PIB Headquarters
azadi ka amrit mahotsav

മികച്ച അടിസ്ഥാന സൗകര്യങ്ങളും കരുത്തുറ്റ വ്യാവസായിക വളർച്ചയുമൊരുക്കി വ്യവസായ പാര്‍ക്കുകള്‍

प्रविष्टि तिथि: 23 DEC 2025 2:50PM by PIB Thiruvananthpuram

പ്രധാന വസ്തുതകള്‍ 

  • ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്കിൽ (ഐഐഎല്‍ബി) 4500-ലധികം വ്യവസായ പാർക്കുകൾ ഉള്‍പ്പെടുത്തിയിരിക്കുന്നു;  7.70 ലക്ഷം ഹെക്ടറില്‍  വ്യാപിച്ചുകിടക്കുന്ന ഐഐഎല്‍ബി-യില്‍ 1.35 ലക്ഷം ഹെക്ടർ ഭൂമി ഇപ്പോഴും ലഭ്യമാണ്.

  • 306 പ്ലഗ്-ആന്‍ഡ്-പ്ലേ പാർക്കുകളും ദേശീയ വ്യാവസായിക ഇടനാഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് (എന്‍ഐസിഡിസി) നേതൃത്വം നൽകുന്ന 20 പാർക്കുകളും സ്മാർട്ട് സിറ്റികളും നിലവിലുണ്ട്.

  • സുസ്ഥിരത, ഹരിത അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ഡിജിറ്റല്‍വല്‍ക്കരണം, നൈപുണ്യ ബന്ധങ്ങൾ, സംരംഭകരുടെ പ്രതികരണങ്ങൾ  എന്നിവയിൽ വ്യവസായ പാർക്ക് റേറ്റിങ് സംവിധാനം (ഐപിആര്‍എസ്) 3.0  കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ആമുഖം 

രാജ്യത്തിൻ്റെ  വ്യാവസായിക-നൂതനാശയ ലക്ഷ്യങ്ങള്‍ക്ക്  വേഗം പകരുന്ന സുപ്രധാന ചാലകശക്തിയായി വ്യവസായ പാർക്കുകൾ ഉയർന്നു വന്നിരിക്കുന്നു. സംസ്ഥാന സർക്കാരുകളുമായും സ്വകാര്യ മേഖലയുമായും പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ഈ പാർക്കുകൾ നിക്ഷേപം പ്രോത്സാഹിപ്പിച്ചും പുരോഗതിയിലൂന്നിയ വികസനത്തിലൂടെയും സാമ്പത്തിക മേധാവിത്വത്തിലൂടെയും ഇന്ത്യയുടെ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം   തൊഴിലവസര സൃഷ്ടിയെ അവ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിയന്ത്രണ സംവിധാനത്തിലപ്പുറം സൗകര്യങ്ങളൊരുക്കുകയെന്ന പങ്ക് സർക്കാർ   കൂടുതലായി ഏറ്റെടുക്കുന്നതോടെ ഈ പാർക്കുകൾ ആഗോളതലത്തിൽ മത്സരക്ഷമമായ ഒരു വ്യാവസായിക സമ്പദ്‌വ്യവസ്ഥ രാജ്യത്ത് രൂപപ്പെടുത്തുന്നു.  

മത്സരക്ഷമമായ പ്രായോഗിക വളർച്ചയ്ക്ക് കരുത്തേകുന്ന വ്യവസായ പാർക്കുകൾ  

വ്യാവസായിക ആവശ്യങ്ങൾക്കായി വിഭജിച്ച് വികസിപ്പിച്ച ഭൂപ്രദേശത്തെയാണ് വ്യവസായ പാർക്ക് എന്ന് വിശേഷിപ്പിക്കുന്നത്.  സജ്ജീകരിച്ച  ഫാക്ടറി കെട്ടിടങ്ങളടങ്ങുന്നതോ  അല്ലാത്തതോ ആയ ഭൂമിയും ഒന്നിലേറെ വ്യവസായങ്ങൾക്ക് പങ്കിടാവുന്ന സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കും. സ്ഥാപനപരമായി അനിവാര്യമായ അടിത്തറ രൂപീകരിക്കുന്ന ഈ പാർക്കുകൾ വ്യാവസായിക ഉല്പാദനം വർധിപ്പിച്ചും  സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തിയും  ദേശീയ സാമ്പത്തിക വികസന ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുന്ന നയപരമായ സംവിധാനങ്ങളായി നിലകൊള്ളുന്നു.  

സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക-സാമൂഹ്യ ഉത്തരവാദിത്തങ്ങളും തമ്മിലെ സന്തുലിതാവസ്ഥ വ്യവസായ പാർക്കുകൾ ഉറപ്പാക്കുന്നു. പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പാർക്ക് നിര്‍വഹണ വിഭാഗം  മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ രീതികൾ പിന്തുടരുന്ന കമ്പനികൾക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നു. മികച്ച സാങ്കേതികവിദ്യകളെക്കുറിച്ച് സ്ഥാപനങ്ങൾക്ക് മാർഗനിർദേശം നൽകിയും സാമ്പത്തിക ലാഭം വിലയിരുത്താന്‍ ഓഡിറ്റുകൾ നടത്തിയും വിഭവ കാര്യക്ഷമതയെ അവ പിന്തുണയ്ക്കുന്നു. വായു, ശബ്ദ, പ്രകാശ മലിനീകരണങ്ങള്‍  നിയന്ത്രിക്കുന്നതിന് കാര്‍‌ബണ്‍ പുറന്തള്ളല്‍  പതിവായി നിരീക്ഷിക്കുകയും കർശന മേൽനോട്ടത്തിലൂടെ മണ്ണും ഭൂഗർഭജലവും മലിനമാകുന്നത് തടയുകയും ചെയ്യുന്നു.  പ്രകൃതി നല്‍കുന്ന സേവനങ്ങള്‍ സംരക്ഷിക്കാനും കാലാവസ്ഥാ അപകടസാധ്യതകൾ കൈകാര്യം ചെയ്യാനും ഭൂമി കാര്യക്ഷമമായി ഉപയോഗിക്കാനും ലക്ഷ്യമിട്ട് ജൈവവൈവിധ്യ സംരക്ഷണം ആസൂത്രണത്തിൻ്റെ  ഭാഗമാക്കിയിരിക്കുന്നു.

ഈ പാർക്കുകൾ സാമൂഹ്യക്ഷേമത്തെയും ശക്തിപ്പെടുത്തുന്നു.  ജീവനക്കാർക്കും സമീപത്തെ സമൂഹങ്ങള്‍ക്കും സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ സാഹചര്യങ്ങളില്‍ സുരക്ഷിത താമസസൗകര്യവും നൽകുന്ന പാര്‍ക്കുകള്‍  വ്യവസായ മേഖലയിലുടനീളം തൊഴിലാളികളെയും ആസ്തികളെയും സുരക്ഷാ സംവിധാനങ്ങളുപയോഗിച്ച് പരിരക്ഷിക്കുന്നു. ആരോഗ്യ പരിശോധനകളിലൂടെയും  സുരക്ഷാ ഉപകരണങ്ങളിലൂടെയും സമ്പർക്ക തോത് നിരീക്ഷണത്തിലൂടെയും ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നു.  ലിംഗ-സൗഹൃദ സൗകര്യങ്ങളും തൊഴിലിടങ്ങളിലെ ഉൾച്ചേര്‍ക്കലും തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നു. തൊഴിൽ സാഹചര്യങ്ങളും സുതാര്യതയും സാമൂഹ്യ വിശ്വാസ്യതയും  മെച്ചപ്പെടുത്താൻ ട്രേഡ് യൂണിയനുകളോട് പുലര്‍ത്തുന്ന തുറന്ന സമീപനവും സാമൂഹ്യ ഇടപെടലുകളും  സഹായിക്കുന്നു.

 

വിജയകരമായ വ്യവസായ പാർക്കിൻ്റെ  അടിസ്ഥാന ഘടകങ്ങൾ  

  • പ്രത്യേക നിയന്ത്രണ വ്യവസ്ഥ: തൊഴിൽ, ഭൂവിനിയോഗം, വിദേശ നിക്ഷേപം എന്നിവയ്ക്കായി വ്യവസായ പാർക്കുകൾ ഉദാരവും ആനുകൂല്യാധിഷ്ഠിതവുമായ നിയമങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.

  • സംയോജിത അടിസ്ഥാന സൗകര്യങ്ങൾ: പൊതുസൗകര്യങ്ങൾ, ടെലികോം ശൃംഖലകൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ലബോറട്ടറികൾ, ഉള്‍പാതകള്‍, ഏകജാലക അനുമതികള്‍, പരിശീലന കേന്ദ്രങ്ങൾ, സുരക്ഷ, അടിയന്തര സേവനങ്ങൾ തുടങ്ങി ഭൗതികവും സേവനപരവുമായ സൗകര്യങ്ങൾ പങ്കിടല്‍ രീതിയില്‍ വാഗ്ദാനം ചെയ്യുന്നു.

  • നിർവചിത ഭൂമിശാസ്ത്രം: കെട്ടിടങ്ങൾക്കും വ്യാവസായിക സൗകര്യങ്ങൾക്കും ഏകീകൃത മാനദണ്ഡങ്ങളോടുകൂടി വ്യക്തമായി അതിർത്തി തിരിച്ചതും മാസ്റ്റർ പ്ലാൻ ചെയ്തതുമായ ഭൂമിയിലാണ് വികസനം സാധ്യമാകുന്നത്. 

  • പ്രത്യേക നിര്‍വഹണ വിഭാഗം:  ഒരു ഏകീകൃത അതോറിറ്റി  സ്ഥാപനങ്ങളുടെ പ്രവേശനം നിരീക്ഷിക്കുകയും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പാർക്കിൻ്റെ  ദീർഘകാല വികസനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നു.

  • വിവിധ വ്യവസായങ്ങളുടെ കൂട്ടായ്മകള്‍: ഒന്നിലേറെ സ്ഥാപനങ്ങൾ പാർക്കിനകത്ത് പ്രവർത്തിക്കുകയും വിഭവങ്ങൾ പങ്കുവെയ്ക്കുകയും സഹകരിക്കുകയും ചെയ്യുന്നു;  വ്യാവസായിക സഞ്ചയനത്തിൻ്റെയും കേന്ദ്രീകൃത വികസനത്തിൻ്റെയും ഫലങ്ങളിലൂടെ ഉല്പാദനക്ഷമത വർധിപ്പിക്കുന്നു.

 

സാമ്പത്തിക പരിണാമത്തിന് കരുത്തു പകരുന്ന വ്യവസായ പാർക്കുകൾ 

  • സാമ്പത്തിക കാര്യക്ഷമത: പരിമിതമായ ഉല്പാദന ഘടകങ്ങളെ നിർവചിത ഭൂമിശാസ്ത്ര മേഖലകൾക്കകത്ത് വ്യവസായ പാർക്കുകൾ സംയോജിപ്പിക്കുന്നു, ഇത് ഉയർന്ന ഉല്പാദനക്ഷമതയും പ്രവർത്തന കാര്യക്ഷമതയും സാധ്യമാക്കുന്നു.  

  • തൊഴിലും നൈപുണ്യ വികസനവും: വ്യവസായ പാര്‍ക്കുകള്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വേതനം മെച്ചപ്പെടുത്തുകയും പ്രാദേശിക പ്രതിഭകളുടെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

  • മൂലധനവും സാങ്കേതികവിദ്യയും ആകർഷിക്കൽ: നിക്ഷേപവും നൂതന സാങ്കേതികവിദ്യകളും ആകർഷിക്കുന്ന പാർക്കുകൾ സാങ്കേതികവും നിര്‍വഹണപരവുമായ അറിവ് കൈമാറ്റം ചെയ്യുന്നു.  

  • വ്യവസായ നവീകരണവും മത്സരക്ഷമതയും: കേന്ദ്രീകൃത രൂപത്തിലുള്ള വ്യാവസായിക പ്രവർത്തനം നവീകരണത്തെ ഉത്തേജിപ്പിക്കുകയും ദേശീയ മത്സരക്ഷമത വർധിപ്പിക്കുകയും ആഗോള മൂല്യശൃംഖലയുമായി   ആഴമേറിയ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.

  • നയപരമായ പ്രോത്സാഹനങ്ങൾ: പ്രാദേശികവും പ്രവിശ്യാതലവും ദേശീയവുമായ നയങ്ങൾ വ്യവസായ വളർച്ചയെ ത്വരിതപ്പെടുത്തുകയും പാർക്കുകൾ സൃഷ്ടിച്ച നേട്ടങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

  • നഗര-പ്രാദേശിക വികസനം: വ്യവസായ പാര്‍ക്കുകള്‍ സ്ഥിതിചെയ്യുന്ന നഗരങ്ങളിലും പ്രദേശങ്ങളിലും അവ സാമ്പത്തിക വികാസത്തിനും സുസ്ഥിര പുരോഗതിക്കും  ഉത്തേജകമായി നിലകൊള്ളുന്നു.

വ്യവസായ പാർക്കുകളുടെ ആസൂത്രണവും സ്ഥാപനവും 

വ്യാവസായിക ഭൂമിയുടെ ആവശ്യകതയും പദ്ധതി പൂർത്തിയാകുമ്പോൾ പ്രതീക്ഷിക്കുന്ന സാമ്പത്തിക-വികസന നേട്ടങ്ങളും മുന്‍കൂട്ടി നൽകുന്ന  ബിസിനസ് രൂപരേഖയുടെ അടിസ്ഥാനത്തിലാണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നത്. ബിസിനസ് രൂപരേഖ  തയ്യാറാക്കുന്നതിന് പിന്നാലെ  വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് സാധ്യമായ സ്ഥലങ്ങൾ വിലയിരുത്താന്‍ പ്രാഥമിക പ്രായോഗികതാ പഠനങ്ങൾ നടത്തുന്നു. വിപണി അനുയോജ്യത, ഗതാഗത ശൃംഖലാ ബന്ധം, വൈദ്യുതിയുടെയും വെള്ളത്തിൻ്റെയും ലഭ്യത, ആകെ പ്രായോഗിക ചെലവ് എന്നിവ ഈ പഠനങ്ങൾ വിലയിരുത്തുന്നു. മേഖലാതല മത്സരക്ഷമത സംബന്ധിച്ച വിശകലനം, നിക്ഷേപത്തിൻ്റെയും വ്യവസായ ഭൂമിയുടെയും ആവശ്യകത നിര്‍ണയം,  അടിസ്ഥാന സൗകര്യങ്ങളും സേവന ആവശ്യകതകളും, പദ്ധതി ചെലവുകളുടെയും വരുമാനത്തിൻ്റെയും പ്രതീക്ഷിക്കുന്ന തോത് എന്നിവയിലൂടെ നിർദിഷ്ട പാർക്കിലേക്ക് ആകർഷിക്കാന്‍ സാധ്യതയുള്ള മേഖലാപരമായ അവസരങ്ങളും തിരിച്ചറിയുന്നു. തുടർന്ന് നടത്തുന്ന വിലയിരുത്തലുകളിൽ സാമ്പത്തിക - നയ വിശകലനങ്ങളും പങ്കാളികളുടെ രേഖപ്പെടുത്തലും സുരക്ഷാ അവലോകനവും സാമ്പത്തിക ആഘാത പ്രവചനങ്ങളും  ഉൾപ്പെടുന്നു. പദ്ധതി പ്രായോഗികതയെ വ്യക്തമായി പിന്തുണയ്ക്കുന്ന നിഗമനങ്ങളോടെ സമഗ്രവും സ്ഥല കേന്ദ്രീകൃതവുമായ പ്രായോഗികത പഠനം പൂർത്തിയായ ശേഷം മാത്രമേ  വ്യവസായ പാർക്ക് സ്ഥാപിക്കാനും ധനസഹായം നൽകാനും അന്തിമ തീരുമാനം എടുക്കൂ.  

വ്യവസായ പാർക്ക് ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്ന സർക്കാർ സംരംഭങ്ങൾ  

വ്യവസായ പാർക്കുകളുടെ വളർച്ചയ്ക്ക് രൂപം നൽകാനും ഭൂമി ലഭ്യമാക്കുന്ന പ്രക്രിയ ലഘൂകരിക്കാനും വ്യവസായ വികസനം ത്വരിതപ്പെടുത്താനും നിക്ഷേപകര്‍  തീരുമാനമെടുക്കുന്നതിന് പിന്തുണ നല്‍കാനും നിരവധി സംരംഭങ്ങളും പ്ലാറ്റ്‌ഫോമുകളും പ്രവർത്തിക്കുന്നുണ്ട്. 

പ്ലഗ്-ആൻഡ്-പ്ലേ വ്യവസായ പാർക്കുകൾ:

പ്ലഗ്-ആൻഡ്-പ്ലേ വ്യവസായ പാർക്കുകളുടെ വികസനത്തിന് 2025-26 കേന്ദ്ര ബജറ്റിൽ   2,500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായി രൂപകല്പന ചെയ്ത അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിലൂടെ പ്ലഗ്-ആൻഡ്-പ്ലേ പാർക്കുകൾ പ്രവർത്തനക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കുന്നു. നിലവിൽ ഇന്ത്യയിൽ 306  പ്ലഗ്-ആൻഡ്-പ്ലേ  വ്യവസായ പാർക്കുകളുണ്ട്. കൂടാതെ ദേശീയ വ്യാവസായിക ഇടനാഴി വികസന കോർപ്പറേഷന്  കീഴിൽ 20 പ്ലഗ്-ആൻഡ്-പ്ലേ വ്യവസായ പാർക്കുകളും സ്മാർട്ട് സിറ്റികളും വികസിപ്പിച്ചുവരുന്നു. നാല് പദ്ധതികള്‍ പൂർത്തീകരിച്ചു.  നാലെണ്ണം  നിർമാണഘട്ടത്തിലും ബാക്കി ലേലം, ടെൻഡറിങ് ഘട്ടങ്ങളിലുമാണ്.   

ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്  ബാങ്ക്: 

രാജ്യത്തെ  വ്യവസായ ഭൂമികളുടെ  സ്ഥലവുമായി ബന്ധപ്പെട്ടതും മറ്റ് അനുബന്ധ വിവരങ്ങളുമടക്കം ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്നതിന് ഭൂമിശാസ്ത്ര വിവര സംവിധാനം (ജിഐഎസ് ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്  ബാങ്ക്  കേന്ദ്ര വ്യാവസായിക ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്  വികസിപ്പിച്ചെടുത്തു. നേരത്തെ വ്യാവസായിക വിവര സംവിധാനം എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനം ഏകദേശം 7.70 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 4,523 വ്യവസായ പാർക്കുകളുടെ വിവരങ്ങളടങ്ങിയ  ഏകജാലക കേന്ദ്രമായി പ്രവർത്തിക്കുന്നു.  ഇതില്‍ ഏകദേശം 1.35 ലക്ഷം ഹെക്ടർ ഭൂമി നിലവിൽ വ്യവസായ വികസനത്തിന് ലഭ്യമാണ്. ആകെ 6.45 ലക്ഷത്തിലധികം പ്ലോട്ടുകൾ ഉൾപ്പെടുന്ന ഈ പാർക്കുകളിൽ  2025 ഡിസംബർ 23-ലെ കണക്കനുസരിച്ച്  1.25 ലക്ഷത്തിലധികം പ്ലോട്ടുകൾ  ഒഴിവുണ്ട്.    നിര്‍മാണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലും അനുബന്ധ രംഗങ്ങളിലും പുതിയ നിക്ഷേപങ്ങൾക്ക് ഇത് വലിയ അവസരങ്ങൾ നൽകുന്നു.

രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യവസായ പാർക്കുകളുടെയും  ബന്ധപ്പെട്ട ഭൂവിസ്തൃതിയുടെയും അവലോകനം (2025 ഡിസംബർ 23 വരെ ലഭ്യമായ കണക്കനുസരിച്ച്):  

വ്യവസായ പാര്‍ക്ക് റേറ്റിങ് സംവിധാനം: 

രാജ്യത്തെ വ്യവസായ പാർക്കുകളുടെയും വ്യാപാര ജില്ലകളുടെയും  പ്രകടനവും ഗുണനിലവാരവും വിലയിരുത്തുന്ന സമഗ്ര ചട്ടക്കൂടാണ് വ്യവസായ പാർക്ക് റേറ്റിങ് സംവിധാനം (ഐപിആര്‍എസ്). നാല് വിലയിരുത്തൽ സ്തംഭങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ സംവിധാനം  സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താൻ പാർക്ക് അധികൃതരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിക്ഷേപകർക്കും ഡെവലപ്പർമാർക്കും നയരൂപകർത്താക്കൾക്കും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നു. തുടർച്ചയായ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ നവീകരണം, കാര്യക്ഷമത, സുസ്ഥിരത, നടപടിക്രമങ്ങള്‍  സുഗമമാക്കല്‍ എന്നിവയെ ഈ സംവിധാനം മുന്നോട്ടുനയിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും സേവന വർധനയുടെയും പ്രവർത്തന പദ്ധതികളായി റേറ്റിങ് സംവിധാനത്തിൻ്റെ  പ്രതികരണ റിപ്പോർട്ടുകൾ  മാറുന്നു.  അതേസമയം ഈ സംവിധാനനത്തിൻ്റെ  സഹകരണപരമായ സമീപനം പരമ്പരാഗത റാങ്കിംഗുകൾക്കപ്പുറം അറിവ് പങ്കുവെയ്ക്കാനും മേഖലയിലുടനീളം വളർച്ച ശക്തിപ്പെടുത്താനും സഹായിക്കുന്നു.

ഐപിആര്‍എസ് 2.0 പ്രകാരം മികച്ച റേറ്റിങ് ലഭിച്ച  പാർക്കുകള്‍ സംബന്ധിച്ച റിപ്പോർട്ടനുസരിച്ച് ആകെ 41 വ്യവസായ പാർക്കുകളെ 'ലീഡേഴ്‌സ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  മികച്ച അടിസ്ഥാന സൗകര്യങ്ങളും ശക്തമായ വ്യവസായ പ്രവർത്തനങ്ങളും മേഖല തിരിച്ചും അല്ലാത്തതുമായ സൗകര്യങ്ങളുമായി ഉയർന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന പാർക്കുകളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.  കൂടാതെ 90 വ്യവസായ പാർക്കുകളെ 'ചലഞ്ചേഴ്‌സ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.   ഗണ്യമായ വളർച്ചാ വേഗം കാണിക്കുന്ന പാർക്കുകളെയാണ് ഇത്  പ്രതിനിധീകരിക്കുന്നത്.  മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന പ്രകടനവും പ്രകടിപ്പിക്കുന്ന ഈ പാർക്കുകൾ  പ്രത്യേക വികസന സംരംഭങ്ങളിലൂടെ മികച്ച നിലവാരത്തിലേക്ക് ഉയരാൻ സജ്ജമാണ്.   കൂടാതെ 'ആസ്പയേഴ്സ്' വിഭാഗത്തില്‍ 185 വ്യവസായ പാർക്കുകളുണ്ട്.  ഭാവി വികസനത്തിന്  സാധ്യതകളേറിയ പാർക്കുകളെയാണ് ഇത് സൂചിപ്പിക്കുന്നത്.  വളർച്ചയുടെ പ്രാരംഭ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ പാർക്കുകളിലെ   അടിസ്ഥാന സൗകര്യങ്ങളും  സേവനങ്ങളും  പ്രവർത്തന പക്വതയും ശക്തിപ്പെടുത്താന്‍ പ്രത്യേക പിന്തുണ നല്‍കുന്നത്  ഗുണം ചെയ്യും.  പ്രധാന പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കി നല്‍കുന്ന ഈ റാങ്കിംഗുകൾ നിക്ഷേപകർക്ക് സുതാര്യമായ ഉൾക്കാഴ്ചകൾ നൽകുകയും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും തെളിവുകൾ അടിസ്ഥാനമാക്കി നയങ്ങള്‍ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ വ്യാവസായിക ആവാസവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താനും  അടിസ്ഥാന സൗകര്യങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് 2025 സെപ്റ്റംബറിൽ വ്യവസായ പാർക്ക് റേറ്റിങ് സംവിധാനം 3.0 -യ്ക്ക് തുടക്കം കുറിച്ചത്.  2018-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രൂപീകരിച്ച മാതൃകയില്‍നിന്നും  2021-ല്‍ പുറത്തിറക്കിയ ഐപിആര്‍എസ് 2.0-ല്‍നിന്നും  വികസിപ്പിച്ച ഈ പതിപ്പിൽ സുസ്ഥിരത, ഹരിത അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് സമ്പര്‍ക്ക സൗകര്യങ്ങള്‍, ഡിജിറ്റല്‍വല്‍ക്കരണം, നൈപുണ്യ ശൃംഖലകള്‍, സംരംഭക ഫീഡ്‌ബാക്ക് തുടങ്ങിയ പുതിയ മാനദണ്ഡങ്ങളടങ്ങുന്ന വിപുലമായ ചട്ടക്കൂടുണ്ട്.  

വ്യാപാര നടപടിക്രമങ്ങള്‍ സുഗമമാക്കുന്ന പരിഷ്കാരങ്ങൾ: 

ആഭ്യന്തര-അന്തർദേശീയ നിക്ഷേപകരെ പിന്തുണച്ച് വ്യാപാര നടപടികള്‍  സുഗമമാക്കുന്നത് ഇന്ത്യ ശക്തിപ്പെടുത്തി; മെച്ചപ്പെട്ട ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗ നിരക്ക്  വർധിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്തതോടെ നിക്ഷേപം ആകർഷിക്കുന്നതിലും വൻതോതില്‍ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിലും  വ്യവസായ പാർക്കുകൾ സുപ്രധാനമായി മാറി. അടിസ്ഥാന സൗകര്യങ്ങൾ, സമ്പര്‍ക്ക സൗകര്യങ്ങള്‍, വ്യാപാര പിന്തുണാ സേവനങ്ങള്‍,  പരിസ്ഥിതി-സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ഉപയോഗിച്ച് അനുയോജ്യമായ ഭൂമി എവിടെവെച്ചും വിലയിരുത്താനും   അറിവോടുകൂടിയ നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളാനും നിക്ഷേപകരെ ഇത്  പ്രാപ്തരാക്കുന്നു.

State

No. of Industrial Parks

Total Land Area (Hectares)

Land Available (Hectares)

Andaman & Nicobar

6

35

8

Andhra Pradesh

638

110595

10747

Arunachal Pradesh

18

741

248

Assam

56

43497

486

Bihar

82

4139

649

Chandigarh

7

352

32

Chhattisgarh

114

22972

2574

Dadra & Nagar Haveli

5

119

50

Daman & Diu

5

57

0

Delhi

68

7017

976

Goa

22

1699

102

Gujarat

285

193975

12605

Haryana

51

9597

11661

Himachal Pradesh

64

960

185

Jammu & Kashmir

137

2841

264

Jharkhand

158

8194

1734

Karnataka

384

35910

3568

Kerala

140

6658

1292

Ladakh UT

8

33

2

Lakshadweep

9

2

1

Madhya Pradesh

144

23217

2916

Maharashtra

523

81308

19658

Manipur

7

36

13

Meghalaya

9

235

5

Mizoram

8

381

240

Nagaland

6

282

19

Odisha

146

72600

2744

Puducherry

11

658

0

Punjab

100

6331

2008

Rajasthan

420

33578

11655

Sikkim

5

20

3

Tamil Nadu

372

30772

16291

Telangana

157

32033

30749

Tripura

20

1828

623

Uttar Pradesh

286

33327

1320

Uttarakhand

35

3814

332

West Bengal

17

490

61

Grand Total

4523

770303

135821

  • ദേശീയ വ്യാപാര പരിഷ്കാര കര്‍മപദ്ധതി (ബിആര്‍എപി), 2014: ഇൻഫർമേഷൻ വിസാർഡ്, ഏകജാലക സംവിധാനങ്ങള്‍,  ഓൺലൈൻ ബിൽഡിംഗ് അനുമതി സംവിധാനം, പരിശോധനകളിലെ പരിഷ്കാരങ്ങള്‍, തൊഴില്‍ പരിഷ്കാരങ്ങള്‍ എന്നിവയുൾപ്പെടെ പ്രധാന പരിഷ്കരണ മേഖലകളിൽ വികസനം ത്വരിതപ്പെടുത്തി.  

  • ഒരു ജില്ല ഒരു ഉല്പന്നം (ഒഡിഒപി) സംരംഭം: രാജ്യത്തുടനീളം ജില്ലാതല ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സംരംഭങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു.

  • ചരക്കുസേവന നികുതി (ജിഎസ്ടി): എക്സൈസ് തീരുവ, സർവീസ് ടാക്സ് തുടങ്ങിയ ഒന്നിലധികം പരോക്ഷ നികുതികളെ ഏകീകൃതവും സുതാര്യവുമായ ദേശീയ നികുതി ചട്ടക്കൂടിലേക്ക് മാറ്റി.

  • സ്റ്റാർട്ടപ്പ് ഇന്ത്യ: സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന് കീഴിൽ നികുതി ആനുകൂല്യങ്ങൾ, ലളിതമായ ചട്ടങ്ങൾ, ബൗദ്ധിക സ്വത്തവകാശ (ഐപിആര്‍) പ്രക്രിയകൾ വേഗത്തിലാക്കൽ എന്നിവയുൾപ്പെടെ ആനുകൂല്യങ്ങൾക്ക് യോഗ്യരായ കമ്പനികൾക്ക് ഡിപിഐഐടി അംഗീകാരം നേടാം.

  • കയറ്റുമതി ഉല്പന്നങ്ങളുടെ തീരുവയും നികുതികളും ഒഴിവാക്കുന്ന പദ്ധതി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ കയറ്റുമതിയുടെ ആകർഷണീയതയും മത്സരക്ഷമതയും വർധിപ്പിക്കുകയും ചെയ്തു.

  • നിയമപരമായ ബാധ്യത കുറയ്ക്കൽ: പ്രവചിക്കാവുന്നതും സുതാര്യവും വ്യാപാര സൗഹൃദവുമായ നിയന്ത്രണ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് 3,700 നിയമ വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കുകയും 42,000-ലധികം ചട്ടങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തു.

വിദേശ നിക്ഷേപ യന്ത്രങ്ങളായി വ്യവസായ പാർക്കുകൾ  

ഐക്യരാഷ്ട്ര സംഘടന വ്യാപാര വികസന സമ്മേളനം (യുഎന്‍സിടിഎഡി) 2025-ലെ ലോക നിക്ഷേപ റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര പദ്ധതി ധനസഹായ കരാറുകളിലും ഗ്രീൻഫീൽഡ് പദ്ധതി നിക്ഷേപങ്ങളിലും ലോകത്തെ മികച്ച 5 രാജ്യങ്ങളിൽ ഇന്ത്യ ഇടംപിടിച്ചിരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) കുതിച്ചുചാട്ടം തുടരുകയാണ്. 2025-26 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ആകെ എഫ് ഡി ഐ നിക്ഷേപം 43.76 ബില്യൺ ഡോളറിലെത്തി (താൽക്കാലികം); 2024-25 സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 37.03 ബില്യൺ ഡോളറായിരുന്നു.

വിദേശ നിക്ഷേപവും ആഭ്യന്തര മൂലധനവും ആകർഷിച്ചും വ്യവസായ പ്രകടനം വർധിപ്പിച്ചും മൂല്യശൃംഖലകളെ ശക്തിപ്പെടുത്തിയും തൊഴിലവസരങ്ങൾ വിപുലീകരിച്ചും  രാജ്യത്തിൻ്റെ  സാമ്പത്തിക വികസനത്തെ ഉത്തേജിപ്പിക്കുന്നതിൽ വ്യവസായ പാർക്കുകൾ നിർണായക പങ്കുവഹിക്കുന്നു. അറിവ് കൈമാറ്റം ചെയ്യാനും സാങ്കേതികവിദ്യയുടെ വ്യാപനത്തിനും വഴിയൊരുക്കി കയറ്റുമതി കേന്ദ്രീകൃത വളർച്ചയെയും സംരംഭശേഷിയെയും അവ പിന്തുണയ്ക്കുന്നു. 

വർധിപ്പിച്ച എഫ് ഡി ഐ ദേശീയ തന്ത്രങ്ങളുമായി പൊരുത്തപ്പെടുന്ന വ്യവസായ പാർക്കുകളുടെ വികസനം  ശക്തിപ്പെടുത്തുന്നു. സമഗ്ര പ്രായോഗിക പഠനങ്ങളുടെയും നയങ്ങളുടെയും പിന്തുണയോടെ ഈ സംവിധാനങ്ങള്‍ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുകയും പ്രാദേശിക മൂല്യശൃംഖലകൾ ആഴത്തിലാക്കുകയും കൂടുതൽ വിദേശ മൂലധനം ആകർഷിക്കുകയും ചെയ്യുന്നു.

ഉപസംഹാരം

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ നയ പരിസരം വ്യവസായ പ്രോത്സാഹനത്തിലേക്കുള്ള നിർണായക ചുവടുമാറ്റത്തെ പ്രതിനിധീകരിക്കുന്നു; ഈ പരിണാമത്തിൻ്റെ  മുൻനിരയിലാണ് വ്യവസായ പാർക്കുകൾ നിലകൊള്ളുന്നത്.  അവയുടെ ആസൂത്രിത രൂപകല്പനയും പങ്കിട്ട അടിസ്ഥാന സൗകര്യങ്ങളും ഏകോപിത ഭരണഘടനയും ഉൽപ്പാദനക്ഷമത, സാങ്കേതികവിദ്യ കൈമാറ്റം, തൊഴിൽ സൃഷ്ടി എന്നിവയെ ശക്തിപ്പെടുത്തുന്ന  അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു.  ഈ അതിവേഗ പാതയെ ശക്തിപ്പെടുത്താന്‍ പ്ലഗ്-ആൻഡ്-പ്ലേ വ്യവസായ പാർക്കുകളുടെ വികസനത്തിനും ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്ക്  വഴി ഡിജിറ്റൽ ഭൂമി ലഭ്യതയ്ക്കും വ്യവസായ പാര്‍ക്ക് റേറ്റിങ് സംവിധാനത്തിലൂടെ  ഗുണനിലവാര മാനദണ്ഡങ്ങൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ  മുൻഗണന നൽകിയിട്ടുണ്ട്;  വ്യവസായ മികവിനോടുള്ള തുടർച്ചയായ പ്രതിബദ്ധതയെ ഇത് അടയാളപ്പെടുത്തുന്നു.  വ്യാപാര നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന വിപുലമായ പരിഷ്കാരങ്ങളും പ്രവചിക്കാവുന്ന നിയന്ത്രണ സാഹചര്യങ്ങളും ഈ സംരംഭങ്ങളെ പിന്തുണയ്ക്കുന്നത്  നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ആഭ്യന്തര-വിദേശ നിക്ഷേപത്തിന് അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്തു.

ഇന്ത്യയുടെ വ്യവസായ പാർക്കുകൾ ആഗോള രീതികളോടും സുസ്ഥിര മാനദണ്ഡങ്ങളോടും കൂടുതൽ പൊരുത്തപ്പെടുന്നതോടെ അവ പ്രാദേശിക മൂല്യശൃംഖലകളെ ശക്തിപ്പെടുത്തുമെന്നും ആഗോള നിര്‍മാണ ശൃംഖലകളില്‍  ഇന്ത്യയെ കൂടുതൽ മത്സരക്ഷമമായി സംയോജിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം വിദേശ നിക്ഷേപത്തിനായി നടക്കുന്ന തീവ്ര മത്സരവും ചാക്രിക-ഹരിത സമ്പദ്ഘടനയിലേക്കുള്ള ആഗോള മാറ്റവും വഴി ആഗോള വ്യവസായ സാഹചര്യം മാറിവരുന്നത് സർക്കാർ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ പ്രസക്തമായി തുടരാന്‍  ഇന്ത്യയുടെ വ്യവസായ പാർക്കുകൾ അവയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നിരന്തരം നവീകരിക്കുന്നു.

ഈ സംയോജിത നടപടികളിലൂടെ സമഗ്രവും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ  വ്യവസായ ആവാസവ്യവസ്ഥയാണ് കേന്ദ്ര സർക്കാർ രൂപപ്പെടുത്തുന്നത്. വ്യവസായ പാർക്കുകൾ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് വികസിക്കുന്നുവെന്നും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നുവെന്നും വ്യവസായ വൈദഗ്ധ്യത്തിൻ്റെയും സാമ്പത്തികശക്തിയുടെയും ശാശ്വത യന്ത്രങ്ങളായി  ഉയർന്നു വരുന്നുവെന്നും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. 

Click here to see in PDF

***

 


(रिलीज़ आईडी: 2208265) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati