ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ചുവപ്പു കോട്ട മൈതാനത്ത് നടന്ന ഭാരത് പർവ് 2026 സമാപന ചടങ്ങിൽ പങ്കെടുത്തു

प्रविष्टि तिथि: 31 JAN 2026 6:48PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ന്യൂഡൽഹിയിൽ ചുവപ്പു കോട്ട മൈതാനത്ത് നടന്ന ഭാരത് പർവ് 2026 സമാപന ചടങ്ങിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച ആറ് ദിവസത്തെ മേള, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം, കലാ പാരമ്പര്യങ്ങൾ, ടൂറിസം സാധ്യതകൾ എന്നിവ പ്രദർശിപ്പിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, ഭാരത് പർവ് ഒരു മേളയെക്കാളുപരി ഇന്ത്യയുടെ കാലാതീതമായ ചൈതന്യത്തെ ജീവസുറ്റതാക്കുന്ന ഊർജ്ജസ്വലമായ അനുഭവമാണെന്ന് വിശേഷിപ്പിച്ചു. 77-ാമത് റിപ്പബ്ലിക് ദിനത്തിൻ്റെ ആവേശത്തെ ഭാരത് പർവ് മുന്നോട്ട് കൊണ്ടുപോകുകയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്കാളിത്തത്തിലൂടെ രാജ്യത്തിൻ്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
 
ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം, അച്ചടക്ക ശക്തി, ലക്ഷ്യബോധത്തോടെയുള്ള പുരോഗതി എന്നിവയുടെ ശക്തമായ പ്രതിഫലനമാണ് റിപ്പബ്ലിക് ദിന പരേഡെന്ന്, അതിനെ പരാമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. 2047-ൽ വികസിത ഭാരതം കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമായ, ആത്മവിശ്വാസമുള്ള, സർഗ്ഗാത്മകവും, പുരോഗമനപരവുമായ ഇന്ത്യയുടെ കഥ മനോഹരമായി ആഖ്യാനം ചെയ്യുന്ന, നിശ്ചല ദൃശ്യങ്ങൾ അവതരിപ്പിച്ച വിവിധ സംസ്ഥാനങ്ങളെയും മന്ത്രാലയങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
 
'വന്ദേമാതരം' 150 വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിന് പ്രത്യേക ദേശീയ പ്രാധാന്യമുണ്ടെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യത്തിൻ്റെയും ഐക്യത്തിൻ്റെയും ചൈതന്യം ജ്വലിപ്പിച്ച ഈ അനശ്വര ഗാനം, ഓരോ പൗരനും മാതൃരാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഇന്നും പ്രചോദിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട്, രാജ്യത്തുടനീളമുള്ള പാരമ്പര്യങ്ങൾ, കരകൗശല വസ്തുക്കൾ, പാചകരീതികൾ, കലാപരമായ ആവിഷ്കാരങ്ങൾ എന്നിവ ഒരൊറ്റ വേദിയിൽ കൊണ്ടുവന്ന് ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിൻ്റെ ചൈതന്യത്തെ, ഭാരത് പർവ് പ്രതിഫലിപ്പിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ നിലനിൽക്കുന്ന സാംസ്കാരിക ബന്ധങ്ങളുടെയും നാഗരിക ഐക്യത്തിൻ്റെയും ജീവിക്കുന്ന ഉദാഹരണങ്ങളാണ് കാശി -തമിഴ് സംഗമം പോലുള്ള സംരംഭങ്ങളെന്നും അദ്ദേഹം പരാമർശിച്ചു.
 
അമൃത് കാലഘട്ടത്തിൽ ഇന്ത്യയുടെ പരിവർത്തനത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ ശാക്തീകരണം, സാമ്പത്തിക ഉൾപ്പെടുത്തൽ, സാമൂഹിക സുരക്ഷ, സ്ത്രീകൾ നയിക്കുന്ന വികസനം, യുവജനങ്ങളുടെ നൂതനാശയങ്ങൾ എന്നിവ രാജ്യത്തിൻ്റെ അടിത്തറയെ പുനർനിർമ്മിക്കുന്നുവെന്ന് പറഞ്ഞു. ആഭ്യന്തര ടൂറിസത്തിൻ്റെ ശ്രദ്ധേയമായ വളർച്ച പ്രതിഫലിപ്പിച്ചുകൊണ്ട് 2025 ൽ 400 കോടിയിലധികം ആഭ്യന്തര വിനോദസഞ്ചാരികൾ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചത് പുതുക്കിയ ദേശീയ ആത്മവിശ്വാസത്തെയും രാജ്യത്തെ പര്യവേക്ഷണം ചെയ്യാനുള്ള ആവേശത്തെയും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
 
മെച്ചപ്പെട്ട റോഡ് ശൃംഖലകൾ, വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ള വിപുലീകരിച്ച റെയിൽ കണക്റ്റിവിറ്റി, പുതിയ വിമാനത്താവളങ്ങൾ, പൈതൃക, തീർത്ഥാടന കേന്ദ്രങ്ങളിലെ മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവയിലൂടെ ഗതാഗത മേഖലയിലും, ടൂറിസം അടിസ്ഥാന സൗകര്യങ്ങളിലും നടത്തുന്ന സുസ്ഥിരമായ നിക്ഷേപങ്ങൾ - പ്രത്യേകിച്ച് വടക്കുകിഴക്ക് പോലുള്ള മുമ്പ് ഗതാഗത സമ്പർക്കം കുറഞ്ഞ പ്രദേശങ്ങളിൽ സന്തുലിതമായ പ്രാദേശിക വികസനം ഉറപ്പാക്കുന്നുണ്ടെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
 
ഭാരത് പർവ്, വാർഷിക പരിപാടിയായി വിജയകരമായി സംഘടിപ്പിച്ചതിനും സംസ്കാരം, ടൂറിസം, ദേശീയ അഭിമാനം എന്നിവ സമന്വയിക്കുന്ന ഒരു വേദി സൃഷ്ടിച്ചതിനും ടൂറിസം മന്ത്രാലയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഈ മേള സമഗ്രവും സുരക്ഷിതവും അവിസ്മരണീയവുമാക്കുന്നതിനായി പരിശ്രമിച്ച, കരകൗശല വിദഗ്ധർ, കലാകാരന്മാർ, സന്നദ്ധപ്രവർത്തകർ, സംഘാടകർ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
 
ഇന്ത്യയെ പര്യവേക്ഷണം ചെയ്യാനും ആഘോഷിക്കാനും ഒരുമിച്ച് പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഭാരത് പർവ് ഇന്ത്യയിലെ ജനങ്ങൾ, പ്രദേശങ്ങൾ, സംസ്കാരങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
ടൂറിസം, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ശ്രീ സുരേഷ് ഗോപി, ടൂറിസം മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീവത്സ കൃഷ്ണ, കേന്ദ്ര ഗവൺമെൻ്റിൻ്റെ മുതിർന്ന ഉദ്യോഗസ്ഥർ, പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, സന്ദർശകർ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
 
****

(रिलीज़ आईडी: 2221333) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil