പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടക്കുന്ന ടെറിയുടെ 2026-ലെ ലോക സുസ്ഥിര വികസന ഉച്ചകോടിയോടനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 'ഹിം-കണക്റ്റ്' സംഘടിപ്പിക്കുന്നു

പോസ്റ്റഡ് ഓണ്‍: 24 FEB 2026 3:24PM by PIB Thiruvananthpuram

2026 ഫെബ്രുവരി 25 മുതൽ 27 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഊർജ വിഭവ ഇൻസ്റ്റിറ്റ്യൂട്ടി (ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട്-ടെറി) ലോക സുസ്ഥിര വികസന ഉച്ചകോടിയുടെ (ഡബ്ല്യു.എസ്.ഡി.എസ്) ഭാഗമായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 'ഹിം-കണക്റ്റ്' സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഹിമാലയൻ മേഖലയിൽ (ഐ.എച്ച്.ആർ) പ്രവർത്തിക്കുന്ന ഗവേഷകരെ അവരുടെ ഗവേഷണ ഫലങ്ങൾ വലിയ തോതിൽ വ്യാപിപ്പിക്കാനും പ്രായോഗികതലത്തിൽ നടപ്പിലാക്കാനും പ്രാപ്തമാക്കുന്നതിനായി സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവരുമായി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പ്ലാറ്റ് ഫോമാണ് 'ഹിം-കണക്റ്റ്'. 2026 ഫെബ്രുവരി 26-നും, 27-നും ഇത് സന്ദർശകർക്കായി തുറന്നിരിക്കും.

കേന്ദ്രമന്ത്രാലയത്തിൻ്റെ ഹിമാലയൻ പഠനങ്ങൾക്കായുള്ള ദേശീയ ദൗത്യ (നാഷണൽ മിഷൻ ഓൺ ഹിമാലയൻ സ്റ്റഡീസ് -എൻ.എം.എച്ച്.എസ്) ത്തിന് കീഴിൽ ഇന്ത്യൻ ഹിമാലയൻ മേഖലയിലെ പരിസ്ഥിതി ദുർബല ആവാസവ്യവസ്ഥയ്ക്കായി വികസിപ്പിച്ചെടുത്ത 24-ലധികം സാങ്കേതികവിദ്യകൾ, പ്രോട്ടോടൈപ്പുകൾ, പേറ്റൻ്റുകൾ, പരീക്ഷണ പദ്ധതികൾ (പൈലറ്റ് പ്രോജക്ടുകൾ) എന്നിവ ഹിം-കണക്റ്റിൻ്റെ സമയത്ത് പ്രദർശിപ്പിക്കും. 100-ലധികം സ്റ്റാർട്ടപ്പുകൾ, ഇൻക്യുബേറ്ററുകൾ (സംരംഭകത്വ പരിശീലന കേന്ദ്രങ്ങൾ), നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

പ്രാദേശികമായി പ്രസക്തവും ശാസ്ത്രാധിഷ്ഠിതവുമായ നിരവധി നൂതനാശയങ്ങളെ എൻ.എം.എച്ച്.എസ് പിന്തുണച്ചിട്ടുണ്ടെങ്കിലും, ഈ സാങ്കേതികവിദ്യകളിൽ പലതിനും വാണിജ്യവത്കരണം, വിന്യാസം, അംഗീകരണം എന്നിവയ്ക്ക് ഘടനാപരമായ പാതകൾ ആവശ്യമാണ്. നൂതനാശയങ്ങൾ സംരംഭങ്ങളെ കണ്ടുമുട്ടി സഹകരണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നൊരു കണ്ണിയായി 'ഹിം-കണക്റ്റ്' പ്രവർത്തിക്കുന്നു.

ഐ.ഐ.ടികൾ (ഗുവാഹത്തി, റൂർക്കി, ജോധ്പൂർ, ജമ്മു, റോപ്പർ, മാണ്ഡി), സി.എസ്.ഐ.ആർ സ്ഥാപനങ്ങൾ (സി.ആർ.ആർ.ഐ, ഐ.എച്ച്.ബി.ടി), ഇംഫാലിലെ കേന്ദ്ര കാർഷിക സർവ്വകലാശാല, എൻ.ഐ.ടികൾ (സിൽച്ചാർ, അരുണാചൽ പ്രദേശ്), എസ്.കെ.യു.എ.എസ്.ടി-കെ, യൂണിവേഴ്‌സിറ്റി ഓഫ് കശ്മീർ, ടെറി-ഗുവാഹത്തി, കുമയോൺ യൂണിവേഴ്‌സിറ്റി, ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയോൺമെൻ്റ്  (എൻ.ഐ.എച്ച്.ഇ) എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളെയാണ് 24 നവീന സംരംഭകരും പ്രതിനിധീകരിക്കുന്നത്.

250-ലധികം പ്രവർത്തന-അധിഷ്ഠിത സംരംഭങ്ങൾക്ക് എൻ.എം.എച്ച്.എസ്. ദശാബ്ദക്കാലമായി നൽകി വരുന്ന പിന്തുണ പ്രയോജനപ്പെടുത്തിക്കൊണ്ട്, ജലസുരക്ഷ, കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ, മാലിന്യത്തിൽ നിന്ന് സമ്പത്തിലേക്ക്, സുസ്ഥിര നിർമ്മാണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗ്ഗങ്ങൾ എന്നിവയുൾപ്പെടെ നിർണായക മേഖലകളിൽ പരീക്ഷിച്ച് ഉറപ്പുവരുത്തിയ, വിപണിയിൽ ഉടനടി ഉപയോഗപ്പെടുത്താവുന്ന പരിഹാരങ്ങൾ 'ഹിം കണക്ട്' പ്രദർശിപ്പിക്കും. സഹകരണങ്ങൾ, പരീക്ഷണാടിസ്ഥാന (പൈലറ്റ്) വിന്യാസങ്ങൾ, സാമ്പത്തിക സഹായം ലഭ്യമാവുന്ന വഴികൾ (ഫണ്ടിംഗ് ചാനലുകൾ) എന്നിവ സുഗമമാക്കുന്നതിന്, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, നിക്ഷേപകർ, വ്യാവസായിക പങ്കാളികൾ, വികസന സംഘടനകൾ, സർക്കാർ പങ്കാളികൾ എന്നിവരെ പ്ലാറ്റ് ഫോം ബന്ധിപ്പിക്കും.

പരിസ്ഥിതി സൗഹൃദ റോഡ് നിർമ്മാണം, ഹൈഡ്രോപോണിക് കൃഷിക്കായി സംസ്‌കരിച്ച മലിനജല ഉപയോഗം, പട്ടുനൂൽ കൃഷിയിലെ അവശിഷ്ടങ്ങളിൽ നിന്ന് പൊള്ളലേറ്റാൽ പുരട്ടാനുള്ള മരുന്ന്, കുറഞ്ഞ ചിലവിൽ ധാതുക്കൾ ചേർത്ത വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾ, പൈൻ മരത്തിൻ്റെ  സൂചിയിലകൾ ഉപയോഗിച്ചുള്ള മാലിന്യജല സംസ്‌കരണ സംവിധാനങ്ങൾ,  ഹിമാലയത്തിനായുള്ള വികേന്ദ്രീകൃത മലിനജല പുനരുപയോഗ പരിഹാരങ്ങൾ, യാക്ക് പാൽ കോട്ടേജ് ചീസ് സംസ്‌കരണ സാങ്കേതികവിദ്യകൾ എന്നിവയാണ് പ്രദർശനത്തിലെ പ്രധാന നൂതനാശയങ്ങൾ.

പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര പരിപാലനവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഗവേഷണത്തിനും നൂതനാശയത്തിനും പിന്തുണയേകിക്കൊണ്ട് ഇന്ത്യൻ ഹിമാലയൻ മേഖലയിൽ ലക്ഷ്യബോധമുള്ള ഇടപെടലുകൾ നടത്തുകയെന്നതാണ് നാഷണൽ മിഷൻ ഓൺ ഹിമാലയൻ സ്റ്റഡീസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദശകത്തിൽ, ജലസുരക്ഷ, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ, മാലിന്യ സംസ്‌കരണം തുടങ്ങിയ നിർണായക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന വിപുലശ്രേണിയിലുള്ള സാങ്കേതികവിദ്യകൾ, പേറ്റൻ്റുകൾ, പ്രോട്ടോടൈപ്പുകൾ, നൂതന മാതൃകകൾ എന്നിവയ്ക്ക് കാരണമാവുന്ന മുൻനിര ഗവേഷണത്തെ ഈ ദൗത്യം പിന്തുണച്ചിട്ടുണ്ട്.

വെബ്സൈറ്റ് ലിങ്ക് (നൂതനാശയക്കാരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ അടങ്ങിയ ബ്രോഷർ സഹിതം):  https://wsds.teriin.org/2026/him-connect.php

***


( റിലീസ് ഐ.ഡി: 2232342) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi