വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള വ്യവസ്ഥകളിൽ ധാരണ
പോസ്റ്റഡ് ഓണ്‍:
02 MAR 2026 7:47PM by PIB Thiruvananthpuram
ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ ന്യൂഡൽഹിയിൽ ആരംഭിച്ചു. കരാർ എത്രയും വേഗം അന്തിമമാക്കാൻ ഇരുപക്ഷവും തീരുമാനിച്ചു. ഇന്ത്യ–കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) പ്രവർത്തന വ്യവസ്ഥകൾ (Terms of Reference - ToR) 2026 മാർച്ച് 2-ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി ശ്രീ മനീന്ദർ സിദ്ധുവും ഒപ്പുവെച്ചിരുന്നു. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും സാന്നിധ്യത്തിൽ രേഖകൾ കൈമാറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030 ഓടെ 50 ബില്യൺ യുഎസ് ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങിനിടെ പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സാമ്പത്തിക സഹകരണത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വേഗത്തിൽ അന്തിമമാക്കാൻ ഇന്ത്യയും കാനഡയും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ലക്ഷ്യങ്ങൾ, ശ്രദ്ധ, ദീർഘവീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മൂല്യവത്തായ ഒരു പങ്കാളിത്തത്തിന്റെ വികാസമാണിതെന്ന് പ്രധാനമന്ത്രി കാർണി പറഞ്ഞു - ഭാവിയിലേക്കുള്ള സ്വന്തം ഗതി രൂപപ്പെടുത്തുന്ന രണ്ട് ആത്മവിശ്വാസമുള്ള രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം.
ഇന്ത്യ–കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ചർച്ചകൾക്ക് ആവശ്യമായ രൂപരേഖ, ഇടവേള/ആവർത്തനക്രമം, സമീപനരീതി എന്നിവ ഈ പ്രവർത്തന വ്യവസ്ഥകൾ (ToR) നിർണ്ണയിക്കും.
അഭിലാഷപൂർണ്ണവും സന്തുലിതവും , പരസ്പര പ്രയോജനകരവുമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) വിജയകരമായി അന്തിമമാക്കുന്നതിനുള്ള ചർച്ചകൾ സുഗമമാക്കാനുള്ള മാർഗ്ഗരേഖയായിഇത് വർത്തിക്കും.
2025 ഒക്ടോബറിൽ കാനഡയിലെ കാനനാസ്കിസിൽ നടന്ന ജി7 യോഗത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ നേതാക്കൾ നടത്തിയ പ്രസ്താവനയുടെ തുടർച്ചയായി, ഇന്ത്യ–കാനഡ CEPA ചർച്ചകൾക്കായുള്ള പ്രവർത്തന വ്യവസ്ഥകൾ (ToR) അന്തിമമാക്കാൻ ഇരുപക്ഷവും പ്രവർത്തനം ആരംഭിച്ചു.
ചരക്കുകളുടെ വ്യാപാരം, സേവനങ്ങൾ എന്നിവ കൂടാതെ ഉഭയകക്ഷി സമ്മതമുള്ള മറ്റ് നയ മേഖലകളും ചർച്ചകളിൽ ഉൾപ്പെടും.
41.65 ദശലക്ഷം ജനസംഖ്യയുള്ള (2025) ഒരു വിപണിയാണ് കാനഡ. PPP അടിസ്ഥാനത്തിലുള്ള ജിഡിപി മൂല്യം 2.34 ട്രില്യൺ യുഎസ് ഡോളറാണ്. ഇന്ത്യ–കാനഡ CEPA, 2024-25 സാമ്പത്തിക വർഷത്തിൽ 8.66 ബില്യൺ യുഎസ് ഡോളറായിരുന്ന (കയറ്റുമതി: 4.22 ബില്യൺ യുഎസ് ഡോളർ; ഇറക്കുമതി: 4.44 ബില്യൺ യുഎസ് ഡോളർ) ഉഭയകകക്ഷി വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും വലിയ സാധ്യതകൾ തുറന്ന് നൽകുന്നു. (ഉറവിടം: DGCI&S).
ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള കയറ്റുമതിയിൽ മരുന്നുകൾ, ഔഷധ ഉത്പന്നങ്ങൾ, ഇരുമ്പ്, ഉരുക്ക്, സമുദ്രവിഭവങ്ങൾ, കോട്ടൺ വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. കാനഡയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിൽ പ്രധാനമായും പരിപ്പുകൾ, മുത്തുകളും രത്നങ്ങളും, കൽക്കരി, വളം, കടലാസ്, അസംസ്കൃത എണ്ണ എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള സേവന കയറ്റുമതിയുടെ പ്രധാന മേഖലകളിൽ ടെലികമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ സേവനങ്ങൾ, ബിസിനസ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ മേഖലകൾക്ക് ഭാവിയിൽ ഗണ്യമായ വളർച്ചാ സാധ്യതകളുണ്ട്, കൂടാതെ CEPA അന്തിമമാകുന്നതോടെ ഇവ കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാനഡയിൽ 4,25,000-ലധികം ഇന്ത്യൻ വിദ്യാർത്ഥികളടക്കമുള്ള ശക്തമായ ഇന്ത്യൻ സമൂഹമുണ്ട്. "ഒരു കുടുംബം" എന്ന നിലയിൽ നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള ശക്തവും സ്ഥായിയുമായ ബന്ധങ്ങൾ ഇന്ത്യ-കാനഡ CEPA അന്തിമമാകുന്നതോടെ കൂടുതൽ ശക്തിപ്പെടുത്തപ്പെടും.
***
( റിലീസ് ഐ.ഡി: 2234940)
സന്ദര്‍ശക കൗണ്ടര്‍ : 34