പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പാലക്കാട് സ്വദേശി മുഹമ്മദ് സിദാൻ പി-ക്ക് ധീരതയ്ക്കുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം

പോസ്റ്റഡ് ഓണ്‍: 26 DEC 2025 2:30PM by PIB Thiruvananthpuram

പാലക്കാട് സ്വദേശിയായ മുഹമ്മദ് സിദാൻ പി. എന്ന 11 വയസ്സുകാരന്, സഹപാഠികളുടെ ജീവൻ രക്ഷിക്കുന്നതിൽ കാണിച്ച ധീരതയും മനസ്സാന്നിധ്യവും കണക്കിലെടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം സമ്മാനിച്ചു .

ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കല-സംസ്കാരം, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ അസാധാരണ നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ട് 2025 ഡിസംബർ 26ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവാണ് അവാർഡ് സമ്മാനിച്ചത്.

മുഹമ്മദ് സിദാൻ പി.യും സുഹൃത്തുക്കളും അവരുടെ സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെ, അദ്ദേഹത്തിന്റെ സഹപാഠികളിൽ ഒരാൾ അബദ്ധത്തിൽ ഒരു ലൈവ് ഇലക്ട്രിക് പോസ്റ്റിൽ സ്പർശിക്കുകയും വൈദ്യുതാഘാതമേൽക്കുകയും ചെയ്തു. സഹായിക്കാൻ ശ്രമിച്ച മറ്റൊരു കുട്ടിയ്ക്കും വൈദ്യുതാഘാതമേറ്റപ്പോൾ, സിദാൻ മനസ്സാന്നിധ്യത്തോടെ പ്രവർത്തിച്ചു. അമ്മ നൽകിയ സുരക്ഷാ ഉപദേശം ഓർമ്മിച്ച സിദാൻ, മരക്കഷണം ഉപയോഗിച്ച് രണ്ട് കുട്ടികളെയും വൈദ്യുതി സ്രോതസ്സിൽ നിന്ന് വലിചു മാറ്റി, അവരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ രണ്ട് കുട്ടികളുടെ ജീവൻ രക്ഷിക്കുകയും ഗുരുതരമായ ഒരു ദുരന്തം ഒഴിവാക്കുകയും ചെയ്തു. സിദാന്റെ ധീരമായ ഈ പ്രവർത്തനത്തിന്, നേരത്തെ കേരള സംസ്ഥാന വൈദ്യുതി ബോർഡും, പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അദ്ദേഹത്തിന്റെ സ്കൂളും അദ്ദേഹത്തെ ആദരിച്ചിരുന്നു. സംസ്ഥാന  പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടിയും അദ്ദേഹത്തെ പ്രശംസിച്ചു. ഈ സംഭവത്തിന് അച്ചടി, ഡിജിറ്റൽ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ പ്രചാരം ലഭിച്ചിരുന്നു.

ധൈര്യം, ഉത്തരവാദിത്തം, സേവനം എന്നിവ പ്രതിഫലിപ്പിക്കുന്ന യുവവിജയികളെ ആദരിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം,കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡാണ്. മുഹമ്മദ് സിദാൻ പി.യുടെ മാതൃകാപരമായ പ്രവൃത്തി, അടിയന്തര സാഹചര്യങ്ങളിൽ അവബോധത്തിന്റെയും മനസ്സാന്നിദ്ധ്യത്തിന്റെയും പ്രാധാന്യം എടുത്തുകാണിക്കുകയും രാജ്യമെമ്പാടുമുള്ള കുട്ടികൾക്ക് ഒരു പ്രചോദനമായി വർത്തിക്കുകയും ചെയ്യുന്നു.

https://www.youtube.com/shorts/eCjDrv1H7G0

****


( റിലീസ് ഐ.ഡി: 2209408) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English