ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന് CCPA 15 ലക്ഷം രൂപ പിഴ ചുമത്തി

പോസ്റ്റഡ് ഓണ്‍: 23 FEB 2026 5:14PM by PIB Thiruvananthpuram

2023 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുമായി (CSE) ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് വാജിറാവു ആന്‍ഡ് റെഡ്ഡി ഇന്‍സ്റ്റിറ്റിയൂട്ടിന് 15 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ  അതോറിറ്റി (CCPA) അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത നിര്‍ദ്ദിഷ്ട കോഴ്‌സ്(കള്‍) ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് മനഃപൂര്‍വ്വം പരസ്യങ്ങളില്‍ നിന്ന് മറച്ചുവെച്ചതായി അതോറിറ്റി നിരീക്ഷിച്ചു.

16.04.2024 ന് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, UPSC CSE 2023 ല്‍ വിജയം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ പേരുകളും ഫോട്ടോകളും സഹിതം, ഇനിപ്പറയുന്ന അവകാശവാദങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വന്തം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു:

'UPSC CSE 2023 ലെ 1016 ഒഴിവുകളില്‍ വാജിറാവു ആന്‍ഡ് റെഡ്ഡി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് 645ലധികം പേര്‍ തിരഞ്ഞെടുക്കപ്പെട്ടു'

'ആദ്യ പത്തില്‍ 6 പേര്‍'  
'ആദ്യ അമ്പതില്‍ 35 പേര്‍'  
'ആദ്യ നൂറില്‍ 64 പേര്‍ '

മേല്‍പ്പറഞ്ഞ അവകാശവാദങ്ങള്‍ പ്രസിദ്ധീകരിച്ചതിനൊപ്പം ഇന്‍സ്റ്റിറ്റിയൂട്ട്, GS/കംപ്ലീറ്റ് കോഴ്‌സ്/ഫൗണ്ടേഷന്‍ കോഴ്‌സ്, പ്രീഫൗണ്ടേഷന്‍ കോഴ്‌സ്, വാരാന്ത്യ കോഴ്‌സ്, ഓപ്ഷണല്‍ സബ്ജക്ട് കോഴ്‌സ്, GS പ്രീ-കം-മെയിന്‍സ് കോഴ്‌സ് എന്നിങ്ങനെ വിവിധ കോഴ്‌സുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയതായി CCPA ചൂണ്ടിക്കാട്ടി.

ഇത് വിജയിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇന്‍സ്റ്റിറ്റിയൂട്ട് പരസ്യപ്പെടുത്തിയ റെഗുലര്‍ കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുണ്ടെന്ന തെറ്റിദ്ധാരണ ഉപഭോക്താക്കളില്‍ സൃഷ്ടിച്ചു.

പ്രസക്തവും പ്രധാനപ്പെട്ടതുമായ വിവരങ്ങള്‍ മറച്ചുവെക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം

പരസ്യത്തിലെ 'പ്രധാന വിവരങ്ങള്‍' ഓരോ കേസിലും വ്യത്യാസപ്പെടുന്നു, കൂടാതെ ഇത് ഉപഭോക്താവിന്റെ വീക്ഷണകോണില്‍ നിന്ന് വിലയിരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍, വിജയിച്ച ഒരു ഉദ്യോഗാര്‍ത്ഥി തിരഞ്ഞെടുക്കുന്ന നിര്‍ദ്ദിഷ്ട കോഴ്‌സ് ഒരു ഉപഭോക്താവിനെ, അതായത് ഒരു യുപിഎസ്‌സി ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം, പ്രസക്തവും പ്രധാനപ്പെട്ടതുമായ വിവരങ്ങളാണ്. കാരണം, അത്തരം വിവരങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ട് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ ഫലപ്രാപ്തി, വ്യാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള ഉദ്യോഗാര്‍ത്ഥികളുടെ ധാരണയെ നേരിട്ട് സ്വാധീനിക്കുന്നു. അത്തരം വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത്, പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ ഘട്ടങ്ങള്‍ ഉള്‍പ്പെടെ പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് പരിശീലനം നല്‍കിയിട്ടുണ്ടെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു, ഇത് വസ്തുതാപരമായി ശരിയല്ല.

സിവില്‍ സര്‍വീസസ് പരീക്ഷാ തയ്യാറെടുപ്പിന്റെ ഏത് ഘട്ടത്തിലും ഏത് കോഴ്‌സില്‍ ചേരണം എന്നതിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ബോധപൂര്‍ണ്ണമായ തിരഞ്ഞെടുപ്പ് നടത്താനുള്ള ശേഷിയെ അത്തരം മനഃപൂര്‍വമുള്ള മറച്ചുവെക്കല്‍ പ്രതികൂലമായി ബാധിക്കുന്നു. വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത നിര്‍ദ്ദിഷ്ട കോഴ്‌സിനെക്കുറിച്ചുള്ള വസ്തുതാപരവും സത്യസന്ധവുമായ വെളിപ്പെടുത്തല്‍, ഉദ്യോഗാര്‍ത്ഥികളെ അവബോധപൂര്‍ണ്ണമായ അക്കാദമിക് തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കും. അത്തരം സുപ്രധാന വിവരങ്ങള്‍ ഒഴിവാക്കുന്നത് മറച്ചുവെക്കുന്നതിന് തുല്യമാണ്, കൂടാതെ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പ് 2(9) പ്രകാരമുള്ള ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനവുമാണ്.

എന്റോള്‍മെന്റ് രേഖകളിലെ പൊരുത്തക്കേടുകള്‍

നടപടിക്രമങ്ങള്‍ക്കിടയില്‍, ഇന്‍സ്റ്റിറ്റിയൂട്ട് സമര്‍പ്പിച്ച വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ എന്റോള്‍മെന്റ് ഫോമുകള്‍ CCPA പരിശോധിച്ചു. 431 എന്റോള്‍മെന്റ് ഫോമുകളില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന കോഴ്‌സ്(കള്‍) വ്യക്തമാക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. കൂടാതെ, ഈ എന്റോള്‍മെന്റ് ഫോമുകളില്‍ അവ പൂരിപ്പിച്ച തീയതി സൂചിപ്പിച്ചിട്ടില്ല. CCPA ഈ പൊരുത്തക്കേടുകള്‍ വിശദീകരിക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനോട് ആവശ്യപ്പെട്ടു. എന്നാല്‍, തൃപ്തികരമായ ഒരു വിശദീകരണവും നല്‍കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തയ്യാറായില്ല. അവരുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്നതിന് ഫീസ് രസീതുകളോ പ്രസക്തമായ മറ്റ് രേഖകളോ അടക്കമുള്ള സ്ഥിരീകരണ ഡോക്യുമെന്ററി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു. അത്തരം വെളിപ്പെടുത്തലുകളുടെ അഭാവവും പിന്തുണയ്ക്കുന്ന രേഖകളുടെ അഭാവവും അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച രേഖകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരസ്യങ്ങളില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളുടെ ആധികാരികതയും സത്യസന്ധതയും സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുന്നു.

കോഴ്‌സ് പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്ന ശേഷിക്കുന്ന എന്റോള്‍മെന്റ് ഫോമുകളെ സംബന്ധിച്ചിടത്തോളം, അവയില്‍ പലതും 'ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാം' അഥവാ 'മോക്ക് ഇന്റര്‍വ്യൂ' മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ എന്ന് നിരീക്ഷിക്കപ്പെട്ടു. അതിനാല്‍, ഇന്‍സ്റ്റിറ്റിയൂട്ട് സമര്‍പ്പിച്ച ഡാറ്റ അനുസരിച്ച്, ഈ ഉദ്യോഗാര്‍ത്ഥികള്‍ യുപിഎസ്‌സി സിവില്‍ സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറി, മെയിന്‍ ഘട്ടങ്ങള്‍ക്ക് ശേഷം നടത്തുന്ന ഇന്റര്‍വ്യൂ ഗൈഡന്‍സ് പ്രോഗ്രാമിന് മാത്രമേ എന്റോള്‍ ചെയ്തിട്ടുള്ളൂ. ഇത് സൂചിപ്പിക്കുന്നത് അത്തരം ഉദ്യോഗാര്‍ത്ഥികള്‍ അതിനോടകം പ്രിലിമിനറി, മെയിന്‍ ഘട്ടങ്ങളില്‍ സ്വതന്ത്രമായി വിജയിച്ചിട്ടുണ്ടെന്നും അവസാന ഘട്ടത്തില്‍ മോക്ക് ഇന്റര്‍വ്യൂവിനോ അഭിമുഖ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനോ വേണ്ടി മാത്രമേ ഇന്‍സ്റ്റിറ്റിയൂട്ടിനെ സമീപിച്ചിട്ടുള്ളൂ എന്നുമാണ്. അതിനാല്‍, അത്തരം പരസ്യം യഥാര്‍ത്ഥത്തില്‍ നല്‍കുന്ന സേവനങ്ങളുടെ വ്യാപ്തിയെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു.

ആവര്‍ത്തിച്ചുള്ള നിയമലംഘനം

UPSC CSE 2022 ഫലങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് വാജിറാവു ആന്‍ഡ് റെഡ്ഡി ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നുവെന്നും അവര്‍ക്ക് 7 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നുവെന്നും ഇഇജഅ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ഇടപെടലും ജാഗ്രതയും നിലനില്‍ക്കെ, പിന്നീടുള്ള പരസ്യങ്ങളില്‍ സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഇന്‍സ്റ്റിറ്റിയൂട്ട് തുടര്‍ന്നു, ഇത് കൃത്യമായ ജാഗ്രതയുടെയും നിയന്ത്രണ അനുവര്‍ത്തനത്തിന്റെയും അഭാവം പ്രകടമാക്കി. ലംഘനത്തിന്റെ ആവര്‍ത്തന സ്വഭാവം കണക്കിലെടുത്ത്, നിലവിലെ കേസ് ആവര്‍ത്തിച്ചുള്ള നിയമലംഘനമായി കണ്ട്, ഉപഭോക്തൃ സംരക്ഷണ താത്പര്യാര്‍ത്ഥം ഉയര്‍ന്ന പിഴ ചുമത്താന്‍ തീരുമാനിച്ചു.

യുപിഎസ്‌സി സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് എല്ലാ വര്‍ഷവും ഏകദേശം 11,00,000 ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നുണ്ടെന്നും, അത്തരം പരസ്യങ്ങളാല്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള വലിയൊരു വിഭാഗമുണ്ടാകാനുള്ള സാധ്യത ഇത് സൂചിപ്പിക്കുന്നുവെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഗണ്യമായ സമയവും പരിശ്രമവും സാമ്പത്തിക സ്രോതസ്സുകളും നിക്ഷേപിക്കുന്നു. പരസ്യങ്ങളില്‍ ഇത്തരം മനഃപൂര്‍വമായ മറച്ചുവെക്കല്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്നു, ഫലങ്ങളെയും കോച്ചിംഗ് സേവനങ്ങളുടെ ഫലപ്രാപ്തിയെയും കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും അന്യായമായ വ്യാപാര രീതികള്‍ക്കുമായി ഇതുവരെ CCPA വിവിധ കോച്ചിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ 57 നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത്തരം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി 29 കോച്ചിംഗ് സ്ഥാപനങ്ങള്‍ക്ക് 1,24,60,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. എല്ലാ കോച്ചിംഗ് സ്ഥാപനങ്ങളും അവരുടെ പരസ്യങ്ങളിലെ വസ്തുതാപരമായ വിവരങ്ങള്‍ സത്യസന്ധമായും സുതാര്യമായും സമ്പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നത് ഉറപ്പാക്കണമെന്നും അതുമുഖേന ന്യായവും അവബോധപൂര്‍ണ്ണവുമായ അക്കാദമിക് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

(അന്തിമ ഉത്തരവ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്: https://doca.gov.in/ccpa/orders-advisories.php?page_no=1)

***
 


( റിലീസ് ഐ.ഡി: 2231944) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी