വിനോദസഞ്ചാര മന്ത്രാലയം
azadi ka amrit mahotsav

ഭാരത് പർവ് ഇന്ത്യയുടെ വൈവിധ്യപൂർണമായ ആത്മാവിനെ ആഘോഷിക്കുന്നു: ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള

प्रविष्टि तिथि: 26 JAN 2026 11:20PM by PIB Thiruvananthpuram

 
 
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ആറുദിവസത്തെ ദേശീയ സാംസ്കാരിക മഹോത്സവമായ 'ഭാരത് പർവ്–2026', ചരിത്രപ്രസിദ്ധമായ ചെങ്കോട്ട പരിസരത്ത് ഇന്ന് ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ടൂറിസം സെക്രട്ടറി ശ്രീ സുമൻ ബില്ല,  സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ, കലാകാരന്മാർ, പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്. ഭാരത് പർവ് ഇന്ത്യയുടെ വൈവിധ്യപൂർണമായ ആത്മാവിന്റെ ആഘോഷമാണെന്ന് ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിശേഷിപ്പിച്ചു. ദേശീയ ഗീതമായ "വന്ദേ മാതരത്തിന്റെ" മഹത്തായ 150 വർഷങ്ങൾ രാജ്യം ആഘോഷിക്കുന്നതിനാൽ, ഈ വർഷത്തിന് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങൾ, സംസ്ഥാനങ്ങളുടെ ഊർജ്ജസ്വലമായ സാംസ്‌കാരിക പ്രകടനങ്ങൾ, പാരമ്പര്യവും നവീനതയും സമന്വയിക്കുന്ന പ്രദർശനങ്ങൾ എന്നിവയിലൂടെ ഭാരത് പർവ് ഇന്ത്യയുടെ ചരിത്രപരമായ യാത്രയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.
 


 
ഇന്ത്യയുടെ നാടോടി പാരമ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന കലാകാരന്മാർ, വിളകളാൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന കർഷകർ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പൈതൃകങ്ങൾ നിലനിർത്തുന്ന കരകൗശല വിദഗ്ധർ, നെയ്ത്തുകാർ എന്നിവർക്കുള്ള ആദരമാണ് ഈ ഉത്സവമെന്ന് ശ്രീ ബിർള പറഞ്ഞു. ഭാരത് പർവിൽ കാണപ്പെടുന്ന വൈവിധ്യം ദൃശ്യ വൈവിധ്യത്തിനപ്പുറം, ഭാരതീയരുടെ ആഴത്തിലുള്ള സാംസ്കാരിക സത്തയെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. പാരമ്പര്യവും പുരോഗതിയും പരസ്പരം പൂരകമാകുന്ന ആധുനിക ഇന്ത്യയുടെ സ്വത്വത്തെ രൂപപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ, കല, മനുഷ്യവിഭവശേഷി, പരമ്പരാഗത അറിവ് എന്നിവ എങ്ങനെ ഒത്തുചേരുന്നുവെന്ന് ഈ പരിപാടി കാട്ടിത്തരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരെയും, കരകൗശല വിദഗ്ധരെയും, സംസ്ഥാനങ്ങളെയും, സ്ഥാപനങ്ങളെയും അഭിനന്ദിച്ചുകൊണ്ട്, അവരുടെ കൂട്ടായ സമർപ്പണം ഭാരത് പർവിനെ പ്രചോദനാത്മകവും അവിസ്മരണീയവുമായ ഒരു ആഘോഷമാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ അമൃത് കാലത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം സമഭാവന, ഐക്യം, വികസനം എന്നിവയിൽ വേരൂന്നിയ ഒരു സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉറപ്പാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം  എന്നും അദ്ദേഹം പറഞ്ഞു.
 


 
ഇന്ത്യയുടെ നാടോടി സംസ്കാരത്തിന്റെ സമ്പന്നതയും വൈവിധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മഹത്തായ വേദിയാണ് ഭാരത് പർവ് എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ നാടോടി കലകൾക്കും പാരമ്പര്യങ്ങൾക്കും സാംസ്കാരിക ആചാരങ്ങൾക്കും ഉയർന്ന പ്രാധാന്യം നൽകപ്പെടുന്നുണ്ടെന്നും അവ ദേശീയ ചൈതന്യത്തിന്റെ വേരുകളും രാജ്യത്തിന്റെ വികസനത്തിന് അടിത്തറയും സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. പാരമ്പര്യത്തെ ആധുനിക അഭിലാഷങ്ങളുമായി കൂട്ടിയിണക്കുന്നതോടൊപ്പം സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ഈ ഉത്സവം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 


ഭാരത് പർവ് 2026 ലക്ഷ്യമിടുന്നവ :

• ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുക

• ആഭ്യന്തര ടൂറിസം  പ്രോത്സാഹിപ്പിക്കുക

• കരകൗശല വിദഗ്ധർക്കും സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരു വേദി നൽകുക

• വിനോദ സഞ്ചാര മേഖലയിൽ അവബോധം സൃഷ്ടിക്കുക

• സാംസ്കാരിക പങ്കാളിത്തത്തിലൂടെ ദേശീയോദ്ഗ്രഥനം ശക്തിപ്പെടുത്തുക


ഭാരത് പർവ്–2026 ലെ പ്രധാന ആകർഷണങ്ങൾ :

• റിപ്പബ്ലിക് ദിന പരേഡിലെ  41 നിശ്ചലദൃശ്യങ്ങളുടെ പ്രദർശനം

•  സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ സംഘങ്ങൾ, നോർത്ത് സോണൽ കൾച്ചറൽ സെന്റർ, സംഗീത നാടക അക്കാദമി, പ്രശസ്ത കലാകാരന്മാർ എന്നിവരുടെ 48 സംഘങ്ങളുടെ  സാംസ്കാരിക പ്രകടനങ്ങൾ

• സായുധ സേനകളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും 22 പ്രകടനങ്ങൾ

• ഇന്ത്യയിലുടനീളമുള്ള ഭക്ഷണവിഭവങ്ങളും തത്സമയ പാചക പ്രദർശനങ്ങളും ഉൾക്കൊള്ളുന്ന 60 സ്റ്റാളുകളുള്ള ഒരു ഗംഭീര ഫുഡ് കോർട്ട്

• സംസ്ഥാനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, DC കരകൗശലവസ്തുക്കൾ, DC കൈത്തറി, TRIFED എന്നിവയുടെ 102 കരകൗശല, കൈത്തറി സ്റ്റാളുകൾ

• 34 സംസ്ഥാന ടൂറിസം പവലിയനുകളും 24 കേന്ദ്ര മന്ത്രാലയ സ്റ്റാളുകളും

• തെരുവ് നാടകങ്ങൾ, ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കായുള്ള വിനോദ മേഖലകൾ, അനുഭവവേദ്യമായ ഇടങ്ങൾ എന്നിവയുൾപ്പെടെയുള്ള സംവേദനാത്മക പ്രവർത്തന മേഖലകൾ

എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും, 25-ലധികം കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും, രാജ്യത്തുടനീളമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള പങ്കാളിത്തം ഈ പരിപാടിയിൽ ദൃശ്യമാകും.
 


 
ഉത്സവത്തിന്റെ സമയക്രമം :

• 2026 ജനുവരി 26: വൈകുന്നേരം 5:00 - രാത്രി 9:00

• 2026 ജനുവരി 27–31: ഉച്ചയ്ക്ക് 12:00 - രാത്രി 9:00

പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനം നൽകുകയും ഐക്യത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും മാതൃരാജ്യത്തോടുള്ള സ്നേഹത്തിന്റെയും പ്രതീകമായി ഇന്നും നിലകൊള്ളുന്ന  "വന്ദേ മാതരം" എന്ന വിഖ്യാത ഗീതത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ വർഷത്തെ പ്രമേയം നാനാത്വത്തിൽ ഏകത്വം എന്ന ഭരണഘടനാപരമായ ചൈതന്യത്തെയും ജനപങ്കാളിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
 
SKY
 
*****

(रिलीज़ आईडी: 2219027) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu