ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇൻഡോ-ഫ്രഞ്ച് സെന്റർ ഫോർ എഐ ഇൻ ഹെൽത്ത്- ന് തുടക്കമിട്ട് ഇന്ത്യയും ഫ്രാൻസും

പോസ്റ്റഡ് ഓണ്‍: 18 FEB 2026 6:13PM by PIB Thiruvananthpuram

ആരോഗ്യ സംരക്ഷണത്തിലും നൂതന സാങ്കേതികവിദ്യകളിലും ഇന്തോ-ഫ്രഞ്ച് സഹകരണം ശക്തിപ്പെടുത്തുന്നതിൽ നാഴികക്കല്ലായി മാറുന്ന ഇൻഡോ-ഫ്രഞ്ച് സെന്റർ ഫോർ എഐ ഇൻ ഹെൽത്ത് (IF-CAIH), ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജെ.പി. നദ്ദയും ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണും ചേർന്ന്  ഉദ്ഘാടനം ചെയ്തു.

 



സങ്കീർണ്ണമായ ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ നേരിടുന്നതിനായി AI-അധിഷ്ഠിത ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, ക്ലിനിക്കൽ നൂതനാശയങ്ങൾ എന്നിവ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു മുൻനിര സംരംഭമാണ് IF-CAIH. ഡിജിറ്റൽ ആരോഗ്യത്തിൽ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഇത് മാറിയിരിക്കുകയാണ്. കൂടാതെ സമത്വപൂർണ്ണവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ  ആരോഗ്യ സംരക്ഷണ പരിഹാരങ്ങളിൽ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയെന്ന ഭാരതത്തിന്റെ ദർശനത്തെ ഇത് ശക്തിപ്പെടുത്തുന്നു.

2026 ഫെബ്രുവരി 18-19 തീയതികളിൽ ന്യൂഡൽഹി എയിംസിൽ ഫ്രഞ്ച് എംബസിയുടെ സഹകരണത്തോടെ   നടന്ന ഉന്നതതല അക്കാദമിക-ശാസ്ത്ര സമ്മേളനമായ - റെൻകോൺട്രെസ് യൂണിവേഴ്‌സിറ്റയേഴ്‌സ് എറ്റ് സയന്റിഫിക്‌സ് ഡി ഹൗട്ട് നിവോ (Rencontres Universitaires Et Scientifiques De Haut Niveau -RUSH) - യിലായിരുന്നു ആയിരുന്നു ഈ സമർപ്പിത സെഷൻ. "ഇന്തോ-ഫ്രഞ്ച് ഫോറം: AI ഇൻ ബ്രെയിൻ ഹെൽത്ത് ആൻഡ് ഗ്ലോബൽ ഹെൽത്ത്" എന്ന പ്രമേയത്തിലൂന്നി ഇരു രാജ്യങ്ങളിലെയും പ്രമുഖ ശാസ്ത്രജ്ഞർ, ക്ലിനിക്കുകൾ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ദ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു.

ന്യൂഡൽഹി എയിംസ്, സോർബോൺ സർവകലാശാല, പാരീസ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ തമ്മിൽ ഒപ്പുവച്ച സംയുക്ത ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് IF-CAIH സ്ഥാപിതമായത്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും പ്രമുഖ ഫ്രഞ്ച് സ്ഥാപനങ്ങളും തമ്മിലുള്ള അക്കാദമിക സഹകരണവും ഈ സംരംഭത്തിന്റെ ഭാഗമാണ്. നിർമ്മിതബുദ്ധി, മസ്തിഷ്ക ആരോഗ്യം, ആഗോള ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ എന്നിവയിൽ ഇന്റർ ഡിസിപ്ലിനറി ഗവേഷണം ഇത് പ്രോത്സാഹിപ്പിക്കുന്നു.

 



 

ഡിജിറ്റൽ ആരോഗ്യം, ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (AMR), ആരോഗ്യസംരക്ഷണത്തിനായുള്ള മാനവ വിഭവശേഷി, ആരോഗ്യ ഡാറ്റയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം തുടങ്ങിയ മുൻഗണനാ മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലവിലുള്ള സ്ഥാപനപരമായ സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം രൂപം കൊണ്ടത്. ശാസ്ത്രീയ കണ്ടെത്തലുകൾ മെച്ചപ്പെടുത്തുക, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം ശക്തിപ്പെടുത്തുക, കാര്യക്ഷമത വർദ്ധിപ്പിക്കുക, ജനങ്ങളുടെയും ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ചലനം സുഗമമാക്കുക എന്നിവയാണ് ഇരു രാജ്യങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങളും ഡിജിറ്റൽ ആരോഗ്യ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണ ഉദ്യമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

 



RUSH 2026 ലെ ഇന്തോ-ഫ്രഞ്ച് ഫോറം ആഗോള മാനസികാരോഗ്യ വെല്ലുവിളികളോടുള്ള സംയോജിത സമീപനം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിലുടനീളമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവരുടെ സഞ്ചാരത്തിലൂടെ ഗവേഷണ ആവാസവ്യവസ്ഥയെ സമ്പന്നമാക്കാനും ലക്ഷ്യമിടുന്നു.

 



 

RUSH 2026 ന്റെ ഭാഗമായി, ഇമ്മാനുവൽ മാക്രോണും രണ്ട് യുവ ഇന്ത്യൻ നവസംരംഭകരായ ശ്രീമതി പ്രിയങ്ക ദാസ് രാജ്കകാട്ടി, ശ്രീ. മനൻ സൂരി എന്നിവരും തമ്മിൽ  "RUSH - നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള സംഭാഷണം" എന്ന പേരിൽ 30 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക പരിപാടി നടന്നു. ഫ്രഞ്ച് എഐ, ഡിജിറ്റൽ അംബാസഡർ  ക്ലാര ചാപ്പാസ് മോഡറേറ്ററായി നടത്തിയ ആശയവിനിമയം, യുവാക്കളുടെ നേതൃത്വത്തിലുള്ള നൂതനാശയങ്ങളുടെയും അതിർത്തി കടന്നുള്ള സഹകരണത്തിന്റെയും പ്രാധാന്യവും, സമഗ്രവും സുസ്ഥിരവുമായ ആഗോള ഭാവി രൂപപ്പെടുത്തുന്നതിൽ നിർമ്മിത ബുദ്ധിയുടെ പരിവർത്തന സാധ്യതയും ഉയർത്തിക്കാട്ടി.
 
ജവഹർലാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ "ഫ്രാൻസും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന പ്രധാന ശാസ്ത്ര, അക്കാദമിക സഹകരണ മേഖലകൾ" എന്ന വിഷയത്തിൽ പ്രത്യേക സെഷനും ഉൾപ്പെടുത്തിയിരുന്നു. RUSH-ചെയർമാന്മാരായ പ്രൊഫ. വിജയ് രാഘവനും ഡോ. തിയറി കൂൾഹണും മോഡറേറ്റർമാർ  ആയിരുന്നു ഇത്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങൾ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണത്തിന്റെ സുപ്രധാന നാഴികക്കല്ലുകളും ഉയർന്നുവരുന്ന പുതു വഴികളും സെഷൻ പ്രദർശിപ്പിച്ചു, ഇത് ഇന്തോ-ഫ്രഞ്ച് വൈജ്ഞാനിക പങ്കാളിത്തത്തിന്റെ ആഴവും ചലനാത്മകതയും പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയും ഫ്രാൻസും പരമാധികാര AI ശേഷിയും നൈപുണ്യവും വളർത്തിയെടുക്കേണ്ടതിന്റെയും, ഏതാനും ആഗോള ശക്തികളെ അമിതമായി ആശ്രയിക്കാതെ AI വികസനം മാനവരാശിയെ സേവിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത തന്റെ പ്രസംഗത്തിൽ പ്രസിഡന്റ് മാക്രോൺ അടിവരയിട്ടു വ്യക്തമാക്കി. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ  ത്വരിതപ്പെടുത്തുന്നതിനും വിവിധ ആരോഗ്യ സംരക്ഷണ മേഖലകളിലുടനീളം ധാർമ്മിക AI സ്വീകരിക്കുന്നതിന്റെ പരിവർത്തന സാധ്യതയും അദ്ദേഹം വിശദീകരിച്ചു. ഉത്തരവാദിത്തമുള്ള ഭരണത്തിന് ഊന്നൽ,  കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികൾ, പക്ഷപാതവും ജനാധിപത്യ അപകടസാധ്യതകളും പരിഹരിക്കുന്നതിന് അൽഗോരിതങ്ങളിൽ കൂടുതൽ സുതാര്യത, AI സംവിധാനങ്ങളിലെ ഭാഷാ വൈവിധ്യം സംരക്ഷിക്കൽ എന്നിവ അനിവാര്യമാണെന്ന് അദ്ദേഹം  പറഞ്ഞു- ഇന്ത്യയും ഫ്രാൻസും ഈ മേഖലകളിൽ പൊതുവായ ദർശനം പങ്കിടുന്നു.

"വിശ്വസനീയമായ AI സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടിംഗ് ശേഷിയും നൈപുണ്യവും വികസിപ്പിക്കുന്നതിന് ഇന്ത്യയും ഫ്രാൻസും പ്രതിജ്ഞാബദ്ധമാണ്, കാരണം മറ്റെവിടെയെങ്കിലും സൃഷ്ടിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സാങ്കേതികവിദ്യകളെ മാത്രം ആശ്രയിക്കാൻ നമുക്ക് കഴിയില്ല" എന്ന് പ്രസിഡന്റ് പറഞ്ഞു. "നിർമ്മിത ബുദ്ധി  മാനവരാശിയെ സേവിക്കണം - കുട്ടികൾക്കുള്ള ശക്തമായ സംരക്ഷണം, പക്ഷപാതം പരിഹരിക്കുന്നതിനുള്ള അൽഗോരിതങ്ങളിൽ സുതാര്യത, ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള ഉറച്ച പ്രതിബദ്ധത എന്നിവ ഉറപ്പാക്കണം." അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനുശേഷം, ആചാരപരമായ നടത്തം ഉൾപ്പെടെയുള്ള ഔപചാരിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്റർനാഷണൽ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഗ്ലോബൽ ഹെൽത്ത് ഔദ്യോഗികമായി തുറന്നു നൽകി. നടത്തിനിടെ വിദ്യാർത്ഥികളുമായി സംവദിക്കുകയും ആരോഗ്യ സംരക്ഷണത്തിൽ നൂതനാശയാധിഷ്ഠിത പരിഹാരങ്ങൾ പിന്തുടരാൻ യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആദരണീയ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. ജെ. പി. നദ്ദ പരിപാടിയിലുടനീളം സന്നിഹിതനായിരുന്നു. IF-CAIH-ൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, AI- അധിഷ്ഠിത ആഗോള ആരോഗ്യത്തിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊട്ടിയുഉറപ്പിച്ചു.

 



 

ഇന്ത്യയിലടക്കം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക്  മികച്ച ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും, പ്രതിരോധശേഷിയുള്ള ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും, ഫ്രാൻസുമായുള്ള ആരോഗ്യ സംരക്ഷണ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിലും, നൂതനാശയങ്ങൾ, സമാനമായ ജനാധിപത്യ മൂല്യങ്ങൾ, കൂട്ടായ വൈദഗ്ദ്ധ്യം എന്നിവ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ഭാരത സർക്കാർ  ആവർത്തിച്ചു വ്യക്തമാക്കി.

 

***


( റിലീസ് ഐ.ഡി: 2230054) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी