ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

‘ഇരട്ട എൻജിൻ’ വേഗത കേരളത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടും; ഇന്ത്യയുടെ വികസന കാഴ്ചപ്പാടിൽ സംസ്ഥാനത്തിന്റെ അടുത്ത ദശകം നിർണായകം: ഡോ. ജിതേന്ദ്ര സിങ്


‘കേരള’ ‘കേരളം’ ആക്കിയതു മോദി ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ സൂചന​; വികസനത്തിന് ഏകോപിതഭരണം അത്യന്താപേക്ഷിതമെന്നു ഡോ. ജിതേന്ദ്ര സിങ് തിരുവനന്തപുരത്ത്

തീരദേശ അടിസ്ഥാനസൗകര്യങ്ങൾ, മത്സ്യബന്ധന​ത്തിനുള്ള പിന്തുണ, ഉത്തരവാദിത്വമുള്ള ഭരണം എന്നിവ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകുന്നതിൽ നിർണായകം: ഡോ. ജിതേന്ദ്ര സിങ്

പോസ്റ്റഡ് ഓണ്‍: 28 FEB 2026 7:04PM by PIB Thiruvananthpuram

കേന്ദ്ര ശാസ്ത്ര-സാങ്കേതികവിദ്യ, ഭൗമശാസ്ത്രം, ഉദ്യോഗസ്ഥകാര്യവും പൊതു ആവലാതിയും പെൻഷനും, ആണവോർജം, ബഹിരാകാശം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിങ്, മുൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സും വിവിധ സന്നദ്ധസംഘടനകളും ചേർന്നു സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്തു. 2036 വരെയുള്ള അടുത്ത പതിറ്റാണ്ടിൽ കേരളത്തിന്റെ വികസനത്തിനായുള്ള മാർഗരേഖ തയ്യാറാക്കുന്നതിനെക്കുറിച്ചും അത് ഇന്ത്യയുടെ വിപുലമായ വികസന കാഴ്ചപ്പാടുകളുമായി ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും ചടങ്ങിൽ ചർച്ചകൾ നടന്നു.

വിദ്യാഭ്യാസം, ശാസ്ത്രീയ അഭിരുചി, തീരദേശ വിഭവങ്ങൾ, നൈപുണ്യമുള്ള മാനവവിഭവശേഷി എന്നിവയിലെ കരുത്തുപയോഗപ്പെടുത്തി, ഏവരെയും ഉൾക്കൊള്ളുന്നതും വേഗതയേറിയതുമായ വളർച്ച കൈവരിക്കാനുള്ള നിർണായക ഘട്ടത്തിലാണു കേരളമെന്നു ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. വരാനിരിക്കുന്ന പതിറ്റാണ്ട്, കേരളത്തിന്റെ വികസന മുൻഗണനകളെ ശാസ്ത്രം, സാങ്കേതികവിദ്യ, നീല സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിലെ ദേശീയ ദൗത്യങ്ങളുമായി സംയോജിപ്പിക്കാനുള്ള അവസരമാണു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചു പരാമർശിച്ച മന്ത്രി, പുതുതായി വികസിപ്പിച്ച ‘സേവാതീർഥി’ൽ ചേർന്ന ആദ്യ കേന്ദ്രമന്ത്രിസഭായോഗത്തിൽ ‘കേരള’ എന്നതിനു പകരം ഔദ്യോഗികമായി ‘കേരളം’ എന്ന പേരു സ്വീകരിക്കാൻ മോദി ഗവണ്മെന്റ് തീരുമാനമെടുത്തതായി പറഞ്ഞു. ഇതു സംസ്ഥാനത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വത്തോടുള്ള ആദരമാണു പ്രതിനിധാനംചെയ്യുന്നത്. കേരളത്തിന്റെ പൈതൃകത്തോടും അഭിലാഷങ്ങളോടുമുള്ള കരുതലിന്റെ പ്രതീകമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ കേന്ദ്ര ബജറ്റുകൾ തീരദേശ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും മത്സ്യബന്ധന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളം പോലുള്ള തീരദേശ സംസ്ഥാനങ്ങളിൽ ഉപജീവന അവസരങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ വികസനം, സമുദ്രവിഭവങ്ങൾ, ആഴക്കടൽ ദൗത്യം ഉൾപ്പെടെയുള്ള നീല സമ്പദ്‌വ്യവസ്ഥാപദ്ധതികൾക്കായുള്ള പ്രത്യേക വകയിരുത്തലുകൾ, കേരളത്തിന്റെ ​ദൈർഘ്യമേറിയ തീരപ്രദേശത്തിനും മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്കും പുതിയ വളർച്ചാ അവസരങ്ങൾ തുറന്നുനൽകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശാസ്ത്രം നയിക്കുന്ന സമുദ്രപര്യവേക്ഷണത്തിലൂടെയും സുസ്ഥിരമായ സമുദ്രവിഭവ പരിപാലനത്തിലൂടെയും നേട്ടങ്ങൾ കൈവരിക്കുന്നതിൽ കേരളം പോലുള്ള തീരദേശ സംസ്ഥാനങ്ങൾക്കു സവിശേഷമായ സ്ഥാനമുണ്ടെന്നു മന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഫലപ്രദമായ ഏകോപനം വികസനത്തിന്റെ വേഗത ഗണ്യമായി വർധിപ്പിക്കുമെന്നും, നയങ്ങളും പരിപാടികളും കൂടുതൽ കരുത്തോടും കാര്യക്ഷമതയോടുംകൂടി മുന്നോട്ടുകൊണ്ടുപോകാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ മേഖലകളിലെ പൗരന്മാർക്കു പ്രയോജനം ലഭിക്കുന്ന രീതിയിലാണു പല കേന്ദ്ര പദ്ധതികളും വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും, അവയുടെ പൂർണമായ ഗുണം ലഭിക്കുന്നതു സുതാര്യമായ നടപ്പാക്കലിനെയും ഭരണതലങ്ങളിലെ ക്രിയാത്മകമായ സഹകരണത്തെയും ആശ്രയിച്ചാണെന്നു ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന മുൻഗണനകൾ ദേശീയ കാഴ്ചപ്പാടുമായി ചേർന്നുപോകുമ്പോൾ, പുരോഗതിക്ക് “ഇരട്ട എൻജിൻ” വേഗത കൈവരുമെന്നും അതിന്റെ ഗുണം അന്തിമമായി സാധാരണക്കാരായ ജനങ്ങൾക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം മാറിമാറി ഭരിച്ച ഗവണ്മെന്റുകൾ സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടത്ര മുൻഗണന നൽകിയിട്ടില്ലെന്നു മുൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരൻ പറഞ്ഞു. ആരോഗ്യമേഖലയിലെ ആശങ്കകളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സേവനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വവും പ്രതികരണശേഷിയും ആവശ്യമാണെന്നു പറഞ്ഞു. സംസ്ഥാനത്തിന്റെ ദീർഘകാല നേട്ടത്തിനായി, ഉത്തരവാദിത്വം ഉറപ്പാക്കുന്ന ഭരണമാതൃകകളെക്കുറിച്ചും ഇന്ത്യാഗവണ്മെന്റുമായി ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തമായ മാർഗ​രേഖയും ഉത്തരവാദിത്വമുള്ള ഭരണവും ഏകോപിതമായ പരിശ്രമങ്ങളും ഉണ്ടെങ്കിൽ, കേരളത്തിന് അതിവേഗം മുന്നേറാനും വികസിത രാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ഗണ്യമായ സംഭാവനകൾ നൽകാനും കഴിയുമെന്നു ഡോ. ജിതേന്ദ്ര സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

-SK-


( റിലീസ് ഐ.ഡി: 2234097) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English , हिन्दी , Urdu