ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav AI Impact Summit 2026

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുത്ത സിഇഒമാരും പ്രതിനിധികളും ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭരണനിർവ്വഹണം എന്നിവയിൽ പരിവർത്തനം വരുത്താനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിർമ്മിത ബുദ്ധി സഹായിക്കും: ഉപരാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 20 FEB 2026 1:16PM by PIB Thiruvananthpuram
ഇന്ത്യ എഐ ഉച്ചകോടി 2026-ൽ പങ്കെടുത്ത സിഇഒമാരും പ്രതിനിധികളും ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണനെ സന്ദർശിച്ച് നിർമ്മിത ബുദ്ധിയുടെ ആഗോള സ്വാധീനത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ആഗോള തൊഴിൽ മേഖലയെ നിർമ്മിത ബുദ്ധി അടിസ്ഥാനപരമായി മാറ്റിമറിക്കുന്നതായും പുതിയ  അവസരങ്ങൾ സൃഷ്ടിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ എഐയുടെ പരിവർത്തന ശേഷി ഏറെ വിലപ്പെട്ടതാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വൻതോതിലുള്ള നിർമ്മിതബുദ്ധി അധിഷ്ഠിത നവീകരണത്തിനും പ്രാവർത്തികവത്കരണത്തിനും ഇന്ത്യയ്ക്ക് പ്രത്യേക സാധ്യതയുണ്ടെന്നും അവർ വിലയിരുത്തി. ശക്തവും സഹകരണപരവുമായ നിർമ്മിത ബുദ്ധീ പരിസ്ഥിതി രൂപപ്പെടുത്തുന്നതിൽ  ഇന്ത്യ എ ഐ മിഷൻ നിർണായക പങ്ക് വഹിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.

 വ്യാപ്തിയിലും സ്വാധീനത്തിലും സമ്മേളനം അതുല്യമാണെന്ന് പ്രതിനിധികൾ വ്യക്തമാക്കി. രാജ്യത്തുടനീളം ഉയർന്നു വരുന്ന യുവ പ്രതിഭകളുടെ സൃഷ്ടിപരമായ ആശയങ്ങളും ഭാവി പരിഹാരങ്ങളും സമ്മേളനം മുന്നോട്ട് വെച്ചതായി അവർ പറഞ്ഞു.

പാർലമെന്ററി നടപടികളിൽ എഐ അധിഷ്ഠിത തത്സമയ ഭാഷാന്തര സംവിധാനം പ്രാവർത്തികമാക്കുന്നതുൾപ്പെടെയുള്ള പൗരകേന്ദ്രീകൃത മാർഗ്ഗങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഭരണനിർവഹണത്തിൽ കൂടുതൽ പ്രാപ്യത, കാര്യക്ഷമത, ഉൾക്കൊള്ളൽ എന്നിവ ഉറപ്പാക്കുമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

കൂടിക്കാഴ്ചയ്ക്കിടെ ഉപരാഷ്ട്രപതി ശ്രീ സി.പി രാധാകൃഷ്ണൻ നിർമ്മിത ബുദ്ധി കൃത്യത വർദ്ധിപ്പിക്കുകയും, പ്രവർത്തന സൗകര്യം മെച്ചപ്പെടുത്തുകയും, സമൂഹത്തിന് വ്യാപകമായ ഗുണഫലങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കി. എഐയുടെ ഭാവിയെക്കുറിച്ച് ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, നിലവിലുള്ള തൊഴിൽ മേഖലകളിൽ മാറ്റം വരുത്തുന്നതോടൊപ്പം പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി.

ഇന്ത്യ എഐ ഉച്ചകോടി സംഘടിപ്പിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടായി വിശേഷിപ്പിച്ച അദ്ദേഹം, ആഗോള എഐ രംഗത്ത് ഇന്ത്യയെ നിർണായക സ്ഥാനത്തേക്ക് ഉയർത്തുന്നതിലും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, മികച്ച ഭരണനിർവഹണം എന്നിവയിൽ വലിയ പരിവർത്തനത്തിന് നേതൃത്വം നൽകുന്നതിലും ഇത് സഹായകമാകുമെന്നും പറഞ്ഞു.


 

എഐ കൃത്യത വർധിപ്പിക്കുകയും പ്രവർത്തന പ്രവാഹങ്ങളെ ലളിതമാക്കുകയും സമൂഹത്തിന് വ്യാപകമായ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. എല്ലാവരേയും ഉൾക്കൊള്ളുന്നതും ജനകീയവുമായ എഐ സമീപനം സ്വീകരിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, രാജ്യത്തുടനീളം എല്ലാവർക്കും കൂടുതൽ പ്രാപ്യമായ അവസരങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിനും അതോടൊപ്പം ഒരോ ഇന്ത്യക്കാരനും ശരിയായ അവസരങ്ങളും വേദികളും ലഭിക്കുമ്പോൾ അവരുടെ കഴിവുകൾക്ക് അതിരുകൾ കല്പിക്കാനാവില്ലെന്നും, വരും വർഷങ്ങളിൽ ഇത്  രാജ്യത്തിന് നിർണായക വിജയകരവുമായി മാറുമെന്നും ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

 
****

( റിലീസ് ഐ.ഡി: 2230693) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil