PIB Headquarters
ഇന്ത്യയുടെ മാനസികാരോഗ്യ പരിചരണവും ക്ഷേമവും മെച്ചപ്പെടുത്തുന്നു
ബജറ്റ് 2026-2027 പരമ്പര
പോസ്റ്റഡ് ഓണ്‍:
11 FEB 2026 2:34PM by PIB Thiruvananthpuram
പ്രധാന കാര്യങ്ങൾ
2026-2027 ലെ കേന്ദ്ര ബജറ്റ് ഉത്തരേന്ത്യയിൽ രണ്ടാമത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്-2) സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
ബംഗളൂരുവിലെ നിലവിലുള്ള നിംഹാൻസിന്റെ മാതൃകയിലായിരിക്കും നിംഹാൻസ്-2, കൂടാതെ ന്യൂറോ സയൻസ്, മാനസികാരോഗ്യ പരിചരണ മേഖലകളിൽ ഉയർന്ന നിലവാരമുള്ള ചികിത്സ, പരിശീലനം, ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും.
2026-2027 ലെ കേന്ദ്ര ബജറ്റ് റാഞ്ചിയിലെയും തേസ്പുരിലെയും പ്രമുഖ മാനസികാരോഗ്യ സ്ഥാപനങ്ങളെ മേഖലാ ഉന്നതതല (റീജ്യണൽ അപ്പക്‌സ്) സ്ഥാപനങ്ങളായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.
ജില്ലാ ആശുപത്രികളിൽ എമർജൻസി(അടിയന്തര), ട്രോമ കെയർ (അടിയന്തര വൈദ്യസഹായ പരിചരണ) കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ബജറ്റ് നിർദ്ദേശിച്ചു.
ആമുഖം
പൊതുജനാരോഗ്യ ആസൂത്രണത്തിന്റെ കേന്ദ്രത്തിൽ സ്ഥാപനപരമായ വികാസവും പ്രാദേശിക തുല്യതയും പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യയുടെ മാനസികാരോഗ്യ നയത്തിൽ 2026-27 ലെ കേന്ദ്ര ബജറ്റ് ഒരു നിർണായക മാറ്റം അടയാളപ്പെടുത്തുന്നു. മാനസികാരോഗ്യവും ട്രോമ കെയർ അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരിക്കുന്നതിലൂടെ, 'എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം' എന്നതിന് കീഴിലുള്ള ഭാരത സർക്കാറിന്റെ സമഗ്ര വികസന കാഴ്ചപ്പാടിനെയും, വികസിത ഭാരത ദർശനത്തെയും ബജറ്റ് മുന്നോട്ട് കൊണ്ടുപോകുന്നു.

ഉത്തരേന്ത്യയിൽ ദേശീയ തലത്തിലുള്ള മാനസികാരോഗ്യ സ്ഥാപനങ്ങളുടെ ദീർഘകാലമായുള്ള അഭാവവും വിദഗ്ധ സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും കണക്കിലെടുത്ത്, മാനസികാരോഗ്യത്തെ ഒരു പ്രധാന പൊതുജനാരോഗ്യ മുൻഗണനയായി ബജറ്റ് ഉയർത്തിക്കാട്ടുന്നു. ലക്ഷ്യബോധമുള്ള ഇടപെടലുകൾ, തൊഴിൽശക്തിയുടെ ശേഷി വികസനം, ട്രോമ കെയർ പിന്തുണ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ദുർബല കുടുംബങ്ങൾ വഹിക്കുന്ന അമിതഭാരം ലഘൂകരിക്കുക എന്നതാണ് ഇത് ലക്ഷ്യം വെക്കുന്നത്. മാനസികാരോഗ്യത്തിനും ട്രോമ കെയറിനും തുല്യ അഭിഗമ്യതയ്ക്കായുള്ള വ്യക്തവും സുസ്ഥിരവുമായ പ്രതിബദ്ധതയെ ഇത് സൂചിപ്പിക്കുന്നു.
മാനസികാരോഗ്യം എന്താണ്?
ജീവിതത്തിലെ സാധാരണ സമ്മർദ്ദങ്ങളെ നേരിടാൻ ഒരു വ്യക്തിക്ക് കഴിയുന്ന ക്ഷേമാവസ്ഥയാണ് മാനസികാരോഗ്യം. ഇത് ഒരാളെ പഠിക്കാനും നന്നായി പ്രവർത്തിക്കാനും സമൂഹത്തിന് സംഭാവനയേകാനും അനുവദിക്കുന്നു. നല്ല മാനസികാരോഗ്യത്തിൽ വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉൾപ്പെടുന്നു. മോശം മാനസികാരോഗ്യമെന്നത് ഉത്കണ്ഠ, വിഷാദം, മറ്റ് ഗുരുതര വൈകല്യങ്ങൾ എന്നിവ പോലുള്ള വികലാവസ്ഥകളിലേക്ക് നയിക്കാം. ഇത് ശാരീരിക ആരോഗ്യം, ബന്ധങ്ങൾ, മൊത്തത്തിലുള്ള പ്രവർത്തനം എന്നിവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഇന്ത്യയിൽ, വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദം, ദ്രുതഗതിയിലുള്ള നഗരവത്കരണം, പകർച്ചവ്യാധി വ്യാപനാനന്തര വെല്ലുവിളികൾ എന്നിവ മാനസികാരോഗ്യ പരിചരണത്തിനുള്ള ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. പിന്തുണയും ചികിത്സയും യഥാസമയം ലഭ്യമാകുന്നത് പ്രതിസന്ധികളെ തടയാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, മാനസികാരോഗ്യത്തെ സമഗ്ര വികസനം, സാമൂഹിക സ്ഥിരത, ഉത്പാദനക്ഷമത എന്നിവയുടെ കേന്ദ്രബിന്ദുവായി സർക്കാർ കൂടുതലായി നോക്കിക്കാണുന്നു.
2026-2027 ലെ കേന്ദ്ര ബജറ്റ്:
മാനസികാരോഗ്യ പരിചരണത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തൽ
2026-27 ലെ കേന്ദ്ര ബജറ്റിൽ, മാനസികാരോഗ്യത്തിനും ട്രോമ കെയറിനുമുള്ള പ്രതിബദ്ധത സർക്കാർ വീണ്ടും ഉറപ്പിച്ചു. മൂന്നാം കർത്തവ്യത്തിന് കീഴിൽ ദുർബലവിഭാഗങ്ങൾക്ക് അഭിഗമ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത് -ഓരോ കുടുംബത്തിനും, സമൂഹത്തിനും പ്രാദേശികതലത്തിനും മേഖലയ്ക്കും വിഭവശേഷി ഉണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
നിംഹാൻസിന്റെ വികസനം
ഉത്തരേന്ത്യയിൽ മാനസികാരോഗ്യ പരിചരണത്തിനായി ദേശീയ സ്ഥാപനങ്ങളൊന്നുമില്ല. ഉത്തരേന്ത്യയിൽ നിംഹാൻസ്-2 (രണ്ടാമത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു.
നൂതന ചികിത്സ, പരിശീലനം, ഗവേഷണം, ന്യൂറോ സയൻസസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ബംഗളൂരുവിൽ നിലവിലുള്ള നിംഹാൻസിന്റെ മാതൃകയിൽ വിഭാവനം ചെയ്യുന്ന ഈ സ്ഥാപനം.
നിലവിലുള്ള സ്ഥാപനങ്ങളുടെ നവീകരണം
റാഞ്ചിയിലെയും തേസ്പൂരിലെയും ദേശീയ മാനസികാരോഗ്യ സ്ഥാപനങ്ങളെ മേഖലാ ഉന്നതതല സ്ഥാപനങ്ങളായി ഉയർത്തും [1] [2].
ഇത് അവരുടെ പ്രദേശങ്ങളിലെ വിദഗ്ധ മാനസികാരോഗ്യ പരിചരണം, വിദ്യാഭ്യാസം, ട്രോമാകെയർ സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തും.
അടിയന്തര, ട്രോമ കെയർ സെന്ററുകൾ സ്ഥാപിക്കൽ:
രാജ്യവ്യാപകമായി എല്ലാ ജില്ലാ ആശുപത്രികളിലും എമർജൻസി, ട്രോമ കെയർ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.
എല്ലാ പൗരന്മാർക്കും താങ്ങാനാവുന്ന ചെലവിൽ 24 മണിക്കൂറും നിർണായക അടിയന്തര മെഡിക്കൽ സേവനങ്ങളും മാനസികാരോഗ്യ പരിചരണവും ഈ കേന്ദ്രങ്ങൾ നൽകും[3].
പ്രാദേശിക അസമത്വങ്ങൾ കുറയ്ക്കുക, ദരിദ്രർക്കും ദുർബലർക്കും പരിചരണ അഭിഗമ്യത മെച്ചപ്പെടുത്തുക, പ്രായപരിധി, ലിംഗഭേദം, മേഖലകൾ എന്നിവയിലുടനീളം വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ വൈകല്യ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് പരിഹരിക്കുക എന്നിവയാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
മാനസിക ക്ഷേമത്തിലേക്കുള്ള മുന്നേറ്റം: ഇന്ത്യയുടെ ഇതുവരെയുള്ള പ്രയാണം
ബംഗളൂരുവിലെ നിംഹാൻസ് ഗവേഷണം, പരിശീലനം, പരിചരണം എന്നിവയ്ക്കുള്ള പരമോന്നത സ്ഥാപനമാക്കി മാറ്റിക്കൊണ്ട്, മാനസികാരോഗ്യ സംരക്ഷണത്തിനായി ഇന്ത്യ ശക്തമായൊരു അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ട്. ഇതിന് 2024-ൽ ആരോഗ്യ പ്രോത്സാഹനത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ നെൽസൺ മണ്ടേല അവാർഡ് ലഭിച്ചിരുന്നു.
ഈ നേതൃത്വത്തെ അടിസ്ഥാനമാക്കി, ഇന്ത്യയുടെ മാനസികാരോഗ്യ മേഖല തെറ്റിദ്ധാരണകൾ കുറയ്ക്കുന്നതിനും സേവനങ്ങളിലേക്കുള്ള പ്രവേശനം വികസിപ്പിക്കുന്നതിനും ഡിജിറ്റൽ ഉപകരണങ്ങൾ സംയോജിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നു. പുനരധിവാസ ഭവനങ്ങൾ സ്ഥാപിക്കൽ, ശക്തമായ സാമൂഹിക ബന്ധങ്ങൾ, രാജ്യത്തുടനീളം തുല്യവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ മാനസികാരോഗ്യ പരിചരണമേകാനുള്ള ശ്രമങ്ങൾ എന്നിവയാണിതിന്റെ പ്രധാന പുരോഗതിയിൽ ഉൾപ്പെടുന്നത്.
2017-ലെ ദേശീയ മാനസികാരോഗ്യ പരിചരണ നിയമം [5]:
1987- ലെ കാലഹരണപ്പെട്ട മാനസികാരോഗ്യ നിയമത്തിന് പകരമായി ഈ സുപ്രധാന നിയമനിർമ്മാണം നിലവിൽ വന്നു. ഇത് ഓരോ വ്യക്തിക്കും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ മാനസികാരോഗ്യ സേവനങ്ങൾക്കുള്ള അവകാശം പ്രദാനം ചെയ്യുന്നു.
മാനസിക രോഗമുള്ള വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നത് ഈ നിയമം ഉറപ്പാക്കുന്നു. ഇന്ത്യയുടെ ചട്ടക്കൂടിനെ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി, പ്രത്യേകിച്ച് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭാ കൺവൻഷനുമായി (യു.എൻ.സി.ആർ.പി.ഡി) സമന്വയിപ്പിക്കുന്നതും ഇത് ഉറപ്പാക്കുന്നു.
ശിക്ഷയെക്കാൾ മാനസിക പുനരധിവാസത്തിന് ഊന്നൽ നൽകുന്നതിനായി ഈ നിയമം ആത്മഹത്യാ ശ്രമങ്ങളെ കുറ്റകരമല്ലാതാക്കുന്നു.
ദേശീയ ആരോഗ്യ നയം, 2017 [6] [7]
മാനസികാരോഗ്യത്തെ ദേശീയ മുൻഗണനയായി അംഗീകരിച്ച ഒരു നിർണായക നയം, മാനസികാരോഗ്യ വെല്ലുവിളികളെ നേരിടുന്നതിന് സമഗ്രവും ബഹുമുഖവുമായ ഒരു കാര്യനയം സ്വീകരിക്കുന്നു.
പരിശീലന പരിപാടികൾക്കായി മെച്ചപ്പെട്ട പൊതുധനസഹായം ലഭ്യമാക്കിക്കൊണ്ട് മാനസികാരോഗ്യ വിദഗ്ധരുടെ വർധനവ് ഉറപ്പാക്കുകയെന്നതാണ് ഈ നയം ലക്ഷ്യം വെക്കുന്നത്. ഇത് സംബന്ധിച്ച ക്ഷാമം പരിഹരിക്കുന്നതിനും, തുല്യമായ വിതരണം മെച്ചപ്പെടുത്തുന്നതിനുമായി പൊതു ആരോഗ്യ സംവിധാനങ്ങളിൽ സേവനമനുഷ്ഠിക്കാൻ തയ്യാറുള്ള പ്രൊഫഷണലുകൾക്ക് മുൻഗണനയേകുന്നതിലും നിലനിർത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സാമൂഹ്യാധിഷ്ഠിത മാർഗങ്ങളിലൂടെയും ഡിജിറ്റൽ സങ്കേതങ്ങൾ വഴിയും പ്രാഥമിക തല മാനസികാരോഗ്യ പിന്തുണ ശക്തിപ്പെടുത്തുന്നതിന് ഈ നയം ഗണ്യമായ ശ്രമങ്ങൾ തുടരുന്നു.
ആയുഷ്മാൻ ഭാരത്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെയുള്ള സംയോജനം
1.75 ലക്ഷത്തിലധികം ഉപാരോഗ്യ കേന്ദ്രങ്ങളും (എസ്.എച്ച്.സികൾ) പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (പി.എച്ച്.സികൾ) ആയുഷ്മാൻ ആരോഗ്യ മന്ദിറുകളായി തലമുയർത്തി പരിഷ്‌കരിക്കപ്പെട്ടു. അവിടെയിപ്പോൾ മാനസികാരോഗ്യ സേവനങ്ങൾ സമഗ്ര പ്രാഥമികാരോഗ്യ പരിചരണത്തിന്റെ ഭാഗമാണ്. [8].

ആയുഷ്മാൻ ഭാരത് പി.എം-ജെ.എ.വൈ പദ്ധതിക്ക് കീഴിൽ ബൗദ്ധിക വികാസത്തിലെ കുറവ് , സ്‌കീസോഫ്രീനിയ, ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (എ.എസ്.ഡി) തുടങ്ങിയവ ഉൾപ്പെടെയുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ ലഭിക്കുന്നു. കൂടാതെ 22 നിർദ്ദിഷ്ട മാനസികാരോഗ്യ നടപടിക്രമങ്ങൾക്ക് പണരഹിത ചികിത്സയും ലഭ്യമാണ്. [9]
ദേശീയ മാനസികാരോഗ്യ പരിപാടി (എൻ.എം.എച്ച്.പി), 1982
ഇന്ത്യയിലുടനീളം വർദ്ധിച്ചുവരുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളുടെയും മതിയായ മാനസികാരോഗ്യ സേവനങ്ങളുടെ അഭാവത്തിന്റെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1982- ൽ ദേശീയ മാനസികാരോഗ്യ പരിപാടി (എൻ.എം.എച്ച്.പി) ആരംഭിച്ചു.
മാനസികാരോഗ്യ സംരക്ഷണത്തെ പൊതു ആരോഗ്യ സംവിധാനവുമായി സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ദുർബലവിഭാഗങ്ങൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, ഇത് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയും അഭിഗമ്യമാക്കുകയും ചെയ്യുന്നു.
ജില്ലാ മാനസികാരോഗ്യ പരിപാടി (ഡി.എം.എച്ച്.പി) [10]
ജില്ലാ മാനസികാരോഗ്യ പരിപാടി 1996-ൽ ആരംഭിക്കുകയും പിന്നീട് ദേശീയ മാനസികാരോഗ്യ പരിപാടിയിൽ (എൻ.എം.എച്ച്.പി) സംയോജിപ്പിക്കുകയും ചെയ്തു.
കർണാടകയുടെ വിജയകരമായ 'ബെല്ലാരി മാതൃക'യെ അടിസ്ഥാനമാക്കിയുള്ളതും സാമൂഹ്യാധിഷ്ഠിത മാനസികാരോഗ്യ പരിചരണ വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് ഇത്.
1996-ന്റെ തുടക്കത്തിൽ നാല് ജില്ലകളിൽ നടപ്പിലാക്കിയിരുന്ന പദ്ധതി പരിധി ഒമ്പതാം പഞ്ചവത്സര പദ്ധതിയിൽ 27 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെയും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് പ്രകാരം ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള 767 ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു.
കൗൺസിലിങ്ങും ഔട്ട്‌പേഷ്യന്റ് ചികിത്സയും, ജില്ലാ തലത്തിൽ 10 കിടക്കകളുള്ള ഇൻപേഷ്യന്റ് സൗകര്യങ്ങൾ, ആത്മഹത്യാ പ്രതിരോധ സംരംഭങ്ങൾ, പൊതുജനാവബോധ പരിപാടികൾ എന്നിവ ഇതിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു.
ഓരോ ജില്ലയിലും ഒരു സമർപ്പിത സംഘം: മാനസികാരോഗ്യ വിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്യാട്രിക്/കമ്മ്യൂണിറ്റി നഴ്സ്, മോണിറ്ററിങ്- ഇവാലുവേഷൻ ഓഫീസർ, കേസ് രജിസ്ട്രി അസിസ്റ്റന്റ്, വാർഡ് അസിസ്റ്റന്റ്/ഓർഡർലി എന്നിവർ ഉൾപ്പെടുന്നു.
പ്രാരംഭ ഘട്ടത്തിലുള്ള രോഗനിർണയവും ചികിത്സയും, ജനറൽ ഫിസിഷ്യൻമാർക്ക് ഹ്രസ്വകാല പരിശീലനം, മാനസികരോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനം, പൊതുജനാവബോധ വിവരങ്ങൾ, വിദ്യാഭ്യാസ-ആശയവിനിമയ (ഐ.ഇ.സി) കാമ്പെയ്നുകൾ, നിരീക്ഷണത്തിനായുള്ള ലളിതമായ രേഖാസൂക്ഷിപ്പ് എന്നിവയ്ക്ക് പ്രധാന ഘടകങ്ങൾ ഊന്നൽ നൽകുന്നു.
ദേശീയ ആത്മഹത്യാ പ്രതിരോധ കാര്യനയം (എൻ.എസ്.പി.എസ്) [11]
2022ൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച എൻ.എസ്.പി.എസിന്റെ പ്രധാന ലക്ഷ്യം 2030-ഓടെ ഇന്ത്യയിലെ ആത്മഹത്യാ മരണനിരക്ക് 10 ശതമാനം കുറയ്ക്കുക എന്നതാണ്.
സ്‌കൂളുകളിലും കോളേജുകളിലും മാനസികാരോഗ്യ പരിശോധനകൾ, ക്രൈസിസ് ഹെൽപ്പ് ലൈനുകളും മനഃശാസ്ത്ര പിന്തുണാ കേന്ദ്രങ്ങളും സ്ഥാപിക്കൽ, മാനസികാരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനുള്ള സാമൂഹ്യ ബോധവത്കരണ പരിപാടികൾ, നേരത്തെയുള്ള തിരിച്ചറിയലിനും പിന്തുണയ്ക്കുമായി ജോലിസ്ഥലത്ത് മാനസികാരോഗ്യ പരിപാടികൾ എന്നിവ ഈ ഇടപെടലിന്റെ പ്രധാന ഘടകങ്ങളാണ്.
ലക്ഷ്യകേന്ദ്രീകൃത പ്രതിരോധത്തിനും ഇടപെടൽ ശ്രമങ്ങൾക്കുമായി വിദ്യാർത്ഥികൾ, കർഷകർ, യുവാക്കൾ, മറ്റ് ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയ ഉയർന്ന വെല്ലുവിളി സാധ്യതയുള്ള സംഘങ്ങളെ ഈ കാര്യനയം ലക്ഷ്യമിടുന്നു.
നാഷണൽ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാം (ടെലി-മാനസ്) [12]
24 മണിക്കൂറും ലഭ്യമാവുന്ന ടോൾ-ഫ്രീ ഹെൽപ്പ്ലൈനായി (14416 അല്ലെങ്കിൽ 1-800-891-4416) ദേശീയ ടെലി മാനസികാരോഗ്യ പരിപാടി 2022 ഒക്ടോബർ 10-ന് ആരംഭിച്ചു.
മാനസികാരോഗ്യത്തിനായി സൗജന്യ ടെലി-കൗൺസിലിങ് നൽകുന്നു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് മനോരോഗ വിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ, സൈക്യാട്രിക് നഴ്സുമാർ എന്നിവരിലൂടെ കൂടുതൽ പ്രത്യേക ഇടപെടലുകൾക്കായി ഫോൺ വഴി വിദഗ്ധ സഹായവും ലഭ്യമാക്കുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധിപ്പിച്ച് വ്യക്തികളെ നേരിട്ടുള്ള സേവനങ്ങളിലേക്ക് നിർദേശിക്കുകയും ചെയ്യുന്ന ടെലി മാനസ്, ഡി.എം.എച്ച്.പിയുടെ ഡിജിറ്റൽ വിഭാഗമായി വർത്തിക്കുന്നു.
20 ഇന്ത്യൻ ഭാഷകളിൽ (സംസ്ഥാന താത്പര്യത്തെ അടിസ്ഥാനമാക്കി) സേവനങ്ങൾ ലഭ്യമാണ്.
ഇതുവരെ ആകെ 33,02,000 ഫോൺ കോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ടെലി-മനാസ് മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള മെച്ചപ്പെടുത്തിയ സവിശേഷതകൾ. 2024 ഒക്ടോബറിൽ ലോഞ്ച് ചെയ്ത ആപ്പ് 2025 ലെ ലോക മാനസികാരോഗ്യ ദിനത്തിൽ 10 പ്രാദേശിക ഭാഷകളിൽ ബഹുഭാഷാ ഉപയോക്തൃ ഇന്റർഫേസ് (യു.ഐ), കാഴ്ച വൈകല്യമുള്ള ഉപയോക്താക്കൾക്കുള്ള അഭിഗമ്യത, അടിയന്തര പ്രതികരണ ഉള്ളടക്കം എന്നിവയുൾപ്പെടെ ചേർത്ത് പരിഷ്‌കരിച്ചു.
23 മാർഗനിർദേശക സ്ഥാപനങ്ങളാലും, അഞ്ച് മേഖലാ എകോപന കേന്ദ്രങ്ങളാലും പിന്തുണയ്ക്കപ്പെടുന്നു.
ദ്രുത വിവരങ്ങൾക്കും ഇടപെടലിനുമായി നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'അസ്മി' എന്ന ചാറ്റ്‌ബോട്ട് കൂട്ടിച്ചേർത്തു.
ചില സംസ്ഥാനങ്ങളിൽ (കർണാടക, തമിഴ്‌നാട്, ജമ്മു-കാശ്മീർ) പരീക്ഷണാടിസ്ഥാനത്തിൽ വീഡിയോ കൺസൾട്ടേഷൻ (വി.സി) സൗകര്യം ഏർപ്പെടുത്തുകയും 2025 ജൂൺ മുതൽ രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയും ചെയ്തു.
2026 ഫെബ്രുവരി 5 വരെ, ഈ സവിശേഷസൗകര്യം വഴി ആകെ 2,065 വീഡിയോ കോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
മാനസികാരോഗ്യ പരിചരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ
ഇന്ത്യയിൽ സർക്കാർ നിയന്ത്രണത്തിലുള്ള 47 മാനസികാരോഗ്യ ആശുപത്രികളുണ്ട്, അതിൽ നിംഹാൻസ് ബെംഗളൂരു, എൽ.ജി.ബി.ആർ.ഐ.എം.എച്ച് തേസ്പൂർ [13], സി.ഐ.പി റാഞ്ചി[14] എന്നീ 3 കേന്ദ്ര സ്ഥാപനങ്ങളും, സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലുള്ള 44 ആശുപത്രികളും[15] ഉൾപ്പെടുന്നു. വിപുലമായതും വിദഗ്ധവുമായ പരിചരണം നൽകുന്നതിന് എല്ലാ എയിംസ് സംവിധാനങ്ങളിലും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാണ്.
മനുഷ്യവിഭവശേഷി വികസന പദ്ധതി എ-
മികവിന്റെ കേന്ദ്രങ്ങൾ (സി.ഒ.ഇ)
മനോരോഗ ചികിത്സ, ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്യാട്രിക് നഴ്സിങ് എന്നിവയിൽ പരിശീലനം ശക്തിപ്പെടുത്തുന്നതിനായി ആകെ 25 മികവിന്റെ കേന്ദ്രങ്ങൾ (സെന്റർ ഓഫ് എക്സലൻസ്) അനുവദിച്ചിട്ടുണ്ട് [16]. ഇതിൽ 11-ാം പഞ്ചവത്സര പദ്ധതിയിൽ (2007-2012) 11 കേന്ദ്രങ്ങളും, 12-ാം പദ്ധതിയിൽ (2012-2017) 10 ഉം, 12-ാം പദ്ധതി (2017-2018)യ്ക്ക് ശേഷം നാലും ഉൾപ്പെടുന്നു. സിവിൽ പ്രവൃത്തികൾ, ഉപകരണ സംഭരണം, ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെയും ജേണലുകളുടെയും സംഭരണം, മൂലധന പ്രവർത്തനങ്ങൾ, ഉപകരണങ്ങൾ, ഫാക്കൽറ്റി നിലനിർത്തൽ, തൃതീയതല പരിചരണം, ബിരുദാനന്തര ബിരുദ സീറ്റുകൾ സൃഷ്ടിക്കൽ, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഗവേഷണവും നിർവഹണവും എന്നിവയിലെ പരിഷ്‌കാരങ്ങളെ പിന്തുണച്ച് ധനസഹായമേകുന്നു.
മനുഷ്യവിഭവശേഷി വികസന പദ്ധതി ബി -
ബിരുദാനന്തര ബിരുദ വകുപ്പിന്റെ മെച്ചപ്പെടുത്തൽ
19 സർക്കാർ സ്ഥാപനങ്ങളിലെ 47 ബിരുദാനന്തര ബിരുദ വകുപ്പുകളെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിലവാരമുയർത്തുന്നതിന് അനുമതിയായിട്ടുണ്ട്. പതിനൊന്നാം പദ്ധതി കാലയളവിൽ (2009-2011) 11 സ്ഥാപനങ്ങളിലെ 27 വകുപ്പുകളും, പന്ത്രണ്ടാം പദ്ധതിയിൽ (2015-2016) 5 സ്ഥാപനങ്ങളിലെ 13 വകുപ്പുകളും, പന്ത്രണ്ടാം പദ്ധതിക്ക് ശേഷം 3 സ്ഥാപനങ്ങളിലെ 7 വകുപ്പുകളും (2017-2018) ഇതിൽ ഉൾപ്പെടുന്നു[18]. മാനസികാരോഗ്യ വിദഗ്ധരുടെ പരിശീലന ശേഷി മെച്ചപ്പെടുത്തുന്നതിലാണ് ഈ നവീകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള
ഡിജിറ്റൽ പരിശീലന സംരംഭങ്ങൾ:
2018 മുതൽ നിംഹാൻസ്, എൽ.ജി.ബി.ആർ.ഐ.എം.എച്ച്, സി.ഐ.പി റാഞ്ചി എന്നിവിടങ്ങളിൽ സ്ഥാപിതമായ ഡിജിറ്റൽ അക്കാദമികൾ 1,76,454 ആരോഗ്യ പരിചരണ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. 2020-ൽ ആരംഭിച്ച ഐഗോട്ട് ദീക്ഷ പ്ലാറ്റ്ഫോം ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ, കമ്മ്യൂണിറ്റി വൊളന്റീയർമാർ എന്നിവർക്ക് അടിസ്ഥാനതലത്തിലുള്ള മാനസികാരോഗ്യ ശേഷി വർദ്ധിപ്പിക്കുന്നതിനും പരിശീലനമേകി.
ഉപസംഹാരം
2026-27 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ മാനസികാരോഗ്യ മേഖലയിൽ അർത്ഥവത്തായ ഒരു പുരോഗതിയെ പ്രതിനിധീകരിക്കുന്നു. എല്ലാവരെയും ഉൾച്ചേർക്കുന്നതും, എല്ലാവർക്കും അഭിഗമ്യവും, നീതിയുക്തവുമായ ഒരു പരിചരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ദീർഘകാല ശ്രമങ്ങളെ ഇത് ശാക്തീകരിക്കുന്നു. ഉത്തരേന്ത്യയിൽ നിംഹാൻസ്-2 സ്ഥാപിക്കുന്നതും, റാഞ്ചിയിലെയും തേസ്പൂരിലെയും മുഖ്യ സ്ഥാപനങ്ങൾ നവീകരിക്കുന്നതും പ്രഖ്യാപിച്ചുകൊണ്ട്, നിർണായക പ്രാദേശിക വിടവുകൾ പരിഹരിക്കാനും, പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽശക്തി പരിശീലനം , ട്രോമ കെയർ സഹായം എന്നിവ ശക്തിപ്പെടുത്താനും ബജറ്റ് നേരിട്ട് ലക്ഷ്യമിടുന്നു.
പതിറ്റാണ്ടുകളായി സ്ഥാപിക്കപ്പെട്ട ശക്തമായ അടിത്തറയിലാണ് ഈ ലക്ഷ്യകേന്ദ്രീകൃത നടപടികൾ കെട്ടിപ്പടുക്കുന്നത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കുറയ്ക്കുന്നതിനും, ചികിത്സാസൗകര്യങ്ങളിലെ വിടവുകൾ നികത്തുന്നതിനും, ദേശീയ ഉൽപ്പാദനക്ഷമതയ്ക്കും യുവജന ശാക്തീകരണത്തിനും സമഗ്രവളർച്ചയ്ക്കും അത്യാവശ്യമായ മാനസിക ക്ഷേമത്തിന് മുൻഗണന നൽകുന്നതിനുമുള്ള ഒരു സുസ്ഥിര പ്രതിബദ്ധതയെ ഈ സംരംഭങ്ങൾ മൊത്തത്തിൽ സൂചിപ്പിക്കുന്നു. ഈ മുന്നേറ്റത്തെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രകടമായ മെച്ചപ്പെടുത്തലുകളാക്കി മാറ്റുന്നതിന്, തുടർച്ചയായ നടപ്പാക്കലും അവലോകനവും നിർണായകമാവും.
അവലംബം:
Press Information Bureau:
https://www.pib.gov.in/PressReleasePage.aspx?PRID=2221455
https://www.pib.gov.in/PressReleasePage.aspx?PRID=2221458
https://www.pib.gov.in/PressReleasePage.aspx?PRID=2221410
https://static.pib.gov.in/WriteReadData/specificdocs/documents/2026/feb/doc202621775901.pdf
https://www.pib.gov.in/PressReleaseIframePage.aspx?PRID=2022303®=3&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=2100706®=3&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=2100706®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=153277&lang=1®=3
https://www.pib.gov.in/PressReleasePage.aspx?PRID=2188003®=3&lang=2
https://www.pib.gov.in/PressReleseDetail.aspx?PRID=2221458®=3&lang=1
Ministry of Health and Family Welfare:
https://www.mohfw.gov.in/?q=en/pressrelease-206
https://sansad.in/getFile/loksabhaquestions/annex/186/AU1019_QSxLwa.pdf?source=pqals#:~:text=(a):%20Under%20Ayushman%20Bharat,through%20the%20National%20Health%20Mission.
https://indianmhs.nimhans.ac.in/phase1/Docs/Summary.pdf
https://dghs.mohfw.gov.in/national-mental-health-programme.php
https://mohfw.gov.in/sites/default/files/9147562941489753121.pdf
Ministry of Finance:
https://www.indiabudget.gov.in/doc/bh1.pdf
Advancing India’s Mental Healthcare and Well-Being
****
( റിലീസ് ഐ.ഡി: 2226997)
സന്ദര്‍ശക കൗണ്ടര്‍ : 4