ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ഡോ. ജിതേന്ദ്ര സിങ് തിരുവനന്തപുരത്ത് പത്മവിഭൂഷൺ പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തി; നാഗരികമായ അതിജീവനശേഷിയിൽനിന്നു സാങ്കേതിക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെ ഉയർത്തിക്കാട്ടി കേന്ദ്രസഹമന്ത്രി


ഇന്ത്യ ഉടൻ ലോകത്തിലെ മികച്ച മൂന്നു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകും; 2047-ഓടെ വികസിത ഇന്ത്യ എന്നത് ഇനി സ്വപ്നമല്ല; മറിച്ച്, നിർവചിക്കപ്പെട്ട ദൗത്യമാണ്: പരമേശ്വരൻ സ്മാരക പ്രഭാഷണത്തിൽ ഡോ. ജിതേന്ദ്ര സിങ്

‘ദുർബലമായ അഞ്ചിലൊന്ന്’ എന്ന നിലയിൽനിന്ന് ആഗോള വളർ​ച്ചാനേതൃത്വത്തിലേക്ക്: ഇന്ത്യയുടെ പരിവർത്തനത്തിന്റെ പതിറ്റാണ്ട്; ആഗോള നൂതനാവിഷ്കാര സൂചികയിൽ 81-ാം സ്ഥാനത്തുനിന്ന് 38-ാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു: ഡോ. ജിതേന്ദ്ര സിങ്

ശാസ്ത്രപ്രസിദ്ധീകരണങ്ങളിലും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട ഗവേഷണങ്ങളിലും മുൻനിര രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നു; ഭാവിയിലെ വളർച്ചയ്ക്കായി ആഴക്കടൽ വിഭവങ്ങൾ പ്രയോജനപ്പെടുത്താൻ സമുദ്രദൗത്യം സഹായിക്കും: ഡോ. ജിതേന്ദ്ര സിങ്

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്നത്തെ യുവജനങ്ങൾ ഇന്ത്യയെ രൂപപ്പെടുത്തും: ഡോ. ജിതേന്ദ്ര സിങ്

പോസ്റ്റഡ് ഓണ്‍: 28 FEB 2026 4:18PM by PIB Thiruvananthpuram

2014-ൽ സമ്പദ്‌വ്യവസ്ഥയിലെ ‘ദുർബലമായ അഞ്ചിലൊന്ന്’ എന്ന നിലയിൽനിന്ന്, ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവന്ന ഇന്ത്യയുടെ പ്രയാണം, ദേശീയ ആത്മവിശ്വാസത്തിലും ശേഷിയിലും ദിശയിലുമുണ്ടായ നിർണായകമായ മാറ്റത്തെയാണു പ്രതിനിധാനംചെയ്യുന്നതെന്നു കേന്ദ്ര ശാസ്ത്ര-സാങ്കേതികവിദ്യ, ഭൗമശാസ്ത്രം, ഉദ്യോഗസ്ഥകാര്യവും പൊതു ആവലാതിയും പെൻഷനും, ആണവോർജം, ബഹിരാകാശം എന്നീ മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ. ജിതേ​​ന്ദ്ര സിങ്. സമീപഭാവിയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനും 2047-ഓടെ വികസിത രാഷ്ട്രം എന്ന ലക്ഷ്യം കൈവരിക്കാനുമുള്ള പാതയിലാണ് ഇന്ത്യ ഇപ്പോൾ ഉറച്ചുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കവടിയാറിൽ “വികസിത ഇന്ത്യ @2047: ദേശീയ പരിവർത്തനത്തിനായി ശാസ്ത്രവും സാങ്കേതികവിദ്യയും ഭാവിക്കായി സജ്ജമായ നൂതനാവിഷ്കാരവും” എന്ന പ്രമേയത്തിൽ പി പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തവേ, ഈ ചടങ്ങു ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ചു വന്നതു ദൈവനിശ്ചയമാണെന്നു ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. പ്രശസ്ത ചിന്തകനും സാമൂഹ്യനേതാവുമായ ശ്രീ പി പരമേശ്വരനെ അനുസ്മരിക്കാൻ “ഭാരതീയ വിചാര കേന്ദ്ര”മാണു പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയുടെ നാഗരികമായ പ്രയാണത്തെക്കുറിച്ചുള്ള ചിന്തകളോടെ പ്രസംഗം ആരംഭിച്ച ഡോ. ജിതേന്ദ്ര സിങ്, അധിനിവേശങ്ങളെയും ​കോളനിവാഴ്ചയെയും വ്യവസ്ഥാപിത ചൂഷണങ്ങളെയും അതിജീവിച്ച പുരാതനമായ സംസ്കാരമാണ് ഇന്ത്യയെന്നും, പുതുക്കിയ ആത്മവിശ്വാസത്തോടെ അതു കൂടുതൽ കരുത്തോടെ ഉയർന്നുവന്നുവെന്നും പറഞ്ഞു. ജനാധിപത്യത്തിന്റെ യഥാർഥ ചൈതന്യം സമീപവർഷങ്ങളിൽ ആഴത്തിലായെന്നും, ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കു പോലും തടസ്സങ്ങളില്ലാതെ ഉയരങ്ങൾ ലക്ഷ്യം വയ്ക്കാൻ ഇതു കരുത്തു പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പാവപ്പെട്ട കുടുംബത്തിലെ അമ്മയ്ക്കുപോലും തന്റെ കുട്ടിക്കു ശാസ്ത്രജ്ഞനോ ഡോക്ടറോ സിവിൽ സർവെന്റോ ആകാൻ കഴിയുമെന്നു സ്വപ്നം കാണാനും, ആ സ്വപ്നം സാക്ഷാത്കരിക്കാൻ നിലവിലുള്ള സംവിധാനം അനുവദിക്കുമെന്നു വിശ്വസിക്കാനും കഴിയുമ്പോഴാണു ജനാധിപത്യം അർഥവത്താകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നൂതനാവിഷ്കാരങ്ങളുടെ കാര്യത്തിൽ, 2014-ൽ ആഗോള നൂതനാവിഷ്കാര സൂചികയിൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 38-ാം സ്ഥാനത്തേക്ക് ഉയർന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോൾ രണ്ടു ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളിലായി 21 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. 2015-ൽ ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ പ്രഖ്യാപിക്കുമ്പോൾ പലർക്കും ഈ ആശയം പരിചിതമായിരുന്നില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു; എന്നാൽ ഇന്നതു രാജ്യവ്യാപകമായ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഈ സ്റ്റാർട്ടപ്പുകളിൽ പകുതിയോളം രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിൽ നിന്നുള്ളവയാണ്; അവയിൽ ഗണ്യമായ ഭാഗം വനിതകൾ നയിക്കുന്ന സംരംഭങ്ങളുമാണ്.

ബഹിരാകാശം, ശാസ്ത്രം, ഭരണം എന്നീ മേഖലകളിലെ രാജ്യത്തിന്റെ ഏറ്റവും അഭിമാനകരമായ പല ദേശീയ ദൗത്യങ്ങൾക്കും വനിതാ ശാസ്ത്രജ്ഞരും നൂതനാശയ ഉപജ്ഞാതാക്കളും നേതൃത്വം നൽകുന്നതിലൂടെ, സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ചർച്ചകളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പേറ്റന്റ് ഫയൽ ചെയ്യുന്നതിൽ ഇന്ത്യ ആഗോളതലത്തിൽ ആറാം സ്ഥാനത്താണ്. ഇതിൽ 60 ശതമാനത്തിലധികം ഫയൽ ചെയ്തിരിക്കുന്നത് ഇന്ത്യയിൽ വസിക്കുന്ന നമ്മുടെ സ്വന്തം നാട്ടുകാരാണ്. ശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ; ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട ഗവേഷണപ്രബന്ധങ്ങളുടെ എണ്ണവും വർധിച്ചുവരികയാണ്. ലോകത്തെ രണ്ടുശതമാനം മികച്ച ശാസ്ത്രജ്ഞരിൽ ആയിരക്കണക്കിന് ഇന്ത്യൻ ശാസ്ത്രജ്ഞർ ഉൾപ്പെടുന്നു. ഇത് ഇന്ത്യൻ ശാസ്ത്രപ്രതിഭകൾക്കു ലഭിക്കുന്ന ആഗോള അംഗീകാരത്തെയാണു പ്രതിനിധാനംചെയ്യുന്നത്- ഗവേഷണ നേട്ടങ്ങളെക്കുറിച്ചു ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

ബഹിരാകാശ-ആണവോർജ മേഖലകളെക്കുറിച്ചു സംസാരിക്കവേ, നയപരമായ പരിഷ്കാരങ്ങൾ സ്വകാര്യ പങ്കാളിത്തത്തിനു പുതിയ വഴികൾ തുറന്നുകൊടുത്തെന്നും ഇത് ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വികാസത്തിനു കാരണമായെന്നും മന്ത്രി പറഞ്ഞു. പ്രതിരോധരംഗത്തും നൂതന സാങ്കേതികവിദ്യകളിലുമുള്ള തദ്ദേശീയമായ ശേഷി ഗണ്യമായി വർധിച്ചു; അതോടൊപ്പം കയറ്റുമതി ഉയരുകയും സ്വയംപര്യാപ്തത വർധിക്കുകയും ചെയ്തു.

​സമുദ്രദൗത്യത്തെക്കുറിച്ചു സൂചിപ്പിച്ച ഡോ. ജിതേന്ദ്ര സിങ്, ഒരു സമുദ്രത്തിനു സ്വന്തം പേരുള്ള ഏക രാജ്യമെന്ന നിലയിൽ ഇന്ത്യ സവിശേഷമായ സ്ഥാനത്താണെന്നു വ്യക്തമാക്കി. സമുദ്രവിഭവങ്ങൾ, ആഴക്കടൽ ധാതുക്കൾ, ജൈവവൈവിധ്യം എന്നിവയുടെ പര്യവേക്ഷണം ഭാവിയിൽ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മൂല്യവർധനയിൽ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പരാഗത ഗവണ്മെന്റ് ജോലികൾക്കപ്പുറത്തേക്ക് അവസരങ്ങൾ വ്യാപിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020, അടൽ നൂതനാശയ ദൗത്യം, പിഎം മുദ്ര, പിഎം വിശ്വകർമ, പിഎം സ്വനിധി തുടങ്ങിയ നയപരമായ പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ നടപടികൾ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും, പരമ്പരാഗത കരകൗശല വിദഗ്ധരെ പിന്തുണയ്ക്കുകയും, തെരുവോരകച്ചവടക്കാർക്കും ചെറുകിട സംരംഭകർക്കും അന്തസ്സും സാമ്പത്തിക സ്ഥിരതയും കൈവരിക്കാൻ കരുത്തുപകരുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്ത്യയിൽ ആയിരിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിതെ”ന്നു വിശേഷിപ്പിച്ച ഡോ. ജിതേന്ദ്ര സിങ്, വിദേശത്ത് ഉന്നതപഠനം നടത്തുന്നവർ ഉൾപ്പെടെയുള്ള യുവജനങ്ങൾ രാജ്യത്തിന്റെ വളർച്ചാഗാഥയുമായി ചേർന്നുനിൽക്കണമെന്ന് അഭ്യർഥിച്ചു. ആഗോളതലത്തിലുള്ള പരിചയം വിലപ്പെട്ടതാണെങ്കിലും, ഗവേഷണം, നൂതനാശയങ്ങൾ, സംരംഭകത്വം എന്നിവയിൽ മുൻപില്ലാത്തവിധം മികച്ച അവസരങ്ങളാണ് ഇന്ത്യ ഇന്നു വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉപസംഹരിക്കവേ, 2047-ലെ വികസിത ഇന്ത്യയുടെ രൂപഭാവങ്ങൾ ഇന്നത്തെ യുവജനങ്ങൾ നിർണയിക്കുമെന്നു ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ശേഷി വർധിപ്പിക്കൽ, സ്ഥാപനങ്ങൾക്കു കരുത്തേകൽ, അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കൽ എന്നിവയാണ് ഈ തലമുറയുടെ ഉത്തരവാദിത്വം. അതിലൂടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ, പൂർണമായും വികസിതവും, നൂതനാശയ ഉപജ്ഞാതാക്കൾ നയിക്കുന്നതും, ആഗോളതലത്തിൽ ആദരിക്കപ്പെടുന്നതുമായ രാഷ്ട്രമായി ഇന്ത്യ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തു ശനിയാഴ്ച ഭാരതീയ വിചാര കേന്ദ്രം (BVK) സംഘടിപ്പിച്ച അഞ്ചാമതു പി പരമേശ്വരൻ ജി അനുസ്മരണ പ്രഭാഷണത്തിൽ, “വികസിത ഇന്ത്യ 2047” എന്ന പ്രമേയത്തിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് മുഖ്യപ്രഭാഷണം നടത്തുന്നു.

 

\

-SK-


( റിലീസ് ഐ.ഡി: 2234096) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil