ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഗ്രാമപഞ്ചായത്തുകൾക്കായുള്ള പുതിയ ശേഷി വികസന പരമ്പര ആരംഭിച്ചതോടെ ഉപഭോക്തൃ അവകാശ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ആഴത്തിലായി

പോസ്റ്റഡ് ഓണ്‍: 15 FEB 2026 12:51PM by PIB Thiruvananthpuram
2024, 2025 വർഷങ്ങളിൽ നടത്തിയ വെർച്വൽ ശേഷി വികസന സംരംഭങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗ്രാമപഞ്ചായത്തുകൾക്കായി ഉപഭോക്തൃ കാര്യ വകുപ്പ് (DoCA) രാജ്യവ്യാപകമായി നടത്തുന്ന വെർച്വൽ ശേഷി വികസന പരിപാടിയുടെ രണ്ടാമത്തെ പരമ്പരയ്ക്ക് തുടക്കമായി. ഉപഭോക്തൃ ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനും താഴെത്തട്ടിൽ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പഞ്ചായത്തീരാജ് മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ 2026 ഫെബ്രുവരി 13-നാണ് ഈ പരമ്പര ഉദ്ഘാടനം ചെയ്തത്.
പുതുക്കിയ സംരംഭത്തിന് കീഴിലുള്ള ആദ്യ സംവാദം ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളുമായാണ് നടന്നത്. 1,011 ഓൺലൈൻ ലിങ്കുകളിലൂടെ നടന്ന ഈ സെഷനിൽ പഞ്ചായത്ത് തലത്തിലുള്ള ആയിരക്കണക്കിന് പങ്കാളികൾ ഭാഗമായി. പ്രധാന ഉപഭോക്തൃ അവകാശങ്ങൾ, ഉയർന്നുവരുന്ന ഉപഭോക്തൃ പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനായി ലഭ്യമായ ഔദ്യോഗിക സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് പങ്കാളികൾക്ക് അവബോധം നല്കി. പഞ്ചായത്ത് പ്രതിനിധികൾക്ക് തങ്ങളുടെ മേഖലകളിലെ ആശങ്കകൾ ഉന്നയിക്കാനും വ്യക്തത തേടാനും അവസരം നല്കുന്ന നേരിട്ടുള്ള സംവാദത്തിനും ഈ പരിപാടി വഴിയൊരുക്കി.


ഉപഭോക്തൃ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, അന്യായമായ വ്യാപാര രീതികൾ തടയുന്നതിനും, നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ (1915), ഇ-ജാഗൃതി പോർട്ടൽ തുടങ്ങിയ പരാതി പരിഹാര പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും പഞ്ചായത്തുകൾക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച്  ഈ സെഷൻ ഊന്നിപ്പറഞ്ഞു. ഇതിൻ്റെ മുൻ ഘട്ടത്തിൽ, 2019-ലെ  ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലുള്ള ഉപഭോക്തൃ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ, പരാതി പരിഹാര ചട്ടക്കൂടുകൾ എന്നിവയെക്കുറിച്ച് പഞ്ചായത്തീരാജ് പ്രതിനിധികൾക്കായി വകുപ്പ് വിപുലമായ വെർച്വൽ ബോധവൽക്കരണ സെഷനുകൾ നടത്തിയിരുന്നു. 2024 ഡിസംബർ 20-ന് ആരംഭിച്ച ഈ പ്രചാരണം, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ നിലവിലില്ലാത്ത ഡൽഹിയും ചണ്ഡീഗഢും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പഞ്ചായത്തുകളെ ഉൾപ്പെടുത്തി 2025 ഓഗസ്റ്റ് 22-ന് അവസാനിച്ചു.

പ്രാദേശികമായ ഉൾച്ചേർക്കലിന് നല്കിയ ഊന്നലാണ് ഈ സംരംഭത്തിൻ്റെ പ്രധാന സവിശേഷത. ഫലപ്രദമായ ആശയവിനിമയം, വ്യാപകമായ പങ്കാളിത്തം, താഴെത്തട്ടിൽ മികച്ച ധാരണ എന്നിവ ഉറപ്പാക്കുന്നതിനായി അതത് പ്രാദേശിക ഭാഷകളിലാണ് സെഷനുകൾ നടത്തിയത്. അതത് സംസ്ഥാന ഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥർ നടപടികൾക്ക് നേതൃത്വം വഹിച്ചത് പങ്കാളികളുമായി നേരിട്ടുള്ള ഇടപെടലിനും അർത്ഥവത്തായ സംവാദത്തിനും വഴിയൊരുക്കി. ഈ സമീപനം പ്രതികരണക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുകയും താഴെത്തട്ടിലുള്ള സജീവമായ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പഞ്ചായത്ത് പ്രതിനിധികൾക്ക് അവരുടെ സമൂഹങ്ങൾക്കുള്ളിൽ ഉപഭോക്തൃ സംരക്ഷണം സാധ്യമാക്കാനുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിന് ഈ സംരംഭം ഗണ്യമായ സംഭാവന നല്കിയിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചും പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചുമുള്ള പ്രായോഗിക പരിജ്ഞാനം നല്കി പ്രാദേശിക സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിലൂടെ, കൂടുതൽ അറിവുള്ളവരും ശാക്തീകരിക്കപ്പെട്ടവരുമായ ഒരു ഗ്രാമീണ ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കുന്നതിനും ഈ പരിപാടി പിന്തുണ നല്കി.

കുറഞ്ഞ ചെലവ്, വിപുലീകരിക്കാനുള്ള സൗകര്യം, വേഗത്തിലുള്ള രാജ്യവ്യാപകമായ വ്യാപനം എന്നീ നേട്ടങ്ങൾ വെർച്വൽ ഫോർമാറ്റിലൂടെ തെളിയിക്കപ്പെട്ടു. ഇത് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ തോതിലുള്ള ഇടപെടൽ സാധ്യമാക്കി. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നല്ല പ്രതികരണങ്ങളിലും ക്രിയാത്മകമായ നിർദ്ദേശങ്ങളിലും പ്രോത്സാഹിതരായ വകുപ്പ്, ഗ്രാമീണ മേഖലയിലെ അവസാന വ്യക്തിയിലേക്കും ഉപഭോക്തൃ അവബോധം എത്തിക്കുന്നതിൽ പുതുക്കിയ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പഞ്ചായത്തീരാജ് മന്ത്രാലയവുമായി സഹകരിച്ച് പരിപാടി തുടരാനും വിപുലീകരിക്കാനും തീരുമാനിച്ചു.

ഈ സുസ്ഥിരമായ പരിശ്രമത്തിലൂടെ, ഉപഭോക്തൃ ബോധവൽക്കരണം ഭരണനിർവ്വഹണത്തിൻ്റെ  എല്ലാ തലങ്ങളിലും വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത വകുപ്പ് ആവർത്തിക്കുന്നു. ഇത് പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ പൗരന്മാരെ അറിവുള്ള തിരഞ്ഞെടുപ്പുകൾ നടത്താനും കൃത്യസമയത്ത് പരാതി പരിഹാര സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുന്നു.
 
***

( റിലീസ് ഐ.ഡി: 2228382) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी