രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

വിദൂരദേശങ്ങളിലും ദ്വീപുകളിലും വസിക്കുന്നവരടക്കം മുഴുവൻ പേർക്കും ഗുണമേന്മയുള്ള ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: രാജ്യരക്ഷാ മന്ത്രി

प्रविष्टि तिथि: 13 JAN 2026 3:32PM by PIB Thiruvananthpuram
രാജ്യത്തെ ഓരോ പൗരനും —   വിദൂരദേശങ്ങളിലും ദ്വീപുകളിലും വസിക്കുന്നവരടക്കം മുഴുവൻ പേർക്കും — ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. 2026 ജനുവരി 13 ന് ലക്ഷദ്വീപിലെ കവരത്തിയിലുള്ള ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇന്ത്യൻ നാവികസേന സംഘടിപ്പിച്ച ഒരാഴ്ചത്തെ സംയുക്ത സേവന മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിനെ വെർച്വലായി അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിൻ്റെ  പ്രസ്താവന. സമുദ്ര സുരക്ഷയ്‌ക്കപ്പുറം രാഷ്ട്രനിർമ്മാണത്തിലും മാനുഷിക സഹായത്തിലും ഇന്ത്യൻ നാവികസേന വഹിക്കുന്ന സ്തുത്യർഹമായ പങ്കിൻ്റെ  തിളക്കമാർന്ന ഉദാഹരണമായാണ് അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിച്ചത്. ആസൂത്രിത ശസ്ത്രക്രിയകൾ, തിമിര ശസ്ത്രക്രിയകൾ ഉൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങളും സ്പെഷ്യലിസ്റ്റ്  സേവനങ്ങളും രോഗനിർണയ സേവനങ്ങളും ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കാനായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
 

സമഗ്രമായ ആരോഗ്യ പരിശോധന, നേരത്തെയുള്ള രോഗനിർണയം, സമയബന്ധിതമായ വൈദ്യോപദേശം, ആവശ്യമായ മെഡിക്കൽ ഇടപെടലുകൾ, മരുന്നുകളുടെ സൗജന്യ വിതരണം എന്നിവയിലൂടെ ദ്വീപ് സമൂഹത്തിന് ദീർഘകാല ആരോഗ്യ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാകുമെന്ന് രാജ്യരക്ഷാ മന്ത്രി അഭിപ്രായപ്പെട്ടു. “‘സ്വസ്ഥ ഭാരതം’ (ആരോഗ്യപൂർണ്ണഭാരതം) എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആരോഗ്യ മേഖലയിലെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, ആയുഷ്മാൻ ഭാരത്, ജൻ ഔഷധി കേന്ദ്രങ്ങൾ പോലുള്ള ജനക്ഷേമ സംരംഭങ്ങളിലൂടെ രാജ്യത്തിൻ്റെ  ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സംരംഭം മൂന്ന് പ്രധാന നിലകളിൽ സവിശേഷമാണെന്ന് ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി വ്യക്തമാക്കി. ‘സഹകരണം’, ‘വ്യാപ്തി’, ‘വൈപുല്യം’ എന്നിവയാണ് പ്രധാനപ്പെട്ട സവിശേഷതകൾ. മൂന്ന് സേനകളിലെ വിദഗ്ധരും പ്രാദേശിക ഭരണകൂടവും കൈകോർത്തുള്ള യഥാർത്ഥ സംയുക്ത സംരംഭമാണ് ക്യാമ്പ് എന്നതാണ് ‘സഹകരണം’എന്നതുകൊണ്ടുദ്ദേശിക്കുന്നത് ; ഹൃദ്രോഗം, നേത്രചികിത്സ, തിമിര ശസ്ത്രക്രിയ, നെഫ്രോളജി, ന്യൂറോളജി, ഗാസ്ട്രോഎൻ്ററോളജി, ഡെർമറ്റോളജി, എൻഡോക്രിനോളജി തുടങ്ങിയ മേഖലകളിലെ വൈവിധ്യമാർന്ന മെഡിക്കൽ വിദഗ്ധരുടെ പങ്കാളിത്തമാണ് ‘വ്യാപ്തി’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ; ക്യാമ്പിനായി വിന്യസിച്ച മെഡിക്കൽ വിദഗ്ധരുടെയും സഹായ ജീവനക്കാരുടെയും വലിയ എണ്ണമാണ് ‘വൈപുല്യം’എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരം സംയുക്ത സംരംഭങ്ങൾ സേനകൾ തമ്മിലുള്ള സഹകരണവും സിവിൽ–സൈനിക ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, പൗരന്മാരുടെ ക്ഷേമത്തിന് അർത്ഥവത്തായ സംഭാവന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

ഉദ്ഘാടന ചടങ്ങിന് ശേഷം രോഗികളുമായി സംവദിച്ച നാവികസേനാ മേധാവി തിമിര ശസ്ത്രക്രിയ നടത്തിയ ഗുണഭോക്താക്കൾക്ക് കണ്ണട, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ, മറ്റ് ആവശ്യമായ മരുന്നുകൾ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡിൻ്റെ  ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്‌സേന, ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൻ്റെ  ഡയറക്ടർ ജനറൽ സർജൻ വൈസ് അഡ്മിറൽ ആരതി സരിൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ശ്രീ സായ് ബി. ദീപക് എന്നിവർക്ക് പുറമേ സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സിവിൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധികൾ, തദ്ദേശവാസികൾ തുടങ്ങിയവരും പങ്കെടുത്തു.

രാജ്യരക്ഷാ മന്ത്രി വിഭാവനം ചെയ്തത പ്രകാരം, അമിനി, ആൻഡ്രോത്ത്, അഗത്തി, കവരത്തി, മിനിക്കോയ് എന്നീ അഞ്ച് ദ്വീപുകളിലായി ഇന്ത്യൻ നാവികസേന മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. ദ്വീപ് നിവാസികൾക്ക് സമഗ്രമായ വൈദ്യസഹായം ഉറപ്പാക്കുകയും പരമാവധി ആളുകളിലേക്ക് സേവനങ്ങൾ എത്തിക്കുകയും ചെയ്യുകയെന്നതാണ് ഈ സംരംഭത്തിൻ്റെ  ലക്ഷ്യം. ഇതിൻ്റെ  ഭാഗമായി, അർഹരായ രോഗികൾക്ക് തിമിര ശസ്ത്രക്രിയകൾ നടത്തുന്നതിനായി കവരത്തിയിൽ ഒരു സമർപ്പിത നേത്രരോഗ ചികിത്സാ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
 

ക്യാമ്പിൻ്റെ  ഭാഗമായി, രാജ്യത്തുടനീളമുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 29 മെഡിക്കൽ ഓഫീസർമാരെയും രണ്ട് നഴ്സിംഗ് ഓഫീസർമാരെയും സായുധ സേനയിലെ 42 പാരാമെഡിക്കൽ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ജില്ലാശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന സുസ്ഥാപിത സർക്കാർ ആരോഗ്യസംരക്ഷണ സംവിധാനമാണ് ലക്ഷദ്വീപിലുള്ളത്. നിലവിലുള്ള ഈ സേവനങ്ങൾക്കനുപൂരകമായ മെഡിക്കൽ ഉപകരണങ്ങൾ, സ്റ്റോറുകൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ അതത് ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളിൽ സ്പെഷ്യലിസ്റ്റ്, സൂപ്പർ-സ്പെഷ്യലിസ്റ്റ് ചികിത്സാ സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നു. കൂടാതെ, ശസ്ത്രക്രിയാ ആവശ്യങ്ങളും മറ്റ് ചികിത്സാ നടപടികളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അഗത്തി, മിനിക്കോയ് ദ്വീപുകളിൽ സമർപ്പിത ശസ്ത്രക്രിയാ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

ഏകദേശം 50 കാഴ്ച പുനഃസ്ഥാപിക്കൽ ശസ്ത്രക്രിയകൾ രണ്ട് ദിവസത്തിനുള്ളിൽ വിജയകരമായി നടത്തപ്പെട്ടത് ക്യാമ്പിൻ്റെ  പ്രധാന നേട്ടമായി മാറി. സൈനിക ആശുപത്രിയിലെ (റിസർച്ച് & റഫറൽ) വിദഗ്ധരുടെ നേതൃത്വത്തിൽ ദ്വീപ് നിവാസികൾക്ക് ലോകോത്തര നേത്രപരിചരണം ഉറപ്പാക്കാനായതായി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ ശസ്ത്രക്രിയകൾ നടത്താൻ പദ്ധതിയിടുന്നതായും അവർ വ്യക്തമാക്കി.
 

 
കാരണവരുടെ കണ്ണുകൾ വീണ്ടും തെളിഞ്ഞപ്പോൾ (കവരത്തി ദ്വീപ്)

അമിനിയിലെ 65 വയസ്സുള്ള താമസക്കാരൻ കുനി കോയക്ക് ഹൈപ്പർമേച്ച്യൂർ തിമിരം ബാധിച്ചിരുന്നു. അത് അദ്ദേഹത്തെ ഇരുട്ടിലേക്കും അന്ധതയിലേക്കും നയിച്ചു. അദ്ദേഹത്തിൻ്റെ  വിജയകരമായ ശസ്ത്രക്രിയ ക്യാമ്പിൻ്റെ  ദൗത്യവിജയത്തെ പ്രതിനിധീകരിക്കുന്നു —ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശത്തിൽ വസിക്കുന്നവർ ഒരിക്കലും ഇരുട്ടിൽ ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.


അഗത്തി വിജയഗാഥ (ഖാലിദ് സി, 68)

വർഷങ്ങളോളം ഖാലിദിൻ്റെ   ലോകം തൻ്റെ പഴയ രൂപത്തിൻ്റെ മങ്ങിയ പ്രതിരൂപം മാത്രമായിരുന്നു.
ഇന്ന്, അത്യാധുനിക ശസ്ത്രക്രിയാ നൈപുണ്യം ഇദംപ്രഥമമായി ആഗത്തി ദ്വീപിൻ്റെ  മണ്ണിൽ  വിന്യസിക്കപ്പെട്ടതോടെ, അദ്ദേഹം ഈ ചരിത്ര ദൗത്യത്തിൻ്റെ പ്രതീകമായി മാറി. “കടലിൻ്റെ മൂടൽമഞ്ഞ് എൻ്റെ ആത്മാവിലേക്ക് ആവാഹിക്കപ്പെട്ടതായി തോന്നിയിരുന്നു,” ഒരു ദശാബ്ദത്തിനിടെ ആദ്യമായി കണ്ണുകൾ  തെളിഞ്ഞു, അദ്ദേഹം പറഞ്ഞു. “ഇന്ന്, നാവികസേന എൻ്റെ  വീടിൻ്റെ നീല നിറം എനിക്ക് തിരികെ നൽകി,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ക്ലിനിക്കൽ ചികിത്സയ്ക്ക് പുറമേ, സമഗ്ര ആരോഗ്യം ഉറപ്പാക്കുന്നതിലും  ക്യാമ്പ് ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്. രോഗമുക്തി മാത്രമല്ല, എല്ലാവർക്കും സമഗ്ര ആരോഗ്യവും ക്ഷേമവും ഉറപ്പാക്കേണ്ടതാണെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തോടനുസൃതമായി, പൗരന്മാർക്ക് പ്രതിരോധ ആരോഗ്യപരിചരണം, ജീവിതശൈലി പരിവർത്തനം, മാനസിക ആരോഗ്യപരിരക്ഷ, പോഷണം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക ഉപദേശങ്ങൾ നൽകി. ഇന്ത്യയിലെ പരമ്പരാഗതവും സുസ്ഥിരവുമായ ഭക്ഷണസംവിധാനങ്ങളുടെ ഭാഗമായ ചെറുധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ചുള്ള ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളും, യോഗാ പരിശീലനവും, മറ്റ് ആരോഗ്യ സംരക്ഷണപരമായ പ്രവർത്തനങ്ങളും പൗരന്മാരുടെ ദീർഘകാല ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചു.

രാജ്യത്തി ൻ്റെ    ഏറ്റവും വിദൂരകോണുകളിൽ താമസിക്കുന്ന പൗരന്മാർ ഉൾപ്പെടെ, ഓരോ പൗരനും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം തുല്യനിലയിൽ എത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെദർശനവുമായി ഈ സംരംഭം യോജിക്കുന്നു. ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി  ജൻ ആരോഗ്യ യോജന പോലുള്ള ദേശീയ പദ്ധതികളുടെ ആത്മാവിനെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഈ ക്യാമ്പ് ചികിത്സാ സേവനങ്ങളെ പ്രതിരോധ, പ്രോത്സാഹന ആരോഗ്യസേവനങ്ങളുമായി സമന്വയിപ്പിക്കുകയും‘ഏക ഭൂമി ഏകാരോഗ്യം’ എന്ന രാജ്യത്തിൻ്റെ  ആഗോള ആരോഗ്യ ദർശനത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

***

(रिलीज़ आईडी: 2214344) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil