PIB Headquarters
azadi ka amrit mahotsav

ഇന്ത്യയുടെ പരിവർത്തനം (AI) നിർമ്മിത ബുദ്ധിയിലൂടെ

സർവ്വാശ്ലേഷിയായ നൂതനാശയ ശാക്തീകരണത്തിന് ₹10,300 കോടിയിലേറെ നിക്ഷേപവും 38,000 GPU-കളുടെ വിന്യാസവും

प्रविष्टि तिथि: 30 DEC 2025 1:43PM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

  • സമഗ്ര പരിവർത്തനത്തിനായി എഐ മിഷന് കീഴിൽ ₹10,300 കോടി നിക്ഷേപവും 38,000 GPU-കളുടെ വിന്യാസവും
  • ടെക്–എഐ ആവാസവ്യവസ്ഥയിൽ നിലവിൽ 60 ലക്ഷത്തിലധികം പേർ കർമ്മനിരതരാണ്.
  • ഇന്ത്യൻ ടെക് മേഖല ഈ വർഷം 280 ബില്യൺ ഡോളർ വരുമാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • 2035 ഓടെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 1.7 ട്രില്യൺ ഡോളറിൻ്റെ  അധിക മൂല്യം എഐ സൃഷ്ടിക്കും.


ആമുഖം

നിർമ്മിതബുദ്ധിയുടെ (Artificial Intelligence-AI)ചിറകിലേറി മുന്നേറുന്ന പുതു യുഗത്തിലേക്ക് ചുവട് വയ്ക്കുകയാണ് സമകാലിക ഇന്ത്യ. സാങ്കേതികവിദ്യ മനുഷ്യ ജീവിതത്തെ ആഴത്തിൽ പരിവർത്തനം ചെയ്യുകയും രാജ്യ പുരോഗതിക്ക് പുതിയ ദിശാബോധം പകരുകയും ചെയ്യുന്നു. ഒരിക്കൽ ഗവേഷണ ലാബുകളിലും വൻകിട കമ്പനികളിലുമായി ഒതുങ്ങിയിരുന്ന AI ഇന്ന് സമൂഹത്തിൻ്റെ  എല്ലാ തലങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വിദൂര പ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നത് മുതൽ വിളകളെക്കുറിച്ച് അവബോധപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ കർഷകരെ സഹായിക്കുന്നതുവരെ, AI ദൈനംദിന ജീവിതത്തെ ലളിതവും കാര്യക്ഷമവും സുഘടിതവുമാക്കുന്നു. വ്യക്തിഗത പഠനത്തിലൂടെ ക്ലാസ് മുറികളെ പുനർനിർവചിക്കുകയും നഗരങ്ങളെ ശുചിത്വപൂർണ്ണവും സുരക്ഷിതവുമാക്കുകയും വേഗതയേറിയതും ഡാറ്റാധിഷ്ഠിതവുമായ ഭരണനിർവ്വഹണത്തിലൂടെ പൊതുസേവനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ AI നിർണായക പങ്ക് വഹിക്കുന്നു.


ഇന്ത്യഎഐ മിഷൻ, എഐയ്ക്കായുള്ള മികവിൻ്റെ  കേന്ദ്രങ്ങൾ എന്നിവയടക്കമുള്ള സംരംഭങ്ങളാണ് ഈ പരിവർത്തനത്തിൻ്റെ  മുഖ്യ ചാലകശക്തികൾ. കമ്പ്യൂട്ടിംഗ് പവറിലേക്കുള്ള പ്രവേശനം വിപുലീകരിക്കുക, ഗവേഷണത്തെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുക, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്കും സ്ഥാപനങ്ങൾക്കും പിന്തുണ നൽകുക എന്നിവയാണ് ലക്ഷ്യങ്ങൾ. നൂതനാശയങ്ങളുടെ നേട്ടങ്ങൾ സമൂഹത്തിൻ്റെ  നാനാതലങ്ങളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, എഐയെ സുതാര്യവും സുഗമ്യവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യയാക്കി മാറ്റുന്നതിൽ കേന്ദ്രീകൃതമാണ് ഇന്ത്യയുടെ സമീപനം.


എന്താണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അഥവാ നിർമ്മിത ബുദ്ധി?

മനുഷ്യബുദ്ധി ആവശ്യമായ ജോലികൾ നിർവഹിക്കാൻ യന്ത്രങ്ങളെ സജ്ജമാക്കുന്ന സാങ്കേതികവിദ്യയെയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) അഥവാ നിർമ്മിത ബുദ്ധിയെന്ന് വിവക്ഷിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് പഠിക്കുക, പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുക, സങ്കീർണ്ണമായ പ്രശ്നങ്ങൾ സ്വതന്ത്രമായി പരിഹരിക്കുക എന്നിവയ്ക്ക് സംവിധാനങ്ങളെ ഇത് പ്രാപ്തമാക്കുന്നു. ബൃഹത്തായ ഡാറ്റാസെറ്റുകൾ, അൽഗോരിതങ്ങൾ, ലാംഗ്വേജ് മോഡലുകൾ എന്നിവ ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്യാനും പാറ്റേണുകൾ തിരിച്ചറിയാനും കാര്യമാത്രപ്രസക്തമായ പ്രതികരണങ്ങൾ സൃഷ്ടിക്കാനും AI ക്ക് കഴിയും. കാലം ചെല്ലുന്തോറും ഈ സംവിധാനങ്ങൾ പ്രകടനം മെച്ചപ്പെടുത്തുകയും മനുഷ്യരെപ്പോലെ ചിന്തിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനും ഫലപ്രദമായി ആശയവിനിമയം നടത്താനും കഴിയുന്നവയായി വികസിക്കുകയും ചെയ്യുന്നു.


നിതി ആയോഗിൻ്റെ ‘സർവ്വാശ്ലേഷിയായ സാമൂഹിക വികസനത്തിന് നിർമ്മിതബുദ്ധി’ (AI for Inclusive Societal Development -ഒക്ടോബർ 2025) എന്ന റിപ്പോർട്ടിലും ഈ സമഗ്ര കാഴ്ചപ്പാട് വ്യക്തമായി വിശദീകരിക്കുന്നു. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാമ്പത്തിക ശാക്തീകരണം എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിലൂടെ ഇന്ത്യയിലെ 49 കോടി വരുന്ന അനൗപചാരിക തൊഴിൽ ശക്തിയെ AI മുഖേന എങ്ങനെ ശാക്തീകരിക്കാമെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിലകൊള്ളുന്ന വലിയ തൊഴിലാളി സമൂഹത്തിൻ്റെ  ഉത്പാദനക്ഷമതയും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ AI അധിഷ്ഠിത ഉപകരണങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. AIയുടെ നേട്ടങ്ങൾ രാജ്യത്തെ ഓരോ പൗരനിലും  എത്തിക്കുന്നതിനൊടൊപ്പം, സാമൂഹികവും സാമ്പത്തികവുമായ അന്തരങ്ങൾ പരിമിതപ്പെടുത്താനും ശക്തിയുള്ള ഉപാധിയെന്ന നിലയിൽ ഈ സാങ്കേതികവിദ്യ മാറാമെന്നും റിപ്പോർട്ട് ഊന്നിപ്പറയുന്നു.


ഇന്ത്യയിലെ സമകാലിക AI ആവാസവ്യവസ്ഥ

ഇന്ത്യൻ ടെക് മേഖല ഈ വർഷം 280 ബില്യൺ ഡോളർ വരുമാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടെക്–എഐ ആവാസവ്യവസ്ഥയിൽ നിലവിൽ 60 ലക്ഷത്തിലധികം പേർ കർമ്മനിരതരാണ്.

രാജ്യത്തുടനീളം 1,800-ലധികം ഗ്ലോബൽ കപ്പാസിറ്റി സെൻ്ററുകൾ (GCCs) പ്രവർത്തിക്കുന്നു, ഇതിൽ 500-ലധികം കേന്ദ്രങ്ങൾ AI കേന്ദ്രീകൃതമാണ്‌


ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷം സ്റ്റാർട്ടപ്പുകൾ സജീവമാണ്; കഴിഞ്ഞ വർഷം ആരംഭിച്ച പുതിയ സ്റ്റാർട്ടപ്പുകളിൽ ഏകദേശം 89% സ്വന്തം ഉത്പന്നങ്ങളിലോ സേവനങ്ങളിലോ AI സമന്വയിപ്പിച്ചിട്ടുണ്ട്.

നാസ്കോം AI അഡോപ്ഷൻ സൂചികയിൽ ഇന്ത്യ 4 ൽ 2.45 സ്കോർ നേടി, ഇത് 87% സംരംഭങ്ങളും സജീവമായി AI പരിഹാരങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.

 AI സൃഷ്ടിക്കുന്ന മൊത്തം മൂല്യത്തിൻ്റെ  ഏകദേശം 60% വ്യാവസായികം, വാഹനനിർമ്മാണം, ഉപഭോക്തൃ വസ്തുക്കൾ, ചില്ലറ വിൽപ്പന, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, ആരോഗ്യസംരക്ഷണം എന്നിവ ചേർന്ന് സംഭാവന ചെയ്യുന്നു.


അടുത്തിടെ നടന്ന BCG സർവേ പ്രകാരം, ഏകദേശം 26% ഇന്ത്യൻ കമ്പനികൾ പരിഗണനീയമാം വിധം AI പക്വത കൈവരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യ സമഗ്രവും ശക്തവുമായ ഒരു AI ആവാസവ്യവസ്ഥ സൃഷ്ടിക്കുമ്പോൾ, രാജ്യത്തിൻ്റെ  വർധിച്ചുവരുന്ന ആഗോള അംഗീകാരം ഈ പുരോഗതിയ്ക്ക് ദൃഷ്ടാന്തമായി നിലകൊള്ളുന്നു. സ്റ്റാൻഫോർഡ് AI സൂചിക പോലുള്ള അന്താരാഷ്ട്ര റാങ്കിംഗുകൾ, AI നൈപുണ്യം, പ്രതിഭ, നയരൂപീകരണം എന്നിവയിൽ ഇന്ത്യയെ ലോകത്തിലെ നാല് മുൻനിര രാജ്യങ്ങളിൽ ഒന്നായി അംഗീകരിക്കുന്നു.കൂടാതെ, GitHub-ലെ AI പദ്ധതികൾക്ക് ഏറ്റവും വലിയ സംഭാവന നൽകുന്ന രണ്ടാമത്തെ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഡെവലപ്പർ സമൂഹത്തിൻ്റെ  ശക്തിയും പ്രകടമാണ്. ശക്തമായ STEM തൊഴിൽശക്തി, വളർന്നുവരുന്ന ഗവേഷണ ആവാസവ്യവസ്ഥ, വിപുലമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി, 2047 ഓടെ സാമ്പത്തിക ശക്തിയും സാമൂഹിക പുരോഗതിയും കൈവരിക്കുകയെന്ന വികസിത ഭാരതിൻ്റെ  ദീർഘകാല ദർശനം സാക്ഷാത്കരിക്കാൻ AI യെ പ്രയോജനപ്പെടുത്തുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ സ്വയം സജ്ജമാവുകയാണ്.


AI മത്സരക്ഷമതയിൽ ലോകത്ത് മൂന്നാമത്തെ മുൻനിര രാജ്യമായി ഇന്ത്യ വളർന്നു.

സ്റ്റാൻഫോർഡ് സർവകലാശാലയുടെ 2025 ഗ്ലോബൽ എഐ വൈബ്രൻസി ടൂൾ റിപ്പോർട്ട് പ്രകാരം, നിർമ്മിതബുദ്ധി മത്സരക്ഷമതയിൽ ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്. ഇത് ആഗോള എഐ രംഗത്തെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം വ്യക്തമാക്കുന്നു. 2017 മുതൽ 2024 വരെയുള്ള എഐ വളർച്ചയും നൂതനാശയങ്ങളും റിപ്പോർട്ട് വിലയിരുത്തുന്നു. ഈ നേട്ടം ഇന്ത്യയുടെ അതിവേഗം വികസിക്കുന്ന AI നൈപുണ്യങ്ങൾ, ശക്തമായ ഗവേഷണ സൗകര്യങ്ങൾ, ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, നിക്ഷേപ-സാമ്പത്തിക സ്വാധീനം, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച നയങ്ങളും ഭരണരീതികളും എന്നിവ വ്യക്തമാക്കുന്നു.

ഇന്ത്യ AI മിഷൻ


'ഇന്ത്യയിൽ AI നിർമ്മിക്കുകയും ഇന്ത്യയ്ക്ക് വേണ്ടി ഫലപ്രദമായി AI ഉപയോഗിക്കുകയും ചെയ്യുക' എന്ന ദർശനത്താൽ നയിക്കപ്പെടുന്ന ഇന്ത്യ AI മിഷൻ, 2024 മാർച്ചിൽ മന്ത്രിസഭയുടെ അംഗീകാരവും, അഞ്ചു വർഷത്തേക്ക് ₹10,371.92 കോടിയുടെ ബജറ്റ് വിഹിതവും നേടി. നിർമ്മിതബുദ്ധി രംഗത്ത് ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ഈ ദൗത്യം.

ആരംഭശേഷമിതുവരെ, രാജ്യത്തിൻ്റെ  കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ AI മിഷൻ വലിയ പുരോഗതി കൈവരിച്ചു. പ്രാരംഭത്തിൽ 10,000 GPU-കളാണ് ലക്ഷ്യമിട്ടിരുന്നത്, എന്നാൽ ഇപ്പോൾ 38,000 GPU-കളിലേക്ക് വളർന്നു, ഇത് ലോകോത്തര AI ശേഷികൾക്ക് സമാനമായ, പ്രവേശന -സൗഹൃദ ചെലവിൽ (കുറഞ്ഞ ചെലവിൽ) പ്രവേശനം ഉറപ്പാക്കുന്നു.


എന്താണ് ജിപിയു?
 

GPU (ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ്) ഒരു ശക്തമായ കമ്പ്യൂട്ടർ ചിപ്പാണ്, ഇത് മെഷീനുകളെ വേഗത്തിൽ ചിന്തിക്കാനും, ഇമേജുകൾ പ്രോസസ് ചെയ്യാനും, AI പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും സഹായിക്കുന്നു. സാധാരണ പ്രോസസ്സറുകളെ അപേക്ഷിച്ച്, സങ്കീർണ്ണമായ ജോലികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ശേഷിയുള്ളവയാണ് GPU കൾ.


A diagram of a company's missionAI-generated content may be incorrect.

കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള സ്വതന്ത്ര ബിസിനസ് വിഭാഗമായ ഇന്ത്യഎഐ നടപ്പിലാക്കിയ ഈ ദൗത്യം, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുക, ഡാറ്റ ആക്‌സസ് ശക്തമാക്കുക, പൊതുനന്മ ലക്ഷ്യമിട്ട് ഉത്തരവാദിത്തപൂർണ്ണമായ AI ഉപയോഗം ഉറപ്പാക്കുക എന്നിവ ഉൾപ്പെടുത്തി സമഗ്രമായ AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്നു.

ഇന്ത്യാഎഐ മിഷൻ്റെ ഏഴ് സ്തംഭങ്ങൾ ഇനിപ്പറയുന്നവയാണ്:


1. ഇന്ത്യഎഐ കമ്പ്യൂട്ട് പില്ലർ

ഈ സ്തംഭം കുറഞ്ഞ ചെലവിൽ ഉന്നത നിലവാരമുള്ള GPU-കൾ ലഭ്യമാക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, 38,000-ലധികം GPU-കൾ ഇതിൻ്റെ  ഭാഗമാണ്. ഓരോ GPU-യും മണിക്കൂറിൽ വെറും ₹65 സബ്‌സിഡി നിരക്കിൽ ലഭ്യമാണ്, ഇത് വികസനത്തിനും ഗവേഷണത്തിനും ഏറെ സഹായകമാണ്.


2. ഇന്ത്യഎഐ ആപ്ലിക്കേഷൻ ഡെവലപ്‌മെൻ്റ്  ഇനിഷ്യേറ്റീവ്

ഇന്ത്യ നേരിടുന്ന സവിശേഷ വെല്ലുവിളികൾ പരിഹരിക്കുന്ന AI ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിൽ ഈ സ്തംഭം നിർണായക പങ്ക് വഹിക്കുന്നു. ആരോഗ്യസംരക്ഷണം, കൃഷി, കാലാവസ്ഥാ വ്യതിയാനം, ഭരണനിർവ്വഹണം, വ്യക്തിഗത പഠന സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഇത് പ്രവർത്തിക്കുന്നു.2025 ജൂലൈയോടെ മുപ്പത് അപേക്ഷകൾ അംഗീകരിച്ചു. മന്ത്രാലയങ്ങളും മറ്റ് സ്ഥാപനങ്ങളും ചേർന്ന് മേഖലാധിഷ്ഠിത ഹാക്കത്തോണുകൾ സംഘടിപ്പിക്കുന്നു. ഉദാഹരണത്തിന്, സൈബർ സുരക്ഷാ പരിഹാരങ്ങൾ വികസിപ്പിക്കാൻ “സൈബർഗാർഡ് എഐ ഹാക്കത്തോൺ” സഹായിക്കുന്നു .AI പരിഹാരങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നു.

3. AIKosh (ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം)
AIKosh വലിയ ഡാറ്റാസെറ്റുകൾ വികസിപ്പിച്ച് AI മോഡലുകൾ പരിശീലിപ്പിക്കുന്നതിന് പിന്തുണ നൽകുന്നു. ഇത് സർക്കാർ, സർക്കാരിതര സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റകളെ സംയോജിപ്പിക്കുന്നു. 20 മേഖലകളിലായി 5,500-ലധികം ഡാറ്റാസെറ്റുകളും 251 AI മോഡലുകളും ഇപ്പോൾ ഈ പ്ലാറ്റ്‌ഫോമിൽ  സജ്ജമാണ്. അടിസ്ഥാന മോഡ്യൂളുകൾ നിർമ്മിക്കുന്നതിൽ സമയം ചെലവഴിക്കാതെ, AI പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവ ഡെവലപ്പർമാരെ സഹായിക്കുന്നു. 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം, 385,000-ത്തിലധികം സന്ദർശനങ്ങൾ, 11,000 രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ, 26,000 ഡൗൺലോഡുകൾ എന്നിവ  പ്ലാറ്റ്‌ഫോമിൽ ലഭിച്ചിട്ടുണ്ട്.

4. ഇന്ത്യാഎഐ ഫൗണ്ടേഷൻ മോഡലുകൾ
ഇന്ത്യൻ ഡാറ്റയും ഭാഷകളും ഉപയോഗിച്ച് ഇന്ത്യയുടെ സ്വന്തം ലാർജ് മൾട്ടിമോഡൽ മാതൃകകൾ വികസിപ്പിക്കുന്ന സ്തംഭമാണിത്. ജനറേറ്റീവ് എഐയിൽ പരമാധികാര ശേഷിയും ആഗോള മത്സരക്ഷമതയും ഇത് ഉറപ്പാക്കുന്നു. ഇന്ത്യാഎഐക്ക് 500-ലധികം നിർദ്ദേശങ്ങൾ ലഭിച്ചു. ഒന്നും രണ്ടും ഘട്ടത്തിൽ പന്ത്രണ്ട് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു: സർവം എഐ, സോക്കറ്റ് എഐ, ജ്ഞാനി എഐ, ഗാൻ എഐ, അവതാർ എഐ, ഐഐടി ബോംബെ കൺസോർഷ്യം - ഭാരത്ജെൻ, സെന്റിക്, ജെൻ ലൂപ്പ്, ഇൻ്റലിഹെൽത്ത്, ശോധ് എഐ, ഫ്രാക്റ്റൽ അനലിറ്റിക്സ്, ടെക് മഹീന്ദ്ര മേക്കേഴ്‌സ് ലാബ് എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.


5. ഇന്ത്യഎഐ ഫ്യൂച്ചർ സ്കിൽസ്
ഈ സ്തംഭം AI വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇതിൻ്റെ  ഭാഗമായി 500 പി‌എച്ച്‌ഡി ഫെലോഷിപ്പുകൾ, 5,000 ബിരുദാനന്തര ബിരുദധാരികൾ, 8,000 ബിരുദ വിദ്യാർത്ഥികൾ എന്നിവർക്ക് പിന്തുണ നൽകുന്നു. 2025 ജൂലൈയോടെ 200-ലധികം വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പുകൾ ലഭിച്ചു. പിഎച്ച്ഡി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 73 സ്ഥാപങ്ങൾ പദ്ധതിയിൽ പങ്കെടുക്കുന്നു. കൂടാതെ, ടയർ 2, ടയർ 3 നഗരങ്ങളിൽ ഡാറ്റയും AI ലാബുകളും സ്ഥാപിക്കുന്നതിനുള്ള  ശ്രമങ്ങൾ പുരോഗമിക്കുന്നു. NIELIT-ഉം വ്യാവസായിക പങ്കാളികളും ചേർന്ന് 31 ലാബുകൾ ആരംഭിച്ചു. ഈ ലാബുകൾക്കായി സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളും 174 ITI കളും പോളിടെക്നിക്കുകളും നാമനിർദ്ദേശം ചെയ്യപ്പെട്ടു.


6. ഇന്ത്യഎഐ സ്റ്റാർട്ടപ്പ് ഫിനാൻസിംഗ്
ഈ സ്തംഭം AI സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. 2025 മാർച്ചിൽ ഇന്ത്യഎഐ സ്റ്റാർട്ടപ്പ്സ് ഗ്ലോബൽ പ്രോഗ്രാം ആരംഭിച്ചു. ഈ പദ്ധതി സ്റ്റേഷൻ എഫ്, എച്ച്ഇസി പാരീസ് തുടങ്ങിയ യൂറോപ്യൻ പങ്കാളികളുമായി സഹകരിച്ച്, 10 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്യൻ വിപണിയിൽ സാന്നിധ്യം വിപുലീകരിക്കാൻ പിന്തുണ നൽകുന്നു.

7. സുരക്ഷിതവും വിശ്വസനീയവുമായ AI
ശക്തമായ ഭരണനിർവ്വഹണത്തോടൊപ്പം ഉത്തരവാദിത്തപൂർണ്ണമായ AI സ്വീകരണവും ഈ സ്തംഭം ഉറപ്പാക്കുന്നു. നിലവിൽ, താത്പര്യ പത്രങ്ങൾ മുഖേന 13 പദ്ധതികൾ തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതികൾ മെഷീൻ ലേണിംഗ്, ബയസ് മിറ്റിഗേഷൻ, സ്വകാര്യത സംരക്ഷിക്കുന്ന ML, വിശദീകരണക്ഷമത, ഓഡിറ്റിംഗ്, ഗവേണൻസ് ടെസ്റ്റിംഗ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യഎഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിനായി, പങ്കാളി സ്ഥാപനങ്ങൾക്കായി 2025 മെയ് 9-ന് അധിക താത്പര്യ പത്രങ്ങൾ പ്രസിദ്ധീകരിച്ചു.
 

 


ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ AI ശ്രദ്ധാകേന്ദ്രം


2025 ഒക്ടോബർ 8-ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 9-ാമത് ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ശ്രദ്ധാകേന്ദ്രമായിരുന്നു AI. വാർത്താവിനിമയ വകുപ്പും COAI-യും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഒക്ടോബർ 8 മുതൽ 11 വരെ “നൂതനാശയങ്ങളിലൂടെ പരിവർത്തനം” എന്ന പ്രമേയത്തിലൂന്നിയാണ് സംഘടിപ്പിച്ചത്.

നെറ്റ്‌വർക്കുകൾ, സേവനങ്ങൾ, പുതുതലമുറ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ AI-യുടെ പരിവർത്തനാത്മക പങ്ക് വ്യക്തമാക്കുന്നഅന്താരാഷ്ട്ര AI ഉച്ചകോടി ഉൾപ്പെടെ ആറ് പ്രധാന ആഗോള ഉച്ചകോടികൾ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ സംഘടിപ്പിച്ചു. AI, 5G, 6G, സ്മാർട്ട് മൊബിലിറ്റി, സൈബർസുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഗ്രീൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ 1,600-ലധികം പുതിയ ഉപയോഗങ്ങൾ പ്രദർശിപ്പിച്ചു. 100ലേറെ സെഷനുകളിലായി 800ലധികം വിദഗ്ധർ പങ്കെടുത്തു.

150 രാജ്യങ്ങളിൽ നിന്നുള്ള 1.5 ലക്ഷം-ലധികം സന്ദർശകരും, 7,000 ആഗോള പ്രതിനിധികളും, 400 കമ്പനികളും പങ്കെടുത്ത പരിപാടി AI-യുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും ഭാവി രൂപപ്പെടുത്തുന്ന  വേദിയായി മാറി. നവസംരംഭകർ, സ്റ്റാർട്ടപ്പുകൾ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെ ഭാവിസങ്കൽപ്പങ്ങൾ കൈമാറാനും സഹകരിക്കാനും പരിപാടി പ്രോത്സാഹനമേകി.

മറ്റ് പ്രധാന സർക്കാർ സംരംഭങ്ങളും നയരൂപീകരണവും
പരിവർത്തനാത്മകമായ ഒട്ടേറെ സംരംഭങ്ങളിലൂടെ ഭാരത സർക്കാർ നിർമ്മിത ബുദ്ധി മേഖലയിലെ ദർശനത്തെ പ്രവർത്തനക്ഷമമാക്കുകയാണ്. ഈ ഉദ്യമങ്ങൾ ശക്തമായ AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക, സമൂഹത്തിലെ സമസ്ത വിഭാഗങ്ങൾക്കും സാങ്കേതികവിദ്യ പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകോത്തര ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് മുതൽ തദ്ദേശീയ AI മാതൃകകൾ വികസിപ്പിക്കുന്നതുവരെയുള്ള സർക്കാരിൻ്റെ  നയങ്ങളും സമീപനങ്ങളും അടിസ്ഥാന സൗകര്യങ്ങൾ, കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവയെ സമഗ്രമായി സമന്വയിപ്പിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്.


AI-യുമായി ബന്ധപ്പെട്ട മികവിൻ്റെ കേന്ദ്രങ്ങൾ

ഗവേഷണാധിഷ്ഠിത നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ആരോഗ്യസംരക്ഷണം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവയുൾപ്പെടെ സുപ്രധാന മേഖലകളിൽ സർക്കാർ മൂന്ന് മികവിൻ്റെ  കേന്ദ്രങ്ങൾ (CoE-കൾ) സ്ഥാപിച്ചിട്ടുണ്ട്. 2025-ലെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയിലെ നാലാമത്തെ  മികവിൻ്റെ  കേന്ദ്രം പ്രഖ്യാപിച്ചു. അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായമേഖല, സർക്കാർ ഏജൻസികൾ എന്നിവ സംയുക്തമായി പ്രായോഗിക AI പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള സഹകരണ വേദികളായി ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ, വ്യവസായ പ്രസക്തമായ AI നൈപുണ്യങ്ങൾ യുവാക്കളെ പരിശീലിപ്പിക്കുകയും ഭാവിസജ്ജമായ തൊഴിൽശക്തി സൃഷ്ടിക്കുകയും ചെയ്യുന്നതിനായി നൈപുണ്യ മികവിനായുള്ള (National Centres of Excellence for Skilling) അഞ്ചു ദേശീയ കേന്ദ്രങ്ങൾ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്.


AI കോംപിറ്റൻസി ഫ്രെയിംവർക്ക്

ഈ ചട്ടക്കൂട് സർക്കാർ ഉദ്യോഗസ്ഥർക്ക് ഘടനാപരമായ പരിശീലനം നൽകുന്നു. അവർക്ക് ആവശ്യമായ AI നൈപുണ്യങ്ങളിൽ പ്രാവീണ്യമുറപ്പാക്കുകയും, നയരൂപീകരണത്തിലും ഭരണനിർവ്വഹണത്തിലും AI പ്രയോജനപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ആഗോള മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ചട്ടക്കൂട്, ഇന്ത്യയുടെ പൊതുമേഖലാ സംവിധാനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുകയും, AI-അധിഷ്ഠിത ഭാവിക്ക് സജ്ജമാക്കുകയും ചെയ്യുന്നു.

സർവം AI: സ്മാർട്ടർ ആധാർ സർവീസസ്

ബെംഗളൂരു ആസ്ഥാനമായ സർവം AI നൂതന AI ഗവേഷണത്തെ പ്രായോഗിക ഭരണ പരിഹാരങ്ങളാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)-യുമായി സഹകരിച്ച്, ആധാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ജനറേറ്റീവ് AI ഉപയോഗിക്കുന്നു. 2025 ഏപ്രിലിൽ, പൊതു സേവന വിതരണംമെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ വിശ്വസ്യത പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഓപ്പൺ സോഴ്‌സ് മോഡലായ ഇന്ത്യയുടെ സോവറിൻ  LLM ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള ചുമതല സർവം എഐക്ക് ലഭിച്ചു.


ഭാഷിണി: വോയ്‌സ് ഫോർ ഡിജിറ്റൽ ഇൻക്ലൂഷൻ
ഒരു AI-അധിഷ്ഠിത പ്ലാറ്റ്‌ഫോം ആണ് ഭാഷിണി. ഇത് ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ വിവർത്തനവും സംഭാഷണ ഉപാധികളും ലഭ്യമാക്കുകയും ഭാഷാ പരിമിതികൾ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. വായിക്കാനും എഴുതാനും പ്രയാസമുള്ള പൗരന്മാർക്കും ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ സ്വായത്തമാക്കാൻ ഇത് സഹായിക്കുന്നു. 2025 ജൂണിൽ, സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) എന്ന സ്ഥാപനവുമായി ചേർന്ന്, പൊതുജനോപകാരപ്രദമായ റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ബഹുഭാഷാ AI പരിഹാരങ്ങൾ വിന്യസിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ ഒപ്പുവച്ചു.


2022 ജൂലൈയിൽ ആരംഭിച്ച ശേഷം, ഭാഷിണി പത്ത് ലക്ഷം ഡൗൺലോഡുകൾ മറികടക്കുകയും, 20 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുകയും, 350-ലധികം AI മോഡലുകൾ സംയോജിപ്പിക്കുകയും ചെയ്തു. 450-ലധികം സജീവ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം, ഡിജിറ്റൽ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ഭാഷാപരമായ അന്തരങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.

ഭാരത്ജെൻ AI: ഇന്ത്യയുടെ ബഹുഭാഷാ AI മോഡൽ
2025 ജൂൺ 2-ന് ഭാരത്ജെൻ ഉച്ചകോടിയിൽ ഔദ്യോഗികമായി അവതരിപ്പിച്ച ഭാരത്ജെൻ AI, സർക്കാർ ധനസഹായത്തോടെ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ മൾട്ടിമോഡൽ ലാർജ് ലാംഗ്വേജ് മോഡൽ ആണ്. ഇത് 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുകയും, ടെക്സ്റ്റ്, സ്പീച്ച്, ഇമേജ് ഉൾപ്പെടെയുള്ള ഡാറ്റാ ഫോർമാറ്റുകൾ സംയോജിപ്പിക്കുകയും ചെയ്യുന്നു.

ആഭ്യന്തര ഡാറ്റാസെറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഭാരത്ജെൻ, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുകയും, സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ AI പരിഹാരങ്ങൾ വികസിപ്പിക്കാൻ പൊതു പ്ലാറ്റ്ഫോം ഉറപ്പാക്കുകയും ചെയ്യുന്നു.

ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി 2026
2026 ഫെബ്രുവരിയിൽ നടക്കുന്ന AI ഇംപാക്ട് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.ഇന്ത്യയുടെ AI വൈദഗ്ദ്ധ്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും വിവിധ മേഖലകളിലെ നൂതനാശയങ്ങളും  സഹകരണവും പ്രോത്സാഹിപ്പിക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഇതിനോടനുബന്ധിച്ച്, 2025 സെപ്റ്റംബർ 18ന് ഉച്ചകോടിയുടെ ഔദ്യോഗിക ലോഗോയും മുൻനിര സംരംഭങ്ങളും ഇന്ത്യ ഔപചാരികമായി അനാച്ഛാദനം ചെയ്തു.

ഇനിപ്പറയുന്നവയാണ് ആ മുൻനിര സംരംഭങ്ങൾ:

AI പിച്ച് ഫെസ്റ്റ് (UDAAN):


ലോകമെമ്പാടുമുള്ള AI സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ആശയങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കാൻ അവസരം നൽകുന്ന ആഗോള പ്ലാറ്റ്‌ഫോമാണ് AI പിച്ച് ഫെസ്റ്റ്. മേഖലയിലെ പ്രമുഖ വനിതകളെയും ദിവ്യാംഗരെയും ശാക്തീകരിക്കുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യുവാക്കൾക്കും വനിതകൾക്കും മറ്റ് പങ്കാളികൾക്കുമായി സജ്ജമാക്കുന്ന ആഗോള നൂതനാശയ വെല്ലുവിളികൾ:

യഥാർത്ഥ ലോകത്തിൽ വിവിധ മേഖലകളിലെ പൊതുവായ വെല്ലുവിളികൾ അഭിസംബോധന ചെയ്യാനുതകുന്ന AI- അധിഷ്ഠിത പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭം.

ഗവേഷണ സിമ്പോസിയം:
ഇന്ത്യ, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ, മറ്റ് അന്താരാഷ്ട്ര മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഗവേഷകരെ ഒരുമിച്ച് ചേർത്ത് ഏറ്റവും പുതിയ AI ഗവേഷണങ്ങൾ അവതരിപ്പിക്കുന്ന അക്കാദമിക വേദിയാണിത്. ഗവേഷണ പ്രവർത്തനങ്ങൾ പങ്കുവെക്കാനും, നൂതനരീതികളും തെളിവുകളും കൈമാറാനും, ദീർഘകാല സഹകരണങ്ങൾ വളർത്തിയെടുക്കാനും  സിമ്പോസിയം സഹായിക്കും.

AI എക്‌സ്‌പോ:
ഉത്തരവാദിത്ത നിർമ്മിതബുദ്ധിയിൽ (Responsible AI) കേന്ദ്രീകരിക്കുന്ന AI എക്‌സ്‌പോയിൽ ഇന്ത്യയിൽ നിന്നടക്കം ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിലെ 300-ലധികം പ്രദർശകർ പങ്കെടുക്കും. നൂതന സാങ്കേതികവിദ്യകളും പ്രായോഗിക AI പരിഹാരങ്ങളും പ്രദർശിപ്പിക്കും.

ഉച്ചകോടിയുടെ ലോഗോയും പ്രധാന മുൻനിര സംരംഭങ്ങളും അനാച്ഛാദനം ചെയ്ത ചടങ്ങിൽ, ഇന്ത്യയ്ക്ക് അനുയോജ്യമായ ഡാറ്റയിൽ പരിശീലനം സിദ്ധിച്ച തദ്ദേശീയ AI മോഡലുകൾ വികസിപ്പിക്കുന്നതിനായി എട്ട് പുതിയ അടിസ്ഥാന മാതൃകാ (Foundational Model) സംരംഭങ്ങൾ ആരംഭിച്ചു. AI ഡാറ്റ ലാബുകളാണ് മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയത്. ഇന്ത്യയിലുടനീളം 30 പുതിയ AI ഡാറ്റ ലാബുകൾ ആരംഭിച്ചതിലൂടെ 570 ലാബുകൾ ഉൾക്കൊള്ളുന്ന ഒരു ദേശീയ ശൃംഖല രൂപീകരിക്കാനായിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ 31 ലാബുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT)യും വിവിധ വ്യവസായിക പങ്കാളികളും സഹകരിച്ചാണ് സ്ഥാപിച്ചത്. ഇന്ത്യഎഐ മിഷൻ്റെ  ഫ്യൂച്ചർ സ്കിൽസ് സംരംഭത്തിൻ്റെ  ഭാഗമായി, അടിസ്ഥാന AI യും ഡാറ്റാ നൈപുണ്യങ്ങളിലുമുള്ള പരിശീലനം നൽകുന്നതിലൂടെ രാജ്യത്തിൻ്റെ  ഭാവി സാങ്കേതിക ശേഷി ശക്തിപ്പെടുത്തുകയാണ് ഈ ലാബുകളിലൂടെ ലക്ഷ്യമിടുന്നത്.


ഈ പരിപാടിയുടെ ഭാഗമായി ഇന്ത്യഎഐ ഫെലോഷിപ്പ് പ്രോഗ്രാമും പോർട്ടലും വിപുലീകരിച്ച് 13,500 വിദഗ്ദ്ധരെ പിന്തുണയ്ക്കുന്ന നിലയിലേക്കുയർത്തി. ഇതിൽ 8,000 ബിരുദ വിദ്യാർത്ഥികളും 5,000 ബിരുദാനന്തര ബിരുദധാരികളും വിവിധ വിഷയങ്ങളിലായി 500 പിഎച്ച്ഡി ഗവേഷകരുമാണ് ഉൾപ്പെടുന്നത്. എഞ്ചിനീയറിംഗ്, മെഡിസിൻ, നിയമം, കൊമേഴ്‌സ്, ബിസിനസ്, ലിബറൽ ആർട്സ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യഎഐ ഫെലോഷിപ്പുകൾ ലഭ്യമാകുന്നതോടെ, ബഹുമുഖമായ AI നൈപുണ്യ വികസനത്തിന് സംരംഭം ശക്തമായ പിന്തുണ നൽകും.

ദൈനംദിന ജീവിതത്തിലും തൊഴിലിലും AI

ആരോഗ്യസംരക്ഷണം, കൃഷി, വിദ്യാഭ്യാസം, ഭരണനിർവ്വഹണം, കാലാവസ്ഥാ പ്രവചനം അടക്കമുള്ള ദൈനംദിന ജീവിതത്തിൻ്റെ  സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന പുതിയ പരിവർത്തന തരംഗത്തിന് നിർമ്മിതബുദ്ധി നേതൃത്വം നൽകുന്നു. വേഗത്തിലും കൃത്യമായും രോഗനിർണ്ണയം നടത്താൻ  ഡോക്ടർമാരെ സഹായിക്കുന്നതിലൂടെ ചികിത്സയുടെ ഗുണമേന്മ വർദ്ധിക്കുന്നു. ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കർഷകരെ പിന്തുണക്കുന്നതിലൂടെ കൃഷി കൂടുതൽ ഉത്പാദനക്ഷമമാക്കുന്നു. വിദ്യാർത്ഥികളുടെ പഠനഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കി ജനസൗഹൃദമാക്കുന്നതിലും AI നിർണായക പങ്ക് വഹിക്കുന്നു.


ഈ സാങ്കേതിക പരിവർത്തനത്തിൻ്റെ  കേന്ദ്രബിന്ദുവായി ലാർജ് ലാംഗ്വേജ് മോഡലുകൾ (LLMs) നിലകൊള്ളുന്നു. വൻതോതിലുള്ള ഡാറ്റയിൽ നിന്ന് പഠിച്ച് മനുഷ്യസമാനമായ ഭാഷ മനസ്സിലാക്കാനും സൃഷ്ടിക്കാനും കഴിയുന്ന അത്യാധുനിക AI സംവിധാനങ്ങളാണ് ഇവ. ചാറ്റ്ബോട്ടുകൾ, വിവർത്തന ഉപകരണങ്ങൾ, വെർച്വൽ അസിസ്റ്റൻ്റുകൾ എന്നിവയുടെ പ്രവർത്തനത്തിന് പിന്നിലെ മുഖ്യ ചാലകശക്തിയും LLM-കളാണ്. ഇതിലൂടെ ആളുകൾക്ക് സ്വന്തം ഭാഷയിൽ വിവരങ്ങൾ സുഗമമായി കണ്ടെത്താനും, സർക്കാർ സേവനങ്ങൾ സ്വീകരിക്കാനും, പുതിയ നൈപുണ്യങ്ങൾ പഠിക്കാനും കഴിയുന്നു.


കേവലം സാങ്കേതികവിദ്യ എന്നതിലുപരിയായ ഇന്ത്യയുടെ AI സമീപനം സർവ്വാശ്ലേഷിത്വത്തിലും  ശാക്തീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദേശീയ സംരംഭങ്ങളും ആഗോള സഹകരണങ്ങളും മുഖേന, യഥാർത്ഥ ലോകത്തിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താനും, പൊതു സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും, ഓരോ പൗരനും അവസരങ്ങൾ പ്രാപ്യമാക്കാനും AI വിനിയോഗിക്കപ്പെടുന്നു. ഗ്രാമീണ ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതും കാലാവസ്ഥാ പ്രവണതകൾ പ്രവചിക്കുന്നതും മുതൽ കോടതി വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും, ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും നീതിയുക്തവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും ശക്തമായ ഒരു ഉപാധിയായി AI മാറിയിരിക്കുന്നു. ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിൽ AI നിർണായക പങ്ക് വഹിക്കുന്ന ചില പ്രധാന മേഖലകൾ താഴെപ്പറയുന്നവയാണ്:

ആരോഗ്യ സംരക്ഷണം

ആരോഗ്യസംരക്ഷണ രംഗത്ത് നിർമ്മിതബുദ്ധി ഗണ്യമായ പരിവർത്തനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രാരംഭഘട്ടത്തിൽ തന്നെ രോഗങ്ങൾ കണ്ടെത്താനും മെഡിക്കൽ സ്കാനുകൾ കൂടുതൽ കൃത്യമായി വിശകലനം ചെയ്യാനും രോഗിയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വ്യക്തിഗത ചികിത്സാ മാർഗങ്ങൾ ശുപാർശ ചെയ്യാനും ഡോക്ടർമാർക്ക് AI സഹായമേകുന്നു. AI പിന്തുണയുള്ള ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകൾ ഗ്രാമീണ മേഖലകളിലെ രോഗികളെ പ്രമുഖ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുമായി ബന്ധിപ്പിക്കുന്നതിലൂടെ സമയവും ചെലവും ലാഭിക്കുകയും പരിചരണത്തിൻ്റെ  നിലവാരം ഉയർത്തുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിൽ സുരക്ഷിതവും ധാർമ്മികവുമായ AI പ്രോത്സാഹിപ്പിക്കുന്ന ആഗോള സ്ഥാപനമായ HealthAI-യിലെ ഇന്ത്യയുടെ പങ്കാളിത്തവും, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി ICMR-ഉം IndiaAI-യും സഹകരിക്കുന്നതും ഉത്തരവാദിത്തപൂർണ്ണമായ നൂതനാശയങ്ങളും ആഗോളതലത്തിലെ മികച്ച രീതികളും ഉറപ്പാക്കുന്നു.


കൃഷി

കർഷകരുടെ ദൈനംദിന ജീവിതത്തിൽ AI ഇന്ന് ഒരു വിശ്വസനീയ ഡിജിറ്റൽ പങ്കാളിയായി മാറിയിരിക്കുന്നു. കാലാവസ്ഥാ പ്രവചനങ്ങൾ ലഭിക്കാനും , കീടങ്ങളുടെ ആക്രമണങ്ങൾ മുൻകൂട്ടി കണ്ടെത്താനും, ജലസേചനത്തിനും വിത്ത് വിതയ്ക്കും ഏറ്റവും അനുയോജ്യമായ സമയം നിർദേശിക്കാനും AI സഹായിക്കുന്നു. കൃഷിയും കർഷകക്ഷേമവും കൈകാര്യം ചെയ്യുന്ന മന്ത്രാലയം, കിസാൻ ഇ-മിത്ര പോലുള്ള AI അധിഷ്ഠിത വെർച്വൽ അസിസ്റ്റൻ്റുകൾ മുഖേന പി.എം. കിസാൻ സമ്മാൻ നിധി ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ എളുപ്പത്തിൽ നേടിയെടുക്കാൻ കർഷകരെ പിന്തുണയ്ക്കുന്നു.


അതേസമയം, നാഷണൽ പെസ്റ്റ് സർവൈലൻസ് സിസ്റ്റവും ക്രോപ്പ് ഹെൽത്ത് മോണിറ്ററിംഗ് സംവിധാനങ്ങളും ഉപഗ്രഹ ഡാറ്റ, കാലാവസ്ഥാ വിവരങ്ങൾ, മണ്ണ് വിശകലനം എന്നിവ ഏകോപിപ്പിച്ച് വിളകളുടെ ആരോഗ്യനില നിരീക്ഷിക്കുകയും, വിളവും വരുമാന സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി തത്സമയ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു.

വിദ്യാഭ്യാസവും നൈപുണ്യവും
പഠനത്തെ കൂടുതൽ സമഗ്രവും ആകർഷകവും ഭാവിസജ്ജവുമാക്കുന്നതിനായി ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ AI  സംയോജിപ്പിക്കപ്പെടുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ൻ്റെ  ഭാഗമായി, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ആറാം ക്ലാസ് മുതൽ 15 മണിക്കൂർ ദൈർഘ്യമുള്ള AI നൈപുണ്യ മൊഡ്യൂളും, ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരു  ഓപ്ഷണൽ AI വിഷയവും അവതരിപ്പിച്ചിട്ടുണ്ട്. NCERT യുടെ DIKSHA ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോം, കാഴ്ച പരിമിതിയുള്ള പഠിതാക്കൾക്ക്, പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനായി വീഡിയോകളിലെ കീവേഡ് തിരയൽ, റീഡ്-ലൗഡ് സവിശേഷതകൾ തുടങ്ങിയ AI ഉപകരണങ്ങൾ ഉപയോഗിക്കുന്നു. കാഴ്ച പരിമിതിയുള്ള പഠിതാക്കൾക്ക് പഠനം കൂടുതൽ സുഗമവും ഫലപ്രദവുമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.


ഇതിന് പുറമെ, കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (NeGD) വിവിധ പങ്കാളികളുമായി സഹകരിച്ച്, 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ  വിദ്യാർത്ഥികളെ AI യും സാമൂഹിക നൈപുണ്യങ്ങളും വളർത്തി പ്രാപ്തരാക്കുന്നതിനുള്ള ദേശീയ പരിപാടിയായ YUVAi: Youth for Unnati and Vikas with AI നടപ്പിലാക്കി. ഈ പദ്ധതി വിദ്യാർത്ഥികൾക്ക് കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി, ഗതാഗതം, ഗ്രാമ  വികാസം, സ്മാർട്ട് സിറ്റികൾ, നീതി-ന്യായം തുടങ്ങിയ എട്ട് വിഷയാധിഷ്ഠിത മേഖലകളിലെ AI നൈപുണ്യങ്ങൾ പഠിക്കാനും  പ്രയോഗിക്കാനും വേദി നൽകുന്നു. ഇതിലൂടെ യഥാർത്ഥ ലോകത്തിലെ വെല്ലുവിളികൾക്ക് AI-അധിഷ്ഠിത പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും അവർ പ്രാപ്തരാകുന്നു.


ഭരണവും നീതി നിർവ്വഹണവും
AI തൊഴിലില്ലായ്മയിലേക്ക് നയിക്കുമോ?



നിർമ്മിതബുദ്ധി പലപ്പോഴും തൊഴിലുകൾക്ക് ഭീഷണിയായി വീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, വാസ്തവത്തിൽ ഇത് പുതിയ തൊഴിലവസരങ്ങളും നൈപുണ്യങ്ങളും വികസിപ്പിക്കുന്നതിനുള്ള  മാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നു. നാസ്കോം പ്രസിദ്ധീകരിച്ച “ഇന്ത്യയുടെ AI നൈപുണ്യ വികസനം” (ഓഗസ്റ്റ് 2024) റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ AI പ്രതിഭാ അടിത്തറ 2027-നുള്ളിൽ ഏകദേശം 6–6.5 ലക്ഷം പ്രൊഫഷണലുകളിൽ നിന്ന് 12.5 ലക്ഷത്തിലധികം പ്രൊഫഷണലുകളിലേക്ക് വളരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് ഏകദേശം 15% സംയുക്ത വാർഷിക വളർച്ചാ നിരക്ക് സൂചിപ്പിക്കുന്നു. ഇത് AI മേഖലയിലെ ഇന്ത്യയുടെ വൻ വളർച്ചാ സാധ്യതകൾ പ്രതിഫലിപ്പിക്കുന്നു.

ഡാറ്റാ സയൻസ്, ഡാറ്റാ ക്യൂറേഷൻ, AI എഞ്ചിനീയറിംഗ്, അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ വ്യാപകമായ ആവശ്യകത സൃഷ്ടിക്കപ്പെടുന്നു. 2025 ഓഗസ്റ്റ് വരെയുള്ള വിവരങ്ങൾ പ്രകാരം, ഏകദേശം 8.65 ലക്ഷം ഉദ്യോഗാർത്ഥികൾ വളർന്നുവരുന്ന സാങ്കേതിക കോഴ്സുകളിൽ പ്രവേശിക്കുകയും പരിശീലനം നേടുകയും ചെയ്തു, ഇതിൽ 3.20 ലക്ഷം പേർ AI, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നേടിയത്.  ഇന്ത്യയിലെ AI പരിശീലനവും പുരോഗതിയും, ഉയർന്ന ശേഷിയുള്ള പ്രൊഫഷണലുകളുടെ വികസനവും ഇത് പ്രതിഫലിപ്പിക്കുന്നു.

ഭാവിയിലേക്ക് തൊഴിലാളികളെ സജ്ജമാക്കുന്നതിനായി, കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക  മന്ത്രാലയം (MeitY), AI ഉൾപ്പെടെ 10 നൂതനവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ ഐടി പ്രൊഫഷണലുകളുടെ നവീകരണത്തിനും നൈപുണ്യ വർദ്ധനയ്ക്കുമായി ദേശീയ പരിപാടിയായ FutureSkills PRIME ആരംഭിച്ചു. 2025 ഓഗസ്റ്റ് വരെ, 18.56 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ FutureSkills PRIME പോർട്ടലിൽ രജിസ്റ്റർ ചെയ്തു. അതിൽ 3.37 ലക്ഷത്തിലധികം പേർ അവരുടെ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കി. ഇത് ഇന്ത്യയിലെ ടെക്‌നോളജി പ്രൊഫഷണൽ നൈപുണ്യ വികസനത്തിൻ്റെ  വൻ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.


ഭരണനിർവ്വഹണത്തെയും പൊതു സേവന വിതരണത്തെയും AI പുനർരൂപകൽപ്പന ചെയ്യുകയാണ്. ഇ-കോർട്ട്സ് പ്രോജക്ട് ഫേസ് III പ്രകാരം, നീതിന്യായ വ്യവസ്ഥ കൂടുതൽ കാര്യക്ഷമവും പ്രാപ്യവുമാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നു. നിർമ്മിതബുദ്ധി, മെഷീൻ ലേണിംഗ്, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ ഉപവിഭാഗങ്ങൾ വിവർത്തനം, പ്രവചനം, ഭരണപരമായ കാര്യക്ഷമത, ഓട്ടോമേറ്റഡ് ഫയലിംഗ്, ഇൻ്റ ലിജൻ്റ് ഷെഡ്യൂളിംഗ്, ചാറ്റ്ബോട്ടുകൾ മുഖേന ആശയവിനിമയം എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. സുപ്രീം കോടതിയിലെ AI വിവർത്തന സമിതികൾ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്നു. അതുപോലെ, ഇ-എച്ച്സിആർ (e-HCR) ഇ-ഐഎൽആർ (e-ILR) പോലുള്ള ഡിജിറ്റൽ നിയമ പ്ലാറ്റ്‌ഫോമുകൾ പൗരന്മാർക്ക് വിവിധ പ്രാദേശിക ഭാഷകളിലുള്ള വിധിന്യായങ്ങളിലേക്ക് ഓൺലൈൻ പ്രവേശനം ഉറപ്പാക്കുന്നു. ഇതിലൂടെ നീതിലഭ്യത സുതാര്യവും സർവ്വാശ്ലേഷിയുമാകുന്നു.

 
കാലാവസ്ഥാ പ്രവചനവും കാലാവസ്ഥാ സേവനങ്ങളും

പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കാനും അവയോട് ഫലപ്രദമായി പ്രതികരിക്കാനും ഉള്ള ഇന്ത്യയുടെ ശേഷി AI യുടെ സഹായത്തോടെ ശക്തിപ്പെടുന്നു. മഴ, മൂടൽമഞ്ഞ്, മിന്നൽ, തീപിടിത്തം എന്നിവയെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ നടത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് AI-അധിഷ്ഠിത മാതൃകകൾ ഉപയോഗിക്കുന്നു. അഡ്വാൻസ്ഡ് ഡ്വോറാക് ടെക്നിക് ചുഴലിക്കാറ്റുകളുടെ തീവ്രത കൃത്യമായി കണക്കാക്കാൻ സഹായിക്കുന്നു. വരാനിരിക്കുന്ന AI ചാറ്റ്ബോട്ടായ MausamGPT കർഷകർക്കും ദുരന്ത നിവാരണ ഏജൻസികൾക്കും തത്സമയ കാലാവസ്ഥാ വിവരങ്ങളും നിർദ്ദേശങ്ങളും ലഭ്യമാക്കുന്നു.  

എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക വികസനത്തിനായി AI

ഇന്ത്യയിലെ അനൗപചാരിക മേഖലയിലെ തൊഴിലാളികളെ ശാക്തീകരിക്കാൻ സാങ്കേതികവിദ്യ  എങ്ങനെ വിനിയോഗിക്കാമെന്നതിൻ്റെ  രൂപരേഖയായി നിതി ആയോഗ് തയ്യാറാക്കിയ ‘സർവ്വാശ്ലേഷിയായ സാമൂഹിക വികസനത്തിന് നിർമ്മിതബുദ്ധി’ (AI for Inclusive Societal Development -ഒക്ടോബർ 2025) എന്ന റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ എങ്ങനെയാണ് ഏറ്റവും അവഗണിക്കപ്പെടുന്ന തൊഴിലാളികളിലേക്ക് എത്തിച്ചേരുന്നതെന്നും, നിയന്ത്രണങ്ങൾ മറികടന്ന് ഇന്ത്യയുടെ വളർച്ചാ ഗാഥയിൽ എങ്ങനെ അവർക്ക് പങ്കാളികളാകാൻ കഴിയുമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.


അനൗപചാരിക തൊഴിലാളികളുടെ യഥാർത്ഥ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കപ്പെട്ടതാണ് റിപ്പോർട്ട്. രാജ്കോട്ടിലെ ഒരു ഗാർഹിക ആരോഗ്യപരിപാലന സഹായിയും, ഡൽഹിയിലെ ഒരു മരപ്പണിക്കാരനും, ഒരു കർഷകനും ഉൾപ്പെടെയുള്ള ഒട്ടേറെ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും അവരുടെ അഭിലാഷങ്ങളും ഇതിൽ പ്രതിഫലിക്കുന്നു. ഈ കഥകൾ നിരന്തരമായ തടസ്സങ്ങൾ വെളിപ്പെടുത്തുന്നതോടൊപ്പം, ശ്രദ്ധാപൂർവ്വം വിന്യസിച്ച സാങ്കേതികവിദ്യ തുറന്നു നൽകുന്ന അപാരമായ സാധ്യതകളും ഉയർത്തിക്കാട്ടുന്നു. ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം, സാങ്കേതികവിദ്യ അവരുടെ കഴിവുകൾക്ക് പകരമാകുകയല്ല; മറിച്ച്,  അവരുടെ നൈപുണ്യങ്ങളെ വളർത്തുകയും അവർക്കായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യണം എന്ന പ്രതീക്ഷയാണുള്ളത്.

ഇന്ത്യയിലെ ഏകദേശം 49 കോടി അനൗപചാരിക തൊഴിലാളികൾ നേരിടുന്ന വ്യവസ്ഥാപരമായ തടസ്സങ്ങളെ എങ്ങനെ നിർമ്മിതബുദ്ധി, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്‌ചെയിൻ, റോബോട്ടിക്‌സ്, ഇമ്മേഴ്‌സീവ് ലേണിംഗ് എന്നിവ ഉപയോഗിച്ച് ലഘൂകരിക്കാമെന്ന് രൂപരേഖ വിശദീകരിക്കുന്നു. 2035 ആകുമ്പോഴേക്കും, വോയ്‌സ്-ഫസ്റ്റ് AI ഇന്റർഫേസുകൾ ഭാഷാ തടസ്സങ്ങളെയും സാക്ഷരതാ പ്രശ്നങ്ങളെയും മറികടക്കുന്ന ഭാവിയെയാണ് ഇത് വിഭാവനം ചെയ്യുന്നത്. സ്മാർട്ട് കരാറുകൾ സമയബന്ധിതവും സുതാര്യവുമായ വേതനം ഉറപ്പാക്കും. മൈക്രോ-ക്രെഡൻഷ്യലുകളും ഓൺ-ഡിമാൻഡ് ലേണിംഗും തൊഴിലാളികൾക്ക് അവരുടെ അഭിലാഷപ്രകാരമുള്ള വൈദഗ്ധ്യം മെച്ചപ്പെടുത്താനുള്ള അവസരം നൽകുന്നു.


ഇന്ത്യയിലെ അനൗപചാരിക മേഖലയുമായി ബന്ധപ്പെട്ട സീമോല്ലംഘന സാങ്കേതികവിദ്യകൾ വ്യാപകമായി വിന്യസിക്കാനുള്ള ദേശീയ സംരംഭമാണ് ഡിജിറ്റൽ ശ്രമസേതു മിഷൻ. വ്യക്തിഗത, മേഖലാ നിർദ്ദിഷ്ട മുൻഗണനകൾ, സംസ്ഥാനാടിസ്ഥാനത്തിലുള്ള നിർവ്വഹണം, നിയന്ത്രണ പ്രാപ്തി, കുറഞ്ഞ ചെലവും വിപുലമായ സ്വീകാര്യതയും ഉറപ്പാക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തം എന്നിവയിൽ ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശക്തമായ മൾട്ടി-ലെവൽ ഇംപാക്ട് ഇവാലുവേഷൻ ചട്ടക്കൂട് മുഖേന, സർക്കാർ, വ്യവസായ മേഖല, പൊതുസമൂഹം എന്നിവയെ സമന്വയിപ്പിച്ച്  പൂർണവും ദീർഘകാലീനവുമായ ഫലങ്ങൾ കൈവരിക്കുന്നതിൽ ദൗത്യം നിർണായക പങ്ക് വഹിക്കും.

സമഗ്ര ഡിജിറ്റൽ മുന്നേറ്റം കൈവരിക്കാൻ കേവലം ശുഭാപ്തിവിശ്വാസം മാത്രം മതിയാകില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗവേഷണ വികസനത്തിന് അനുഗുണമായ നിക്ഷേപങ്ങൾ, ലക്ഷ്യവേധിയായ നൈപുണ്യ പരിപാടികൾ, ശക്തമായ നൂതനാശയ ആവാസവ്യവസ്ഥ എന്നിവ  അനിവാര്യമാണ്. ആധാർ, യുപിഐ, ജൻ ധൻ തുടങ്ങിയ പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ ഇന്ത്യയുടെ ഗതകാല വിജയങ്ങൾ സമഗ്രവും ഏകോപിതവുമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യാനും സജീവമായി പ്രവർത്തിപ്പിക്കാനും സാധ്യമാണ് എന്ന് തെളിയിക്കുന്നു.


നിർദിഷ്ട നിർവ്വഹണ രൂപരേഖ:

ഘട്ടം 1 (2025–2026):

 ദൗത്യ ബോധം

വ്യക്തമായ ലക്ഷ്യങ്ങൾ, സമയപരിധികൾ, പരിമാണാത്മക ഫലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മിഷൻ ചാർട്ടറിൻ്റെ  കരട് തയ്യാറാക്കൽ. സർക്കാർ, വ്യവസായമേഖല, അക്കാദമിക മേഖല, പൊതു സമൂഹം അടക്കമുള്ള പങ്കാളികളെ ഉൾപ്പെടുത്തി മുൻഗണനകൾ നിശ്ചയിക്കുകയും ലക്ഷ്യങ്ങൾ നിർവചിക്കുകയും ചെയ്യുന്നു.


ഘട്ടം 2 (2026–2027):

 സ്ഥാപന സജ്ജീകരണവും ഭരണനിർവ്വഹണ രൂപകൽപ്പനയും


വ്യത്യസ്ത മേഖലകളിലെ ഭരണ മാതൃകകകൾ, നേതൃപരമായ പങ്ക്, നിർവ്വഹണ രൂപരേഖ എന്നിവയുടെ സ്ഥാപനം. ആഭ്യന്തര നവീകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നിയമ, നിയന്ത്രണ, ഡിജിറ്റൽ അടിസ്ഥാന സൗകര്യ സന്നദ്ധതയിലും ഈ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കും.

ഘട്ടം 3 (2027–2029):

പരീക്ഷണ പദ്ധതികളും തിരെഞ്ഞെടുത്ത പദ്ധതികളും ആരംഭിക്കുക


യഥാർത്ഥ സാഹചര്യങ്ങളിൽ പരിഹാരങ്ങൾ പരീക്ഷിക്കുന്നതിനായി ഉയർന്ന സന്നദ്ധതയുള്ള മേഖലകളിൽ പരീക്ഷണ പദ്ധതികൾ നടപ്പിലാക്കും. ശക്തമായ നിരീക്ഷണ, വിലയിരുത്തൽ ചട്ടക്കൂടുകളുടെ പിന്തുണയോടെ, പ്രവേശനക്ഷമതയ്ക്കും അന്തിമ സ്വീകാര്യതയ്ക്കും മുൻഗണന നൽകും.

ഘട്ടം 4 (2029 മുതൽ):

രാജ്യവ്യാപക വിന്യാസവും സംയോജനവും


പരീക്ഷിച്ച പരിഹാരങ്ങൾ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രാദേശിക വിജയവും തൊഴിലാളികളുടെ ചലനാത്മകതയും  ഉറപ്പാക്കാൻ മേഖലാപരമായ സവിശേഷതകൾ ഉൾപ്പെടുത്തും. ദൗത്യത്തെ സ്ഥാപനവത്ക്കരിക്കാനും, വൻതോതിലുള്ള നേട്ടങ്ങൾ നിലനിർത്താനും ഈ ഘട്ടം ലക്ഷ്യമിടുന്നു.

2035 ആകുമ്പോഴേക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന AI വിന്യാസത്തിൽ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുക എന്നതാണ് ദൗത്യത്തിൻ്റെ  പ്രധാന ലക്‌ഷ്യം. സാങ്കേതികവിദ്യ വളർച്ചയെ നയിക്കുക മാത്രമല്ല, ഉപജീവനമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുകയും, അവസരങ്ങൾ തുറക്കുകയും, സമത്വപൂർണ്ണവും ശാക്തീകരിക്കപ്പെട്ടതുമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിൻ്റെ  പ്രയാണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ശ്രമിക്കുന്നു.


ഉപസംഹാരം

നിർമ്മിതബുദ്ധിയിലെ ഇന്ത്യയുടെ പ്രയാണം വ്യക്തമായ ദർശനവും നിർണായകമായ പ്രവർത്തനവും പ്രതിഫലിപ്പിക്കുന്നു. കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും, തദ്ദേശീയ AI മോഡലുകൾ പരിപോഷിപ്പിക്കുന്നതും, സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയേകുന്നതും ഉൾപ്പെടെയുള്ള നടപടികൾ മുഖേന, പൗരന്മാർക്ക് പ്രയോജനപ്രദവും നൂതനാശയങ്ങൾക്ക് വഴിയൊരുക്കുന്നതുമായ  AI ആവാസവ്യവസ്ഥ രാജ്യം സൃഷ്ടിക്കുന്നു. കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഭരണനിർവ്വഹണം തുടങ്ങിയ മേഖലകളിലെ  സംരംഭങ്ങൾ പ്രായോഗിക ഫലങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യഎഐ മിഷൻ, ഡിജിറ്റൽ ശ്രമസേതു, അടിസ്ഥാന മാതൃക വികസനം തുടങ്ങിയ തന്ത്രപരമായ സംരംഭങ്ങൾ ഗവേഷണം, നൈപുണ്യങ്ങൾ, സംരംഭകത്വം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം, നൂതനാശയങ്ങൾ ഓരോ പൗരനിലേക്കും എത്തിച്ചേരുന്നുവെന്ന്  ഉറപ്പാക്കുന്നു. ഈ ഉദ്യമങ്ങൾ, വികസിത്  ഭാരത് 2047 എന്ന ദർശനത്തെ പിന്തുടരുകയും, ഇന്ത്യയെ ആഗോള AI നേതൃത്വത്തിലേക്ക് ഉയർത്തുന്നതിനുള്ള  ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്യുന്നു.

സൂചനകൾ 

See in PDF

***


(रिलीज़ आईडी: 2210122) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR