റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
കാസർഗോഡ് ജില്ലയിലെ ആരിക്കാടിയിൽ ദേശീയപാത-66-ലെ താല്‍ക്കാലിക ടോൾ പ്ലാസ നിര്‍ത്തലാക്കുന്നു
പോസ്റ്റഡ് ഓണ്‍:
04 FEB 2026 5:27PM by PIB Thiruvananthpuram
യാത്രക്കാരുടെ സൗകര്യവും ജനക്ഷേമവും ഉറപ്പാക്കുന്ന സുപ്രധാന നടപടിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിൽ ദേശീയപാത-66-ലെ ആരിക്കാടിയ്ക്ക് സമീപത്തെ താല്‍ക്കാലിക ടോൾ പ്ലാസ ഉടന്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചു. ദേശീയപാത-66 ന്റെ വികസനവുമായും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ട പ്രവർത്തന ക്രമീകരണങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക ടോൾ പ്ലാസ സ്ഥാപിച്ചിരുന്നത്.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ ഹർഷ് മൽഹോത്ര ഇന്ന് ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിലാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തുടനീളം ദ്രുതഗതിയില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തുമ്പോഴും പൊതുജനക്ഷേമത്തിന് മുൻഗണന നൽകുന്ന സർക്കാരിന്റെ യുക്തി അദ്ദേഹം വിശദീകരിച്ചു. പൗരന്മാരുടെ ആശങ്കകളോട് സർക്കാർ എന്നും സംവേദനാത്മക സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും പൊതുജനങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഏതൊരു പ്രശ്നവും പരിഹരിക്കാൻ സര്‍ക്കാര്‍ പൂർണ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എല്ലായ്പ്പോഴും സുഗമമായ ജീവിതസാഹചര്യങ്ങളുമായി ചേർന്നുപോകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരിക്കാടിയിലെ താല്‍ക്കാലിക ടോൾ പ്ലാസ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിൽ നിന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് നിവേദനങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ നിർദേശപ്രകാരം പ്രശ്നത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് മന്ത്രാലയം സമഗ്ര അവലോകനം നടത്തി.
അവലോകനത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ജനവിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളില്‍ ഉടനടി തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് മന്ത്രാലയം വിലയിരുത്തി. ഇപ്രകാരം ആരിക്കാടിക്ക് സമീപത്തെ താല്‍ക്കാലിക ടോൾ പ്ലാസയിലെ പ്രവർത്തനങ്ങളും ഫീസ് പിരിവും ഉടനടി നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഭരണനിർവഹണം സഹാനുഭൂതിയിലും ഉത്തരവാദിത്തത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് തീരുമാനം പ്രഖ്യാപിച്ച ശ്രീ ഹർഷ് മൽഹോത്ര പറഞ്ഞു. പ്രാദേശിക നിവാസികൾ അനുഭവിക്കുന്ന യഥാർത്ഥ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തിലും ശ്രീ നിതിൻ ഗഡ്കരിയുടെ മാർഗനിർദേശത്തിലും കഴിഞ്ഞ ദശകം അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്ത്യ അഭൂതപൂർവമായ പുരോഗതിയ്ക്ക് സാക്ഷ്യം വഹിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാമ്പത്തിക സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് നിരവധി പരിവർത്തനാത്മക പദ്ധതികൾ സർക്കാർ നിരന്തരം ഏറ്റെടുത്തിട്ടുണ്ട്.
വളർച്ചയ്‌ക്കൊപ്പം അനുകമ്പയും നയപരമായ ഓരോ തീരുമാനത്തിലും ജനാഭിലാഷങ്ങളും ക്ഷേമവും പ്രതിഫലിക്കുന്നതുമായ ഭാവി ഭാരതം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ദൗത്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് ശ്രീ ഹർഷ് മൽഹോത്ര പ്രസ്താവിച്ചു. ആരിക്കാടിയിലെ താല്‍ക്കാലിക ടോൾ പ്ലാസ നീക്കം ചെയ്തത് ഭരണനിർവഹണത്തിലെ സജീവ ഇടപെടലിന്റെ മറ്റൊരു ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരെ കേൾക്കാനും വെല്ലുവിളികൾ പരിഹരിക്കാനും വികസനം ആത്യന്തികമായി പ്രയോജനപ്പെടേണ്ടവരിലേക്കുതന്നെ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ സമീപനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
****
( റിലീസ് ഐ.ഡി: 2223351)
സന്ദര്‍ശക കൗണ്ടര്‍ : 25