ഭൗമശാസ്ത്ര മന്ത്രാലയം
ലക്ഷദ്വീപിലെ സമുദ്രാധിഷ്ഠിത ഉപ്പുവെള്ള ശുദ്ധീകരണ പദ്ധതികളുടെ പുരോഗതി ഡോ. ജിതേന്ദ്ര സിംഗ് ഉദ്യോഗസ്ഥരുമായും സമുദ്രമേഖലാ വിദഗ്ധരുമായും അവലോകനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
07 MAR 2026 3:15PM by PIB Thiruvananthpuram
ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ദ്വീപ് പ്രദേശത്തിനായുള്ള സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ലക്ഷദ്വീപിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) നടപ്പിലാക്കുന്ന പ്രധാന സമുദ്ര സാങ്കേതിക പദ്ധതികളുടെ പുരോഗതി കേന്ദ്ര ഭൗമശാസ്ത്ര-ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അവലോകനം ചെയ്തു.
കവരത്തിയിലെ NIOT ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിൽ, ദ്വീപുകളിലുടനീളം നിലവിലുള്ള ലോ ടെമ്പറേച്ചർ തെർമൽ ഡീസലൈനേഷൻ (LTTD) പ്ലാൻ്റുകളുടെ പ്രവർത്തനം മന്ത്രി വിലയിരുത്തി. കവരത്തിയിൽ വികസിപ്പിക്കാൻ പോകുന്ന ഓഷ്യൻ തെർമൽ എനർജി കൺവേർഷൻ (OTEC) അധിഷ്ഠിത ഉപ്പുവെള്ള ശുദ്ധീകരണ കേന്ദ്രത്തിൻ്റെ പ്രവർത്തനം സംബന്ധിച്ചും മന്ത്രി വിലയിരുത്തൽ നടത്തി.
ഭൗമശാസ്ത്ര മന്ത്രാലയം,NIOT വഴി സ്ഥാപിച്ച LTTD പ്ലാൻ്റുകൾ നിലവിൽ ലക്ഷദ്വീപിലെ എട്ട് ദ്വീപുകളിൽ പ്രവർത്തിക്കുന്നുണ്ട്.പരിമിതമായ ഭൂഗർഭജല സ്രോതസ്സുകൾ, ലവണതാ കയറ്റം, മഴയെ മാത്രം ആശ്രയിക്കൽ എന്നിവ കാരണം കാലങ്ങളായി കുടിവെള്ള വെല്ലുവിളികൾ നേരിടുന്ന ഒരു പ്രദേശത്ത്, കുടിവെള്ളത്തിൻ്റെ വിശ്വസനീയമായ ഉറവിടം ഇതുവഴി നൽകുന്നതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. 350 മുതൽ 400 മീറ്റർ വരെ സമുദ്രാന്തർ ഭാഗത്ത് നിന്നും എടുക്കുന്ന തണുത്ത ജലവും ഉപരിതലത്തിലെ ചെറുചൂട് വെള്ളവും തമ്മിലുള്ള സ്വാഭാവിക താപനില വ്യതിയാനം പ്രയോജനപ്പെടുത്തിയാണ് ഈ സാങ്കേതികവിദ്യ കടൽവെള്ളത്തെ കുടിവെള്ളമാക്കി മാറ്റുന്നത്.
പ്ലാൻ്റുകളുടെ പ്രവർത്തനം മന്ത്രി അവലോകനം ചെയ്തു.കേന്ദ്രഭരണ പ്രദേശ ഭരണകൂടത്തിന് കീഴിൽ പരിശീലനം ലഭിച്ച പ്രാദേശിക ജനങ്ങളുടെ പിന്തുണയോടെ അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ലവണാംശം നീക്കം ചെയ്ത വെള്ളത്തിൻ്റെ ലഭ്യത ദ്വീപുകളിലുടനീളം സുരക്ഷിതമായ കുടിവെള്ള ലഭ്യത മെച്ചപ്പെടുത്താനും മഴവെള്ള സംഭരണ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
കവരത്തിയിൽ വികസിപ്പിക്കുന്ന രാജ്യത്തെ പ്രഥമ ഒടിഇസി-അധിഷ്ഠിത ഡീസലൈനേഷൻ പ്ലാൻ്റിൻ്റെ പുരോഗതിയും ഡോ. ജിതേന്ദ്ര സിംഗ് അവലോകനം ചെയ്തു. സമുദ്രത്തിൻ്റെ സ്വാഭാവിക താപ വ്യതിയാനം ഉപയോഗിച്ച് ഒരേസമയം വൈദ്യുതിയും കുടിവെള്ളവും ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരണത്തോട് അടുക്കുകയാണെന്നും പ്രധാന ഉപകരണങ്ങൾ ഇതിനകം സജ്ജമാക്കിയിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി സ്ഥാപിക്കുന്നുണ്ടെന്നും മന്ത്രിയെ അറിയിച്ചു.
ഒടിഇസി സംവിധാനത്തിനായി 1,000 മീറ്ററിൽ കൂടുതൽ ആഴത്തിൽ നിന്ന് തണുത്ത കടൽവെള്ളം വലിച്ചെടുക്കാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഏകദേശം 3.8 കിലോമീറ്റർ നീളമുള്ള ഉയർന്ന സാന്ദ്രതാ പോളി എത്തിലീൻ പൈപ്പ്ലൈൻ വിന്യസിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അവലോകനം നടത്തി. കവരത്തി ലവണ ജല തടാകത്തിൻ്റെ തെക്ക് ഭാഗത്ത് പൈപ്പ്‌ലൈൻ ഭാഗങ്ങളുടെ വെൽഡിംഗ് ജോലികൾ പുരോഗമിക്കുകയാണെന്നും ഏകദേശം 250 മീറ്റർ പൈപ്പ്‌ലൈൻ ഇതിനകം തന്നെ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ടെന്നും NIOT ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. കടൽത്തീരത്തെ, ജല സംസ്കരണ കേന്ദ്രത്തിലേക്ക് ആഴക്കടലിൽ നിന്നും തണുത്ത വെള്ളം എത്തിക്കുന്നതിൽ പൈപ്പ്‌ലൈൻ നിർണായക പങ്ക് വഹിക്കുമെന്നും ഇത് ലവണാംശം നീക്കംം ചെയ്യുന്ന ഡിസലൈനേഷൻ പ്രക്രിയയും വൈദ്യുതി ഉൽപാദനവും സാധ്യമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു .
കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ, പ്ലാൻ്റിന് പ്രതിദിനം ഏകദേശം 100 ക്യുബിക് മീറ്റർ അളവിൽ വെള്ളത്തിൻ്റെ ലവണാംശം മാറ്റുന്നതിന് ശേഷിയുണ്ടാകുമെന്നും നിലവിൽ ദ്വീപുകളിലെ മിക്ക അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജമായി പ്രവർത്തിക്കുന്ന ഡീസൽ അധിഷ്ഠിത വൈദ്യുതിയിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ദ്വീപ് സമൂഹത്തിൻ്റെ ദീർഘകാല ഊർജ്ജ, ജല ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ധന ആശ്രയത്വം കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അവലോകന വേളയിൽ, ദ്വീപ്, തീരദേശ മേഖലകൾ നേരിടുന്ന സവിശേഷ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന തദ്ദേശീയ സമുദ്ര സാങ്കേതികവിദ്യകൾ വികസിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുമായും എഞ്ചിനീയർമാരുമായും അദ്ദേഹം സംവദിക്കുകയും പദ്ധതിയുടെ ശേഷിക്കുന്ന ഘട്ടങ്ങൾ നടപ്പാക്കുന്നതിന് വേണ്ടിവരുന്ന സമയപരിധി അവലോകനം നടത്തുകയും ചെയ്തു.
എൽടിടിഡി സംവിധാനത്തിൻ്റെയും വരാനിരിക്കുന്ന ഒടിഇസി-അധിഷ്ഠിത ഡീസലൈനേഷൻ പ്ലാൻ്റിൻ്റെയും സംയോജിത പുരോഗതി, ദ്വീപ് മേഖലയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സമുദ്ര ശാസ്ത്രത്തെ സംയോജിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നതായി ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി . പ്രവർത്തനക്ഷമമാകുന്നതോടെ, ഉഷ്ണമേഖലാ സമുദ്ര പരിതസ്ഥിതികളിൽ നിന്നും ശുദ്ധമായ ഊർജ്ജ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം കൂടുതൽ ജലസുരക്ഷ ഉറപ്പാക്കാൻ ഈ സംരംഭങ്ങൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

***
( റിലീസ് ഐ.ഡി: 2236505)
സന്ദര്‍ശക കൗണ്ടര്‍ : 12