വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഗുവാഹത്തി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിലുള്ള മാധ്യമ പ്രതിനിധി സംഘം കൊച്ചിയിൽ പര്യടനം ആരംഭിച്ചു

കൊച്ചി പോർട്ട് ട്രസ്റ്റും ഐസിഎആർ-സിഎംഎഫ്ആർഐയും സംഘം സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 10 FEB 2026 9:00PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലുള്ള ഗുവാഹത്തി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി അസമിൽ നിന്നുള്ള മാധ്യമ സംഘത്തിൻ്റെ കേരള പര്യടനം ഇന്ന് (10.02.2026) ആരംഭിച്ചു. രണ്ട് പിഐബി ഓഫീസർമാരുൾപ്പടെ 13 പേരടങ്ങുന്നതാണ് സംഘം. എറണാകുളം, കോട്ടയം എന്നിങ്ങനെ രണ്ട് ജില്ലകളിലാണ് സന്ദർശനം.

 

കേരളത്തിലെ പ്രധാന ദേശീയ സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായി പര്യടനത്തിന്റെ ആദ്യ ദിനമായ ഇന്ന് സംഘം, കൊച്ചിൻ പോർട്ട് അതോറിറ്റി, കൊച്ചിൻ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ,സിഎംഎഫ്ആർഐ എന്നിവ സന്ദർശിച്ചു. 

 

കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ സീനിയർ ഡെപ്യൂട്ടി ട്രാഫിക് മാനേജർ ശ്രീ ഡി അനിൽ കുമാർ, സീനിയർ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ ആർ സതീഷ്, ഡെപ്യൂട്ടി വാർഫ് സൂപ്രണ്ട് ശ്രീ മിധുൻ കെ എ, അസിസ്റ്റന്റ് സെക്രട്ടറി (പിആർ) ശ്രീ എ ഡിപുമോൻ എന്നിവരുമായി സംഘം സംവദിച്ചു. 

തുറമുഖത്തിന്റെ പ്രവർത്തനം, പ്രവർത്തന സംവിധാനങ്ങൾ, തന്ത്രപരമായ പ്രാധാന്യം എന്നിവയെക്കുറിച്ച് പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ട്രാഫിക് മാനേജർ ഡി അനിൽ കുമാർ കൂടുതൽ വിശദമാക്കി .അന്താരാഷ്ട്ര സമുദ്ര വ്യാപാരം സുഗമമാക്കുന്നതിലും ഇന്ത്യയുടെ ലോജിസ്റ്റിക്സ്, ഷിപ്പിംഗ് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും കൊച്ചി തുറമുഖത്തിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

 

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ സന്ദർശിച്ച സംഘത്തിന് ടെർമിനലിന്റെ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരവും ഒരുക്കി. ജനറൽ മാനേജർ ഓപ്പറേഷൻസ് ശ്രീ കുരുവിള സേവ്യർ, അസിസ്റ്റന്റ് മാനേജർ (കൊമേഴ്‌സ്യൽ) ശ്രീ ലിനോ വർഗീസ് എന്നിവർ ടെർമിനലിന്റെ സംഭരണ, ചരക്ക് നീക്ക പ്രവർത്തനങ്ങളെ സംബന്ധിച്ച് മാധ്യമ സംഘത്തോട് വിശദീകരിച്ചു . 

 

തുടർന്ന് ഉച്ചയ്ക്കുശേഷം സംഘം കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) സന്ദർശിച്ചു . സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, ഡോ വിപിൻ കുമാർ വി പി , പ്രിൻസിപ്പൽ സയന്റിസ്റ്റ്, വിവിധ ഗവേഷണ വിഭാഗങ്ങളുടെ മേധാവികൾ എന്നിവരുമായും സംഘം സംവദിക്കുകയും ചെയ്തു.  

ഇന്ത്യയിലെ സമുദ്ര മത്സ്യബന്ധന മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൗത്യം, ഗവേഷണ പ്രവർത്തനങ്ങൾ, സംഭാവനകൾ എന്നിവയെക്കുറിച്ച് ഐസിഎആർ-സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് സമഗ്രമായ ഒരു വിശദീകരണം നടത്തി.

 

ഇന്ത്യയുടെ തീരപ്രദേശത്തുടനീളമുള്ള സമുദ്ര മത്സ്യലഭ്യത കണക്കാക്കുന്നതിനുള്ള ഒരു സ്ട്രാറ്റിഫൈഡ് മൾട്ടിസ്റ്റേജ് റാൻഡം സാമ്പിൾ രീതി വികസിപ്പിച്ച് പരിഷ്കരിച്ചത് ഐസിഎആർ-സിഎംഎഫ്ആർഐയുടെ പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് ഡോ. ജോർജ് പറഞ്ഞു.

 

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പ്രവർത്തനങ്ങൾ രാജ്യത്തെ സമുദ്ര മത്സ്യ ഉൽപാദനത്തിൽ ഏകദേശം അഞ്ചിരട്ടി വർദ്ധനയ്ക്കും ജിഡിപി വളർച്ചയിൽ സമുദ്ര മത്സ്യബന്ധന മേഖലയുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനും ഗണ്യമായി സംഭാവന നൽകിയിട്ടുണ്ടെന്നും ഇത് മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, നയരൂപകർത്താക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

 

ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള വിവിധ പദ്ധതികളെക്കുറിച്ച് സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിപിൻ കുമാർ പിവി മാധ്യമ സംഘത്തെ അറിയിച്ചു. മണ്ഡപം, വിശാഖപട്ടണം, മംഗലാപുരം, വിഴിഞ്ഞം എന്നിവിടങ്ങളിൽ ഐസിഎആർ-സിഎംഎഫ്ആർഐക്ക് നാല് പ്രാദേശിക കേന്ദ്രങ്ങളുണ്ടെന്നും കൂടാതെ ഏഴ് പ്രാദേശിക സ്റ്റേഷനുകൾ, പതിനഞ്ച് ഫീൽഡ് സെന്ററുകൾ, രണ്ട് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ) എന്നിവയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

  കേന്ദ്രത്തിലെ മറൈൻ മെഗാഫോണ മ്യൂസിയം, നാഷണൽ മറൈൻ ബയോഡൈവേഴ്സിറ്റി മ്യൂസിയം, മറൈൻ അക്വേറിയംഎന്നിവയും സംഘം സന്ദർശിച്ചു.ഇവിടെ രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യവും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ പാരമ്പര്യവും സംഘം വീക്ഷിച്ചു.

 

പി.ഐ.ബി ഗുവാഹത്തിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ശ്രീമതി ബർണാലി മഹന്ത, പി.ഐ.ബി കൊച്ചിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ശ്രീമതി ഷാമില കെ.വൈ. എന്നിവർ സംഘത്തെ അനുഗമിച്ചു.

 

നാളെ, 2026 ഫെബ്രുവരി 11ന് സംഘം കൊച്ചിൻ കപ്പൽ നിർമാണ ശാലയും കൊച്ചി വാട്ടർ മെട്രോയും സന്ദർശിക്കും. 2026 ഫെബ്രുവരി 12 ന് കോട്ടയത്തുള്ള റബർ ബോർഡ് ആസ്ഥാനവും കുമരകവും സന്ദർശിക്കുന്ന സംഘം, ഫെബ്രുവരി 13ന് പര്യടനം പൂ‍ർത്തിയാക്കി മടങ്ങും.

 

ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിവിധ വികസന പദ്ധതികൾ മാധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിവിധ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ലക്ഷ്യം.

 

SKY

***


( റിലീസ് ഐ.ഡി: 2226129) സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക: English , Assamese