വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2025-26 വര്‍ഷത്തെ സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ

പോസ്റ്റഡ് ഓണ്‍: 06 MAR 2026 8:00PM by PIB Thiruvananthpuram

കഴിഞ്ഞ പതിറ്റാണ്ടിനിടെ ആഗോള വ്യാപാര ഭൂപടം പുനർനിർവചിച്ച് നൂതനവും ഭാവിസജ്ജവുമായ പുതുതലമുറ സ്വതന്ത്ര വ്യാപാര കരാറുകൾക്ക് രൂപം നൽകി ആത്മവിശ്വാസം കൈമുതലാക്കിയ നിർണായക ശക്തിയായി ഇന്ത്യ ഉയർന്നു വന്നിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വതന്ത്ര വ്യാപാര കരാർ ശൃംഖല ക്രമാനുഗതമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ 38 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒൻപത് സ്വതന്ത്ര വ്യാപാര കരാറുകള്‍ അന്തിമമാക്കിയിട്ടുണ്ട്. 2021-ലെ ഇന്ത്യ-മൗറീഷ്യസ് കരാറിൽ തുടങ്ങി 2022 മെയ് മാസം ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും 2022 ഡിസംബറിൽ ഇന്ത്യ-ഓസ്‌ട്രേലിയ സാമ്പത്തിക വ്യാപാര കരാറും നിലവില്‍വന്നു. തുടർന്ന് 2024 മാർച്ച് 10-ന് യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര സംഘടനയുടെ വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇന്ത്യ ഒപ്പുവെയ്ക്കുകയും 2025 ഒക്ടോബർ 1-ന് കരാര്‍ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ 2025 ജൂലൈയിലും ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ 2025 ഡിസംബറിലും ഒപ്പുവെച്ചു. 2025 ഡിസംബർ 22-ന് ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപിച്ചു. തുടർന്ന് 2026 ജനുവരി 27-ന് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറും പ്രഖ്യാപിച്ചു. അമേരിക്കയുമായി 2026 ഫെബ്രുവരി 7-ന് ഒരു ഇടക്കാല കരാറിൻ്റെ  ചട്ടക്കൂട് രൂപീകരിക്കുകയും രാജ്യത്തിൻ്റെ  ആഗോള വ്യാപാര സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്തു.

ഓരോ കരാറും സവിശേഷവും രാജ്യത്തെ വിപണി വലിപ്പത്തിൻ്റെയും സാമ്പത്തിക ശേഷിയുടെയും 140 കോടി ഇന്ത്യക്കാരുടെ കഴിവുകളിലെ വിശ്വാസത്തിൻ്റെയും അംഗീകാരമാണ്.

ഈ കരാറുകൾ വികസിത രാജ്യങ്ങളിലെ വിപണികളിലേക്ക് പ്രവേശനം നേടുന്ന രാജ്യത്തെ കർഷകർക്ക് വേണ്ടിയുള്ളതാണ്. വസ്ത്രങ്ങൾ, തുകൽ ഉല്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പുതിയ മത്സരക്ഷമതയോടെ കയറ്റുമതി ചെയ്യുന്ന സംരംഭകർക്കും വനിതകൾ നയിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും വേണ്ടിയുള്ളതാണ്; പഠനാനന്തര തൊഴിൽ വിസകൾ, തൊഴില്‍പരമായി സുഗമമായ യാത്രാ സൗകര്യങ്ങൾ, സാമൂഹ്യ സുരക്ഷാ പിന്തുണ എന്നിവയുടെ സഹായത്തോടെ വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും കൃത്യമായ വഴികളും അവസരങ്ങളും ലഭിക്കുന്ന രാജ്യത്തെ മിടുക്കരായ യുവജനങ്ങള്‍ക്കും വിദ്യാർത്ഥികൾക്കും ഐടി പ്രൊഫഷണലുകൾക്കും പാചകവിദഗ്ധര്‍ക്കും യോഗ പരിശീലകര്‍ക്കും വേണ്ടിയുള്ളതാണ്; ജൈവ ഉല്പന്നങ്ങൾക്കും ആയുഷിൻ്റെ  പരമ്പരാഗത ആരോഗ്യ സംവിധാനങ്ങൾക്ക് വേണ്ടിയുള്ളതാണ്; ലോകത്തിൻ്റെ  നിര്‍മിതബുദ്ധി സംരംഭങ്ങള്‍ക്ക് കരുത്തേകുന്ന ഡിജിറ്റൽ സേവനങ്ങൾക്ക് വേണ്ടിയുള്ളതാണ്; നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുന്ന ഈ കരാറുകള്‍ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളെ രാജ്യത്തിൻ്റെ  പങ്കാളികളാക്കി മാറ്റുന്നു.  

തുറന്ന സമീപനത്തോടെ സന്തുലിതാവസ്ഥ പാലിച്ച് ആത്മനിർഭർ ഭാരതം എന്ന ദേശീയ മുൻഗണന ഉയർത്തിപ്പിടിച്ചാണ് സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച് ഇന്ത്യ ചർച്ചകൾ നടത്തിയത്. ക്ഷീരമേഖല, കൃഷി, കർഷകർ, ആഭ്യന്തര വ്യവസായം തുടങ്ങി പ്രത്യേക പരിഗണനയര്‍ഹിക്കുന്ന എല്ലാ സുപ്രധാന മേഖലകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുകയും വിപണി പ്രവേശനം സുരക്ഷിതമാക്കുകയും ചെയ്തു. വ്യാപാര രംഗത്ത് പരിവർത്തന യുഗത്തിന് തുടക്കം കുറിക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും ശക്തമായ നിലപാടിലൂന്നിയാണ് ഇന്ത്യ ചർച്ചകൾ നടത്തുന്നത്. 2047 -ലെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുകയാണ് രാജ്യം.

2025-26 വർഷം ഒപ്പുവെച്ചതോ പ്രഖ്യാപിച്ചതോ ആയ കരാറുകളുടെ പ്രധാന വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്: 

https://www.commerce.gov.in/wp-content/uploads/2026/03/FTAsachievement.pdf

****


( റിലീസ് ഐ.ഡി: 2236271) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: Marathi , Telugu , English , Urdu , हिन्दी , Gujarati