തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേരള നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവലോകനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
06 MAR 2026 9:59PM by PIB Thiruvananthpuram
1. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ, കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ വിശദവും സമഗ്രവുമായ അവലോകനം ഇന്ന് കൊച്ചിയിൽ നടത്തി.
2.അവലോകന സന്ദർശന വേളയിൽ, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, അംഗീകൃത സംസ്ഥാന രാഷ്ട്രീയ പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (എം), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നിവയുടെ പ്രതിനിധികളുമായി കമ്മീഷൻ സംവദിക്കുകയും അവരുടെ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു.
3. കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയ സമാധാനപരവും സുഗമവുമായി നിർവഹിച്ചതിന് ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ചു. എസ്.ഐ.ആറിന്റെ നടത്തിപ്പിൽ ബി.എൽ.ഒമാർ നടത്തിയ മികച്ച പ്രവർത്തനങ്ങളെയും ചില പാർട്ടികൾ അഭിനന്ദിച്ചു.
4. തിരഞ്ഞെടുപ്പ് തീയതികൾ അന്തിമമാക്കുമ്പോൾ വരാനിരിക്കുന്ന പ്രാദേശിക ഉത്സവങ്ങൾ കൂടി പരിഗണിക്കണമെന്ന് ചില രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് അഭ്യർത്ഥിച്ചു.
5. പ്രായമായ വോട്ടർമാർക്കും ഭിന്നശേഷിയുള്ള വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ചില പാർട്ടികൾ കമ്മീഷനോട് അഭ്യർത്ഥിച്ചു.
6. തിരഞ്ഞെടുപ്പുകളിൽ പണത്തിന്റെ ഉപയോഗവും സൗജന്യമായി മദ്യത്തിന്റെയും / സാധനസാമഗ്രികളുടെയും വിതരണവും തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടു.
7. തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ നിർമിതബുദ്ധി (AI) യുടെയും കൃത്രിമമായി സൃഷ്ടിച്ച ഉള്ളടക്കത്തിന്റെയും ഉപയോഗത്തെക്കുറിച്ച് ചില പാർട്ടികൾ ആശങ്കകൾ ഉന്നയിച്ചു.
8. എസ്‌ഐആർ ഏറ്റവും സുതാര്യമായ രീതിയിലാണ് നടത്തിയതെന്ന് സിഇസി ശ്രീ ഗ്യാനേഷ് കുമാർ ആവർത്തിച്ചു. യോഗ്യതയില്ലാത്ത ഒരു വ്യക്തിയും വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും അതേസമയം,യോഗ്യതയുള്ള ഒരു വോട്ടറും പട്ടികയിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുക എന്നതാണ് എസ്‌ഐആറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഉൾപ്പെടുത്തലുകൾ/ഒഴിവാക്കൽ /മാറ്റങ്ങൾക്കായി 6/7/8 ഫോമുകൾ ഇപ്പോഴും സമർപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1950 ലെ ആർപി ആക്ട് പ്രകാരം ഡിഎം/സിഇഒയ്ക്ക് അപ്പീലുകൾ സമർപ്പിക്കാമെന്നും അദ്ദേഹം എടുത്തുപറഞ്ഞു .
9. തിരഞ്ഞെടുപ്പുകൾ എല്ലായ്പ്പോഴും നിയമപ്രകാരം നിഷ്പക്ഷവും സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിലാണ് നടക്കുന്നതെന്ന് സിഇസി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉറപ്പ് നൽകി.
10.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ ഇ സി ഐയുടെ ECINET പ്ലാറ്റ്‌ഫോമിലെ cVIGIL ഘടകം ഉപയോഗിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രോത്സാഹിപ്പിച്ചു.
11. കേരളത്തിലെ തിരഞ്ഞെടുപ്പ് പെരുമാറ്റ രീതി എക്കാലത്തെയും പോലെ രാജ്യത്തിന് മാത്രമല്ല, ലോകത്തിനാകെയും മാതൃകയാണെന്ന് ഉറപ്പാക്കാൻ സി ഇ സി എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആവശ്യപ്പെട്ടു.
12. പിന്നീട്, തിരഞ്ഞെടുപ്പ് ആസൂത്രണം, EVM പരിപാലനം , ലോജിസ്റ്റിക്‌സ്, തിരഞ്ഞെടുപ്പ് ജീവനക്കാർക്കുള്ള പരിശീലനം, പിടിച്ചെടുക്കൽ, ക്രമസമാധാനം, വോട്ടർ അവബോധം-പൊതുജന സമ്പർക്ക പ്രവർത്തനങ്ങൾ എന്നിവയുടെ എല്ലാ വശങ്ങളുമായും ബന്ധപ്പെട്ട് കമ്മീഷൻ, തിരഞ്ഞെടുപ്പ് നിർവഹണ ഏജൻസികളുടെ തലവന്മാർ/നോഡൽ ഓഫീസർമാർ, ഐജിമാർ, ഡിഐജിമാർ, ഡിഇഒമാർ, എസ്പിമാർ എന്നിവരുമായി വിശദമായ അവലോകനം നടത്തി.
13. സമ്പൂർണ്ണമായി നിഷ്പക്ഷതയോടെ പ്രവർത്തിക്കാനും പ്രലോഭനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കർശനമായി നിയന്ത്രിക്കാനും കമ്മീഷൻ തിരഞ്ഞെടുപ്പ് നിർവഹണ ഏജൻസികളുടെ മേധാവിമാർ /നോഡൽ ഓഫീസർമാർ എന്നിവരോട് നിർദ്ദേശിച്ചു.
14.വോട്ടർമാരുടെ സൗകര്യാർത്ഥം റാമ്പുകൾ, വീൽചെയറുകൾ, കുടിവെള്ളം എന്നിവയുൾപ്പെടെയുള്ള ഉറപ്പായ മിനിമം സൗകര്യങ്ങൾ (AMF) എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ലഭ്യമാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
******
( റിലീസ് ഐ.ഡി: 2236245)
സന്ദര്‍ശക കൗണ്ടര്‍ : 8