വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

മിഡിൽ ഈസ്റ്റിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമയാന മേഖലയിലെ തയ്യാറെടുപ്പ് അവലോകനം ചെയ്ത് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി

പോസ്റ്റഡ് ഓണ്‍: 28 FEB 2026 5:47PM by PIB Thiruvananthpuram

മിഡിൽ ഈസ്റ്റിൽ വികസിക്കുന്ന സാഹചര്യവും അന്താരാഷ്ട്ര വ്യോമ പ്രവർത്തനങ്ങളിൽ അതിൻ്റെ പ്രത്യാഘാത സാധ്യതകളും കണക്കിലെടുത്ത്, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി, വ്യോമയാന മേഖലയിലെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായി സമഗ്രമായ അവലോകനം നടത്തി.

 

 

സിവിൽ വ്യോമയാന മന്ത്രാലയം സെക്രട്ടറി, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ), വിമാന കമ്പനി ഓപ്പറേറ്റർമാർ, രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവള ഓപ്പറേറ്റർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെയാണ് ഉന്നതതല യോഗം വിളിച്ചുചേർത്തത്. മേഖലയിലെ ചില ഭാഗങ്ങളിൽ പുറപ്പെടുവിച്ച വ്യോമാതിർത്തി നിയന്ത്രണങ്ങളുടെയും NOTAM-കളുടെയും പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ, വ്യോമ ഗതാഗത തുടർച്ച, തത്സമയ ഏകോപനം എന്നിവ ഉറപ്പാക്കുന്നതിലാണ് അവലോകനംശ്രദ്ധ കേന്ദ്രീകരിച്ചത്.

 

അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾ ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന വ്യോമാതിർത്തി നിർദേശങ്ങൾ, NOTAM-കൾ (ജാഗ്രതാ നിർദ്ദേശം), റൂട്ട് നിയന്ത്രണങ്ങൾ എന്നിവ തുടർച്ചയായി നിരീക്ഷിക്കാൻ നിർദ്ദേശം നൽകി. ആഗോള സുരക്ഷാ പ്രോട്ടോക്കോളുകൾക്കും സ്ഥാപിതമായ അടിയന്തര ആസൂത്രണ നടപടിക്രമങ്ങൾക്കും അനുസൃതമായി, ആവശ്യമെങ്കിൽ വിമാനങ്ങൾ സമയബന്ധിതമായി വഴിതിരിച്ചുവിടാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

വിമാനങ്ങൾ വഴിതിരിച്ചുവിടൽ, ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങളുടെ ലാൻഡിംഗ്, യാത്രക്കാരുടെ സൗകര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾ, പ്രത്യേകിച്ച് പ്രധാന അന്താരാഷ്ട്ര ഗേറ്റ്‌വേകൾക്ക് പ്രവർത്തന ജാഗ്രത നിർദേശം നൽകി. ആവശ്യമെങ്കിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, പാർക്കിംഗ് ബേകൾ, യാത്രക്കാരുടെ സൗകര്യങ്ങൾ, ക്രൂ ലോജിസ്റ്റിക്സ്, ഇമിഗ്രേഷൻ പിന്തുണ എന്നിവയ്ക്കായി വിമാന കമ്പനികളുമായി മെച്ചപ്പെട്ട ഏകോപനം നടത്താൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും സ്വകാര്യ വിമാനത്താവള ഓപ്പറേറ്റർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

സുരക്ഷാ ചട്ടങ്ങൾ, വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയ നിയന്ത്രണങ്ങൾ, പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിമാന കമ്പനികളുമായി അടുത്ത ബന്ധം നിലനിർത്താൻ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനോട്‌ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, വ്യോമാതിർത്തികളിലെ സാഹചര്യം വിലയിരുത്തുന്നതിനും ആഭ്യന്തര ഷെഡ്യൂളുകളിൽ ഏതെങ്കിലും തടസമുണ്ടായാൽ ലഘൂകരിക്കുന്നതിനും തുടർച്ചയായ നിരീക്ഷണ സംവിധാനങ്ങൾ സജീവമാക്കണം.

 

 

ഇന്ത്യൻ വിമാനക്കമ്പനികളോ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരോ ഉൾപ്പെടുന്ന എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ സുഗമമായ വിവര കൈമാറ്റവും ഉചിതമായ ഏകോപനവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയവുമായി, സിവിൽ വ്യോമയാന മന്ത്രാലയം ചേർന്ന് പ്രവർത്തിക്കുന്നു .

 

പുതുക്കിയ യാത്രാ വിവരങ്ങൾക്കും വിമാന ഷെഡ്യൂൾ മാറ്റങ്ങൾക്കും യാത്രക്കാർ അതത് വിമാന കമ്പനികളുമായി നിരന്തര ബന്ധം പുലർത്താൻ നിർദ്ദേശിക്കുന്നു. അസൗകര്യം കുറയ്ക്കുന്നതിന് കാലതാമസം, വഴിതിരിച്ചുവിടൽ അല്ലെങ്കിൽ റൂട്ട് മാറ്റം എന്നിവയെക്കുറിച്ച് യാത്രക്കാരുമായി മുൻകൂട്ടി ആശയവിനിമയം നടത്താൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരമപ്രധാനമാണ്. സുരക്ഷിതവും ക്രമീകൃതവും കാര്യക്ഷമവുമായ വിമാന യാത്ര ഉറപ്പാക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

 

സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ പുതിയ നിർദ്ദേശങ്ങൾ നൽകുന്നതാണ്.

 

****


( റിലീസ് ഐ.ഡി: 2234053) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi