ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചുകൊണ്ട് നിയന്ത്രിത ഡ്രോണുകളും ജിപിഎസ് ജാമറുകളും ലിസ്റ്റ് ചെയ്തതിന് ആറ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് CCPA നോട്ടീസ് അയച്ചു.

പോസ്റ്റഡ് ഓണ്‍: 20 FEB 2026 3:47PM by PIB Thiruvananthpuram
“ആൻ്റി-ഡ്രോൺ സിസ്റ്റങ്ങൾ”, “ഡ്രോൺ ജാമറുകൾ”, “ജിപിഎസ് ജാമറുകൾ” തുടങ്ങിയ നിയന്ത്രിത വയർലെസ് ട്രാൻസ്മിറ്റിംഗ് ഉപകരണങ്ങൾ ലിസ്റ്റ് ചെയ്തതിനും വിൽപ്പനയ്ക്കായി വാഗ്ദാനം ചെയ്തതിനും ആറ് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നോട്ടീസ് അയച്ചു. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റേയും ബാധകമായ മറ്റ് ടെലികോം, വ്യാപാര നിയന്ത്രണ നിയമങ്ങളുടെയും ലംഘനം ആരോപിച്ചാണ് ഈ നടപടി.
 
ആറ് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇനിപ്പറയുന്നവയാണ്:
 
1. മെസേഴ്സ് എവേഴ്സ്
2. ഇന്ത്യാമാർട്ട്
3. എക്സ്ബൂം
4. ജാവിയറ്റ് എയ്‌റോസ്‌പേസ്
5. മെസേഴ്സ് എയർ വൺ റോബോട്ടിക്സ്
6. മെസേഴ്സ് മാവെറിക് ഡ്രോൺസ് ആൻഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
 
 
ഈ ഉപകരണങ്ങൾ താഴെ പറയുന്ന രീതിയിൽ ഓൺലൈനിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നിരീക്ഷിച്ചു:
 
  • നിർബന്ധിത ലൈസൻസിംഗ് ആവശ്യകതകൾ വെളിപ്പെടുത്താതെ;
 
 • സാധുവായ ഉപകരണ തരം അംഗീകാരം (ETA) അല്ലെങ്കിൽ വയർലെസ് പ്ലാനിംഗ് ആൻഡ് കോർഡിനേഷൻ (WPC) സർട്ടിഫിക്കേഷൻ വിശദാംശങ്ങൾ ഇല്ലാതെ;
 
 • നിയമപരമായ അനുമതിയില്ലാതെ സാധാരണ പൗരന്മാർ ഇവ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമായി പ്രസ്താവിക്കാതെ; കൂടാതെ
 
  • ഇത്തരം ഉപകരണങ്ങൾ സ്വതന്ത്രമായി വാങ്ങാൻ കഴിയുന്നതാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ
 
 
താഴെ പറയുന്നവ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ നല്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് സിസിപിഎ നിർദ്ദേശിച്ചു:
 
  • ഇറക്കുമതി ലൈസൻസുകൾ, ഇൻവോയ്‌സുകൾ, അനുബന്ധ രേഖകൾ എന്നിവയുടെ പകർപ്പുകൾക്കൊപ്പം ഇവ സംഭരിച്ചതിന്റെ അല്ലെങ്കിൽ ഇറക്കുമതി ചെയ്തതിന്റെ ഉറവിടം;
 
 • WPC/DoT/DGFT)/കാബിനറ്റ് സെക്രട്ടേറിയറ്റ്/MHA എന്നിവയിൽ നിന്ന് ലഭിച്ച നിയന്ത്രണ അംഗീകാരങ്ങളുടേയോ അനുമതികളുടേയോ പകർപ്പുകൾ;
 
  • നിയന്ത്രിത ഉപകരണങ്ങൾ വാണിജ്യപരമായ വിൽപ്പനയ്ക്കായി വാഗ്ദാനം ചെയ്യുന്നതിൻ്റെ നിയമപരമായ അടിസ്ഥാനം;
 
 • കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിറ്റഴിച്ച യൂണിറ്റുകളുടെ എണ്ണവും വാങ്ങിയവരുടെ പൂർണ്ണമായ വിവരങ്ങളും;
 
 • സമാനമായ ഉപകരണങ്ങൾ ലിസ്റ്റ് ചെയ്യുന്ന മൂന്നാം കക്ഷി വിൽപനക്കാരുടെ വിവരങ്ങൾ;
 
 • ഇത്തരം ലിസ്റ്റിംഗുകൾ നിർത്തലാക്കുന്നതിനും ഇത് ആവർത്തിക്കാതിരിക്കാനും സ്വീകരിച്ച നടപടികൾ; കൂടാതെ
 
 • അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ സമാനമായ റേഡിയോ ഫ്രീക്വൻസി/വയർലെസ് ട്രാൻസ്മിറ്റിംഗ് ഉപകരണങ്ങളുടെ പൂർണ്ണമായ പട്ടിക.
 
 
ഡ്രോൺ ജാമറുകളും സിഗ്നൽ ജാമിംഗ് ഉപകരണങ്ങളും 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, 1933-ലെ വയർലെസ് ടെലിഗ്രാഫി ആക്ട് എന്നിവയ്ക്ക് കീഴിലാണ് നിയന്ത്രിക്കപ്പെടുന്നത്. ഇവ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെയും (DoT) വയർലെസ് പ്ലാനിംഗ് ആൻഡ് കോർഡിനേഷന്റെയും (WPC) കർശനമായ ലൈസൻസിംഗിനും നിയന്ത്രണത്തിനും വിധേയമാണ്.
 
ഇത്തരം നിയന്ത്രിത ഉപകരണങ്ങളുടെ ഇറക്കുമതി 1992-ലെ വിദേശ വ്യാപാര (വികസനവും നിയന്ത്രണവും) നിയമം, ബാധകമായ DGFT വിജ്ഞാപനങ്ങൾ എന്നിവ പ്രകാരമാണ് നിയന്ത്രിക്കുന്നത്. നിയമപരമായ അംഗീകാരങ്ങൾക്ക് വിധേയമായി, അംഗീകൃത സർക്കാർ ഏജൻസികൾക്കും നിയമപാലകർക്കും മാത്രമേ സാധാരണയായി ഇത്തരം ഉപകരണങ്ങൾ അനുവദിക്കാറുള്ളൂ.
 
നിയമപരമായ നിയന്ത്രണങ്ങളെയും നിയമപരമായ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഒളിച്ചുവെക്കുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2(47), 18, 19 വകുപ്പുകൾ പ്രകാരം പ്രഥമദൃഷ്ട്യാ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അന്യായമായ വ്യാപാര രീതിയുമാണ്.
 
2020 ലെ ഉപഭോക്തൃ സംരക്ഷണ (ഇ-കൊമേഴ്‌സ്) നിയമങ്ങളുടെ റൂൾ 4 പ്രകാരം, മാർക്കറ്റ്പ്ലെയ്സ് സ്ഥാപനങ്ങൾ ഉചിതമായ ജാഗ്രത പാലിക്കുകയും ബാധകമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. നിയമപരമായ അംഗീകാരം പരിശോധിക്കാതെ നിയന്ത്രിത ജാമിംഗ് ഉപകരണങ്ങളുടെ വിൽപനയ്ക്ക് വേദിയൊരുക്കുന്നതോ സൗകര്യമൊരുക്കുന്നതോ 1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, 1933 ലെ വയർലെസ് ടെലിഗ്രാഫി ആക്ട്, 1992 ലെ വിദേശ വ്യാപാര (വികസനവും നിയന്ത്രണവും) ആക്ടിലെ പ്രസക്തമായ വ്യവസ്ഥകൾ എന്നിവ പ്രകാരം ശിക്ഷാർഹമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
 
വയർലെസ് ജാമറുകളുടെ അനധികൃത വിൽപനയ്ക്കും അതിന് സൗകര്യമൊരുക്കുന്നതിനും എതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നേരത്തെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിരുന്നു. ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയന്ത്രിത ഉൽപ്പന്നങ്ങൾ ഡിജിറ്റൽ വിപണികൾ വഴി നിയമവിരുദ്ധമായി വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും സിസിപിഎ പ്രതിജ്ഞാബദ്ധമാണ്.
 
 
***
 
 

( റിലീസ് ഐ.ഡി: 2230873) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी