സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി മോദിയുടെ കീഴിൽ ബുദ്ധമത സംവാദത്തിനുള്ള ആഗോള വേദിയായി ഇന്ത്യ ഉയർന്നുവരുന്നു: ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

प्रविष्टि तिथि: 24 JAN 2026 7:49PM by PIB Thiruvananthpuram

പ്രധാനമന്ത്രിയായി ശ്രീ. നരേന്ദ്ര മോദി അധികാരമേറ്റത് മുതൽ ബുദ്ധ സന്യാസിമാർ, ഗുരുക്കന്മാർ, പണ്ഡിതന്മാർ, ചിന്തകർ എന്നിവർക്ക് ഒരു അന്താരാഷ്ട്ര വേദി ഒരുക്കുന്നതിൽ ഇന്ത്യ മുൻകൈയെടുത്തിട്ടുണ്ടെന്ന്, ബുദ്ധമത സംവാദം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തെ എടുത്തുകാണിച്ചുകൊണ്ട് കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ശെഖാവത്ത് അഭിപ്രായപ്പെട്ടു. സമാധാനത്തോടും സാഹോദര്യത്തോടുമുള്ള രാജ്യത്തിൻ്റെ സ്ഥായിയായ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 2026 ജനുവരി 24-ന് ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ നടന്ന രണ്ടാം ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മന്ത്രിയുടെ ഈ പരാമർശങ്ങൾ.

 


 

"വിജ്ഞാന ഭാരതം പദ്ധതിയ്ക്ക് കീഴിൽ, പുരാതന കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൽവത്കരണത്തിനായി ലോകത്തെ തന്നെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്തിരിക്കുന്നത്", മന്ത്രി പ്രസ്താവിച്ചു. ഈ നിർണായക ശ്രമം വിപുലമായ നാഗരികവും ആത്മീയവുമായ വിജ്ഞാനം സംരക്ഷിക്കുന്നതിനും ലോകവുമായി പങ്കിടുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 



 

ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്‌കാരിക കേന്ദ്രത്തിൽ നിലവിൽ പ്രദർശിപ്പിക്കുന്ന 'വെളിച്ചവും താമരയും: ബുദ്ധൻ്റെ തിരുശേഷിപ്പുകൾ' (ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്‌സ് ഓഫ് ദി അവേക്കൺഡ് വൺ) എന്ന മഹത്തായ അന്താരാഷ്ട്ര പ്രദർശനം സന്ദർശിച്ച് ബുദ്ധ ഭഗവാന് ആദരമർപ്പിക്കാൻ ശ്രീ. ശെഖാവത്ത് പ്രതിനിധികളെയും പൗരന്മാരെയും പ്രോത്സാഹിപ്പിച്ചു. 127 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച പിപ്രഹ്വ തിരുശേഷിപ്പുകളെ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയുടെ പുരാതന നാഗരികതയുടെയും കാലാതീതമായ ആത്മീയ പൈതൃകത്തിൻ്റെയും ജീവിക്കുന്ന പ്രതീകങ്ങളാണ് അവയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

 



 

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനാണ് (ഐ.ബി.സി) ദ്വിദിന രണ്ടാം ആഗോള ബുദ്ധമത ഉച്ചകോടി 2026 ജനുവരി 24-25 തീയതികളിലായി ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ സംഘടിപ്പിച്ചത്. ഉച്ചകോടിയിൽ കേന്ദ്ര പാർലമെൻ്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ. കിരൺ റിജിജു, മുതിർന്ന വിശിഷ്ട വ്യക്തികൾ, സന്യാസിമാർ, പണ്ഡിതർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 


 

'കൂട്ടായ ജ്ഞാനം, ഐക്യമാർന്ന ശബ്ദം, പരസ്പര സഹവർത്തിത്വം' എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ, പ്രധാന ബുദ്ധമത സംഘടനകളുടെ നേതാക്കൾ, പ്രമുഖ സന്യാസിമാർ, പണ്ഡിതന്മാർ, ധർമ്മത്തിൻ്റെ അനുയായികൾ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 200 ഓളം അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുത്തു. ബുദ്ധമത വീക്ഷണത്തിൽ നിന്നുള്ള സമകാലികവും ഭാവിയിലുമുള്ള ആഗോള വെല്ലുവിളികളെക്കുറിച്ച് സംവാദം നടത്തുന്നതിനുള്ള ഒരു പൊതുവേദിയാണ് ഉച്ചകോടി പ്രദാനം ചെയ്തത്.

 



 

ബുദ്ധധർമ്മം എന്നത് ബുദ്ധമതക്കാർക്ക് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര പാർലമെൻ്ററി കാര്യ, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു, അതിൻ്റെ സമഗ്രവും സാർവത്രികവുമായ ആകർഷണീയതയ്ക്ക് അടിവരയിട്ടു കൊണ്ട് അഭിപ്രായപ്പെട്ടു. ആഗോള അന്വേഷകർ കൂടുതലായി ധർമ്മത്തിലേക്ക് തിരിയുമ്പോൾ, കരുണ, അഹിംസ, സൗഹാർദ്ദം, സഹവർത്തിത്വം എന്നീ തത്വങ്ങൾ സംരക്ഷിക്കാനും പങ്കിടാനും അവ പകർത്തി ജീവിക്കാനും ഇന്ത്യക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ബുദ്ധൻ്റെ നാടെന്ന നിലയിലും, കൂട്ടായ ജ്ഞാനത്തിൻ്റെയും, സമാധാനപരമായ സഹവർത്തിത്വത്തിൻ്റെയും, പരസ്പര ധാരണയുടെയും ആഗോള വഴികാട്ടിയെന്ന നിലയിലുമുള്ള ഇന്ത്യയുടെ പങ്ക് രണ്ടാം ആഗോള ബുദ്ധമത ഉച്ചകോടി ഊട്ടിയുറപ്പിച്ചു.

***

 


(रिलीज़ आईडी: 2218368) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी