ഉപരാഷ്ട്രപതിയുടെ കാര്യാലയം
'പാട്ടുപാടുക, നൃത്തം ചെയ്യുക, നയിക്കുക: ശ്രീല പ്രഭുപാദരുടെ ജീവിതത്തില്‍ നിന്നുള്ള നേതൃത്വ പാഠങ്ങള്‍' എന്ന പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു
प्रविष्टि तिथि:
07 JAN 2026 6:34PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയിലെ ഉപരാഷ്ട്രപതിയുടെ എന്‍ക്ലേവില്‍ നടന്ന ചടങ്ങില്‍, ഹിന്ദോള്‍ സെന്‍ഗുപ്ത രചിച്ച 'പാട്ടുപാടുക, നൃത്തം ചെയ്യുക, നയിക്കുക: ശ്രീല പ്രഭുപാദരുടെ ജീവിതത്തില്‍ നിന്നുള്ള നേതൃത്വ പാഠങ്ങള്‍' എന്ന പുസ്തകം ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു.
മൂല്യങ്ങളിലും സേവനത്തിലും ആന്തരിക അച്ചടക്കത്തിലും വേരൂന്നിയ നേതൃത്വത്തിന് ഊന്നല്‍ നല്‍കിയ പാരമ്പര്യമുള്ള ഒരു നാഗരിക നേതൃസ്ഥാനീയ രാഷ്ട്രമാണ് ഇന്ത്യയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. അഭയ ചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ ജീവിതം ഇത്തരമൊരു വംശപാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, ലക്ഷ്യബോധത്തിലും വിനയത്തിലും ധാര്‍മ്മിക വ്യക്തതയിലും അധിഷ്ഠിതമായ നേതൃത്വത്തിന് ഉദാഹരണമാണതെന്നും അദ്ദേഹം പറഞ്ഞു.
ദ്രുതഗതിയില്‍ പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് സ്വാമി പ്രഭുപാദരുടെ ചിന്തകളും ഉദ്‌ബോധനങ്ങളും ഇന്ന് എക്കാലത്തേക്കാളും പ്രസക്തമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. തലമുറകളോളം മാനവരാശിയെ സേവിക്കുന്ന സ്ഥാപനങ്ങള്‍ സ്വാമി പ്രഭുപാദര്‍ സ്ഥാപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പലര്‍ക്കും അദ്ദേഹത്തിന്റെ പേര് അറിയില്ലായിരിക്കാം, എന്നാല്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാലും അതിന്റെ നിലനില്‍ക്കുന്ന സ്വാധീനത്താലും സ്പര്‍ശിക്കപ്പെടുന്നുവെന്ന വസ്തുതയില്‍ അധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ യഥാര്‍ത്ഥ അളവുകോലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ദ്ധക്യത്തില്‍ സ്വാമി പ്രഭുപാദര്‍ ഭൂഖണ്ഡങ്ങളിലൂടെ അസാധാരണമായ ഒരു യാത്ര നടത്തിയെന്നും, വെറും മതതത്വചിന്തയല്ല മറിച്ച് അച്ചടക്കം, ഭക്തി, സന്തോഷം എന്നിവയില്‍ നങ്കൂരമിട്ട ഒരു ജീവിതരീതിയാണ് അദ്ദേഹം കൂടെ കൊണ്ടുനടന്നതെന്നും ഉപരാഷ്ട്രപതി അനുസ്മരിച്ചു.
1966ല്‍ 'ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്' സ്ഥാപിതമായതിനെ പരാമര്‍ശിക്കവെ, അധികാരത്തിലല്ല, മറിച്ച് ബോധ്യത്തിലും സേവനത്തിലും കാഴ്ചപ്പാടിലെ വ്യക്തതയിലും അധിഷ്ഠിതമായ നേതൃത്വത്തിന്റെ തെളിവായിരുന്നു അതിന്റെ ആഗോള വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതൃത്വം സന്തോഷകരവും പങ്കാളിത്തപരവും ആഴത്തില്‍ മാനുഷികവുമാകാമെന്ന ശക്തമായ ആശയമാണ് 'പാട്ടുപാടുക, നൃത്തം ചെയ്യുക, നയിക്കുക' എന്നിവയിലൂടെ പകരുന്നതെന്ന് പുസ്തകത്തിന്റെ കേന്ദ്ര പ്രമേയം ഊന്നിപ്പറയവെ ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. സ്വാമി പ്രഭുപാദര്‍ കല്‍പ്പനയിലൂടെയല്ല, മറിച്ച് പ്രചോദനത്തിലൂടെയാണ് ലാളിത്യത്തിലും സമര്‍പ്പണത്തിലും വേരൂന്നിയ കാലത്തെ അതിജീവിക്കുന്ന സ്ഥാപനങ്ങള്‍ സൃഷ്ടിച്ച് നയിച്ചതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
നേതൃത്വം ആരംഭിക്കുന്നത് ചിന്തയുടെ വ്യക്തതയിലും ഉയര്‍ന്ന ആന്തരിക ദര്‍ശനത്തിലുമാണെന്നും അത് പിന്നീട് കൂട്ടായ പ്രവര്‍ത്തനത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്നും, സംന്യാസിവര്യനായ കവി തിരുവള്ളുവരുടെ വചനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ഉപരാഷ്ട്രപതി അടിവരയിട്ടു. ചരിത്രം, തത്ത്വചിന്ത, സമകാലിക നേതൃത്വ ചിന്ത എന്നിവയെ ബന്ധിപ്പിക്കുന്ന ധാര്‍മ്മികവും പരിവര്‍ത്തനപരവുമായ നേതൃത്വത്തിലെ ഒരു വിഷയപഠനമായി സ്വാമി പ്രഭുപാദരുടെ ജീവിതത്തെ ഈ പുസ്തകം ഫലപ്രദമായി അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇത്തരം കൃതികള്‍ പ്രത്യേകിച്ചും പ്രസക്തമാണെന്നും, അവിടെ ജനാധിപത്യ സ്ഥാപനങ്ങള്‍ വിശ്വാസം, സംയമനം, സേവന മനോഭാവം എന്നിവയില്‍ അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഭൗതിക വിജയത്തിനപ്പുറമുള്ള ലക്ഷ്യം തേടാനും, മറ്റുള്ളവരെ ഉയര്‍ത്തുന്നതിനും വലിയ നന്മയ്ക്കായി സംഭാവന ചെയ്യുന്നതിനുമുള്ള ഒരു മാര്‍ഗമായി നേതൃത്വത്തെക്കുറിച്ച് ചിന്തിക്കാനും യുവ വായനക്കാരെ ഈ പുസ്തകം പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത്, അക്ഷയപാത്ര ഫൗണ്ടേഷന്റെ സ്ഥാപകനും ചെയര്‍മാനും ഇസ്‌കോണ്‍ ബെംഗളൂരു പ്രസിഡന്റുമായ മധു പണ്ഡിറ്റ് ദാസ്, അക്ഷയപാത്ര ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനും സഹസ്ഥാപകനും ഇസ്‌കോണ്‍ ബെംഗളൂരുവിന്റെ സീനിയര്‍ ഉപാധ്യക്ഷനുമായ ചഞ്ചലപതി ദാസ് എന്നിവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഡിതര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
***
(रिलीज़ आईडी: 2212292)
आगंतुक पटल : 7