ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആരോഗ്യ പരിപാലനം രാഷ്ട്രനിര്‍മ്മാണ ദൗത്യമെന്ന് കോയമ്പത്തൂരില്‍ നടന്ന നാഴികക്കല്ലായ ആരോഗ്യ പരിപാടികളില്‍ ഉപരാഷ്ട്രപതി.

प्रविष्टि तिथि: 15 JAN 2026 7:39PM by PIB Thiruvananthpuram
ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട്  കോയമ്പത്തൂരില്‍ ഇന്ന് നടന്ന രണ്ട് സുപ്രധാന പരിപാടികളില്‍ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ പങ്കെടുത്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തെക്കുറിച്ച് അദ്ദേഹം ഈ പരിപാടികളില്‍ എടുത്തുപറഞ്ഞു.

കോവൈ മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലില്‍ (KMCH) നടന്ന ചടങ്ങില്‍ കെ.എം.സി.എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോസയന്‍സസ് ആന്‍ഡ് ഒപിഡി ബ്ലോക്കും, കെ.എം.സി.എച്ച് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ടും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, കോയമ്പത്തൂരിലെ കൊഡീഷ്യ ഹാളില്‍ നടന്ന ശ്രീരാമകൃഷ്ണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും രാമകൃഷ്ണ ഡെന്റല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിന്റെ  25-ാം വാര്‍ഷികാഘോഷങ്ങളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തു.

ഗുണമേന്മയുള്ള ആരോഗ്യപരിപാലനം, മെഡിക്കല്‍ വിദ്യാഭ്യാസം, കാരുണ്യം എന്നിവ ഒത്തുചേരുന്നത് രാജ്യത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ സ്ഥാപനങ്ങളെന്ന് രണ്ട് ചടങ്ങുകളേയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ഉപരാഷ്ട്രപതി പറഞ്ഞു. ആരോഗ്യപരിപാലനം എന്നത് കേവലമൊരു സേവന മേഖല മാത്രമല്ല, മറിച്ച് അതൊരു രാഷ്ട്രനിര്‍മ്മാണ ദൗത്യം കൂടിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 
സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് പൂരകമായി പ്രവര്‍ത്തിക്കുന്നതിലും ആരോഗ്യ സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും വിശ്വാസ്യതയും ഗുണനിലവാരമുള്ളതുമായ സ്വകാര്യ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ച് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ആരോഗ്യപൂര്‍ണ്ണമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനും വികസിത ഭാരതം @2047 എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും വലിയ പങ്ക് വഹിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആരോഗ്യ മേഖല ചരിത്രപരമായ പരിഷ്‌കാരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രീ സി. പി. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കവേ, ഏകദേശം 50 കോടി പൗരന്മാര്‍ക്ക് സൗജന്യ ചികിത്സാ പരിരക്ഷ നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആരോഗ്യ പരിരക്ഷാ പരിപാടിയായി ഇത് മാറിയെന്നും ദരിദ്ര കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കാന്‍ ഇതിലൂടെ സാധിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മാനസികാരോഗ്യം, വയോജന പരിചരണം, പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള പ്രതിരോധ, പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യത്തുടനീളം ആരോഗ്യക്ഷേമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

മെഡിക്കല്‍ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കുന്നത് ദേശീയ മുന്‍ഗണനയായി തുടരുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ദശകത്തിനിടെ എംബിബിഎസ് സീറ്റുകള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും 2029ഓടെ 75,000 സീറ്റുകള്‍ കൂടി അധികമായി ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി മുന്നൂറിലധികം പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിതമായിട്ടുണ്ടെന്നും, ഇതിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസം വന്‍നഗരങ്ങള്‍ക്ക് പുറത്തേക്കും വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

കെ.എം.സി.എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂറോസയന്‍സസിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കവെ, വര്‍ദ്ധിച്ചുവരുന്ന നാഡീസംബന്ധമായ രോഗങ്ങള്‍ ആഗോളതലത്തില്‍ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതായി ശ്രീ. രാധാകൃഷ്ണന്‍ പറഞ്ഞു. അത്യാധുനിക ന്യൂറോനാവിഗേഷന്‍, റോബോട്ടിക് സര്‍ജറി സൗകര്യങ്ങളോടുകൂടിയ ഈ പുതിയ ഇന്‍സ്റ്റിറ്റിയൂട്ട്, ലോകോത്തര ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന കാലോചിതവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു സംരംഭമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ശ്രീരാമകൃഷ്ണ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, 2016ല്‍ വെറും എട്ട് മണിക്കൂറിനുള്ളില്‍ 13,206 ലധികം അവയവദാന പ്രതിജ്ഞകള്‍ ശേഖരിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നേടിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെ പ്രശംസിക്കുകയും ചെയ്തു.

ഭാരതീയ ചിന്താധാരയില്‍ നല്ല ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തായി കണക്കാക്കപ്പെടുന്നതെന്ന് ഇന്ത്യയുടെ സാംസ്‌കാരിക ജ്ഞാനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ശ്രീ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. 'ആരോഗ്യപൂര്‍ണ്ണമായ ഇന്ത്യയാണ് വികസിത ഭാരതത്തിന്റെ അടിത്തറ' എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആരോഗ്യമേഖലയിലെ ചെലവുകളെ വെറുമൊരു ചെലവായി കാണാതെ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് പരിപാടികളിലും ഉപരാഷ്ട്രപതി ജനങ്ങളുമായി സംവദിക്കുകയും എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകള്‍ നേരുകയും ചെയ്തു.
 
****
 

(रिलीज़ आईडी: 2215111) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil