വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രാലയം
azadi ka amrit mahotsav

വടക്ക് കിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിന്റെ 2025-ലെ നേട്ടങ്ങൾ

प्रविष्टि तिथि: 29 DEC 2025 6:47PM by PIB Thiruvananthpuram
1. വടക്ക് കിഴക്കൻ മേഖലയിലെ ചരക്ക് നീക്ക സംവിധാനം ശക്തിപ്പെടുത്തൽ

2024 ജൂലൈയിൽ 71-ാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ പ്ലീനറിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി, വടക്ക് കിഴക്കൻ മേഖലയിലെ ചരക്ക് നീക്ക സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ദേശീയ ലോജിസ്റ്റിക്സ് ഗ്രിഡുമായുള്ള സംയോജനത്തിനുമുള്ള സമഗ്ര ശുപാർശകൾ നൽകുന്നതിനായി ഈ മന്ത്രാലയത്തിന് കീഴിൽ ഒരു അന്തർ മന്ത്രാലയസമിതി രൂപീകരിച്ചു. തുടർന്ന്, സിക്കിം സംസ്ഥാന ലോജിസ്റ്റിക്സ് നയം വിജ്ഞാപനം ചെയ്തു. അതേ സമയം നാഗാലാൻഡിലും മേഘാലയയിലും സമാനമായ നയം വിജ്ഞാപനം ചെയ്യുന്നതിനുള്ള പ്രക്രിയയിലാണ്. അരുണാചൽ പ്രദേശ്, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളിൽ സംസ്ഥാന ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നതിനുള്ള ശുപാർശ നൽകിയിട്ടുണ്ട്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ നടക്കുന്നു.

 2. നോർത്ത് ഈസ്റ്റ് സയൻസ് ആൻഡ് ടെക്നോളജി ക്ലസ്റ്റർ [NEST]

വടക്കുകിഴക്കൻ മേഖലയിലെ ഗവേഷണം, നൂതനാശയങ്ങൾ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 22.98 കോടി രൂപ ചെലവിൽ ഗുവാഹത്തി ഐഐടിയിൽ നോർത്ത് ഈസ്റ്റ് സയൻസ് ആൻഡ് ടെക്നോളജി ക്ലസ്റ്റർ സ്ഥാപിക്കാൻ ഈ മന്ത്രാലയം അനുമതി നൽകി. 2025 നവംബർ 3ന് ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, അടിസ്ഥാനതലത്തിൽ ഇന്നൊവേഷൻ ഹബ്ബുകളെ പിന്തുണയ്ക്കും. സെമികണ്ടക്ടർ, നിർമ്മിത ബുദ്ധി എന്നിവയ്‌ക്കായുള്ള ഒരു ടെക്നോളജി ഹബ്, മുള അധിഷ്ഠിത സാങ്കേതികവിദ്യ, ജൈവ വിഘടന ശേഷിയുള്ള, പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്ക് എന്നിവയിലെ നൂതനാശയങ്ങൾക്കുള്ള ഒരു മികവ് കേന്ദ്രം എന്നിവയെ NEST ക്ലസ്റ്റർ പിന്തുണയ്ക്കും. കൂടാതെ, വടക്ക് കിഴക്കൻ മേഖലയിലെ സംരംഭക പ്രോത്സാഹനം, നൈപുണ്യ വികസനം, നൂതനാശയ കേന്ദ്രം എന്നിവ മെച്ചപ്പെടുത്തും.

3. അഗർവുഡിലും മുള ഉൽപ്പാദനത്തിലും ക്ലസ്റ്റർ അധിഷ്ഠിത വളർച്ച

രാജ്യത്തെ അഗർവുഡ് ഉൽപാദനത്തിന്റെ ഏകദേശം 96% വടക്ക് കിഴക്കൻ മേഖലയിലാണ്. ഈ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ വാർഷിക അഗർവുഡ് കയറ്റുമതി വിഹിതം ആറ് മടങ്ങ് വർദ്ധിപ്പിച്ചു. അസമിലെ ഗോലാഘട്ടിലും ത്രിപുരയിലെ കദംതലയിലും അഗർവുഡ് ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു സംയോജിത നിർദ്ദേശം മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. വിപുലമായ വിപണി ലഭ്യത, ഡിജിറ്റൽ ബന്ധങ്ങൾ, സുസ്ഥിര കരകൗശല ഉപജീവനമാർഗ്ഗങ്ങൾ എന്നിവ നൽകുന്നതിനായി പരമ്പരാഗത മുള കരകൗശല ക്ലസ്റ്ററുകളെ ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയം മുൻകൈയെടുത്തു വരുന്നു. 4,000-ലധികം കരകൗശല വിദഗ്ധരെ ഔപചാരിക വിപണികളിലേക്ക് സംയോജിപ്പിക്കുന്നതിനും 15 പൊതു സൗകര്യ കേന്ദ്രങ്ങൾ (CFC-കൾ) നവീകരിക്കുന്നതിനുമുള്ള പദ്ധതികൾ ഏറ്റെടുത്തുകൊണ്ട് മന്ത്രാലയം ഈ ദിശയിൽ പ്രവർത്തിക്കുന്നു. മൂല്യവർദ്ധിത മുള എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിനായി കർബി ആംഗ്ലോങ്ങിലും (അസം) മൊകോക്ചുങ്ങിലും (നാഗാലാൻഡ്) സംഭരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് മന്ത്രാലയം പിന്തുണ നൽകിയിട്ടുണ്ട്.

4. വടക്കു കിഴക്കൻ മേഖലയിൽ നിന്നുള്ള 150 ഉൽപ്പന്നങ്ങളുടെ പുതിയ GI രജിസ്ട്രേഷൻ

 വടക്കു കിഴക്കൻ മേഖലയിൽ നിന്നുള്ള കാർഷിക- പൂന്തോട്ട , കൈത്തറി, കരകൗശല മേഖലയിലെ തനത് ഉൽപ്പന്നങ്ങളുടെ സ്വത്വo പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഭൗമശാസ്ത്ര സൂചിക (GI) പദവിക്കും ഈ മന്ത്രാലയം നേതൃത്വം നൽകുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ GI ടാഗിംഗിനായി 150 വ്യത്യസ്ത ഉൽപ്പന്നങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

5. റൈസിംഗ് നോർത്ത് ഈസ്റ്റ് - നിക്ഷേപക ഉച്ചകോടി  

 2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഇന്ത്യയുടെ യാത്ര രൂപപ്പെടുത്തുന്നതിൽ വടക്കു കിഴക്കൻ മേഖല നിർണായക പങ്ക് വഹിക്കാൻ തയ്യാറായിരിക്കുന്നു. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വിദേശ നിക്ഷേപകർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ 2025 മെയ് 23-24 തീയതികളിൽ ന്യൂഡൽഹിയിൽ റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി നടന്നു. ഈ പരിപാടി വിവിധ സ്വകാര്യ നിക്ഷേപകരിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും 4.48 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപ്പര്യം സൃഷ്ടിച്ചു.

6. അഷ്ടലക്ഷ്മി ദർശൻ യൂത്ത് എക്സ്ചേഞ്ച് പരിപാടി

 ജനങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും, വടക്കുകിഴക്കൻ മേഖലയുടെ സാംസ്കാരിക സമ്പന്നതയെയും പ്രാധാന്യത്തെയും കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്നതിനും ആയി വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയം അഷ്ടലക്ഷ്മി ദർശൻ-യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം ആരംഭിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടി 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ള 1280 വിദ്യാർത്ഥികൾക്ക് വടക്ക് കിഴക്കൻ മേഖലയിലുടനീളമുള്ള പ്രമുഖ സർവകലാശാലകളിലേക്കും സ്ഥാപനങ്ങളിലേക്കും 14 ദിവസത്തെ പഠന- അനുഭവ സന്ദർശനം നടത്താൻ വഴിയൊരുക്കും. 2025 നവംബർ 1-ന് ഈ സംരംഭം ഔപചാരികമായി ആരംഭിച്ചു. ഗോവയിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നുമുള്ള 40 വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് അരുണാചൽ പ്രദേശിലെ രാജീവ് ഗാന്ധി സർവകലാശാല സന്ദർശിച്ചുകൊണ്ട് വിപുലമായ ഈ ദേശീയ പരിപാടിക്ക് തുടക്കം കുറിച്ചു.

7. മുള മൂല്യ ശൃംഖല വികസന പരിപാടി

വടക്കുകിഴക്കൻ മേഖലയിലുടനീളം ഈ മന്ത്രാലയം ഒരു സമഗ്ര മുള മൂല്യശൃംഖല വികസന പരിപാടി നടപ്പിലാക്കുന്നു. നൈപുണ്യ വികസനം, ക്ലസ്റ്റർ ശക്തിപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം, മുള എഞ്ചിനീയറിംഗ്ഉൽപ്പന്ന വികസനം, വിപണി-ബന്ധിത ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ സമീപനമാണ് ഈ സംരംഭം സ്വീകരിക്കുന്നത്. വിവിധ നോർത്ത് ഈസ്റ്റ് കൗൺസിൽ പദ്ധതികൾ പ്രകാരം, മേഖലയിലെ മുള ആവാസവ്യവസ്ഥയുടെ സമഗ്ര വികസനത്തിനായി 236.53 കോടി രൂപയുടെ ആകെ 25 പദ്ധതികൾ അനുവദിച്ചിട്ടുണ്ട്.

സംരംഭ വികസനം, കരകൗശല പിന്തുണ, പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, ഉൽപ്പന്ന വൈവിധ്യവൽക്കരണം എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. മേഖലാ വികസനത്തിനായി രണ്ട് പ്രധാന പ്രോജക്ട് മാതൃകകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിർമ്മാണ മേഖല, ഭവന നിർമ്മാണം, ഫർണിച്ചർ, വ്യാവസായികമേഖല എന്നിവയ്ക്ക് ഉപയോഗപ്പെടുന്ന വിധത്തിൽ ബോർഡുകൾ, പാനലുകൾ, മോൾഡഡ് ഫർണിച്ചറുകൾ, ചാർക്കോൾ ബ്രിക്കറ്റുകൾ, കോമ്പോസിറ്റ് മുള ഉൽപ്പന്നങ്ങൾ തുടങ്ങി, ഉയർന്ന മൂല്യമുള്ള എഞ്ചിനീയറിങ് മുള ഉൽപ്പന്നങ്ങൾ നിർമിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി മുള സംസ്കരണം, ലാമിനേഷൻ, ഫാബ്രിക്കേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിലനാണ് എഞ്ചിനീയേർഡ് ബാംബൂ പ്രോഡക്റ്റ്സ് പ്രോജക്റ്റ് (PM-DevINE-ന് കീഴിൽ 70.98 കോടി) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരമ്പരാഗത മുള കരകൗശല ക്ലസ്റ്റർ മാതൃക (SoNEC പ്രകാരം 11.52 കോടി രൂപ)പ്രകാരം രൂപകൽപ്പനാ വികസനം, പൊതു സൗകര്യങ്ങൾ, ടൂൾകിറ്റുകൾ, നൈപുണ്യ നവീകരണം, സൂക്ഷ്മ സംരംഭങ്ങളുടെ രൂപീകരണം എന്നിവയിലൂടെ പരമ്പരാഗത കരകൗശല ക്ലസ്റ്ററുകളെ ആധുനികവൽക്കരിക്കുക, ആഭ്യന്തര, കയറ്റുമതി വിപണികൾക്കായുള്ള ഉൽപ്പാദനക്ഷമതയും വിപണി സന്നദ്ധതയും വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. മേഖലയിലെ കരകൗശല വിദഗ്ധർ നിർമ്മിക്കുന്ന മുള ഉൽപ്പന്നങ്ങളുടെ വിപണി ലഭ്യത വർദ്ധിപ്പിക്കുന്നതിന് പ്രധാന വിപണികളിലെയും ഡിജിറ്റൽ വ്യാപാര മേഖലയിലെയും പങ്കാളികളുമായി സഹകരിക്കുന്നതിനുള്ള നയ നിർദ്ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ NECBDC വിപുലമായ നൈപുണ്യ വികസന പരിപാടികൾ നടപ്പിലാക്കുകയും 5,068 മുള കരകൗശല വിദഗ്ധർക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
 
*****

(रिलीज़ आईडी: 2209658) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Manipuri , English , Khasi , हिन्दी