ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ നാളെ ഇന്ത്യ എ ഐ ഉച്ചകോടിയിൽ SAHI, BODH എന്നീ രണ്ട് സുപ്രധാന ദേശീയ പദ്ധതികൾക്ക് തുടക്കം കുറിക്കും

പോസ്റ്റഡ് ഓണ്‍: 16 FEB 2026 5:47PM by PIB Thiruvananthpuram

ഭാരത് മണ്ഡപത്തിൽ നാളെ നടക്കുന്ന ഇന്ത്യ എഐ ഉച്ചകോടിയിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ രണ്ട് പ്രധാന ദേശീയ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും. സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ ഹെൽത്ത്കെയർ ഫോർ ഇന്ത്യ (SAHI), ബെഞ്ച്മാർക്കിംഗ് ഓപ്പൺ ഡാറ്റ പ്ലാറ്റ്ഫോം ഫോർ ഹെൽത്ത് എ ഐ  (BODH) എന്നിവയാണ് പദ്ധതികൾ.
 

ആരോഗ്യമേഖലയിൽ നിർമ്മിത ബുദ്ധിയുടെ സുരക്ഷിതവും, ധാർമ്മികവും, തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും, സമഗ്രവുമായ സ്വീകാര്യത കൈവരിക്കുന്നതിനുള്ള ഒരു ദേശീയ മാർഗരേഖാ ചട്ടക്കൂടാണ് SAHI. ഭരണനിർവ്വഹണം, ഡാറ്റ പരിപാലനം, സാധൂകരണം, പ്രാവർത്തികവൽക്കരണം, നിരീക്ഷണം തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ മാർഗനിർദേശങ്ങൾ നൽകുന്നതോടൊപ്പം, പൊതുജനാരോഗ്യ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന രീതിയിൽ  ഉത്തരവാദിത്തപരമായ നിർമ്മിത ബുദ്ധി സ്വീകാര്യതയ്ക്ക് സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും ദിശാബോധം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ദേശീയ ആരോഗ്യ അതോറിറ്റിയുടെ സഹകരണത്തോടെ, കാൺപൂർ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത BODH, അടിസ്ഥാന ഡാറ്റ പങ്കിടാതെ തന്നെ വൈവിധ്യമാർന്ന വസ്തുനിഷ്ഠ ആരോഗ്യ ഡാറ്റകളെ അടിസ്ഥാനമാക്കി AI മോഡലുകൾ കർശനമായി വിലയിരുത്താൻ സഹായിക്കുന്ന അടിസ്ഥാന വേദിയാണ്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ കീഴിൽ ഡിജിറ്റൽ പൊതുനന്മാ പദ്ധതിയായി രൂപകൽപ്പന ചെയ്തിരിക്കുന്ന BODH, ഹെൽത്ത് എഐ വിന്യാസത്തിൽ വിശ്വാസ്യത , സുതാര്യത, ഗുണനിലവാരം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കരുത്തുറ്റതും ഉത്തരവാദിത്തമുള്ളതും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു ആരോഗ്യ നിർമ്മിത  ബുദ്ധി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ യാത്രയിൽ SAHI-യും BODH-യും ഒരു നിർണായക ചുവടുവയ്പ്പായി മാറും.
 
*****

( റിലീസ് ഐ.ഡി: 2228988) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil