിലുടനീളമുള്ള യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സുഖകരവും മികച്ച കണക്റ്റിവിറ്റിയുമുള്ള യാത്രാനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു.

കുറ്റിപ്പുറത്ത് നടന്ന പ്രാദേശിക ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് ഡയറക്ടർ ശ്രീ മസ്താൻ റാവു, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ കെ. അനിൽ കുമാർ, പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികളും പ്രമുഖ പ്രാദേശിക വ്യക്തിത്വങ്ങളും ആഘോഷങ്ങളിൽ പങ്കുചേർന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി സ്കൂൾ കുട്ടികളും റെയിൽവേ ജീവനക്കാരും അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ ജനശ്രദ്ധ ആകർഷിച്ചു.

പ്രാദേശിക പൈതൃകത്തെ ആദരിക്കുകയും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നതിനോടൊപ്പം യാത്രക്കാരുടെ യാത്രാ നിലവാരം ഉയർത്തുക എന്ന ഇന്ത്യൻ റെയിൽവേയുടെ ദൗത്യത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുനർവികസിപ്പിച്ച ഈ സ്റ്റേഷനുകൾ
കേരളത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നു
ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത് ഈ മേഖലയിലെ റെയിൽ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. മികച്ച പ്രവർത്തനക്ഷമത, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, കാർബൺ ഉദ്വമനം കുറയ്ക്കുക, ഈ പാതയിൽ ആധുനിക ഇലക്ട്രിക് ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ സൗകര്യമൊരുക്കുക എന്നിങ്ങനെ ഒട്ടേറെ പ്രകടമായ നേട്ടങ്ങൾ വൈദ്യുതീകരണത്തിലൂടെ കൈവരുന്നു.
നവീകരിച്ച സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങൾക്കും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾക്കും ഒപ്പം, വൈദ്യുതീകരിച്ച പാതയിൽ പുതിയ മെമുസർവീസുകൾ കൂടി ആരംഭിക്കുന്നതോടെ, ഈ മേഖലയിലുടനീളമുള്ള യാത്രക്കാർക്ക് മികച്ച കണക്റ്റിവിറ്റിയും കൂടുതൽ യാത്രാസുഖവും വേഗത്തിലുള്ള യാത്രയും ഉറപ്പാക്കാൻ ഈ വികസന പ്രവർത്തനങ്ങൾ സഹായിക്കും
രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരിക്കുന്നതിനും വൈദ്യുതീകരിച്ച ശൃംഖല വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സുസ്ഥിരവും യാത്രക്കാർക്ക് മുൻഗണന നല്കുന്നതുമായ റെയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഇന്ത്യൻ റെയിൽവേയുടെ സുസ്ഥിര പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതികൾ.
****
( റിലീസ് ഐ.ഡി: 2238640)
സന്ദര്‍ശക കൗണ്ടര്‍ : 9