തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും ദേശീയ വട്ടമേശ സമ്മേളനം 2026 ന്യൂഡൽഹിയിൽ സമാപിച്ചു

നിയമപരമായ ചട്ടക്കൂട് അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിലും വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും സഹകരണം ശക്തിപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനുകൾ തീരുമാനിച്ചു

പോസ്റ്റഡ് ഓണ്‍: 24 FEB 2026 10:15PM by PIB Thiruvananthpuram

1. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇസിഐയുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും (SEC) ദേശീയ വട്ടമേശ സമ്മേളനം (National Round Table Conference of ECI and State Election Commissioners, 2026) സംഘടിപ്പിച്ചു.

2. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വട്ടമേശ സമ്മേളനം.

3. ECI-യും SEC-കളും തമ്മിലുള്ള സ്ഥാപനപരമായ ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രഭാഷണത്തിൽ CEC ശ്രീ ഗ്യാനേഷ് കുമാർ എടുത്തുപറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ സമഗ്രതയും കാര്യക്ഷമതയും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വോട്ടർ പട്ടിക പരിപാലനം, സാങ്കേതികവിദ്യയെ വരവേൽക്കൽ, മികച്ച രീതികൾ പങ്കിടൽ എന്നിവയിൽ സംയോജിത സമീപനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

4. SEC-കൾ പരസ്പരം പഠിക്കാനും മികച്ച രീതികൾ സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ്.എസ്. സന്ധു ആഹ്വാനം ചെയ്തു. ഓരോ തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും അടിസ്ഥാനം വിശ്വാസമാണെന്നും അതിനാൽ ഇസിഐയും എസ്ഇസികളും ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

5. ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. വിവേക് ജോഷി, ECI-യുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും പ്രവർത്തനങ്ങൾ തമ്മിൽ ബന്ധം സൃഷ്ടിക്കുന്നതിന് ECINet ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

6. സമ്മേളനത്തിൽ നടന്ന ചർച്ചകൾ ക്രിയാത്മകമായ ആശയ വിനിമയത്തിനുള്ള വേദിയായി മാറുകയും തിരഞ്ഞെടുപ്പ് നടത്തിപ്പിൽ സഹകരണ ഫെഡറലിസത്തിന്റെ അന്തസത്തയെ ശക്തിപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്തവർ ദേശീയ പ്രഖ്യാപനം അംഗീകരിച്ചു. കൂടാതെ ശുദ്ധമായ വോട്ടർ പട്ടിക തയ്യാറാക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് അംഗീകരിക്കുകയും ചെയ്തു. പഞ്ചായത്തുകളുമായും മുനിസിപ്പൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് നിയമങ്ങൾ, പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളുമായി സമന്വയിപ്പിക്കുന്നതിനും ദേശീയവും ഭരണഘടനാപരവുമായ താൽപ്പര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നതിനും ECI സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. (സംയുക്ത പ്രഖ്യാപനത്തിന്റെ പൂർണ്ണരൂപം അനുബന്ധത്തിൽ ചേർത്തിരിക്കുന്നു)

8.സമ്മേളനത്തിനിടെ, 'ജനാധിപത്യങ്ങളുടെ സംഗമം' എന്ന ശീർഷകത്തിൽ ECI-യുടെ പുതിയ പ്രസിദ്ധീകരണം പ്രകാശനം ചെയ്തു. ജനാധിപത്യവും തിരഞ്ഞെടുപ്പ് പ്രവർത്തനവും സംബന്ധിച്ച് അടുത്തിടെ നടന്ന ഇന്ത്യ അന്താരാഷ്ട്ര സമ്മേളനം (IICDEM) 2026-ന്റെ സമഗ്രമായ രേഖയാണ് ഈ പ്രസിദ്ധീകരണം. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 100 അന്താരാഷ്ട്ര പ്രതിനിധികളുടെയും ദേശീയ വിദഗ്ദ്ധരുടെയും പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടായിരുന്നു. 36 വിഷയാധിഷ്ഠിത സെഷനുകൾ, ഉഭയകക്ഷി യോഗങ്ങൾ, ഡൽഹി പ്രഖ്യാപനം 2026 ഔപചാരികമായി അംഗീകരിക്കൽ എന്നിവയും IICDEM-ന്റെ ഭാഗമായി നടന്നിരുന്നു.

 

അനുബന്ധം
 
ദേശീയ പ്രഖ്യാപനം 2026
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും ദേശീയ വട്ടമേശ സമ്മേളനം


1.ശുദ്ധമായ വോട്ടർ പട്ടിക തയ്യാറാക്കൽ ജനാധിപത്യത്തിന്റെ അടിത്തറയാണ്. സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു

2. ദേശീയവും ഭരണഘടനാപരവുമായ താൽപ്പര്യങ്ങൾ മുൻനിർത്തി , ECINET, EVM-കൾ, വോട്ടർ പട്ടികകൾ, IICDEM-ലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പങ്കിടൽ ഉൾപ്പെടെ സാധ്യമായ എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കും രാജ്യത്തുടനീളമുള്ള എല്ലാ SEC-കളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിന് പരസ്പരം സ്വീകാര്യമായ സംവിധാനങ്ങളും നിയമപരമായി പ്രായോഗികമായ ചട്ടക്കൂടുകളും രൂപപ്പെടുത്താൻ ECI നിർദ്ദേശിച്ചു.

3. പഞ്ചായത്തുകളിലേക്കും മുനിസിപ്പൽ സ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ECI-യും SEC-കളും ഒരുമിച്ച് പ്രവർത്തിക്കും.

4. ECI-യുടെ അന്താരാഷ്ട്ര ഇടപെടലുകളിൽ പങ്കെടുക്കാൻ ECI സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളോട് അഭ്യർത്ഥിക്കുകയും, ECI അധ്യക്ഷത വഹിക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങൾക്കൊപ്പം, എല്ലാ വർഷവും ECI-യുമായി അത്തരം ദേശീയ വട്ടമേശ സമ്മേളനം നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു.
5. ഈ ദേശീയ വട്ടമേശ സമ്മേളനത്തിൽ SEC-കൾ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും ഇസിഐയുടെ ബന്ധപ്പെട്ട ഡിഇസികളുടെ നേതൃത്വത്തിലുള്ള നിയമ-സാങ്കേതിക ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം വിശദമായി പഠിക്കും. ദേശീയ താൽപ്പര്യം മുൻനിർത്തി മികച്ച തീരുമാനത്തിനായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം  തിരിച്ചുള്ള ഒരു ഭാവി മാതൃക ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും.

 
*****

( റിലീസ് ഐ.ഡി: 2232568) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी