ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
തിരുവനന്തപുരത്തെ നഗര ശുചീകരണത്തിന് ഇനി 'എഐ' കരുത്ത്!
പോസ്റ്റഡ് ഓണ്‍:
06 MAR 2026 1:04PM by PIB Thiruvananthpuram
ആമയിഴഞ്ചാൻ തോടിന് കാവലായി ജി-സ്പൈഡർ; അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുമായി തിരുവനന്തപുരം നഗരസഭ

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷിതവും കൃത്യതയാർന്നതും യന്ത്രവൽകൃതവുമായ കനാൽ ശുചീകരണത്തിനായി സ്വച്ഛ് ഭാരത് മിഷൻ - അർബൻ 2.0-ന് കീഴിൽ ജി-സ്പൈഡർ (G-SPIDER) റോബോട്ടിനെ വിന്യസിച്ച് തിരുവനന്തപുരം നഗരസഭ. മാന്വൽ സ്കാവഞ്ചിംഗ് (മനുഷ്യൻ നേരിട്ട് മലിനജലം വൃത്തിയാക്കുന്ന രീതി) ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനും അപകടസാധ്യതയുള്ളതും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ ഇടങ്ങളിൽ മാലിന്യം നീക്കം ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണിത്. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിലാണ് എഐ അധിഷ്ഠിത റോബോട്ടിക് കനാൽ ക്ലീനിംഗ് സിസ്റ്റമായ 'ജി-സ്പൈഡർ' വിന്യസിച്ചിരിക്കുന്നത്.
വെള്ളത്തിനും സ്ലാബിനും ഇടയിലുള്ള ഉയരം വളരെ കുറവായതിനാലും തുടർച്ചയായ ഒഴുക്ക്, ഇടുങ്ങിയ തൊഴിൽ സാഹചര്യം, മനുഷ്യർക്ക് സുരക്ഷിതമായി പ്രവേശിക്കാനുള്ള ബുദ്ധിമുട്ട് എന്നീ കാരണങ്ങളാലും തമ്പാനൂർ റെയിൽവേ സ്റ്റേഷന് താഴെയുള്ള ഭാഗത്തെ ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണം കാലങ്ങളായി വെല്ലുവിളി ഉയർത്തുന്നതായിരുന്നു.
ഈ പരിമിതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി.രാജേഷ് എഐ അധിഷ്ഠിത റോബോട്ടിക് കനാൽ ക്ലീനിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭയും 'ബാൻഡിക്കൂട്ട്' എന്ന റോബോട്ടിക് ശുചീകരണ യന്ത്രത്തിന്റെ നിർമ്മാതാക്കളായ, ടെക്നോപാർക്ക് ആസ്ഥാനമായുള്ള ജെൻറോബോട്ടിക് ഇന്നൊവേഷൻസും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഈ പദ്ധതി.
അപകടകരവും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ തൊഴിലാളികൾ ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ ഈ അത്യാധുനിക റോബോട്ടിക് സംവിധാനം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മാലിന്യ സംസ്കരണത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഗണ്യമായി ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്ന ഒരു വിപ്ലവകരമായ നീക്കമാണിതെന്ന് അവർ ഈ സംരംഭത്തെ വിശേഷിപ്പിച്ചു.

ജെൻറോബോട്ടിക് ഇന്നൊവേഷൻസ് വികസിപ്പിച്ചെടുത്ത ജി-സ്പൈഡർ ഓട്ടോമേറ്റഡ് കനാൽ ക്ലീനിംഗ് റോബോട്ട് മനുഷ്യസാന്നിധ്യമില്ലാതെ തന്നെ സങ്കീർണ്ണവും അപകടസാധ്യതയുള്ളതുമായ തോടുകളിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. കേബിൾ ഡ്രിവൺ പാരലൽ റോബോട്ടിക്സ് (CDPR) ആർക്കിടെക്ചറിൽ നിർമ്മിച്ചതും എഐ അധിഷ്ഠിത കാഴ്ചാശേഷിയും സെൻസർ ഇന്റലിജൻസുമുള്ളതുമായ ഈ റോബോട്ട്, അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കൃത്യമായി കണ്ടെത്താനും വിലയിരുത്താനും നീക്കം ചെയ്യാനും സഹായിക്കുന്നു.

അത്യാധുനിക മെഷീൻ വിഷൻ ഉപയോഗിക്കുന്നതിലൂടെ വിവിധ തരം മാലിന്യങ്ങൾ, ഒഴുക്കിന്റെ ഗതി, ഘടനാപരമായ വെല്ലുവിളികൾ എന്നിവ തത്സമയം തിരിച്ചറിയാനും അതിനനുസരിച്ച് പ്രവർത്തിക്കാനും ഈ സംവിധാനത്തിന് കഴിയും. ബയോമിമെറ്റിക് ക്ലോ-ടൈപ്പ് ഗ്രാബർ ഘടിപ്പിച്ച ഇതിന്റെ ഫൈവ്-ഡിഗ്രീസ്-ഓഫ്-ഫ്രീഡം റോബോട്ടിക് മെക്കാനിസം സങ്കീർണ്ണവും ക്രമരഹിതവുമായ മാലിന്യങ്ങൾ കൃത്യമായ സ്ഥാനനിർണ്ണയവും സുരക്ഷിതമായ കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നു. വേർതിരിച്ചെടുക്കുന്ന മാലിന്യങ്ങൾ ഇത് നേരിട്ട് വാഹനങ്ങളിലേക്ക് മാറ്റുകയും മാലിന്യം കണ്ടെത്തുന്നതു മുതൽ സുരക്ഷിതമായി സംസ്കരിക്കുന്നത് വരെയുള്ള പൂർണ്ണമായ കനാൽ ശുചീകരണ പ്രക്രിയ മനുഷ്യസ്പർശമില്ലാതെ സാധ്യമാക്കുകയും ചെയ്യുന്നു.
തിരുവനന്തപുരം നഗരസഭ വിന്യസിച്ച ജി-സ്പൈഡർ എഐ അധിഷ്ഠിത റോബോട്ടിക് സംവിധാനം നഗര ശുചീകരണത്തിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുന്നു. കനാൽ ശുചീകരണം യന്ത്രവത്കൃതമാക്കുന്നതിലൂടെ വിഷവാതകങ്ങൾ, മലിനജലം, അപകടകരമായ മാലിന്യങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കം കുറച്ച് തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു. ഉയർന്ന ജലനിരപ്പിലും തുടർച്ചയായ ഒഴുക്കുള്ള സാഹചര്യങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ജി-സ്പൈഡർ, നഗരത്തിലെ ജലപാതകളുടെ സുഗമമായ പരിപാലനം ഉറപ്പാക്കുന്നു. പ്ലാസ്റ്റിക്കുകൾ, മൂർച്ചയുള്ള അവശിഷ്ടങ്ങൾ, മറ്റ് ദോഷകരമായ വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാൻ ഇതിന് കഴിയുന്നു. അതുവഴി മൊത്തത്തിലുള്ള ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നു. കൃത്യമായ ഇടവേളകളിലുള്ള ശാസ്ത്രീയ ശുചീകരണത്തിലൂടെ ഈ റോബോട്ടിക് ഇടപെടൽ ഡ്രെയിനേജ് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും നഗരത്തിലെ വെള്ളക്കെട്ട് തടയുന്നതിനും വൃത്തിയുള്ളതും സുരക്ഷിതവുമായ നഗരാന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.
ജി-സ്പൈഡർ ഓട്ടോമേറ്റഡ് കനാൽ ക്ലീനിംഗ് റോബോട്ടിന്റെ വിന്യാസം സുരക്ഷിതവും യന്ത്രവൽകൃതവും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതവുമായ കനാൽ പരിപാലനത്തിലേക്കുള്ള നിർണ്ണായകമായ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലാളികൾ ഇറങ്ങേണ്ടിവരുന്നത് ഒഴിവാക്കുന്നതിലൂടെ ഈ സംരംഭം ശുചീകരണ തൊഴിലാളികളുടെ ജീവന് സംരക്ഷണം നൽകുകയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും സുസ്ഥിരമായ നഗര അടിസ്ഥാന സൗകര്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിപുലീകരിക്കാവുന്നതും അനുകരിക്കാവുന്നതുമായ ഒരു മാതൃക എന്ന നിലയിൽ, സംസ്ഥാനത്തെ മറ്റ് അപകടസാധ്യതയുള്ള കനാലുകളിലും ഡ്രെയിനേജ് ശൃംഖലകളിലും ഇത്തരം സംവിധാനം നടപ്പിലാക്കുന്നതിന് ജി-സ്പൈഡർ ശക്തമായ ഒരു മാതൃകയാണ്.
സ്വച്ഛ് ഭാരത് മിഷന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഇത്തരം സാങ്കേതിക വിദ്യയിലൂന്നിയുള്ള ഇടപെടലുകൾ ശുചീകരണ തൊഴിലാളികളുടെ അന്തസ്സ്, സുരക്ഷ, ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നഗര ശുചിത്വ സംവിധാനങ്ങൾ ആധുനികവത്കരിക്കാൻ സംസ്ഥാനങ്ങൾ എങ്ങനെ നവീനാശയങ്ങൾ സ്വീകരിക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നു.
***
SK
( റിലീസ് ഐ.ഡി: 2235917)
സന്ദര്‍ശക കൗണ്ടര്‍ : 57