|
ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ സേലം ഐഐഎച്ച്ടി (IIHT)യിലെ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; കൈത്തറി മേഖലയെ ശാക്തീകരിക്കാന്‍ ആഹ്വാനം.
പോസ്റ്റഡ് ഓണ്‍:
27 FEB 2026 7:21PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്‍ ഇന്ന് തമിഴ്‌നാട്ടിലെ സേലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിലെ (IIHT) പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയില്‍, സേലത്തിന്റെ ചരിത്രപരവും സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. വ്യാപാരം, വ്യവസായം, പൊതുജീവിതം എന്നീ മേഖലകളില്‍ സേലം ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ ദേശീയ നേതാവായ ശ്രീ. സി. രാജഗോപാലാചാരിയുമായി (രാജാജി) സേലത്തിനുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. രാജാജി തന്റെ അഭിഭാഷക ജീവിതം ആരംഭിച്ചതും പിന്നീട് സേലം മുനിസിപ്പാലിറ്റി ചെയര്‍മാനായി സേവനമനുഷ്ഠിച്ചതും ഇവിടെയായിരുന്നു. എഡ്വേര്‍ഡ് ലൂട്ടിയന്‍സിന്റെ പ്രതിമയ്ക്ക് പകരം രാഷ്ട്രപതി ഭവനില്‍ രാജാജിയുടെ അര്‍ദ്ധകായ പ്രതിമ അടുത്തിടെ സ്ഥാപിച്ച കാര്യവും ഉപരാഷ്ട്രപതി പരാമര്‍ശിച്ചു.
പരമ്പരാഗത കരകൗശലവിദ്യയും ആധുനിക ടെക്‌സ്‌റ്റൈല്‍ ശാസ്ത്രവും തമ്മിലുള്ള സുപ്രധാന കണ്ണിയായാണ് സേലം ഐഐഎച്ച്ടി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത അറിവുകളെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്നതിലൂടെ, കൈത്തറി വസ്ത്രങ്ങളുടെ തനിമ ചോര്‍ന്നുപോകാതെ തന്നെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും ഈ സ്ഥാപനത്തിന് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ പരാമര്‍ശിക്കവെ, വാരണാസിയിലെ സില്‍ക്ക് ബ്രോക്കേഡുകള്‍, ബംഗാളിലെ ജംദാനി, അസമിലെ മുഗ സില്‍ക്ക്, കാശ്മീരിലെ കാണി ഷാളുകള്‍, ആന്ധ്രാപ്രദേശിലെ വെങ്കടഗിരി-മംഗളഗിരി നെയ്ത്തുകള്‍, മധ്യപ്രദേശിലെ മഹേശ്വരി-ചന്ദേരി സാരികള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ അവയുടെ കരകൗശല വൈഭവത്താലും സാംസ്‌കാരിക പൈതൃകത്താലും ആഗോളതലത്തില്‍ അംഗീകാരം നേടിയവയാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
തമിഴ്‌നാടിന്റെ സജീവമായ നെയ്ത്ത് പാരമ്പര്യത്തെ എടുത്തുപറഞ്ഞ അദ്ദേഹം ചെട്ടിനാട് കണ്ടംഗി സാരികള്‍, കാഞ്ചീപുരം സില്‍ക്ക്, ആറണി സില്‍ക്ക്, തിരുഭുവനം സില്‍ക്ക്, ചെന്നിമലൈ പുതപ്പുകള്‍, നാഗര്‍കോവില്‍ വേഷ്ടികളും ടവലുകളും, മധുര സുങ്കുടി സാരികള്‍ എന്നിവയുടെ സവിശേഷതകളും ചൂണ്ടിക്കാട്ടി. സേലം, ഈറോഡ്, ഭവാനി, ചെന്നിമലൈ, മധുര, സത്യമംഗലം, കരൂര്‍, ശങ്കരന്‍കോവില്‍, ആണ്ടിപ്പട്ടി, എട്ടയപുരം, പരമകുടി, സായര്‍പുരം, പുളിയംപട്ടി, ശ്രീവില്ലിപുത്തൂര്‍ എന്നിവ നെയ്ത്ത് മികവിന്റെ കേന്ദ്രങ്ങളായി തുടരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമീപകാലത്തെ വ്യാപാര പുരോഗതികളെക്കുറിച്ച് പരാമര്‍ശിക്കവെ, യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (Free Trade Agreement) ഇന്ത്യയുടെ വസ്ത്ര നിര്‍മാണ മേഖലയിലെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഏകോപിതമായ പരിശ്രമങ്ങളാണ് ഈ മുന്നേറ്റങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയുടെ വളര്‍ച്ചയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, സേലത്തുനിന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള വസ്ത്ര കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും അമ്പൂരില്‍ നിന്നുള്ള തുകല്‍ ഉല്‍പ്പന്നങ്ങളുടെ (Leather) കയറ്റുമതിയിലും വലിയ വളര്‍ച്ചയുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു
കൈത്തറി മേഖലയെ മൂല്യവര്‍ദ്ധിതവും, തൊഴിലാളികളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും, രാജ്യത്തുടനീളമുള്ള നെയ്ത്തുകാര്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കുന്നതുമായ ഒരു ആധുനിക സര്‍ഗ്ഗാത്മക വ്യവസായമാക്കി മാറ്റുന്നതില്‍ സേലം IIHT-ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ ഒരുക്കിയിരുന്ന പ്രദര്‍ശനവും ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ. ഗിരിരാജ് സിംഗ്, തമിഴ്‌നാട് ടൂറിസം മന്ത്രി ശ്രീ. ആര്‍. രാജേന്ദ്രന്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
****
( റിലീസ് ഐ.ഡി: 2233780)
|