രാസവള വകുപ്പ്
azadi ka amrit mahotsav

സംയോജിത വളം ക്ലെയിം പ്രക്രിയയുടെ തുടക്കം, വികസിത് ഭാരത് കൈവരിക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്: ശ്രീ ജെ.പി. നദ്ദ

വളം സബ്‌സിഡി: ചരിത്രപരമായ പരിഷ്കാരത്തിലൂടെ ഗവൺമെൻ്റ് പൂർണ്ണമായും ഡിജിറ്റൽ രീതിയിലേക്ക്

प्रविष्टि तिथि: 01 JAN 2026 7:13PM by PIB Thiruvananthpuram
 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ, വികസിത് ഭാരത് 2047 എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നത് ലക്ഷ്യമിട്ട് ഡിജിറ്റൽ ഭരണവും സാമ്പത്തിക പരിഷ്കാരങ്ങളും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി വളം മന്ത്രാലയം ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തി. ഇതുപ്രകാരം ഏകദേശം 2 ലക്ഷം കോടി രൂപയുടെ വളം സബ്‌സിഡി നൽകാൻ സർക്കാരിനെ പ്രാപ്തമാക്കുന്ന ഇ-ബിൽ സംവിധാനം ബഹുമാനപ്പെട്ട കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു -വളം മന്ത്രി ശ്രീ. ജഗത് പ്രകാശ് നദ്ദ ഇന്ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവനിൽ ഉദ്ഘാടനം ചെയ്തു.
 
 
സുതാര്യവും കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഭരണം ശക്തിപ്പെടുത്തുന്നതിൽ ഈ ഓൺലൈൻ സംവിധാനം നിർണായക പങ്ക് വഹിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി പറഞ്ഞു. വകുപ്പിൻ്റെ സാമ്പത്തിക പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിൽ ഈ തുടക്കം ഒരു പ്രധാന നാഴികക്കല്ലാണെന്ന് വളം മന്ത്രാലയം സെക്രട്ടറി ശ്രീ രജത് കുമാർ മിശ്ര പറഞ്ഞു. പുതുതായി ആരംഭിച്ച സംവിധാനം കായികവും പേപ്പർ അധിഷ്ഠിതവുമായ പ്രക്രിയകളിൽ നിന്ന് പൂർണ്ണമായും ഡിജിറ്റൽ, സിസ്റ്റം-ടു-സിസ്റ്റം സംവിധാനത്തിലേക്കുള്ള ഒരു മാതൃകാപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ഇതിലൂടെ ബില്ലുകൾ ഭൗതികമായി കൈമാറ്റം ചെയ്യേണ്ട ആവശ്യം പൂർണമായി ഒഴിവാക്കപ്പെടുന്നു.
 
വളം വകുപ്പിൻ്റെ ഐഎഫ്‌എംഎസ് (ഇൻ്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെൻ്റ് സിസ്റ്റം), ധനമന്ത്രാലയത്തിലെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിൻ്റെ (CGA) പിഎഫ്‌എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻ്റ് സിസ്റ്റം) എന്നിവ  തമ്മിലുള്ള തനത് സാങ്കേതിക പങ്കാളിത്തത്തിൻ്റെ ഒരു സുപ്രധാന ഫലമാണ് ഈ പദ്ധതി.
 
എല്ലാ സാമ്പത്തിക ഇടപാടുകൾക്കും കേന്ദ്രീകൃതവും കൈകടത്തൽ ഇല്ലാത്തതുമായ ഒരു ഡിജിറ്റൽ ഓഡിറ്റ് പാത സൃഷ്ടിക്കുന്നതിലൂടെ ഈ സംവിധാനം സുതാര്യതയും ഉത്തരവാദിത്തവും ഗണ്യമായി വർദ്ധിപ്പിക്കുകയും നിരീക്ഷണം എളുപ്പത്തിലാക്കുകയും ഓഡിറ്റ് സുതാര്യമാക്കുകയും ചെയ്യുന്നുവെന്ന് സി‌സി‌എ ശ്രീ സന്തോഷ് കുമാർ പറഞ്ഞു. ഏകീകൃത സംവിധാനത്തിന് കീഴിൽ എല്ലാ പേയ്‌മെൻ്റുകളും ട്രാക്ക് ചെയ്യുകയും കേന്ദ്രീകൃതമായി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിനാൽ, ചെലവുകളുടെ മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ കൂടുതൽ പ്രാപ്തരാക്കുന്നു. അതോടൊപ്പം സാമ്പത്തിക നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
പുതിയതായി സംയോജിപ്പിച്ച ഇ-ബിൽ സംവിധാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളോട് പൊരുത്തപ്പെടുത്തി പേയ്‌മെൻ്റുകൾ സ്ഥിരീകരിക്കുന്ന ശക്തമായ നിയന്ത്രണങ്ങൾ ഉൾച്ചേർന്നിരിക്കുന്നതിനാൽ സാമ്പത്തിക ഭരണത്തെ ഇത് ഗണ്യമായി ശക്തിപ്പെടുത്തുന്നു. ഓഡിറ്റ് ആവശ്യങ്ങൾക്കായി ഓരോ നടപടിയും രേഖപ്പെടുത്തുകയും, തട്ടിപ്പിൻ്റെയും ദുരുപയോഗത്തിൻ്റെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി സുതാര്യവും കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ  ഭരണനിർവഹണത്തിനായുള്ള സർക്കാരിൻ്റെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

****

(रिलीज़ आईडी: 2210646) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी