റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
റോഡപകട ഇരകള്‍ക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്ന 'പി.എം. രാഹത്' പദ്ധതിയെക്കുറിച്ച് പങ്കാളികളെ ബോധവത്കരിച്ച് ദേശീയ പാത മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
26 FEB 2026 7:29PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2026 ഫെബ്രുവരി 13-ന് സമാരംഭം കുറിച്ച പി. എം. രാഹത് (റോഡ് അപകട ഇരകളുടെ ആശുപത്രിവാസവും ഉറപ്പായ ചികിത്സയും) പദ്ധതിയുടെ രാജ്യവ്യാപക നിര്‍വഹണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ സ്ഥിതി വിലയിരുത്തുന്നതിന്, ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. നിതിന്‍ ജയറാം ഗഡ്കരി, ബഹുമാനപ്പെട്ട കേന്ദ്രസഹമന്ത്രിമാരായ ശ്രീ. അജയ് തംത, ശ്രീ. ഹര്‍ഷ് മല്‍ഹോത്ര എന്നിവരുടെ അധ്യക്ഷതയില്‍ കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം (മോര്‍ത്ത്) ഹൈബ്രിഡ് രീതി (നേരിട്ടും ഓണ്‍ലൈനായും)യില്‍ ഒരു ഉന്നതതല യോഗം ചേര്‍ന്നു.
അടിയന്തര പ്രതികരണത്തിനായുള്ള സംയോജനം, പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തല്‍ പ്രക്രിയ (ഓണ്‍ ബോര്‍ഡിംഗ്), സംവിധാന സജ്ജത, അംഗീകൃത ആശുപത്രി ശൃംഖലയുടെ വിപുലീകരണവും തയ്യാറെടുപ്പും, റോഡപകട ഇരകള്‍ക്ക് ഫലപ്രദവും സമയബന്ധിതവുമായ പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനുള്ള ഭരണ, പരാതി പരിഹാര ചട്ടക്കൂട് എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട പങ്കാളികളുടെ മൊത്തത്തിലുള്ള സന്നദ്ധതയും ഏകോപനവും അവലോകനം ചെയ്യുക എന്നതാണ് യോഗം ലക്ഷ്യമിട്ടത്.

ഇന്ത്യയില്‍ എല്ലാ വര്‍ഷവും റോഡപകട മരണങ്ങളില്‍ ഗണ്യമായ എണ്ണം രേഖപ്പെടുത്തുന്നു, അവയില്‍ പലതും സമയബന്ധിതമായ വൈദ്യസഹായം വഴി തടയാവുന്നതാണ്. ആദ്യ മണിക്കൂറിനുള്ളില്‍ ഇരകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഏകദേശം 50 ശതമാനം റോഡപകട മരണങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അടിയന്തര പ്രതികരണ പിന്തുണാ സംവിധാനമായ 112 ഹെല്‍പ്പ്‌ലൈനുമായി സംയോജിപ്പിക്കുന്നത് അപകടത്തില്‍പ്പെട്ടവര്‍ നിര്‍ണായക മണിക്കൂറി (ഗോള്‍ഡന്‍ അവര്‍)നുള്ളില്‍ ആശുപത്രികളില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു. റോഡപകടത്തില്‍പ്പെട്ടവര്‍, റാഹ്-വീര്‍ (നല്ല ശമരിയാക്കാരന്‍ അഥവാ പരോപകാരി), അല്ലെങ്കില്‍ അപകടസ്ഥലത്തുള്ള ഏതെങ്കിലുമൊരാള്‍ എന്നിവര്‍ക്ക് 112 എന്ന നമ്പറില്‍ വിളിച്ച് അടുത്തുള്ള അംഗീകൃത ആശുപത്രിയുടെ വിശദാംശങ്ങള്‍ നേടാനും ആംബുലന്‍സ് സഹായം അഭ്യര്‍ത്ഥിക്കാനും കഴിയും. ഇത് അടിയന്തര പ്രതികരണക്കാര്‍, പോലീസ് അധികാരികള്‍, ആശുപത്രികള്‍ എന്നിവയ്ക്കിടയില്‍ വേഗത്തിലുള്ള ഏകോപനം സാധ്യമാക്കുന്നു.
ഈ പദ്ധതി പ്രകാരം, ഏത് വിഭാഗത്തിലുള്ള റോഡപകടത്തിലെയും യോഗ്യരായ ഓരോ ഇരയ്ക്കും, അപകട തീയതി മുതല്‍ ഏഴ് ദിവസത്തേക്ക്, ഓരോ ഇരയ്ക്കും 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. ജീവന് ഭീഷണിയല്ലാത്ത കേസുകളില്‍ 24 മണിക്കൂര്‍ വരെയും ജീവന് ഭീഷണിയുള്ള കേസുകളില്‍ 48 മണിക്കൂര്‍ വരെയും ഏകീകൃത ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള പോലീസ് പ്രാമാണീകരണത്തിന് വിധേയമായി സ്ഥിരത ഉറപ്പാക്കാനുള്ള ചികിത്സ നല്‍കും.
കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഡീറ്റയില്‍ഡ് ആക്സിഡന്റ് റിപ്പോര്‍ട്ട് (ഇ-ഡാര്‍) പ്ലാറ്റ്‌ഫോമും ദേശീയ ആരോഗ്യ അതോറിറ്റിയുടെ ഇടപാട് നിര്‍വഹണ സംവിധാനവും (ടി.എം.എസ് 2.0) സംയോജിപ്പിച്ച് സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു ശക്തമായ ചട്ടക്കൂടിലൂടെയാണ് പി. എം രാഹത് നടപ്പിലാക്കുന്നത്. അപകട വിവരം അറിയിക്കുന്നത് മുതല്‍ ആശുപത്രി പ്രവേശനം, പോലീസ് പ്രാമാണീകരണം, ചികിത്സാ സംവിധാനം, ക്ലെയിം തീര്‍പ്പാക്കല്‍ നടപടിക്രമം (ക്ലെയിം പ്രോസസ്സിങ്), അന്തിമ പണമടയ്ക്കല്‍ എന്നിവ വരെയുള്ള തടസ്സമില്ലാത്ത ഡിജിറ്റല്‍ ബന്ധം ഈ സംയോജനം പ്രാപ്തമാക്കുന്നു. തടസ്സമില്ലാത്ത അടിയന്തര പരിചരണം അനുവദിക്കുന്നതിനൊപ്പം ഉത്തരവാദിത്തം ഉറപ്പാക്കുന്നു. ജീവന് ഭീഷണിയല്ലാത്ത കേസുകള്‍ക്ക് 24 മണിക്കൂറും ജീവന് ഭീഷണിയുള്ള കേസുകള്‍ക്ക് 48 മണിക്കൂറുമെന്ന നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ പോലീസ് സ്ഥിരീകരണം ആവശ്യമാണ്.
ആശുപത്രികള്‍ക്കുള്ള പണം തിരികെ നല്‍കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്റ് ഫണ്ട് (എം.വി.എ.എഫ്) വഴിയായിരിക്കും. വാഹനം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന വിഹിതങ്ങളില്‍ നിന്നാണ് പണം ഈടാക്കുക. ഇന്‍ഷുറന്‍സ് ഇല്ലാത്ത കേസുകളിലും വാഹനമിടിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോവുന്ന (ഹിറ്റ് ആന്‍ഡ് റണ്‍) കേസുകളിലും, ഭാരത സര്‍ക്കാരിന്റെ ബജറ്റ് വിഹിതം വഴിയാണ് പണം നല്‍കുക. സംസ്ഥാന ആരോഗ്യ ഏജന്‍സി അംഗീകരിച്ച ക്ലെയിമുകള്‍ 10 ദിവസത്തിനുള്ളില്‍ നല്‍കും, അതുവഴി ആശുപത്രികള്‍ക്ക് സാമ്പത്തിക ഉറപ്പ് നല്‍കുകയും തടസ്സരഹിത ചികിത്സയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ജില്ലാ കളക്ടര്‍ / ജില്ലാ മജിസ്‌ട്രേറ്റ് / ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ അധ്യക്ഷനായ ജില്ലാ റോഡ് സുരക്ഷാ സമിതി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പരാതി പരിഹാര ഓഫീസര്‍ റോഡപകട ഇരകളുടെ പരാതികളെ അഭിസംബോധന ചെയ്ത്, ജില്ലാ തലത്തില്‍ ഉത്തരവാദിത്തം ഉറപ്പാക്കും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ബഹുമാനപ്പെട്ട സംസ്ഥാന ഗതാഗത-ആരോഗ്യ മന്ത്രിമാര്‍, ഗതാഗത-ആരോഗ്യ സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഡി.ജി.പി.മാര്‍, കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാതാ മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര ധനകാര്യ സേവന വകുപ്പ്, ദേശീയ ആരോഗ്യ അതോറിറ്റി, ദേശീയ വിവര വിജ്ഞാന കേന്ദ്രം, പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സംവിധാനം(പി.എഫ്.എം.എസ്), സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍, മറ്റ് പ്രധാന പങ്കാളികള്‍ എന്നിവരുടെ സജീവവും ക്രിയാത്മകവുമായ പങ്കാളിത്തത്തിന് യോഗം സാക്ഷ്യം വഹിച്ചു. ടി.എം.എസ് 2.0-ല്‍ ഉള്‍പ്പെടുത്തല്‍, ജില്ലാ കളക്ടര്‍മാര്‍ പി.എഫ്.എം.എസ് ലോഗിന്‍ വിവരങ്ങള്‍ (ക്രെഡന്‍ഷ്യലുകള്‍) സൃഷ്ടിക്കല്‍, പദ്ധതി നടപ്പാക്കല്‍ സന്നദ്ധതയ്ക്കുള്ള മറ്റ് പ്രധാന മാനദണ്ഡങ്ങള്‍ എന്നിവയുള്‍പ്പെടെ നിര്‍വഹണ സന്നദ്ധതയില്‍ പ്രോത്സാഹനജനകമായ പുരോഗതി സംസ്ഥാനങ്ങള്‍ പങ്കിട്ടു.

ചര്‍ച്ചകള്‍ക്കിടയില്‍ പ്രകടമായ കൂട്ടായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നത്, റോഡപകട ഇരകള്‍ക്ക് സമയബന്ധിതമായി സൗജന്യ ചികിത്സാ പിന്തുണ ഉറപ്പാക്കി പി.എം.രാഹത് പദ്ധതി രാജ്യത്തുടനീളം ഫലപ്രദമായി നടപ്പിലാക്കുന്നതിനായുള്ള 'മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമീപന'ത്തെയും, സന്നദ്ധതയെയുമാണ്.
***
( റിലീസ് ഐ.ഡി: 2233480)
സന്ദര്‍ശക കൗണ്ടര്‍ : 5